ADVERTISEMENT

ഉപ്പും മുളകും പുളിയും കൂട്ടി ഞെരടിയത് ഓർക്കുമ്പോൾ തന്നെ പലരുടെയും വായിൽ കപ്പലോടിപ്പിക്കുന്ന രുചിയാണ്. ഇത് മാത്രം മതി ചോറുണ്ണാൻ. ഉപ്പും മുളകും ഞെരടിയതിനൊപ്പം മുട്ട വറുത്തതും വൻപയർ ഉലർത്തിയതും ചേർത്ത് വളരെ പെട്ടെന്ന് തയാറാക്കാവുന്ന ഉച്ചഭക്ഷണരുചിക്കൂട്ടാണ് ലക്ഷ്മി നായർ പരിചയപ്പെടുത്തുന്നത്.

ഉപ്പും മുളകും ഞെരടിയത്

ചേരുവകൾ

1. വറ്റൽ മുളക് - 6 എണ്ണം
2. ചെറിയ ഉള്ളി - 5- 6 എണ്ണം
3. വാളൻ പുളി - 1 നാരങ്ങാ വലുപ്പത്തിൽ
4. ഉപ്പ് - ആവശ്യത്തിന്
5. വെള്ളം
6. വെളിച്ചെണ്ണ - 1 1/2 - 2 ടേബിൾ സ്‌പൂൺ

തയാറാക്കുന്ന വിധം

ആദ്യം വറ്റൽ മുളക് ഒന്നു ചുട്ടെടുക്കാം. അതിനു ശേഷം ചെറിയ ഉള്ളി ചെറുതായി ഒന്നു ചതച്ചെടുക്കുക. അതിനുശേഷം ചതച്ചെടുത്ത ചെറിയ ഉള്ളിയും ചുട്ടെടുത്ത വറ്റൽമുളകും (വറ്റൽ മുളക് ചുടാതെയും എടുക്കാം) വാളൻ പുളിയും ഒരു പാത്രത്തിൽ എടുത്ത് അൽപം ഉപ്പും വെള്ളവും കൂടി ചേർത്ത് കൈകൊണ്ട് നന്നായി ഞെരടുക. ആവശ്യാനുസരണം വെള്ളം ചേർക്കാം. പുളിയുടെ കുരു ഉണ്ടെങ്കിൽ എടുത്തു മാറ്റുക. ഇതിലേക്ക് അവസാനം രണ്ടു ടേബിൾ സ്‌പൂൺ പച്ചവെളിച്ചെണ്ണയും കൂടി ചേർത്ത് ഞെരടിയാൽ ഉപ്പും മുളകും ഞെരടിയത് റെഡി.

വൻപയർ ഉലർത്തിയത്
ചേരുവകൾ
1. വൻപയർ - 1 1/2 കപ്പ്
2. മഞ്ഞൾ പൊടി - 1/2 ടീസ്‌പൂൺ
3. ഉപ്പ് - ആവശ്യത്തിന്
4. വെളിച്ചെണ്ണ - 1 1/2 ടേബിൾ സ്‌പൂൺ
5. കടുക് - 1 ടീസ്‌പൂൺ
6. വറ്റൽ മുളക് - 3- 4എണ്ണം
7. കറിവേപ്പില
8. ചെറിയ ഉള്ളി - 8 എണ്ണം (ചതച്ചത്)
9. വെളുത്തുള്ളി - 2 വലിയ അല്ലി (ചതച്ചത്)
10. സവാള -1 എണ്ണം (പകുതി അരിഞ്ഞത്)
11. വറ്റൽമുളക് ചതച്ചത് - 1 1/2 ടേബിൾ സ്‌പൂൺ

തയാറാക്കുന്ന വിധം
വൻപയർ തലേദിവസം വെള്ളത്തിൽ ഇട്ടു വയ്ക്കുക. കുതിർന്ന വൻപയർ നന്നായി കഴുകി അരിച്ചെടുക്കുക. പയർ വേകാനാവശ്യമുള്ള അത്രയും വെള്ളം വച്ചു തിളച്ചുകഴിയുമ്പോൾ പയർ ഇട്ട് വേവിക്കുക. അൽപം മഞ്ഞൾ പൊടി ഇടുക പാതി വേവായശേഷം അല്പം ഉപ്പും കൂടി ചേർത്തു വേണം വേവിക്കാൻ. ആവശ്യത്തിന് വെന്ത ശേഷം വെള്ളം ഊറ്റി മാറ്റി വയ്ക്കുക. (പയർ വേകാൻ 10 മിനിട്ടു മതി).

അതിനു ശേഷം ഒരു സവാള അരിഞ്ഞു വയ്ക്കുക. ഇനി ഏഴ് എട്ട് ചെറിയ ഉള്ളിയും വലിയ മൂന്ന് അല്ലി വെളുത്തുള്ളിയും വറ്റൽ മുളക്കൂടി ചതച്ചെടുക്കുക. ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായശേഷം കടുക് ഇട്ട് പൊട്ടിക്കുക. അതിനു ശേഷം വെളുത്തുള്ളിയും ചെറിയ ഉള്ളിയും ചതച്ചതും വറ്റൽ മുളകും കറിവേപ്പിലയു കൂടി ഇട്ട് മൂപ്പിക്കുക. വെളുത്തുള്ളിയുടെയും ചെറിയ ഉള്ളിയുടെയും നിറം മാറിത്തുടങ്ങുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർക്കുക (സവാള ആവശ്യമെങ്കിൽ ചേർത്താൽ മതി). സവാള ഒന്ന് വാടിക്കഴിയുമ്പോൾ വറ്റൽ മുളക് ആവശ്യത്തിന് ചേർത്തിളക്കുക. വേണമെങ്കിൽ അൽപം ഉപ്പും കൂടി ചേർക്കുക. (തീ കുറച്ചു വച്ച് വേണം ഇതെല്ലാം ചേർക്കാൻ). ഇതിലേക്ക് വെന്ത പയർ ചേർത്ത് ഇളക്കി വെള്ളം ഉണ്ടെങ്കിൽ അത് പറ്റിക്കുക. ഉപ്പും എരിവും നോക്കി വേണമെങ്കിൽ ചേർക്കുക. വൻപയർ ഉലർത്തിയത് റെഡി. (ചെറുപയർ വച്ചും ഇങ്ങനെ തയാറാക്കാം).


മുട്ട ഫ്രൈ

ചേരുവകൾ
1. വെളിച്ചെണ്ണ - 2 ടേബിൾ സ്‌പൂൺ
2. കറിവേപ്പില
3. മുട്ട - 4 എണ്ണം (പുഴുങ്ങിയത്)
4. മഞ്ഞൾ പൊടി - 1/4 ടീസ്‌പൂൺ
5. മല്ലിപ്പൊടി - 1 1/2 ടേബിൾ സ്‌പൂൺ
6. കശ്‍മീരി മുളക് പൊടി - 1 ടേബിൾ സ്‌പൂൺ
7. ഉപ്പ് -ആവശ്യത്തിന്
8. വിനാഗിരി - 1/2 - 1 ടീസ്‌പൂൺ

തയാറാക്കുന്ന വിധം

ആദ്യം ഒരു പാനിൽ രണ്ട് ടേബിൾ സ്‌പൂൺ എണ്ണ ഒഴിച്ച് അതിലേക്ക് കറിവേപ്പില ഇടുക. അതിന്റെ കൂടെ മുട്ട ഇട്ട് ഫ്രൈ ചെയ്യുക. മുട്ടയുടെ എല്ലാ ഭാഗവും തിരിച്ചും മറിച്ചും ഇട്ടു കൊടുക്കുക. മുട്ടയുടെ കളർ മാറി തുടങ്ങുമ്പോൾ തീ നന്നായി കുറയ്ക്കുക. അതിനുശേഷം കാൽ ടീസ്‌പൂൺ മഞ്ഞൾ പൊടി ഒന്നര ടേബിൾ സ്പൂൺ മല്ലിപ്പൊടി ഒരു ടേബിൾ സ്പൂൺ മുളക് പൊടി അൽപം ഉപ്പ് എന്നിവ ചേർത്ത് ഇളക്കി കൊടുക്കുക. ഇതിന്റെ പച്ചച്ചുവ മാറുന്നതു വരെ ചൂടാക്കുക. വേണമെങ്കിൽ തീ ഓഫ് ചെയ്‌തതിനുശേഷം കുറച്ചു കറിവേപ്പില കൂടി ചേർക്കാം. ഇതിലേക്ക് അര ടീസ്‌പൂൺ വിനാഗിരിയും കൂടി ചേർത്താൽ മുട്ട പൊരിച്ചത് റെഡി.

English Summary : Lockdown Menu Easy Mutta Porichathum and Vanpayar Ularthu.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com