കുക്കിങ് പാഷനായത് ആ റിയാലിറ്റിഷോയിൽ വിജയിയായതോടെ : ഡിംപിൾ റോസ്

HIGHLIGHTS
  • അവതരിപ്പിക്കാനിഷ്ടം സിംപിൾ വിഭവങ്ങൾ, വീട്ടിലെല്ലാവരും ഫുഡീസ്
  • നെഗറ്റീവ് കമന്റ്സിനും കഴിയുന്നത്ര മറുപടി നൽകാറുണ്ട്
dimple-rose-chicken-video
SHARE

ഏറെ പ്രിയമുള്ള ഒരാളുടെ മനസ്സിൽ കയറിപ്പറ്റാനുള്ള എളുപ്പവഴി അവരുടെ നാവിലൂടെയാണെന്നൊരു പഴമൊഴിയുണ്ട്. ഇഷ്ടപ്പെട്ട ആഹാരം വിളമ്പിത്തരുന്ന കൈകളെ ആയുസ്സിൽ മറക്കാൻ കഴിയുമോ? എത്രയകലെയായിരുന്നാലും ചിലരുടെ കൈപ്പുണ്യം വല്ലാതെ കൊതിപ്പിച്ചുകൊണ്ടിരിക്കും. വളരെ ലളിതമായ വിഭവങ്ങളുടെ ചേരുവകൾ പങ്കുവച്ചുകൊണ്ട് ഇപ്പോൾ മലയാളിപ്രേക്ഷകരുടെ മനസ്സിലിടം പിടിച്ചിരിക്കുകയാണ് നടി ഡിംപിൾ റോസ്. അഭിനയത്തിൽനിന്ന് ഇടവേളയെടുത്ത താരം ഫുഡ്വ്ലോഗറായെത്തിയാണ് ഇപ്പോൾ വെർച്വൽ ലോകത്ത് സജീവമാകുന്നത്. തന്റെ പാഷനായ കുക്കിങ്ങിനെക്കുറിച്ചും പ്രിയപ്പെട്ട രുചികളെക്കുറിച്ചും മനോരമ ഓൺലൈൻ വായനക്കാരോടു സംസാരിക്കുകയാണ് ഡിംപിൾ റോസ്.

∙ കുടുംബാംഗങ്ങളും എത്തുന്നു, ഡിംപിൾ റോസ് ഒഫിഷ്യലിൽ

ചാനൽ തുടങ്ങുമ്പോൾത്തന്നെ അത് പക്കാ ഒരു ഷൂട്ടിങ് പോലെയാകരുതെന്നും ലൈവ്‌ലി ആയിരിക്കണമെന്നും ആഗ്രഹിച്ചിരുന്നു. ചാരിറ്റി അടിസ്ഥാനമാക്കിയുള്ള കണ്ടന്റുകൾ അപ്‌ലോഡ് ചെയ്തുകൊണ്ടാണ് ചാനൽ തുടങ്ങിയത്. പക്ഷേ അതിന് വ്യൂവേഴ്സ് തീരെ കുറവായിരുന്നു. പക്ഷേ ഹിറ്റ് ആയത് ഞാനും ഹസ്ബൻഡും കൂടി കാഷ്വലായി ചെയ്ത ഒരു വിഡിയോയാണ്. ഓഡിയൻസിന്റെ അഭിരുചി മനസ്സിലാക്കി അവർക്കിഷ്ടമുള്ള കണ്ടന്റുകൾ അപ്‌ലോഡ് ചെയ്യുന്ന രീതിയാണ് പിന്നീട് പിന്തുടർന്നത്. അവതരണത്തിൽ കുടുംബാംഗങ്ങളെക്കൂടി ഉൾപ്പെടുത്തിയത് പ്രേക്ഷകരുടെ അഭിപ്രായം കൂടി മാനിച്ചാണ്. വിഡിയോയിൽ വീട് കാണാനാഗ്രഹമുണ്ട്, അച്ഛനമ്മമാരെയും മറ്റു കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി വിഡിയോ ചെയ്യണം തുടങ്ങിയ ആവശ്യങ്ങൾ കമന്റ് ബോക്സിൽ പ്രേക്ഷകർ ഉന്നയിച്ചപ്പോഴാണ് ആ രീതിയിൽ കണ്ടന്റ് നൽകിത്തുടങ്ങിയത്. സമൂഹമാധ്യമങ്ങളിലും അഭിമുഖങ്ങളിലുമൊക്കെ കുടുംബവുമൊത്തുള്ള ചിത്രങ്ങളാണ് കൂടുതൽ വന്നിട്ടുള്ളത്. അതുകൊണ്ടായിരിക്കാം പ്രേക്ഷകർ അങ്ങനെയൊരു നിർദേശം മുന്നോട്ടുവച്ചത്. ഇനിയും അപ്‌ലോഡ് ചെയ്യാനുള്ള വിഡിയോകളിലും തീർച്ചയായും കുടുംബത്തിന്റെ സാന്നിധ്യമുണ്ടാകും. എന്റെ കുടുംബാംഗങ്ങളും ഭർത്താവിന്റെ കുടുംബാംഗങ്ങളും വിഡിയോയിൽ വരാറുണ്ട്.

dimple-rose

ഇഷ്ടം പാഷനായി മാറിയത് കുക്കറി ഷോയിൽ വിജയിച്ചതോടെ

സ്കൂളിൽ പഠിക്കുന്ന സമയം മുതൽ എനിക്ക് പാചകം ഏറെയിഷ്ടമാണ്. ഏഴാംക്ലാസിലൊക്കെ ആയപ്പോൾ മുതൽ കുക്ക് ചെയ്യാൻ തുടങ്ങിയതാണ്. ക്യാമറയുടെ മുന്നിലുള്ള കുക്കിങ് മാത്രമല്ല ഞാൻ വീട്ടിലുള്ള സമയത്ത് ഞാൻ തന്നെയാണ് കുക്ക് ചെയ്യാറുള്ളത്. ബേക്കിങ് ഒക്കെ പഠിച്ചിട്ടുണ്ട്.  ലക്ഷ്മി നായർ അവതരിപ്പിച്ച  കുക്കറി റിയാലിറ്റി ഷോയിൽ ഞാൻ വിജയിയായിരുന്നു. ഡിഗ്രി ആദ്യവർഷ വിദ്യാർഥിനിയായിരുന്ന സമയത്താണ് ഞാൻ ആ റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. അതോടെയാണ് കുക്കിങ്ങിനോടുള്ള ഇഷ്ടം പാഷനായി മാറിയത്. ലക്ഷ്മിച്ചേച്ചിയിൽനിന്ന് കിട്ടിയ പാചകസംബന്ധമായ ഒരുപാട് പുതിയ അറിവുകളും കുക്കിങ്ങിനോടുള്ള ഇഷ്ടം കൂടാൻ കാരണമായി. പ്രോഗ്രാമിൽ വിജയിയായതിനെത്തുടർന്നു ലഭിച്ച ആത്മവിശ്വാസവും കുക്കിങ്ങിെന ഏറെയിഷ്ടത്തോടെ ചേർത്തുനിർത്താൻ സഹായിച്ചിട്ടുണ്ട്.

∙ പ്രിയപ്പെട്ട രുചിയോർകൾ

എനിക്ക് മമ്മിയുണ്ടാക്കുന്ന ആഹാരമാണ് കൂടുതലിഷ്ടം. മമ്മി പണ്ടുമുതലേ ലക്ഷ്മി നായർ അവതരിപ്പിച്ചിരുന്ന ‘മാജിക് ഓവൻ’ എന്ന പ്രോഗ്രാമിന്റെ സ്ഥിരം പ്രേക്ഷകയായിരുന്നു. ഞായറാഴ്ചകളിലായിരുന്നു ആ പ്രോഗ്രാം ടെലികാസ്റ്റ് ചെയ്തിരുന്നത്. ഞങ്ങൾ പള്ളിയിൽനിന്ന് മടങ്ങി വരുമ്പോൾ, അന്ന് ആ പ്രോഗ്രാമിൽ ലക്ഷ്മിചേച്ചി അവതരിപ്പിച്ച വിഭവമായിരിക്കും മമ്മി വീട്ടിലുണ്ടാക്കുക. ഉച്ചഭക്ഷണം എന്തായിരിക്കും എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ഒരു ധാരണയുമുണ്ടാകില്ല. ചിലപ്പോൾ മുറ്റംതൊട്ടുതന്നെ വിഭവങ്ങളുടെ മണമുണ്ടാകും. ഒരു ഹൈദരാബാദി ബിരിയാണിയുടെ രുചിയോർമകൾ ഇപ്പോഴും മനസ്സിലുണ്ട്. മമ്മിക്കും പാചകപരീക്ഷണം ഏറെയിഷ്ടമാണ്. പാചകപുസ്തകങ്ങൾ, ചാനലിൽ വരുന്ന കുക്കറി ഷോകൾ ഇവയിലൂടെ പരിചയപ്പെടുന്ന പുതിയ വിഭവങ്ങളെക്കുറിച്ച് എഴുതിയെടുത്ത് വ്യത്യസ്തരീതിയിൽ വിഭവങ്ങളുണ്ടാക്കി പരീക്ഷിക്കാറുണ്ട്. ആ രുചികളെക്കുറിച്ചുള്ള ഓർമകളാണ് എന്റെ മനസ്സിലുള്ളത്. രണ്ടാംക്ലാസ്, മൂന്നാം ക്ലാസിലൊക്കെ പഠിക്കുമ്പോൾ സൺഡേസ്കൂളിൽനിന്ന് തിരികെ വന്ന് ഉച്ചഭക്ഷണം എന്താണെന്ന് കൗതുകത്തോടെ നോക്കുന്ന ഒരു കൊച്ചുപെൺകുട്ടിയുടെ എക്സൈറ്റ്മെന്റാണ് ഭക്ഷണവുമായി ബന്ധപ്പെട്ട ജീവിതത്തിലെ ഒരു ഓർമ. വിവാഹശേഷമുള്ള കാര്യങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ ഭർത്താവ് ആൻസൻ ചേട്ടന്റെ മമ്മിയും നന്നായിട്ടു കുക്ക് ചെയ്യും. എന്റെ കുടുംബവും ബന്ധുക്കളുമെല്ലാം തൃശ്ശൂർ ആയതിനാൽ ഇത്രയും നാൾ തൃശ്ശൂർ ഭക്ഷണമാണ് കൂടുതൽ കഴിച്ചിരുന്നത്. വിവാഹം കഴിഞ്ഞ് കൊച്ചിയിലെത്തിയപ്പോൾ തൃശ്ശൂരിലെ വിഭവങ്ങളിൽനിന്ന് ഏറെ വ്യത്യസ്തതയുള്ള, ഫിഷ്മോളി, മപ്പാസ്, വിന്താലു, മീൻകറികൾ മുതലായ വിഭവങ്ങളാണ് ഇവിടെയുള്ളത്. ഇപ്പോൾ കൊച്ചിയിലെ വിഭവങ്ങളും ഇഷ്ടമാണ്. ആൻസൻചേട്ടന്റെ മമ്മി കുക്ക് ചെയ്യുന്ന വിഭവങ്ങളും എനിക്കേറെയിഷ്ടമാണ്.

∙ അവതരിപ്പിക്കുന്നത് ലളിതമായ വിഭവങ്ങൾ

ഒട്ടും സങ്കീർണ്ണമല്ലാത്ത വിഭവങ്ങൾ തിരഞ്ഞെടുക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. നമ്മുടെ വീട്ടിൽ ലഭ്യമായ വസ്തുക്കളുപയോഗിച്ച് പെട്ടെന്നു തയാറാക്കാൻ കഴിയുന്ന വിഭങ്ങളാണ് കൂടുതലും അവതരിപ്പിക്കാറ്. ഒരുപാട് സങ്കീർണ്ണമായ ചേരുവകളോ പാചകരീതിയോ അവതരിപ്പിക്കാൻ ഞാൻ ശ്രമിക്കാറില്ല. വ്യത്യസ്തമായ വിഡിയോ ചെയ്യാനായി മാത്രം ഒരു വിഭവം തിരഞ്ഞെടുക്കാറില്ല. ഞാൻ സാധാരണയായി പാചകം ചെയ്യുന്ന, നന്നായിവരുമെന്നുറപ്പുള്ള, എനിക്ക് ആത്മവിശ്വാസമുള്ള വിഭവങ്ങൾ മാത്രമേ വിഡിയോയിലൂടെ അവതരിപ്പിക്കാറുള്ളൂ. എന്റെ ഭർത്താവിന്റെ മമ്മി ഒന്നു രണ്ട് എപ്പിസോഡിൽ വന്നിരുന്നു. പ്രേക്ഷകരുമായി വിശേഷങ്ങൾ പങ്കുവച്ച കൂട്ടത്തിൽ ചില വിഭവങ്ങളൊക്കെ വീട്ടിൽ ഉണ്ടാക്കാറുണ്ടെന്നൊക്കെ പറഞ്ഞിരുന്നു. അതുകേട്ട് കുറേ പേർ കമന്റ് ബോക്സിൽ മമ്മി പറഞ്ഞ വിഭവങ്ങളുടെ റെസിപ്പീസ് പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഫിഷ്മോളി, മപ്പാസ് എന്നീ റെസിപ്പികളൊക്കെ അങ്ങനെ ചെയ്തതാണ്.

∙ വീട്ടിലെല്ലാവരും ഫുഡീസ്, ഇഷ്ടഭക്ഷണം തേടി യാത്രപോകാറുണ്ട്

ഞാൻ നല്ല ഫൂഡിയാണ്. വിവാഹശേഷമാണ് ഫൂഡിനോട് അത്രയും താൽപര്യം തോന്നിത്തുടങ്ങിയത്. എന്റെ ഹസ്ബൻഡും ഫൂഡിയാണ്. ഇന്ന സ്ഥലത്ത് ഒരു പ്രത്യേക വിഭവമുണ്ടെന്നറിഞ്ഞാൽ എത്ര ദൂരമാണെന്നൊന്നും നോക്കാറില്ല അവിടെ പോയി ഇഷ്ടഭക്ഷണം കഴിക്കാറുണ്ട്. കുടുംബത്തിൽ എല്ലാവരും തന്നെ ഫൂഡീസ് ആണെന്നു പറയാം. അതുകൊണ്ടു തന്നെ വ്യത്യസ്തമായ രുചികൾ പരീക്ഷിക്കാനൊക്കെ എല്ലാവർക്കുമിഷ്ടമാണ്. തട്ടുകട മുതൽ ചെറുതും വലുതുമായ എല്ലാ ഭക്ഷണശാലകളിലും ലഭ്യമായ വ്യത്യസ്ത രുചികൾ ഞങ്ങൾ പരീക്ഷിക്കാറുണ്ട്.

ചിക്കൻ ലവേഴ്സ്, എങ്കിലും സദ്യ ഏറെ പ്രിയം

ഞാൻ സദ്യയുണ്ടാക്കാറുണ്ട്. അത് വീട്ടിൽ എന്റെ മമ്മിയുൾപ്പടെ എല്ലാവർക്കും ഇഷ്ടമാണ്. മമ്മി കൂടുതലും നോൺവെജിറ്റേറിയൻ വിഭവങ്ങളാണ് ഉണ്ടാക്കാറുള്ളത്. മമ്മിക്ക് വെജിറ്റേറിയൻ കുക്കിങ് വല്യ പിടിയില്ല. അതുകൊണ്ടു തന്നെ ഞാനുണ്ടാക്കുന്ന വെജിറ്റേറിയൻ വിഭവങ്ങൾ എല്ലാവർക്കുമിഷ്ടമാണ്. സദ്യയൊക്കെ ഒറ്റയ്ക്കാണ് ഉണ്ടാക്കാറുള്ളത്. ഞാനുണ്ടാക്കുന്ന നോൺവെജ് വിഭവങ്ങളും അവർക്കെല്ലാമിഷ്ടമാണ്. തൃശ്ശൂരിൽ വരുമ്പോൾ ഞാൻ വയ്ക്കുന്ന ഭക്ഷണങ്ങളൊക്കെ കഴിക്കാൻ ഡാഡിക്ക് ഇഷ്ടമാണ്. ഞാൻ വീട്ടിലുള്ള സമയത്ത് മെനുവൊക്കെ ഞാനാണ് തീരുമാനിക്കുക. നമ്മളുണ്ടാക്കുന്ന ആഹാരം അവർ ആസ്വദിച്ചു കഴിക്കുമ്പോൾ കിട്ടുന്ന സന്തോഷം വളരെ വലുതാണ്. അതുപോലെ തന്നെ ചിക്കൻ വിഭവങ്ങളും വീട്ടിലെല്ലാവർക്കും ഇഷ്ടമാണ്. നോൺവെജ് വിഭവങ്ങളാണ് ഇവിടെയെല്ലാവർക്കും കൂടുതലിഷ്ടം.

പാചക വിഡിയോസിന് പുറമേ ബ്യൂട്ടി ടിപ്സും

മാക്സിമം പ്രേക്ഷകരെ എന്റർടൈൻ ചെയ്യിക്കാൻ കഴിയുന്ന വ്യത്യസ്തങ്ങളായ കണ്ടന്റുകൾ അപ്‌ലോഡ് ചെയ്യാനാണ് ആഗ്രഹം. കമന്റ് ബോക്സിൽ ഒരുപാടുപേർ ബ്യൂട്ടി ടിപ്സിനെക്കുറിച്ച് ചോദിച്ചിരുന്നു അങ്ങനെയാണ് അത്തരം കണ്ടന്റുകൾ അപ്‌ലോഡ് ചെയ്തു തുടങ്ങിയത്. ബ്യൂട്ടി ടിപ്സിനെക്കാളും ഞാൻ ചെയ്യുന്ന കുക്കിങ് വിഡിയോസിനാണ് പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത ലഭിച്ചതെന്നാണ് എനിക്ക് തോന്നുന്നത്. 

നെഗറ്റീവ്സ് മാത്രം പറയുന്ന ചിലർ

ചിലയാളുകൾ വിഡിയോ കണ്ട് നെഗറ്റീവ്‌സ് മാത്രം പറയാറുണ്ട്. അത്തരക്കാരെ മൈൻഡ് ചെയ്യാതിരിക്കുകയേ നിവൃത്തിയുള്ളൂ. പക്ഷേ 90 ശതമാനം കമന്റുകൾക്കും ഞാൻ മറുപടി നൽകാറുണ്ട്. അതിപ്പോൾ കമന്റുകൾ പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും ഞാൻ കമന്റ് ചെയ്യാറുണ്ട്.

വി‍ഡിയോ ഷൂട്ടിനായി പ്രത്യേക തയാറെടുപ്പുകളില്ല

വിവാഹത്തിന് മുൻപ് വരെ എന്റെ കോസ്റ്റ്യൂംസിന്റെ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചിരുന്നത് മമ്മിയാണ്. ഞാനത്തരം കാര്യങ്ങളിൽ കോൺഷ്യസ് ആയിരുന്നില്ല. വിവാഹശേഷം എനിക്ക് സാരിയണിയാനാണ് കൂടുതലിഷ്ടം. ഫങ്ഷനുകളിലൊക്കെ പങ്കെടുക്കുമ്പോൾ ഞാൻ കൂടുതലായും സാരികളാണ് ഉപയോഗിക്കുക. മോഡേൺ വസ്ത്രങ്ങൾ അണിയാറുണ്ടെങ്കിലും എനിക്ക് ഏറെയിഷ്ടമുള്ളതും ഏറ്റവും നന്നായി ഇണങ്ങുമെന്ന് മറ്റുള്ളവർ അഭിപ്രായം പറഞ്ഞതും സാരിയാണ്. യുട്യൂബ് ചാനലിൽ വിഭവങ്ങൾ അവതരിപ്പിക്കുമ്പോൾ അത്തരം ഷൂട്ടിനായി ഞാൻ പ്രത്യേകം ഒരുങ്ങാറൊന്നുമില്ല. ഞാനെങ്ങനെയാണോ  സാധാരണ വസ്ത്രം ധരിക്കുന്നത് അതുപോലെ തന്നെയാണ് വിഡിയോ ഷൂട്ടിനായി ക്യാമറയ്ക്കു മുന്നിൽ നിൽക്കുന്നത്. അല്ലാതെ വിഡിയോ ഷൂട്ടിനായി ഒരു ഡ്രാമ ക്രിയേറ്റ് ചെയ്യാനോ ഒരുങ്ങാനോ ഞാൻ ശ്രമിക്കാറില്ല.

∙ മനസ്സു കവർന്ന കൊത്തുപൊറോട്ട

kothu-parotta

ഞാൻ ഒൻപതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒരു തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനു പോയപ്പോഴുള്ള ഒരു അനുഭവം പങ്കുവയ്ക്കാം. അന്ന് കൊത്തുപൊറോട്ട എന്ന വിഭവം കേരളത്തിൽ അത്ര പരിചിതമല്ല. അന്ന് ഞങ്ങൾ തമിഴ്നാട്ടിലെ ഒരു ഹോട്ടലിൽ പോയപ്പോൾ ചിക്കൻ കൊത്തുപൊറോട്ട എന്ന വിഭവം കണ്ടു. അത് എന്താണെന്നറിയാനുള്ള കൗതുകംകൊണ്ട് ഓർഡർ ചെയ്തു. വാഴയിലയിൽ പൊതിഞ്ഞ് കൊത്തുപൊറോട്ടയും സാലഡുമൊക്കെ അവർ കൊണ്ടുവന്നു. അന്ന് ആദ്യമായാണ് ഞാൻ ആ വിഭവം കഴിക്കുന്നത് അതെനിക്ക് ഭയങ്കരയിഷ്ടമായി. അതുകൊണ്ടു തന്നെ ആ ഷൂട്ടിങ്ഷെഡ്യൂൾ കഴിയുന്ന വരെ ദിവസവും എഗ്, അല്ലെങ്കിൽ ചിക്കൻ കൊത്തുപൊറോട്ടയായിരുന്നു എന്റെ പ്രധാന ഭക്ഷണം. അതൊക്കെ കഴിഞ്ഞ് കുറേനാളുകൾ കഴിഞ്ഞാണ് നമ്മുടെ കേരളത്തിൽ കൊത്തുപൊറോട്ട സുലഭമായി ലഭിച്ചു തുടങ്ങിയത്. അതാണ് കുട്ടിക്കാലത്ത് കഴിച്ച ഏറെ രുചികരമായ ഭക്ഷണത്തെക്കുറിച്ചുള്ള ഒരു ഓർമ.

പിന്നെയുള്ളത് ദുബായുമായി ബന്ധപ്പെട്ട ഒരു ഓർമയാണ്. ഞാൻ എട്ടിലും ഒൻപതിലുമൊക്കെ പഠിക്കുമ്പോൾ എന്റെ ചേട്ടൻ ദുബായിലായിരുന്നു. അന്നൊന്നും കെഎഫ്സി ഒന്നും നമ്മുടെ നാട്ടിൽ തുടങ്ങിയിട്ടില്ല. അപ്പോൾ ചേട്ടനും ഗൾഫിലുള്ള കസിൻസുമൊക്കെ നാട്ടിൽ വരുമ്പോൾ കെഎഫ്സിയുടെ ഫ്രൈഡ് ചിക്കനുണ്ട് നല്ല ടേസ്റ്റാണ് എന്നൊക്കെ പറയാറുണ്ട്. എനിക്ക് ചിക്കൻ വിഭവങ്ങൾ ഏറെയിഷ്ടമായതുകൊണ്ടു തന്നെ കെഎഫ്സി കഴിക്കണമെന്നൊക്കെ നല്ല ആഗ്രഹമുണ്ടായിരുന്നു. കുടുംബത്തോടൊപ്പം ദുബായിലേക്ക് പോകാൻ തീരുമാനിച്ചപ്പോൾ എന്റെ ആദ്യത്തെ ആവശ്യം അവിടെ പോയാൽ കെഎഫ്സി ചിക്കൻ കഴിക്കണമെന്നായിരുന്നു. അവിടെപ്പോയി മടങ്ങുന്നതുവരെ ദിവസവും കെഎഫ്സി ചിക്കൻ കഴിക്കുന്നതായിരുന്നു അന്നത്തെ എന്റെ വലിയ ഇഷ്ടം. നാട്ടിലേക്ക് മടങ്ങി കുറേ നാളുകൾക്ക് ശേഷമാണ് ഇവിടെ ഫ്രൈഡ് ചിക്കനൊക്കെ ലഭ്യമായിത്തുടങ്ങിയത്. അതും കുട്ടിക്കാലത്തെ നല്ലൊരു രുചിയോർമയാണ്.

∙ സീഫുഡ്സിനോടും ഇഷ്ടം കൂടും

വിദേശയാത്രകളിൽ കൂടുതൽ പരീക്ഷിക്കുന്നത് ഫിഷ്, ചിക്കൻ മുതലായ വിഭവങ്ങളാണ്. തായ്‌ലൻഡിലൊക്കെ പോയപ്പോൾ സീഫുഡ്സ് കുറേ ട്രൈ ചെയ്തിട്ടുണ്ട്. അവിടെ പ്രാദേശികമായി ലഭിക്കുന്ന പ്രാണികളെക്കൊണ്ടൊക്കെ തയാറാക്കുന്ന സൂപ്പ് പോലെയുള്ള വിഭവങ്ങൾ അധികം പരീക്ഷിക്കാറില്ല.

English Summary : Dimple Rose talk about cooking vlog 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA