നാടന്‍ രുചികളുടെ കൂട്ടുകാരന്‍, ഷാജുവിന്റെ ഭക്ഷണപ്രേമം ഒന്നുവേറെ തന്നെ

shaju-sreedhar
ഷാജു ശ്രീധര്‍, ചാന്ദിനി, നന്ദന, നിലാഞ്ജന
SHARE

വിറകു കത്തിച്ച അടുപ്പിലുണ്ടാക്കിയ, അമ്മിയില്‍ അരച്ച കൂട്ടുകള്‍ ചേര്‍ത്ത, നാടന്‍ കറികള്‍ കൂട്ടാനാണ് തനിക്കേറെയിഷ്ടമെന്ന് ഷാജു ശ്രീധര്‍. മലയാളി പ്രേക്ഷകർക്കു സുപരിചിതനായ ഷാജുവിന്റെ ഭക്ഷണപ്രണയത്തിന്റെ ഏറ്റവും വലിയ തെളിവാണ്, തന്നെ പാചകം പഠിപ്പിച്ചത് ഷാജുവാണെന്ന് ഭാര്യയും ചലച്ചിത്രനടിയുമായ ചാന്ദ്നി ഒരഭിമുഖത്തിൽ പറഞ്ഞത്.

ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍നിന്നു കഴിച്ചാലും നാട്ടിലെ ചെറിയ കടകളിലെ വിഭവങ്ങളുടെ രുചി വേറേതന്നെയെന്ന് ഷാജു. ‘എനിക്കെന്നും ഇഷ്ടം അത്തരം ഭക്ഷണങ്ങളോടാണ്. നമ്മള്‍ വന്ന വഴി മറക്കരുതെന്ന് കേട്ടിട്ടില്ലേ. ഇന്ന് ആഗ്രഹിക്കുന്നതെന്തും വാങ്ങിക്കഴിക്കാൻ സാധിക്കും. 

പക്ഷേ ഇതൊന്നുമല്ലാതിരുന്ന കാലത്ത് നമ്മളൊക്കെ ആശ്രയിച്ചിരുന്നതും കൊതിച്ചിരുന്നതും നാട്ടിലെ ചെറിയ ചായക്കടകളില്‍ കിട്ടുന്ന നല്ല രുചിയുള്ള ഭക്ഷണമായിരുന്നു. ലോകത്തിന്റെ ഏതു കോണില്‍പ്പോയാലും നാവിന്‍ തുമ്പത്ത് ആ രുചിയിങ്ങനെയുണ്ടാവും.

എനിക്കിഷ്ടം നാടന്‍ ഷാപ്പുകളിലെ നല്ല എരിവും പുളിയുമുള്ള മീന്‍ കറിയാണ്. എവിടെപ്പോയാലും ഒരു ഷാപ്പ് തപ്പിപ്പിടിച്ച് ഞാന്‍ ഭക്ഷണം കഴിക്കാറുണ്ട്. പലരും ഷാപ്പില്‍ പോകുന്നത് കള്ളുകുടിക്കാന്‍ മാത്രമല്ല ഇത്തരം വിഭവങ്ങള്‍ രുചിക്കാന്‍ കൂടിയാണ്. അതുപോലെ തന്നെയാണ് ചെറിയ ചായക്കടകള്‍. കണ്ടാല്‍ വലിയ ഗുമ്മൊന്നും തോന്നില്ലെങ്കിലും അവിടെ വിളമ്പുന്ന ആഹാരത്തിന് മറ്റെവിടെയും കിട്ടാത്തത്ര രുചിയുണ്ട്. പ്രത്യേകിച്ച് വിറകടുപ്പിലൊക്കെ ഉണ്ടാക്കുന്നയിടങ്ങള്‍. പല സ്ഥലങ്ങളെക്കുറിച്ച് കേട്ടറിഞ്ഞ് അവിടെ പോയി കഴിക്കാൻ ഇഷ്ടമാണ്. സുഹൃത്തുക്കളെയും കൂട്ടിയായിരിക്കും അത്തരം യാത്രകള്‍. കേരളത്തില്‍ അങ്ങോളമിങ്ങോളം ഇങ്ങനെ വ്യത്യസ്ത രുചികള്‍ അന്വേഷിച്ച് യാത്രകള്‍ നടത്തിയിട്ടുണ്ട്. 

shaju-family

സേലത്തെ ഒരു ചെറിയ ഭക്ഷണശാല തേടിപ്പോയ കഥ

കേട്ടറിഞ്ഞാണ് അവിടെപ്പോയത്. പ്രായമായ ഒരമ്മ നടത്തുന്ന ചെറിയ ഹോട്ടലാണ്. ഒരാള്‍ക്ക് വയറുനിറയെ കഴിക്കാനുള്ളത്ര വിഭവങ്ങള്‍ അവര്‍ ഇലയില്‍ വിളമ്പും. കുറേ ഐറ്റംസുണ്ട്. എല്ലാം കുറേശ്ശെയാണെങ്കിലും ഇല നിറഞ്ഞിരിക്കും. വിഭവങ്ങളേക്കാള്‍ നമ്മെ ആകര്‍ഷിക്കുന്നത് അവരുടെ ആതിഥ്യമര്യാദയാണ്. അതുപോലെ പാലക്കാടും കോഴിക്കോടും ഇങ്ങനെ കേട്ടറിഞ്ഞ കടകള്‍ തപ്പി സഞ്ചരിച്ചിട്ടുണ്ട്. കുടുംബവുമൊത്തും രുചിയാത്രകള്‍ നടത്തിയിട്ടുണ്ട്. പക്ഷേ അപ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എനിക്ക് കഴിക്കുന്ന ഇടത്തിന്റെ അന്തരീക്ഷത്തേക്കാള്‍ അവിടെ ലഭിക്കുന്ന ഭക്ഷണമാണ് മുഖ്യം. അത് ചിലപ്പോള്‍ അധികം വൃത്തിയൊന്നുമില്ലാത്ത ചെറിയൊരു ഹോട്ടലാകാം. അല്ലെങ്കില്‍ തട്ടുകടയാകാം. എന്നാല്‍  കുടുംബം കൂടെയുള്ളപ്പോള്‍ അങ്ങനെയുള്ള ഇടങ്ങളില്‍ ഇരിക്കാന്‍ അവര്‍ക്കൊരു ബുദ്ധിമുട്ടുണ്ടാകും, അവരെ കുറ്റം പറയാനും പറ്റില്ല. ജാഡയാണെന്നും കരുതരുത്. കാരണം അവര്‍ വളര്‍ന്നതും ജീവിക്കുന്നതുമായ സാഹചര്യങ്ങള്‍ അങ്ങനെയാണല്ലോ. അങ്ങനെയുള്ളപ്പോള്‍ ഭക്ഷണം വണ്ടിയിലെത്തിച്ച് കഴിക്കും. എനിക്ക് ഒട്ടും താല്‍പര്യമില്ലാത്ത കാര്യമാണത്. ഭക്ഷണത്തിന്റെ യഥാർഥ രുചിയറിയണമെങ്കില്‍ അത് ആ കൊച്ചുകടയില്‍ ഇരുന്നു തന്നെ ആസ്വദിക്കണം. 

വീട്ടടുക്കളയിലും ഷാജു തന്നെ താരം

ആസ്വദിച്ചറിഞ്ഞ രുചികൾ മറ്റുള്ളവര്‍ക്ക്, പ്രത്യേകിച്ച് കുടുംബത്തിന് പരിചയപ്പെടുത്താന്‍ ഇഷ്ടമാണ്. പല വിഭവങ്ങളും അങ്ങനെ വീട്ടില്‍ പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. മിക്കവാറും ഉണ്ടാക്കുന്നത് മീന്‍ കറിയാണ്. ചാന്ദ്നി എന്റെ മീന്‍കറിയുടെ ഫാനാണ്. തനത് രുചിക്കൊപ്പം എന്റേതായ ചില പൊടിക്കൈകള്‍ കൂടി ചേർക്കും. വല്ലപ്പോഴും ഉപ്പോ എരിവോ അൽപം കൂടുകയോ മറ്റോ സംഭവിച്ചിട്ടുള്ളതല്ലാതെ മറ്റ് പാളിച്ചകള്‍ ഒന്നും ഇതുവരെ സംഭവിച്ചിട്ടില്ല. 

അട്ടപ്പാടി ഊരിലെ ചിക്കൻകറി 

അയ്യപ്പനും കോശിയും ചിത്രീകരണത്തിനിടെ അട്ടപ്പാടിയിലെ ഊരിലെ ആദിവാസികള്‍ അവരുടെ രുചിയില്‍ ഒരു കോഴിക്കറി ഉണ്ടാക്കിത്തന്നു. മുറ്റത്ത് ഓടിനടക്കുന്ന കോഴിയെ പിടിച്ച് മുറിച്ച് അവര്‍ തന്നെ കല്ലിലും ഉരലിലും ഇടിച്ചും പൊടിച്ചുമെടുത്ത കൂട്ടുകള്‍ ചേര്‍ത്ത് ഉണ്ടാക്കിയ ഉഗ്രന്‍ ചിക്കന്‍കറി. ഒരിക്കലും നാവിന്‍തുമ്പത്തുനിന്ന് ആ രുചിമായില്ല. എന്നുമോര്‍ത്തിരിക്കും ആ മണവും രുചിയും. ഒരിക്കല്‍ ഒരു സുഹൃത്തിനൊപ്പം പറമ്പിക്കുളത്തു പോയപ്പോഴും ഇതുപോലെയൊരു വിഭവം കഴിച്ചു. ലോകം മുഴുവന്‍ ചുറ്റി സഞ്ചരിക്കുന്നയാളാണ് ആ സുഹൃത്ത്.  തമിഴ്‌നാട് ബോര്‍ഡറിലെ ഗസ്റ്റ് ഹൗസിലായിരുന്നു താമസം. ആദിവാസികളുടെ അടുത്തുനിന്ന് ഒരു കോഴിയെ വാങ്ങി അവരോടുതന്നെ അത് തയാറാക്കി നല്‍കാമോ എന്നു ചോദിച്ചു. അവര്‍ ഏറ്റവും രുചിയേറിയ ഒരു വിഭവം അന്ന് ഞങ്ങള്‍ക്ക് വിളമ്പി. ഒപ്പം അവര്‍ തന്നെ കുഴച്ച് പരത്തിയ ചപ്പാത്തിയും. ഈ രണ്ട് രുചികളും മറക്കാൻ പറ്റില്ല.

ഷാജുവിന്റെ സ്വന്തം രുചിക്കൂട്ടുകൾ

വീട്ടിൽ മീന്‍കറി രണ്ടുമൂന്നു തരത്തില്‍ ഉണ്ടാക്കാറുണ്ട്. എങ്കിലും ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന വിധം ഇവിടെ ചേര്‍ക്കുന്നു. കൊല്ലം സ്റ്റൈലിലുള്ള മീന്‍കറിയാണ് ഇത്, എന്റെ കുറച്ച് പൊടികൈകളും ചേര്‍ക്കുന്നു.

മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കശ്മീരി ചില്ലി, കുരുമുളക് പൊടി എന്നിവ ഒരു മണ്‍ചട്ടിയിലെടുത്ത് യോജിപ്പിക്കുക. അതിലേക്ക് ഒരു നെല്ലിക്ക വലുപ്പത്തില്‍ വാളംപുളി  അൽപം വെള്ളത്തിൽ ചാലിച്ച് കൂട്ടുക. ആവശ്യത്തിന് ഉപ്പും പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ക്കണം. എല്ലാം ഈ മണ്‍ചട്ടിയില്‍ തന്നെയാണ് ചെയ്യുന്നത്. ഇനി നമ്മുടെ മീനിനെ ഇതിലേക്കിട്ട് നല്ല തീയില്‍ തിളപ്പിക്കുക. കുറച്ചു തിളച്ചുകഴിഞ്ഞ് തീ കുറച്ചുവച്ച് ആവശ്യത്തിനനുസരിച്ച് വറ്റിച്ചെടുക്കാം. കറി അടുപ്പില്‍നിന്ന് ഇറക്കുമ്പോള്‍ കുറച്ചു പച്ചവെളിച്ചെണ്ണ കൂടി മുകളില്‍ ഒഴിച്ചാല്‍ നല്ല അടിപൊളി മീന്‍കറി റെഡി.

ഇനിയൊരു ചിക്കന്‍കറിയാണ്. ആദ്യം ചിക്കന്‍ കുറച്ച് ഉപ്പും കറിവേപ്പിലയും നല്ല കുരുമുളകുപൊടിയുമിട്ട് കുക്കറില്‍ വേവിച്ചെടുക്കാം. ചിക്കന്റെ വെള്ളമല്ലാതെ വേറെ വെള്ളം ഒഴിക്കരുത്. അതിങ്ങനെ വെന്ത് വരുമ്പോള്‍ നല്ല പച്ചനിറമായി മാറുന്നത് കാണാം. അത് ഇറക്കിവയ്ക്കുക. അതിനുശേഷം കുറച്ച് ചെറിയ ഉള്ളി, കറിവേപ്പില, തക്കാളി എന്നിവ താളിച്ച് ചിക്കനുള്ളില്‍ നിറയ്ക്കണം. എന്നിട്ട് ഒരു കാസറോളില്‍ ഇലവച്ച് ചിക്കന്‍ അതില്‍ പൊതിഞ്ഞ് മൂടി വയ്ക്കുക. കുറച്ച് കഴിഞ്ഞ് അത് തുറക്കുമ്പോഴുള്ള മണമുണ്ടല്ലോ, ആഹാ....

English Summary : Food Talk With Actor Shaju Sreedhar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA