സോയാ ചങ്ക്സും ഇഷ്ടമുള്ള പച്ചക്കറികളും ചേർത്തൊരു ഇറാനി പോള

irani-veg-pola
SHARE

വെജിറ്റേറിയൻ ഭക്ഷണപ്രിയർക്ക് വളരെ എളുപ്പത്തിലും രുചികരമായും തയാറാക്കാവുന്ന വെജ് ഇറാനി പോള രുചിയുമായി വീണാസ് കറിവേൾഡ്. ഇഷ്ടമുള്ള പച്ചക്കറികൾ ചേർത്ത് ഇത് തയാറാക്കാം.

ചേരുവകൾ 

 • സോയ - 100 ഗ്രാം 
 • മഷ്‌റൂം - 10 എണ്ണം
 • കാപ്‌സികം / ഏതെങ്കിലും വെജിറ്റബിൾ - 1 

മാരിനേറ്റ് ചെയ്യാൻ ആവശ്യമുള്ളത്

 • മുളക് പൊടി - 1/2 ടീസ്‌പൂൺ 
 • ഉപ്പ് - 1/2 ടീസ്‌പൂൺ 
 • മഞ്ഞൾപൊടി - 1/4 ടീസ്‌പൂൺ 
 • ഗരം മസാല - 1/2 ടീസ്‌പൂൺ 
 • വിനാഗിരി / നാരങ്ങാ നീര് - 1 ടേബിൾ സ്‌പൂൺ 

ബാറ്റർ തയാറാക്കാൻ ആവശ്യമുള്ളത് 

 • മൈദ / ആട്ട - 1 കപ്പ് 
 • പാൽ - 1 1/ 4 കപ്പ് 
 • തൈര് - 1 ടേബിൾ സ്‌പൂൺ 
 • എണ്ണ - 4 ടേബിൾ സ്‌പൂൺ 
 • ബേക്കിങ് പൗഡർ - 2 നുള്ള് 
 • ഉപ്പ് 

മസാലയ്ക്ക് ആവശ്യമുള്ളത് 

 • സവാള - 2 എണ്ണം 
 • പച്ചമുളക് - 3 എണ്ണം 
 • ഇഞ്ചി - 1 ചെറിയ കഷണം 
 • വെളുത്തുള്ളി - 3 അല്ലി 
 • കറിവേപ്പില 
 • മല്ലിയില 
 • ഉപ്പ് 
 • മുളക് പൊടി -1/2 ടീസ്‌പൂൺ 
 • കശ്‌മീരി മുളക് പൊടി - 1/4 ടീസ്‌പൂൺ 
 • മഞ്ഞൾ പൊടി - 1/4 ടീസ്‌പൂൺ 
 • ഗരം മസാല - 1 ടീസ്‌പൂൺ 
 • എണ്ണ  - 3- 4 ടേബിൾ സ്‌പൂൺ 

തയാറാക്കുന്ന വിധം 

സോയ ചങ്ക്‌സ് (100 ഗ്രാം) 20 മിനിറ്റ് നേരം ചൂടുവെള്ളത്തിൽ ഇട്ടു കുതിർക്കുക. അതിനുശേഷം നന്നായി കഴുകി വെള്ളം പിഴിഞ്ഞു കളയുക. രണ്ടു മൂന്നു പ്രാവശ്യം ഇങ്ങനെ ചെയ്യുക. ഈ സോയാചങ്ക്‌സ് ഒന്നു മാരിനേറ്റ് ചെയ്യാം. അതിനായി ഒരു ബൗളിൽ മുക്കാൽ ടീസ്‌പൂൺ മുളകു പൊടി, അര ടീസ്‌പൂൺ ഗരംമസാല, കാൽ ടീസ്‌പൂൺ 

 മഞ്ഞൾപൊടി, ഒരു ടീസ്‌പൂൺ  ഇഞ്ചിവെളുത്തുള്ളി  പേസ്റ്റ്, ഒരു ടീസ്‌പൂൺ വിനാഗിരി/ ചെറുനാരങ്ങാ നീര്  ആവശ്യത്തിന് ഉപ്പ് എന്നിവ എടുത്ത് നന്നായി മിക്‌സ്  ചെയ്‌ത്‌ സോയയിൽ നന്നായി പുരട്ടി പത്തു മിനിറ്റ് നേരം വയ്ക്കുക.  

ഇനി വഴറ്റാനായി  രണ്ട്  മീഡിയം സൈസ് സവാള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞെടുക്കുക (ചോപ്പർ ഉണ്ടെങ്കിൽ അതിൽ അരിയാം). സോയയുടെ കൂടെ വേണ്ട മഷ്‌റൂം ഇതേപോലെ ചെറുതായി അരിഞ്ഞെടുക്കുക അല്ലെങ്കിൽ  മിക്സിയിലോ ചോപ്പറിലോ ഇട്ട്  (നന്നായി കഴുകി ആവശ്യമെങ്കിൽ തൊലി കളഞ്ഞെടുക്കാം) ചെറുതായി പൊടിച്ചെടുക്കുക. അതിനു ശേഷം  കാപ്‌സിക്കവും ചെറുതായി അരിഞ്ഞെടുക്കുക. ഇനി ഇതെല്ലാം കൂടി ഒന്ന് വഴറ്റിയെടുക്കാം. 

വഴറ്റാനായി ഒരു കഡായി അടുപ്പിൽ വച്ച്  രണ്ടു ടേബിൾ സ്‌പൂൺ  എണ്ണ (വെളിച്ചെണ്ണയും ഉപയോഗിക്കാം) ഒഴിച്ചു ചൂടായ ശേഷം നല്ല പൊടിയായി അരിഞ്ഞ സവാള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് കറിവേപ്പില എന്നിവയിട്ട് കുറച്ചു ഉപ്പും കൂടി ചേർത്ത് നന്നായി വാട്ടിയെടുക്കാം. ഗോൾഡൻ കളർ ആകുന്നത് വരെ വഴറ്റുക. ആവശ്യമെങ്കിൽ എണ്ണ ഒഴിച്ച് കൊടുക്കാം. ഇനി തീ കുറച്ചു വച്ച ശേഷം ഇതിലേക്ക് രണ്ടു നുള്ള്  മഞ്ഞൾപൊടി, കാൽ ടീസ്‌പൂൺ കാശ്മീരി മുളക് പൊടി, അര ടീസ്‌പൂൺ എരിവുള്ള മുളക് പൊടി, അര ടീസ്‌പൂൺ ഗരം മസാല എന്നിവ ചേർത്ത് ഇതിന്റെ പച്ച മണം മാറുന്നതുവരെ ചെറു തീയിൽ  നന്നായി വഴറ്റുക. 

ഇനി മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന സോയ ഫ്രൈ ചെയ്തെടുക്കണം. അതിനായി കുറച്ചു കുഴിവുള്ള ഒരു കഡായി എടുത്ത് അതിലേക്ക് എണ്ണ ഒഴിച്ച ചൂടാക്കുക. അതിനു ശേഷം സോയ രണ്ടു പ്രാവശ്യമായി ഫ്രൈ ചെയ്തെടുക്കുക. മീഡിയം ഫ്ലെയിമിൽ ഇട്ടു വേണം ഫ്രൈ ചെയ്യാൻ. ഒരുപാട് മൊരിയേണ്ട ആവശ്യമില്ല. ഫ്രൈ ചെയ്‌ത സോയ തണുത്തതിനുശേഷം മിക്‌സിയിൽ ഇട്ട് പൊടിച്ചെടുക്കുക.    

ഇനി സ്റ്റൗ ഓണാക്കി സവാള വഴറ്റിയതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന മഷ്‌റൂമും കാപ്‌സിക്കവും ഇട്ട് നന്നായി മിക്‌സ്  ചെയ്‌ത്‌ അഞ്ചു മിനിട്ടു നേരം വേവിക്കുക. അതിനുശേഷം പൊടിച്ചു വച്ചിരിക്കുന്ന സോയ കൂടി ചേർത്ത് നന്നായി ഇളക്കുക. ആവശ്യമെങ്കിൽ ഗരംമസാലയോ ഉപ്പോ ചേർക്കാം. ഇനി ഇതിലേക്ക് മല്ലിയില ചെറുതായി അരിഞ്ഞതും രണ്ട് പച്ചമുളക് അരിഞ്ഞതും ചേർത്ത് ഇളക്കുക. ഡാർക്ക് കളർ ആകുമ്പോൾ തീ ഓഫ് ചെയ്യുക. 

ഇനി ബാറ്റർ തയാറാക്കുന്നതിനായി  ഒരു മിക്‌സിയുടെ ജാറിലേക്ക് ഒരു കപ്പ് മൈദ(ആട്ടയും ഉപയോഗിക്കാം), ഒന്നേകാൽ കപ്പ് പാൽ, ഒരു വലിയ ടേബിൾ സ്‌പൂൺ തൈര് (ഒരുപാട് പുളിയുള്ള തൈര് എടുക്കരുത്), രണ്ടു നുള്ള് ബേക്കിങ് പൗഡർ (ബേക്കിങ് സോഡയാണെങ്കിൽ ഒരു നുള്ള്), കാൽ ടീസ്‌പൂൺ ഉപ്പ്, നാല് ടേബിൾ സ്‌പൂൺ സൺഫ്ളവർ ഓയിൽ ഇവ ചേർത്ത് നന്നായി മിക്‌സിയിൽ അടിച്ചെടുക്കുക. ഇനി ഒരു വലിയ ഫ്രയിങ് പാൻ എടുക്കുക. ഈ പാൻ നേരിട്ട് തീയിൽ വയ്ക്കരുത്. ഒരു തവ എടുത്ത് മീഡിയം ചൂടായ ശേഷം അതിനു മുകളിലായി പാൻ വയ്ക്കുക. ഇനി ഇതിലേക്ക് കുറച്ച് ബട്ടർ പുരട്ടി  (മീഡിയം ഫ്ലെയിമിൽ) പാൻ മീഡിയം  ചൂടായിക്കഴിയുമ്പോൾ റെഡി ആക്കി വച്ചിരിക്കുന്ന ബാറ്ററിന്റെ പകുതി  ഒഴിച്ച്  ലോ ഫ്ലെയിമിൽ മൂന്നു മിനിറ്റ് നേരം അടച്ചു വയ്ക്കുക. മൂന്നു മിനിട്ടിനു ശേഷം അടപ്പു മാറ്റി നേരത്തെ തയാറാക്കി വച്ചിരിക്കുന്ന ഫില്ലിങ് ഇതിനു മുകളിലായി ഇട്ടു കൊടുക്കുക. വീണ്ടും ചെറുതീയിൽ മൂന്നു മിനിറ്റ്  അടച്ചു വച്ചു വേവിക്കുക. മൂന്നു മിനിട്ടു കഴിയുമ്പോൾ അടപ്പു തുറന്ന് ബാക്കിയുള്ള  ബാറ്ററും ഇതിനു മുകളിലായി ഒഴിച്ചു കൊടുക്കുക. ഇതിനു മുകളിലായി കാപ്‌സിക്കം, പച്ചമുളക്, മല്ലിയില ഇവ ചേർത്ത് അലങ്കരിക്കാം. അതിനുശേഷം വീണ്ടും അടച്ചു വച്ച്  20- 35 മിനിറ്റ് ചെറുതീയിൽ വച്ച് വേവിക്കുക. ഇനി മറ്റൊരു പാൻ  എടുത്ത് തവയുടെ മുകളിൽ വച്ച് ചെറുതായി ചൂടാക്കുക ഈ പാനിൽ കുറച്ചു എണ്ണയോ ബട്ടറോ പുരട്ടണം. ഇനി ഈ പാനിലേക്ക് വെന്തിരിക്കുന്ന വെജ് പോള ഇട്ടു കൊടുത്ത് 5 മിനിറ്റ് കൂടി വേവിക്കുക. അതിനുശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് എടുത്ത് ചൂടാറിയതിനു ശേഷം മുറിച്ച് കഴിക്കാം.

English Summary :  Irani Veg Pola, Veg Cake Without Oven. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA