ADVERTISEMENT

അരയ്ക്കുക.. ഉടൻ തയാറാക്കുക.. അപ്പവും നാടൻ ഉരുളക്കിഴങ് കറിയും വിഡിയോയുമായി ലക്ഷ്മി നായർ. തലേ ദിവസം അരി വെള്ളത്തിൽ ഇട്ട് വച്ചാൽ രാവിലെ അരച്ചെടുത്ത് ഉടൻ തന്നെ തയാറാക്കാം.

ഇൻസ്റ്റന്റ് അപ്പം 

ചേരുവകൾ 

  • പച്ചരി (കുതിർത്തത്) - 1 കപ്പ് (240 മില്ലിലിറ്റർ/ 250 മില്ലിലിറ്റർ)
  • ചോറ്  - 1 കപ്പ് 
  • തേങ്ങ - 1 കപ്പ് 
  • പഞ്ചസാര - 1 ടേബിൾ സ്‌പൂൺ 
  • വെള്ളം - 1 കപ്പ് 
  • ഉപ്പ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

പശയില്ലാത്ത നല്ലയിനം പച്ചരി ഒരു കപ്പ് എടുത്ത് വെള്ളത്തിൽ കുതിരാൻ വയ്ക്കുക. അരി കുതിർന്ന ശേഷം നന്നായി കഴുകി ഊറ്റി ഒരു ജാറിലേക്ക് ഇടുക അതിന്റെ കൂടെ ഒരു കപ്പ് വെള്ള ചോറും (വേവിച്ച ചോറ് ) കൂടി ഇടുക. അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ഒരു ടേബിൾ സ്‌പൂൺ പഞ്ചസാര (മധുരം വേണമെന്നുണ്ടെങ്കിൽ  രണ്ടോ മൂന്നോ ടേബിൾ സ്‌പൂൺ പഞ്ചസാര ചേർക്കാം ) ആവശ്യത്തിന് വെള്ളം ( ഒരു കപ്പ് വെള്ളം, തേങ്ങാ വെള്ളമുണ്ടെങ്കിൽ അത് ചേർക്കാം) എന്നിവ ചേർത്ത് നന്നായി പേസ്റ്റ് പോലെ അരച്ചെടുക്കുക. അരച്ചെടുത്ത മാവിലേക്ക് ആവശ്യത്തിന് ഉപ്പു ചേർക്കുക.  ഇനി അടുപ്പ് കത്തിച്ച് ഒരു തവ ചൂടാക്കി തവയിൽ കുറച്ചു എണ്ണ പുരട്ടി അതിലേക്ക് മാവൊഴിച്ച് തട്ടുകട ദോശ പോലെ ചുട്ടെടുക്കാം. സോഡാപ്പൊടി ആവശ്യമെങ്കിൽ ചേർക്കാം. 

 

നാടൻ ഉരുളക്കിഴങ്ങ് കറി

ചേരുവകൾ 

  • സവാള വലുത് - 3 എണ്ണം ചതുരത്തിൽ കഷണങ്ങളാക്കിയത് 
  • വെളുത്തുള്ളി - 1 ടേബിൾ സ്‌പൂൺ 
  • ഇഞ്ചി -  1 ടേബിൾ സ്‌പൂൺ
  • പച്ചമുളക് - 2 എണ്ണം 
  • തക്കാളി - 2 എണ്ണം 
  • ഉരുളക്കിഴങ്ങ് വലുത് - 2 എണ്ണം ചതുരത്തിൽ കഷണങ്ങളാക്കിയത്
  • ഉപ്പ് - ആവശ്യത്തിന് 
  • മഞ്ഞൾ പൊടി 1/2 ടീസ്‌പൂൺ 
  • കശ്‌മീരി മുളകു പൊടി - 1 - 1 1/2 ടീസ്‌പൂൺ + 1/4  ടീസ്‌പൂൺ 
  • മല്ലിപ്പൊടി - 1 1/4  - 1 1/2 ടീസ്‌പൂൺ
  • ഗരംമസാല പൊടി -  1/2 ടീസ്‌പൂൺ 
  • വെള്ളം - 2 കപ്പ് 
  • തേങ്ങാപ്പാൽ -  1/2 - 3/ 4 കപ്പ് 
  • വെളിച്ചെണ്ണ - 1 ടേബിൾ സ്‌പൂൺ 
  • കടുക് - 1 ടീസ്‌പൂൺ 
  • വറ്റൽ മുളക് - 3- 4 എണ്ണം 
  • കറിവേപ്പില  

തയാറാക്കുന്ന വിധം 

ഉരുളക്കിഴങ്ങ്, സവാള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, തക്കാളി എന്നിവ അരിഞ്ഞെടുക്കുക. ഇനി ഒരു കുക്കറിലേക്ക് ഒരു ടീസ്‌പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ഇഞ്ചി  വെളുത്തുള്ളി പച്ചമുളക് എന്നിവ ഇടുക. ഇതെല്ലാം ഒന്നു വാടിക്കഴിയുമ്പോൾ അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ഇട്ട് ഇളക്കുക. സവാള ഒരുവിധം വാടിക്കഴിയുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ആവശ്യത്തിന് ഉപ്പും  കൂടി ചേർത്ത് ഇളക്കുക.  ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത ശേഷം തീ അൽപം കുറച്ചു വച്ച്  എരുവിനനുസരിച്ചു കശ്‍മീരി മുളക് പൊടിയും ഒന്നര ടീസ്പൂൺ മല്ലിപ്പൊടിയും ചേർത്ത് ഇളക്കി അതിന്റെ പച്ചച്ചുവ മാറുന്നത് വരെ ചൂടാക്കുക. അതിനു ശേഷം അര ടീസ്പൂൺ ഗരം മസാല പൊടിച്ചതും കൂടി ചേർത്ത് ഇളക്കുക. ഇതിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ച് ഇളക്കിയ ശേഷം തീ കൂട്ടി വച്ച് അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി കഷണങ്ങൾ കൂടി ചേർത്ത് കുക്കർ അടച്ചു വച്ച്  മീഡിയം ഫ്‌ളേമിൽ ഒരു വിസിൽ വരുന്നതു വരെ വേവിക്കുക. ഒരു വിസിൽ വന്നതിനുശേഷം കുക്കറിന്റെ എയർ മുഴുവൻ പോയിക്കഴിഞ്ഞു കുക്കർ തുറന്ന് കഷണങ്ങൾ എല്ലാം വെന്തോ എന്നു നോക്കുക. കുറച്ച് കഷണങ്ങൾ വേണമെങ്കിൽ ഉടച്ചു കൊടുക്കാം. ഉപ്പും എരിവും ആവശ്യത്തിനുണ്ടോ എന്നു  നോക്കുക അതിനുശേഷം ഇതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ചു കൊടുക്കുക (മുക്കാൽ കപ്പ് ) ഇനി അടുപ്പ് കത്തിച്ച് ഇതൊന്നു തിളപ്പിക്കുക.

ഇനി ഇതൊന്നു താളിക്കാം അതിനായി ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിച്ച് മൂന്നോ നാലോ വറ്റൽ മുളകും കറിവേപ്പിലയും കാൽ ടീസ്പൂൺ മുളക് പൊടിയും ചേർത്ത്  മൂപ്പിച്ച് കറിയിലേക്ക് ഒഴിച്ച് ഒരു അഞ്ചു മിനിറ്റ് അങ്ങനെ തന്നെ വച്ച ശേഷം അഞ്ചു മിനിറ്റിനു ശേഷം ഇളക്കി ഉപയോഗിക്കാം.

English Summary : Easy Instant Appam and  Potato Curry Video by Lekshmi Nair Vlogs.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com