ഒമേഗ-3 ഓയിൽ ഏറ്റവും അധികം ഉള്ളത് മീനിലാണ്. മീൻതലയിലെ ഓമേഗ ത്രി ഓയിൽ കൊളസ്ട്രോൾ പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്നതാണ്. മീൻതല കളയാതെ സൂപ്പർ കറി തയാറാക്കുന്ന വിഡിയോയുമായി ലേഖ ശ്രീകുമാർ. ഗായകൻ എം ജി ശ്രീകുമാറിന് ഏറെ ഇഷ്ടപ്പെട്ട വിഭവമാണ് വിഭവമാണിത്. ലോക്ഡൗൺ സമയത്ത് പാചക വിഡിയോകളുമായി യൂട്യൂബിൽ സജീവമാണ് രണ്ടു പേരും. വലിയ ചെമ്പല്ലി മീനിന്റെ തലക്കറിയാണ് തയാറാക്കുന്നത്.
ചേരുവകൾ
- മീൻതല – 1 (വലുത്)
- ചെറിയ ഉള്ളി
- ഇഞ്ചി
- വെളുത്തുള്ളി
- പച്ചമുളക്
- മുളകുപൊടി
- കുരുമുളക് പൊടി
- മല്ലിപ്പൊടി
- മഞ്ഞൾപ്പൊടി
- ഉപ്പ്
- വെളിച്ചെണ്ണ
- പെരുംജീരകം പൊടിച്ചത്
- കുടംപുളി
തയാറാക്കുന്ന വിധം
പാത്രം ചൂടാക്കിയ ശേഷം രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടാവുമ്പോൾ ചെറിയ ഉള്ളി ഇട്ട് മൂപ്പിക്കുക. ഇതിലേക്ക് പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചതച്ചിടണം.ഇതിലേക്ക് മുളകുപൊടി,കുരുമുളക് പൊടി, മല്ലിപ്പൊടി,മഞ്ഞൾപ്പൊടി എന്നിവ ചേർക്കാം. ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളവും ചേർക്കാം. കുടംപുളി കഴുകി ഇടണം. ഇത് തിളച്ച് തുടങ്ങുമ്പോൾ ഗ്രേവിയിലേക്ക് മീൻതല മുറിച്ചുവച്ചത് ഇട്ട് ഇളക്കുക. ശേഷം പാകത്തിന് ഉപ്പ് ചേർക്കുക. അടച്ച് വച്ച് പതിനഞ്ച് മിനിറ്റ് വേവിക്കണം. ഗ്രേവി ചെറുതായി വറ്റി കഷണങ്ങൾ വെന്തിരിക്കും, കപ്പയ്ക്കും ചോറിനുമൊപ്പം സൂപ്പർ കറിയാണ്.