ഭരണ മികവുകൊണ്ട് ലോകമെങ്ങും വാർത്തയായ ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡെന്‍ ഇന്ത്യൻ വിഭവം ആസ്വദിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിലടക്കം ഇപ്പോള്‍ ചര്‍ച്ച. ഓക്‌ലൻഡിലെ രാധാകൃഷ്ണ ക്ഷേത്ര സന്ദര്‍ശനവേളയില്‍ അവിടെ നിന്നു ഛോലെ പൂരി ആസ്വദിച്ചു കഴിക്കുന്ന ചിത്രങ്ങളാണ് വൈറലായത്. ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ആർഡെൻ ക്ഷേത്ര സന്ദര്‍ശനം നടത്തിയത്. ഇന്ത്യന്‍ പരമ്പരാഗതരീതിയില്‍ തയാറാക്കിയ ഛോലേ പൂരി ജസീന്ത ആര്‍ഡന്‍ ആസ്വദിച്ചു കഴിക്കുന്ന ചിത്രങ്ങള്‍ നെറ്റിസണ്‍സ് ഏറ്റെടുത്തുകഴിഞ്ഞു. ഉത്തരേന്ത്യൻ വിഭവമായ ഛോലെ പുരി എങ്ങനെ തയാറാക്കാം എന്നാണ് ഇപ്പോള്‍ ഏവരും അന്വേഷിക്കുന്നത്. പ്രമുഖ ഷെഫ് നിഷ മധുലിക ഇത് തയാറാക്കുന്ന വിധം പങ്കുവച്ചിരിക്കുകന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
വെള്ളക്കടല - 1 കപ്പ് (8-10 മണിക്കൂര്‍ കുതിര്‍ത്ത് നന്നായി കഴുകി എടുത്തത്)
സോഡാ പൗഡര്‍ - അര ടീ സ്പൂണ്‍
ടീ ബാഗ് - 2 എണ്ണം
ഉരുളക്കിഴങ്ങ് - 1
തക്കാളി - 4 എണ്ണം
പച്ചമുളക് (ചെറുതായി അരിഞ്ഞത് ) - 2 എണ്ണം
ഇഞ്ചി - 1 ഇഞ്ച് വലുപ്പത്തിലുള്ളത് (ചെറുതായി അരിഞ്ഞത് )
മല്ലിയില (ചെറുതായി അരിഞ്ഞത് - 2-3 ടേബിള്‍ സ്പൂണ്‍
എണ്ണ - 2-3 ടേബിള്‍ സ്പൂണ്‍
ജീരകം - 1 ടീ സ്പൂണ്‍
മാതളം - 1 ടീ സ്പൂണ്‍
ഉലുവ - 1 ടീസ്പൂണ്‍
ഇഞ്ചി പേസ്റ്റ് ആക്കിയത് - അര ടീസ്പൂണ്‍
പച്ചമുളക് പേസ്റ്റ് ആക്കിയത് - അര ടീസ്പൂണ്‍
മല്ലിപ്പൊടി - 1 ടീ സ്പൂണ്‍
മുളകുപൊടി - കാല്‍ ടീ സ്പൂണ്‍
ഗരം മസാല - കാല്‍ ടീ സ്പൂണ്‍
ഛോലെ തയാറാക്കുന്ന വിധം
കുതിര്‍ത്ത് കഴുകിയെടുത്ത വെളുത്ത കടല പ്രഷര്‍ കുക്കറില്‍ ഒന്നര കപ്പ് വെള്ളം ചേര്‍ത്ത് വേവിക്കണം. കടലയോടൊപ്പം കുറച്ച് ഉപ്പും സോഡാപൗഡറും ടീ ബാഗ്, ഉരുളക്കിഴങ്ങ് (മുറിക്കാതെ) എന്നിവയും ചേര്‍ത്ത് വേവിക്കുക. കുക്കറില്‍ ഒരു വിസില്‍ വന്നതിന് ശേഷം തീ കുറച്ച് ആറേഴു മിനിറ്റ് വേവിച്ച് വാങ്ങിവയ്ക്കുക. ഒരു പാന്‍ അടുപ്പില്‍ വച്ച് എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ ജീരകം, മാതളം, ഉലുവ, ഇഞ്ചി, പച്ചമുളക് പേസ്റ്റ് എന്നിവ ചേർത്ത് നന്നായി വഴറ്റുക.
അതിനുശേഷം മല്ലിപ്പൊടി, ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളക്, ഇഞ്ചി, എന്നിവയും പേസ്റ്റ് രൂപത്തില്‍ അരച്ചെടുത്ത തക്കാളിയും ചേർത്ത് നന്നായി വഴറ്റണം. ശേഷം മുളക് പൊടിയും ചേര്‍ത്ത് ഇളക്കണം. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക.
മസാല തയാറായിക്കഴിയുമ്പോള്‍ അതിലേക്ക് വേവിച്ച കടല ചേര്‍ക്കുക. അതിനുശേഷം ഗരം മസാലയും മല്ലിയിലയും ചേര്‍ക്കാം. വേവിച്ചുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഛോലേ മസാലയില്‍ ചേര്‍ക്കാം. ചെറിയ തീയില്‍ മൂന്നോ നാലോ മിനിറ്റ് വേവിക്കുക. ഛോലെ മസാല തയാര്‍.
പൂരിയോടൊപ്പം രുചികരമായ ഛോലെ മസാല ചേര്‍ത്ത് കഴിക്കാം.
English Summary : New Zealand PM Jacinda Ardern enjoyed a simple Indian vegetarian meal- Puri, Chhole and Daal. .