വയനാട്ടിലെ അമ്മച്ചി ചില്ലറക്കാരിയല്ല, സൂപ്പർ കൈപ്പുണ്യം

annammachedathi
സച്ചിനും പിഞ്ചുവും അന്നമ്മ ചേടത്തിത്തിക്കും മകൻ ബാബുവിനുമൊപ്പം.
SHARE

വയനാട്ടിലെ നടവയൽ എന്ന ഗ്രാമത്തിലെ അന്നമ്മ ചേടത്തി പത്തുലക്ഷത്തിനടുത്ത് കാഴ്ചക്കാരുള്ള യൂട്യൂബ് ചാനലിന്റെ എല്ലാമെല്ലാമാണ്. നാട്ടുകാരായ സച്ചിനും പിഞ്ചുവും ഒരു യൂട്യൂബ് ചാനലിലെ നാടൻ പാചകം ചെയ്യുന്ന ആളെ അന്വേഷിച്ചു കണ്ടെത്തിയതാണ് അന്നാമ്മ ചേടത്തിയെ. ‘നല്ല ഉഗ്രൻ മീൻകറി വയ്ക്കുന്നൊരു ചേടത്തി നാട്ടിൽ തന്നെയുണ്ടെന്ന് ഡാഡി പറഞ്ഞു. വിഡിയോ ഷൂട്ട് ചെയ്തപ്പോൾ ബോധ്യമായി, ചേട്ടത്തിയുടെ മീൻകറി അഡാർ. പുളി ഉരുക്കി ഒഴിച്ചുള്ള ആ മീൻ കറിക്ക് അസാധ്യരുചിയും’. പാചകം മാത്രമല്ല വാചകവും ഉള്ളൊരു അമ്മച്ചിയാണെന്നും വിഡിയോ ഷൂട്ട് ചെയ്തപ്പോൾ സച്ചിനും പിഞ്ചുവിനും മനസ്സിലായി.  ‘ഈ വാചകവും പാചകവും ആണ് നമുക്ക് വേണ്ടത്. ഒരേ നാട്ടുകാരാണെങ്കിലും എനിക്ക് അന്നമ്മച്ചേടത്തിയെ നേരത്തേ അറിയില്ലായിരുന്നു. പള്ളിയിൽ വച്ചൊക്കെ കണ്ടിട്ടുണ്ട്. അമ്മച്ചിയുടെ മകൻ ബാബുച്ചേട്ടനെയും കണ്ടിട്ടുണ്ട്. പക്ഷേ അമ്മച്ചിയുടെ കൊച്ചുമകൻ ജോയിമോനുമായി നല്ല പരിചയം ഉണ്ട്. പിന്നെയാണ് അറിഞ്ഞത് ജോയിമോന്റെ വല്യമ്മച്ചിയാണ് ഈ അന്നമ്മച്ചേടത്തിയെന്ന്’. അമ്മച്ചിയെ കണ്ടെത്തിയതിനെക്കുറിച്ച് സച്ചിൻ പറയുന്നു

ഒരു മീൻ കറി വച്ച് യൂട്യൂബിലെ താരമായി...

annamma
അന്നമ്മ ചേടത്തി

‘ഒരു മീൻ കറി വച്ചു തരണമെന്ന് പറഞ്ഞു സച്ചിൻ വന്നു. അതിനെന്താ വച്ചു കൊടുക്കാം എന്നേ കരുതിയുള്ളൂ. പക്ഷേ  ഇത്രേം വലിയൊരു സംഭവം ആയിത്തീരുമെന്ന് ഞാൻ അറിഞ്ഞില്ല’ – ചിരിയോടെ അന്നമ്മ ചേടത്തി പറയുന്നു. ‘എന്തോരം പേരാ എന്നെ വിളിച്ച് ഓരോരോ കാര്യങ്ങൾ പറയുന്നേ. അവർക്ക് എന്നെ കാണണം, ഞാൻ ചിരിക്കണം, എന്റെ വർത്തമാനം കേൾക്കണം, എന്നെ കാണണം എന്നാ പറയുന്നേ’. അമ്മച്ചിയുടെ വാക്കുകളിൽ ആവേശം.

സച്ചിനേ, നമുക്കെന്താടാ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്?

‘ഒരുപാടാളുകൾ വിളിക്കുന്നതൊക്കെ അമ്മച്ചിക്ക് വളരെ സന്തോഷമാണ്. സംസാരിക്കാൻ ഒരുപാടിഷ്ടമാണ്. അപ്പോൾ അമ്മച്ചി ഇടയ്ക്കു ചോദിക്കും, സച്ചിനേ, നമുക്കെന്താടാ ഈ ബുദ്ധി നേരത്തേ തോന്നാഞ്ഞത് എന്ന്. നീ എന്നാടാ നേരത്തേ വരാഞ്ഞത് എന്നൊക്കെ. അപ്പോൾ ഞാൻ പറയും, എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ എന്ന്.’

annammachedathi-cooking-vlog
സച്ചിനും പിഞ്ചുവും അന്നമ്മ ചേടത്തിക്കൊപ്പം

അമ്മച്ചി ഒരു സാധനവും വേസ്റ്റ് ആക്കില്ല

എന്ത് സാധനം പറഞ്ഞാലും അമ്മച്ചിക്ക് അതിനൊരു ഐഡിയ ഉണ്ട്. പിന്നെ ഒരു സാധനവും വേസ്റ്റ് ആക്കില്ല അതൊക്കെയാണ് അമ്മച്ചിയുടെ ഹൈലൈറ്റ്.

എങ്ങനെയാണ് അമ്മച്ചി ഇതൊക്കെ ഉണ്ടാക്കാൻ പഠിച്ചത്?

അതൊക്കെ ഞാൻ കണ്ടും കേട്ടും  പഠിച്ചതാണ്. എന്നെ ആരും പഠിപ്പിച്ചതല്ല. പാചകം താല്പര്യമില്ലാത്ത ഒരാളെ പഠിപ്പിച്ചെടുക്കാൻ  ബുദ്ധിമുട്ടാണ്. എന്ത് ചെയ്യുമ്പോഴും അത് താല്പര്യത്തോടെ ചെയ്താലേ ശരിയാവൂ. മനസ്സാണ് പ്രധാനം പ്രായമല്ല.

നീയിത് ചെയ്യടീ അന്നമ്മേ എന്ന് എന്നോടാരും പറഞ്ഞു തന്നിട്ടില്ല

‘എന്റെ ഒൻപതാമത്തെ വയസ്സിൽ അടുക്കളപ്പണി ചെയ്യാൻ തുടങ്ങിയതാണ്. അമ്മ ചന്തയ്ക്കോ പാടത്ത് കൊയ്യാനോ ഒക്കെ പോകുമ്പോൾ ആ  പണി ചെയ്യണം ഈ പണി ചെയ്യണം... ഒരു കുഞ്ഞു കൊച്ചിനെയും എന്നെ ഏൽപ്പിക്കും. അതിനെ നോക്കണം, ചട്ടിയും കലവും കഴുകണം, കപ്പക്കോല് ചീകിയിടണം, മടൽ കീറിയിടണം ഇതെല്ലാം ഏല്പിച്ചിട്ട് അമ്മ അങ്ങ് പോകും. ഈ പണികളൊക്കെ ചെയ്തിട്ട് അതിനിടയ്ക്ക്  ഞാൻ കുട്ടിയും കോലും കളിക്കാനും പോകും. അങ്ങനെ ഒരു പുണ്യം എനിക്ക് വേറെ ആരിൽ നിന്നും കിട്ടിയിട്ടില്ല. എന്റെ അമ്മ എന്നെ പഠിപ്പിച്ചു. അതുകൊണ്ട് ഞാൻ ഇങ്ങനെ കൈ കേറി കൈ കേറി മുന്നോട്ടു പോകുന്നു. എന്റെ സ്വന്തം ഐഡിയയിൽ ചെയ്യുന്ന കാര്യങ്ങളാണ്. അല്ലാതെ നീയിത് ചെയ്യടി അന്നമ്മേ എന്ന് എന്നോടാരും പറഞ്ഞു തന്നിട്ടില്ല.  ചെയ്തതൊന്നും  പോരാന്നും ആരും പറഞ്ഞിട്ടില്ല. അങ്ങനെ ആയിരുന്നു എന്റെ ജീവിതം.’

annammachedathi-food-vlog
അന്നമ്മ ചേടത്തി സ്പെഷൽ പാചക വിഡിയോ ചിത്രീകരണത്തിൽ നിന്ന്

പാചകത്തിൽ അമ്മച്ചിയുടെ വലംകൈയാണ് മകൻ ബാബു, ഹോട്ടൽ മാനേജ്‌മന്റ് പഠിച്ച ആളാണ്. പുറത്തൊക്കെ ഈ ഫീൽഡിൽ ജോലി ചെയ്തിട്ടുണ്ട്. അമ്മച്ചിയുടെ മോഡേൺ വേർഷനാണ് മകൻ. ‘പാചകം എന്നത് ഒരിക്കലും ആരും പൂർത്തീകരിക്കുന്നില്ല. പാചകത്തിൽ ഒരാൾ എത്ര കണ്ടുപഠിച്ചാലും അതിൽ പൂർണനാകുന്നില്ല. ഞാൻ ചെയ്യുന്ന അതേ കാര്യം എത്ര വലിയ ഒരു ഷെഫ് ചെയ്‌താലും ടേസ്റ്റിൽ വ്യത്യാസം വരും. അതുകൊണ്ട് ഓരോന്നും കണ്ടു പഠിക്കുവാണ് ഞാൻ ചെയ്യുന്നത്. അമ്മച്ചി ചെയ്യുന്നതിൽനിന്ന് ഓരോന്നും എടുത്ത് ഞാൻ എന്റേതായ ശൈലിയിൽ ചെയ്യും.’ പുതിയ പരീക്ഷണങ്ങൾ ചെയ്യാനും ബാബു സമയം കണ്ടെത്തുന്നു. മകന്റെ പാചകത്തെക്കുറിച്ച് അമ്മച്ചിക്ക് അഭിമാനം മാത്രം ‘ഞാൻ ചെയ്യുന്നതു തന്നെ അവൻ അവന്റേതായ കഴിവും കൂടി എടുത്തു ചെയ്യുന്നുണ്ട്. അവൻ ചെയ്യുന്നതെന്തും താല്പര്യത്തോടെ ചെയ്യുന്നതു കൊണ്ട് അത് അവന്റെ മനസ്സിൽ ഇരിക്കും.’ 

മക്കളേ ഹായ്... എന്ന ആമുഖത്തോടെ നാടൻ വിഭവങ്ങളും രുചിരസങ്ങളും ഇനിയും ഒരുപാട് പങ്കുവയ്ക്കണമെന്ന ആഗ്രഹത്തിലാണ് അമ്മച്ചി. ഈ വിഭവങ്ങളൊക്കെ ടേസ്റ്റ് ചെയ്യാൻ സച്ചിനും ആരാധകരും കാത്തിരിക്കുന്നു...

English Summary : Annammachedathi Special Traditional Recipes Food Vlog

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA