ADVERTISEMENT

വീട്ടിലെ ജോലികൾ എളുപ്പമാക്കാൻ അടുക്കളയിൽ ചില പൊടിക്കൈകൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇതിലൂടെ ഇന്ധനലാഭം, സമയലാഭം, അദ്ധ്വാനലാഭം എന്നിങ്ങനെയുള്ള പ്രയോജനവും ഉണ്ട്. 

ഒരു പാചകത്തിലും വെന്തവെള്ളം ഊറ്റിക്കളയരുത്. കറിയുടെ സ്വാദും ഗുണവും ഈ ചാറിലുണ്ടെന്നുള്ളത് ഓർമ്മിച്ചിരിക്കണം.

1. മീൻ വറുക്കുമ്പോൾ പച്ച കുരുമുളക് ചേർത്താൽ മീൻ വറുത്തതിന് നല്ല മണവും രുചിയും കിട്ടും.

2. മുട്ട വലിയ തീയിൽ പാകം ചെയ്യരുത്. അധികം വെന്താൽ രുചി നഷ്‌ടപ്പെടും.

3. ഫ്ലാസ്‌കിനകത്തു ചൂടുള്ള ദ്രാവകങ്ങൾ ഒഴിക്കുമ്പോൾ അതിനകത്ത് ഒടു ടീസ്‌പൂൺ ഇട്ടിരുന്നാൽ റീഫിൽ പൊട്ടിപ്പോകാതെയിരിക്കും.

4. പ്ലാസ്‌റ്റിക്ക് കുപ്പികളോ പാത്രങ്ങളോ അൽപം നാരങ്ങ ഉപയോഗിച്ചു കഴുകിയാൽ അതിലെ ‘പ്ലാസ്‌റ്റിക്’ മണം മാറും.

5. ഇറച്ചിക്കു സവാള വഴറ്റുമ്പോൾ അൽപം പഞ്ചസാര ചേർത്താൽ പെട്ടെന്നു മൂക്കും. നല്ല സ്വാദും ഉണ്ടായിരിക്കും.

6. കട്‌ലറ്റിനു സവാള മൂക്കുമ്പോൾ സ്വല്‌പം നാരങ്ങനീര് ഒഴിച്ചാൽ നല്ല സ്വാദ് കിട്ടും. പ്രത്യേകിച്ചും ചിക്കൻ കട്‌ലറ്റിന്. റഫ്രിജറേറ്ററിനുള്ളിലെ ദുർഗന്ധം ഒഴിവാക്കാൻ ഉള്ളിൽ ഒരു ചെറിയ പാത്രത്തിൽ കരികഷ്‌ണം വച്ചാൽ മതി.

7. പ്രഷർകുക്കറിനുള്ളിലെ കറ കളയാൻ അതിനുള്ളിൽ നാരങ്ങയുടെ തൊണ്ടിട്ട് തിളപ്പിച്ചാൽ മതി.

Pressure Cooker

8. മീനിൽ നാരങ്ങാ നീര് പുരട്ടാം. മീനിന്റെ ഉളുമ്പ് നാറ്റം ഇല്ലാതാക്കാൻ കഴുകിയ ശേഷം ചെറുനാരങ്ങനീരോ വിനാഗിരിയോ പുരട്ടിവയ്‌ക്കുക.

മീൻകറിയിൽ ചുവന്നുള്ളിയും മല്ലിപ്പൊടിയും ഒഴിവാക്കിയാൽ പെട്ടെന്ന് കേടാകില്ല.

9. ഉള്ളി കഴുകിയതിനു ശേഷം തൊലി കളഞ്ഞാൽ കരയേണ്ടിവരില്ല. ബിരിയാണിയിലിടുന്ന ഉള്ളിമൊരിഞ്ഞു കിട്ടാൻ വലിയ ഉള്ളി നേരിയതായി മുറിച്ച് കുറച്ച് ഉപ്പു ചേർത്ത് പത്രക്കടലാസിൽ പരത്തി വെയിലത്തു വച്ച ശേഷം വറുത്താൽ മതി. 

10. സാമ്പാറുണ്ടാക്കാൻ തുവരപ്പരിപ്പു വേവിക്കുമ്പോൾ അല്‌പം ഉലുവ കൂടി ചേർത്താൽ സാമ്പാർ പെട്ടെന്ന് കേടാകില്ല.

11. ചീര പത്രക്കടലാസിൽ പൊതിഞ്ഞ് ഫ്രിജിൽ വച്ചാൽ കൂടുതൽ ദിവസം പുതുമ നിലനിർത്താം.

12. പഴങ്ങൾ മുറിച്ചു വയ്‌ക്കുമ്പോൾ മുറിച്ച ഭാഗത്ത് അല്‌പം നാരങ്ങാനീരു പുരട്ടിയാൽ കറുപ്പു നിറം വരില്ല.

Photo credit :   Lilly Trott / Shutterstock.com
Photo credit : Lilly Trott / Shutterstock.com

13. പപ്പടം കേടുകൂടാതിരിക്കാൻ അവ സൂക്ഷിക്കുന്ന പാത്രത്തിൽ അല്‌പം ഉലുവ ഇടുക.

14. പച്ചക്കറികൾ ഫ്രിഡ്‌ജിൽ സൂക്ഷിക്കുമ്പോൾ ഈർപ്പവിമുക്‌തമായിരിക്കണം

15. പച്ച റൊട്ടി വാങ്ങുന്നത് ആവശ്യത്തിലധികമായാൽ വെറുതെ വലിച്ചെറിയുന്നത് ഒഴിവാക്കാൻ, വാങ്ങുന്ന ദിവസം തന്നെ കുറച്ചെണ്ണമെടുത്ത് വെറും തവയിൽ വച്ച് മൊരിച്ചെടുത്ത് പൊടിച്ചു വച്ചാൽ കട്‌ലറ്റ് തയാറാക്കുവാൻ ഉപയോഗിക്കാം. റൊട്ടിപ്പൊടിക്കൊപ്പം ചുരണ്ടിയ തേങ്ങയും അൽപം പഞ്ചസാരയും ചേർത്താൽ സ്വാദിഷ്‌ടമായ ഒരു നാലുമണി പലഹാരം തയാറാക്കുകയും ചെയ്യാം

Photo Credit : Jins Michel
Photo Credit : Jins Michel

16 . പാവയ്‌ക്ക ഉപയോഗിച്ചുള്ള കറികൾ തയാറാക്കുമ്പോൾ കയ്‌പ് കുറയ്‌ക്കാനായി ഒപ്പം ബീറ്റ്‌റൂട്ടോ ഉള്ളിയോ ചേർത്താൽ മതി. ഇപ്രകാരം മെഴുക്കുപുരട്ടിയും തോരനും ഒക്കെ ഉണ്ടാക്കാം.

17. ചപ്പാത്തിമാവ് തയാറാക്കുമ്പോൾ സോയാഫ്ലോറും കടലമാവും ഗോതമ്പുമാവും 1:1:4 എന്ന അനുപാതത്തിൽ എടുത്ത് കുഴച്ച് ചപ്പാത്തി ഉണ്ടാക്കുക. മയവും സ്വാദും മെച്ചപ്പെടുത്താം.

18. എണ്ണ കുടിക്കും കിച്ചൻ ടൗവൽ

കട്‌ലറ്റും ചിക്കൻ ഫ്രൈയുമൊക്കെ കാണുമ്പോൾ, കഴിക്കരുതെന്ന് എത്ര വിചാരിച്ചാലും പാത്രത്തിലേക്കു കൈ അറിയാതെ നീണ്ടുപോകും. വറുത്ത വിഭവങ്ങളിൽ എണ്ണയാണു വില്ലൻ. അധിക എണ്ണ നീക്കം ചെയ്യാനായാൽ കൊതി തീർക്കാൻ ഇടയ്‌ക്കൊക്കെ ഇവ കഴിക്കാം. ഭക്ഷണസാധനങ്ങളിലെ എണ്ണ നീക്കംചെയ്യാൻ കിച്ചൻ ടൗവൽ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ല വഴി. പാത്രത്തിൽ വച്ചിരിക്കുന്ന കിച്ചൻ ടൗവലിലേക്കു വറുത്ത പലഹാരങ്ങൾ കോരിയിടുക. അധിക എണ്ണ ഈ ടൗവൽ വലിച്ചെടുക്കും. കഴിക്കാറാകുമ്പോൾ മറ്റൊരു പാത്രത്തിലേക്കു ടൗവൽ വിരിച്ച് അതിലേക്കു വിളമ്പുക. സാധാരണ ടിഷ്യു പേപ്പർ ഉപയോഗിച്ച് എണ്ണ നീക്കംചെയ്യുന്നതിലും ഫലപ്രദമാണ് ഈ ടൗവലുകൾ. അടുക്കള ആവശ്യങ്ങൾക്കുവേണ്ടി പ്രത്യേകം തയാറാക്കിയ ഈ ടൗവലുകൾ യാത്രകളിലെ ഭക്ഷണസമയത്തും ഉപയോഗിക്കാം. ഉപയോഗിച്ച ടൗവൽ വീണ്ടും ഉപയോഗിക്കരുത്. ആവശ്യമില്ലാത്ത സമയത്തു കവറിൽത്തന്നെ സൂക്ഷിക്കുകയും വേണം.

19. ഇറച്ചിയും മീനും എത്ര ദിവസംവരെ ഫ്രിഡ്‌ജിൽ സൂക്ഷിക്കാം?

പണ്ടുകാലത്തു മിച്ചംവരുന്ന ഇറച്ചിയും മീനുമൊക്കെ ഉപ്പിട്ടാണു സൂക്ഷിച്ചിരുന്നത്. പിറ്റേന്നുതന്നെ അവ കഴുകി വൃത്തിയാക്കി പാചകം ചെയ്യുകയും ചെയ്യും. എന്നാൽ, ഇന്ന് ഇറച്ചിയും മീനുമൊക്കെ ആഴ്‌ചകളോളം ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നവരുണ്ട്. കോൾഡ് സ്‌റ്റോറേജിലും മറ്റും ഉപയോഗിക്കുന്ന ഡീപ് ഫ്രീസറാണെങ്കിൽ ഒരാഴ്‌ചവരെ ഇറച്ചിയും മീനും കേടാകാതെ സൂക്ഷിക്കാം. എന്നാൽ, വീട്ടിലെ ഫ്രീസറിൽ ഇറച്ചിയും മീനും അധികകാലം സൂക്ഷിക്കാൻ ശ്രമിക്കരുത്. ഇടയ്‌ക്കിടെ ഫ്രീസർ തുറക്കുമ്പോൾ, തുറന്നുവച്ചിരിക്കുന്ന ഇത്തരം ഭക്ഷണസാധനത്തിൽ രോഗാണുക്കൾ പറ്റിപ്പിടിച്ചു വളരും. ഇറച്ചിയും മീനുമൊക്കെ കഴുകി വൃത്തിയാക്കി നന്നായി പൊതിഞ്ഞു പാത്രത്തിൽ അടച്ചശേഷം വേണം ഫ്രീസറിൽ വയ്‌ക്കാൻ. വൃത്തിയാക്കാത്ത മീൻ ഫ്രീസറിൽ വയ്‌ക്കരുത്. ഫ്രീസറിൽനിന്ന് ഒരിക്കൽ എടുത്ത സാധനം വീണ്ടും തിരികെ വയ്‌ക്കരുത്. മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഉപയോഗിച്ചു തീർക്കുകയും വേണം.

Photo credit : Nitr / Shutterstock.com
Photo credit : Nitr / Shutterstock.com

20. തിളപ്പിച്ച കുടിവെള്ളത്തിൽ പച്ചവെള്ളം ചേർത്ത് ഉപയോഗിക്കാമോ?

തിളപ്പിച്ചാറിയ വെള്ളത്തിൽ രോഗകാരികളായ അണുക്കൾ കാണാനുള്ള സാധ്യത കുറയും. എന്നാൽ, തിളച്ച വെള്ളത്തിലേക്കു തണുത്ത വെള്ളം ഒഴിക്കുമ്പോൾ വെള്ളത്തിന്റെ താപനില പകുതിയായി കുറയും. ഈ താപനിലയിൽ തണുത്ത വെള്ളത്തിലുള്ള രോഗാണുക്കൾ മുഴുവൻ നശിക്കണമെന്നില്ല. അതുകൊണ്ടു ചൂടുവെള്ളത്തിൽ തണുത്ത വെള്ളം ഒഴിക്കാതിരിക്കുന്നതാണു നല്ലത്.

 

21. ബ്രെഡ് എത്ര ദിവസം കേടാകാതെയിരിക്കും?

ഏറ്റവും എളുപ്പത്തിൽ കേടാകുന്ന ഭക്ഷണസാധനമാണു ബ്രെഡ്. റൊട്ടിയിലെ പൂപ്പൽ വയറിളക്കവും ഛർദിയുമുണ്ടാക്കും. പായ്‌ക്ക് ചെയ്‌ത ഡേറ്റ് നോക്കി വേണം കടയിൽനിന്നു ബ്രെഡ് വാങ്ങാൻ. പായ്‌ക്ക് ചെയ്‌തു മൂന്നു ദിവസത്തിനകം ബ്രെഡ് കഴിച്ചുതീർക്കണം. ചില ബ്രെഡ് കഴിക്കുമ്പോൾത്തന്നെ രുചിവ്യത്യാസം തോന്നാം. അങ്ങനെയുള്ളവയിൽ പൂപ്പൽ പടർന്നിട്ടുണ്ടോ എന്നു ശ്രദ്ധിക്കണം. പൂപ്പൽ ഇല്ലെങ്കിൽ അന്നുതന്നെ ഉപയോഗിച്ചു തീർക്കണം. ബ്രെഡ് ഒന്നോ രണ്ടോ ദിവസം ഫ്രിഡ്‌ജിൽ വച്ചശേഷം മൊരിച്ചെടുത്ത് ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ, രണ്ടുദിവസത്തിൽ കൂടുതൽ പഴകിയ ബ്രെഡ് ഉപയോഗിക്കരുത്.

 

mango-pickle

22. മുകളിലുള്ള പൂപ്പൽ മാറ്റിയശേഷം അച്ചാർ ഉപയോഗിക്കാമോ?

പ്രിസർവേറ്റീവ് ചേർക്കാത്ത അച്ചാറുകൾ പുറത്തു വച്ചിരുന്നാൽ പൂപ്പൽ ബാധിക്കും. വെള്ള, കറുപ്പ് മുതൽ ആകർഷകമായ നിറങ്ങളിൽവരെ പൂപ്പലുണ്ട്. ഒന്നോ രണ്ടോ ദിവസം അച്ചാർ വെളിയിൽ വച്ചിരുന്നാൽ അതിൽ പൂപ്പൽ പടർന്നിരിക്കുന്നതു കാണാം. ഈ പൂപ്പൽ സ്‌പൂൺകൊണ്ടു തോണ്ടിക്കളഞ്ഞശേഷം ബാക്കി വരുന്ന അച്ചാർ ഉപയോഗിക്കുന്നവരാണ് അധികവും. എന്നാൽ, ഏതു പൂപ്പലും അപകടകാരിയാണ്. ഇത്തരത്തിലുള്ള അച്ചാർ കുട്ടികൾക്കും പ്രായമായവർക്കും കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. കറുത്ത പൂപ്പൽ ബാധിച്ച അച്ചാർ ഒരുകാരണവശാലും ഉപയോഗിക്കരുത്. പൂപ്പൽ ബാധിച്ച കടല കഴിക്കുന്നതും അപകടമാണ്.

 

23.തേങ്ങാപ്പാൽ ഫ്രിഡ്‌ജിൽ സൂക്ഷിക്കാമോ?

ചുരണ്ടിയ തേങ്ങ അരമണിക്കൂറിലധികം പുറത്തുവച്ചാൽ കേടാകാൻ തുടങ്ങും. പിഴിഞ്ഞെടുത്ത പാൽ പുറത്തുവച്ചാലും ഇതേ പ്രശ്‌നമുണ്ട്. തേങ്ങയോ തേങ്ങാപ്പാലോ പിന്നീട് ഉപയോഗിക്കേണ്ടതുണ്ടെങ്കിൽ അടച്ച പാത്രത്തിലാക്കി ഫ്രിഡ്‌ജിൽ വയ്‌ക്കുക. പിറ്റേദിവസത്തേക്കു സൂക്ഷിക്കരുത്.

 

എന്തിനും ഏതിനും ഫ്രിഡ്ജ്!

ഫ്രിഡ്‌ജ് അലമാരയല്ല എന്നതാണ് ആദ്യത്തെ പാഠം. അമിത ഭാരം ഫ്രിഡിൽ വയ്‌ക്കരുത്. ഇത് വൈദ്യുതി ഉപയോഗം കൂട്ടാൻ ഇടയാക്കും. പച്ചക്കറികൾ വാങ്ങി അന്നു തന്നെ കഴുകി തൊലി, ഞെട്ട് എന്നിവ കളഞ്ഞ് ഫ്രിഡ്‌ജിൽ വയ്ക്കാം. മാംസം മസാല പുരട്ടി വയ്ക്കാം. ഇഞ്ചി മുതലായവ തൊലികളഞ്ഞും തേങ്ങ ചിരവിയും വയ്ക്കാം. മീൻ കറിയിൽ മസാലയും ഉള്ളിയും ചേർക്കാതെ വച്ചാൽ ഏതുസമയത്തും എടത്ത് പാചകം ചെയ്യാം. ആഴ്‌ചയിൽ ഒര തവണ വൃത്തിയാക്കിയാൽ ദുർഗന്ധം ഒഴിവാക്കാം.

 

പാചക വാതകം ചോരാതെ

അടുക്കളയിൽ ആവശ്യമള്ള സാധനങ്ങൾ എല്ലാം തയാറാക്കി വച്ചതിനു ശേഷമേ ഗ്യാസ് കത്തിക്കാവൂ. അരിഞ്ഞ പച്ചക്കറികൾ വേവിക്കുമ്പോൾ വെള്ളം തിളപ്പിച്ചതിനശേഷം വേണം ഇടാൻ. തിളച്ചു കഴിഞ്ഞാൽ തീ കുറയ്‌ക്കാൻ ശ്രദ്ധിക്കണം. പരിപ്പ്, ധാന്യങ്ങൾ എന്നിവ വെള്ളത്തിൽ കുതിർത്ത ശേഷം പാചകം ചെയ്‌താൽ ഇന്ധന നഷ്‌ടം ഒഴിവാക്കാം. സ്‌റ്റൗവിന്റെ ബർണറകൾ ആഴ്‌ചയിലൊരിക്കൽ സോപ്പ്, സോഡാക്കാരം എന്നിവ ഉപയോഗിച്ച് വൃത്തിയാക്കണം. വർഷത്തിലൊരിക്കൽ ട്യൂബ് മാറ്റണം. പാചകംചെയ്യുന്ന പാത്രത്തിന്റെ മുകളിൽ മറ്റൊരു പാത്രത്തിൽ വെള്ളം വച്ച് ചൂടാക്കിയെടക്കാം. ഫ്രിഡ്‌ജിൽ നിന്ന് പുറത്തെടുത്ത ഉടൻ സാധനങ്ങൾ ഗ്യാസിൽ വച്ചാൽ ഇന്ധനം കൂടുതൽ വേണ്ടിവരും. അതിനാൽ തണുപ്പ് കുറഞ്ഞതിനു ശേഷം ചൂടാക്കുക.

 

പ്രഷർ കുക്കർ

കഴിയന്നതും പാചകം പ്രഷർ കുക്കറിലാക്കിയാൽ നന്ന്. ആവശ്യത്തിന് വെള്ളം വേണം. പരിപ്പിനൊപ്പം എണ്ണ ചേർത്താൽ വേഗം വേവും. പയറുവർഗങ്ങൾ തലേന്ന് വെള്ളത്തിലിട്ടാൽ എളപ്പം വേവും. പാചകം കഴിഞ്ഞാൽ ഗാസ്‌കറ്റ് ഊരി വയ്‌ക്കണം. ഫ്രിഡ്‌ജിൽ വച്ചാൽ നന്ന്. കൂടതൽ ഈട നിൽക്കം.

English Summary : Tips to  improve your cooking skill.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com