ADVERTISEMENT

ലോക്ഡൗണ്‍ ആയതോടെ ജോലിക്കു പോകാനാകാതെ വീടുകളില്‍ കുടുങ്ങിയവരില്‍ ഒരു വിഭാഗം സിനിമക്കാരാണല്ലോ. ചിത്രീകരണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവയ്‌ക്കേണ്ടി വന്നപ്പോള്‍ ബിനീഷ് ബാസ്റ്റിനെപ്പോലെയുള്ള കലാകാരന്‍മാരാണ് കൂടുതൽ പ്രതിസന്ധിയിലായത്. ലോക്ഡൗണ്‍ കാലത്ത് എവിടെയും പോകാനാകാതെ വന്നപ്പോഴാണ് ബിനീഷ് ബാസ്റ്റിന്‍ ആ സമയം എങ്ങനെ പ്രയോജനപ്പെടുത്താം എന്നു ചിന്തിച്ചതും ഒടുവില്‍ ഏറ്റവും പ്രിയപ്പെട്ട കാര്യം തന്നെ ചെയ്‌തേക്കാമെന്ന് തീരുമാനിച്ചതും. എന്താണ് ഏറ്റവും പ്രിയപ്പെട്ട കാര്യമെന്നു ചോദിച്ചാല്‍ ഭക്ഷണം കഴിക്കല്‍ തന്നെയെന്ന് തുറന്നുപറയും ബിനീഷ്. ആ ഇഷ്ടം ഈ കൊറോണക്കാലത്ത് ഒരു യൂട്യൂബ് ചാനലായി മാറി.

നാടന്‍ ഭക്ഷണങ്ങളോടാണ് ബിനീഷിന് ഇഷ്ടം കൂടുതല്‍. എവിടേക്കു യാത്ര പുറപ്പെട്ടാലും പോകുംവഴിയെല്ലാം ഹോട്ടലുകളിലും മറ്റും വണ്ടിനിര്‍ത്തി വിവിധ രുചികള്‍ പരിചയപ്പെട്ട് യാത്ര ചെയ്യാനാണ് താല്‍പര്യം. കൂടുതലും നാടന്‍ വിഭവങ്ങളാണ് പ്രിയം. ഏറ്റവും ഇഷ്ടപ്പെട്ട ഫുഡേതെന്നു ചോദിച്ചാല്‍ അത് കഞ്ഞിതന്നെയെന്ന് ബിനീഷ്.

‘ഒരു പപ്പടം പോലും മര്യാദയ്ക്ക് കാച്ചിയെടുക്കാന്‍ എനിക്കറിയില്ലായിരുന്നു. എന്നാല്‍ ഈ കഴിഞ്ഞ 5-6 മാസം കൊണ്ട് ഞാന്‍ ഒരു മാതിരിപ്പെട്ട വിഭവങ്ങള്‍ ഒക്കെ ഉണ്ടാക്കാന്‍ പഠിച്ചു. എനിക്കിഷ്ടം കൂടുതലും നമ്മുടെ നാടന്‍ വിഭവങ്ങളാണ്. പഴയകാലത്ത് അമ്മമാരൊക്കെ വീടുകളില്‍ ഉണ്ടാക്കുന്ന നല്ല രുചിയുള്ള കറികളുണ്ടല്ലോ, അതാണ് ഞാന്‍ കൂടുതലായും ചാനലിലൂടെ കാണിക്കുന്നത്. നമ്മള്‍ കൊച്ചിക്കാര്‍ക്ക് സ്‌പെഷലായി ചില ഐറ്റംസ് ഉണ്ട്. അതൊക്കെ ഉണ്ടാക്കുന്ന വിഡിയോകള്‍ക്ക് നല്ല പ്രതികരണമായിരുന്നു. ആദ്യം ഫെയ്‌സ്ബുക്കിലൂടെയായിരുന്നു വിഡിയോകള്‍ പങ്കുവച്ചിരുന്നത്. പിന്നീടാണ് ചാനല്‍ തുടങ്ങാം എന്നു തീരുമാനിക്കുന്നത്.’

ബീനീഷുണ്ടാക്കുന്ന വിഭവങ്ങള്‍ പലതും പുതിയ തലമുറയ്ക്ക് അത്രയ്ക്കു പരിചയമുണ്ടാകില്ല. എന്നാല്‍ പണ്ടത്തെ കറികള്‍ക്കും രുചികള്‍ക്കും ഇന്നുള്ള ജനപ്രിയത ആ വിഭവങ്ങളെ കൂടുതല്‍ പ്രശസ്തമാക്കുന്നുണ്ട്. തിരണ്ടി തേങ്ങ വറുത്തരച്ചതും പോര്‍ക്ക് ഉലര്‍ത്തിയതുമെല്ലാം ഹിറ്റാണ്. യാത്രയ്ക്കിടെ പാചകം ചെയ്യാന്‍ അവസരം കിട്ടിയാല്‍ താന്‍ അത് മിസ് ചെയ്യാറില്ലെന്ന് ബീനിഷ്.

‘ഉദ്ഘാടനങ്ങള്‍ക്കും ഷൂട്ടിനുമൊക്കെയായി പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്യേണ്ടിവരും. അപ്പോഴോക്കെ അവിടുത്തെ ഭക്ഷണങ്ങള്‍ കഴിക്കേണ്ടിയും വരും. എന്നെ സംബന്ധിച്ച് നാടന്‍ ഭക്ഷണമാണ് താല്‍പര്യം. എനിക്കേറ്റവും ഇഷ്ടം കഞ്ഞിയാണ്. പലയിടങ്ങളിലും നമ്മള്‍ അതിഥികളായി ചെല്ലുമ്പോള്‍ നമ്മളെ സന്തോഷിപ്പിക്കാന്‍ അവര്‍ പലതരത്തിലുള്ള ഐറ്റംസ് തയാറാക്കിവയ്ക്കും. എന്നാല്‍ ഞാന്‍ പലപ്പോഴും എനിക്കൊരല്‍പം കഞ്ഞി കിട്ടുമോ എന്ന് ചോദിച്ചിട്ടുണ്ട്.’

വ്യത്യസ്തമാര്‍ന്ന രുചികള്‍ പരിചയപ്പെടുത്തുക എന്നതാണ് താന്‍ യൂട്യൂബ് ചാനല്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ബിനീഷ്. ഒരു സാധനം കൊണ്ടു തന്നെ പലരുചിയിലുള്ള വിഭവങ്ങള്‍ ഉണ്ടാക്കാം. അത്തരത്തിലുള്ള പരീക്ഷണങ്ങളും ഇനി പ്രതീക്ഷിക്കാമെന്നും ബിനീഷ് പറയുന്നു. തന്റെ കഥാപാത്രങ്ങളെ ഇരുകൈയും നീട്ടി സ്വീകരിച്ച മലയാളികള്‍ പാചകപരീക്ഷണങ്ങളെയും ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ബിനീഷ് ബാസ്റ്റിന്‍.

English Summary : Food Talk with Bineesh Bastin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com