ഷെഫ് മിഥുൻ അയ്യപ്പൻ, യൂറോപ്യൻ ക്വിസീനിലേക്ക് തലയുയർത്തി നടന്ന ഒരു തൃശൂർക്കാരൻ

SHARE

ഓരോ ദിവസവും പരീക്ഷണത്തിന് സാധ്യതയുള്ള ഒരു മേഖലയാണ് പാചകം. ഇന്നത്തെപ്പോലെ പാചക വിഡിയോകൾ സുലഭമല്ലാത്ത കാലത്ത്, രുചി രസങ്ങളുടെ താളം നിർണയിക്കുന്ന പാചക പുസ്തകങ്ങൾ ഹൃദിസ്ഥമാക്കി മോഡേൺ യൂറോപ്യൻ ക്വിസീനിലേക്ക് തലയുയർത്തി നടന്ന ഒരു തൃശൂർക്കാരനെ പരിചയപ്പെടാം. കുവൈത്തിലെ ഇന്റർനാഷനൽ ഭക്ഷണശാലയിലെ ഹെഡ് ഷെഫും മലയാളിയുമായ മിഥുൻ അയ്യപ്പന്റെ പാചക ജീവിതം ഏതൊരാൾക്കും ജീവിതത്തിലെ ചില കാഴ്ചപ്പാടുകൾ മാറ്റാനും മെച്ചപ്പെടുത്താനും സഹായകമാണ്.  കുവൈത്തിലെ ജുമൈറ ഹോട്ടലിലായിലായിരുന്നു മിഥുൻ. അവധിയെല്ലാം കൂട്ടിവച്ച് നാട്ടിലെത്തിയപ്പോൾ ലോക്ഡൗൺ. ഇപ്പോൾ ഒരു വർഷമായി നാട്ടിൽത്തന്നെയാണ്. വൈകാതെ ജോലിയിൽ തിരികെക്കയറാൻ പറ്റുമെന്ന് കരുതുന്നു. വീട്ടിലിരുന്ന സമയം പുതിയ രുചി പരീക്ഷണങ്ങൾ ഡോക്യുമെന്റ് ചെയ്യാനാണ് മിഥുൻ ഉപയോഗിച്ചത്.

കേറ്ററിങ്ങിന് ചെന്നപ്പോൾ കിച്ചണിൽ സഹായിയാക്കി, ദിവസം 75 രൂപ കൂലി

പ്ലസ് ടു കഴിഞ്ഞ സമയത്ത് ഡിഗ്രിക്കു പോകാൻ താൽപര്യം ഉണ്ടായിരുന്നു. അത്യാവശ്യം നന്നായി ഫുട്‍ബോൾ കളിക്കുമായിരുന്നു. വീട്ടിൽനിന്ന് സപ്പോർട്ട് ഇല്ലായിരുന്നതുകൊണ്ട് വേറേ ഏതെങ്കിലും കോഴ്‌സ് നോക്കാൻ പറഞ്ഞു. നാട്ടിൽ നിൽക്കണ്ട, പുറത്തു പോയി പഠിക്കണം എന്നു പറഞ്ഞു. പണ്ടു മുതലേ വീടിനടുത്ത് ഒരു കേറ്ററിങ് സർവീസ് സെന്റർ ഉണ്ടായിരുന്നു. പ്ലസ് വൺ, പ്ലസ് ടു  സമയത്ത്  അവിടെ കേറ്ററിങ് ജോലിക്ക് പോകുമായിരുന്നു. പ്രായം കുറവായതു കൊണ്ട് അവർ പറഞ്ഞു, നീ കിച്ചണിൽ ഹെൽപ്പ് ചെയ്തോ, ദിവസവും 75 രൂപ തരാം എന്ന്. ഞാൻ എല്ലാവരോടും നന്നായി സംസാരിക്കുമായിരുന്നു. കട്ടിങ്ങും കുക്കിങ്ങുമൊക്കെയായി കുറേ കാര്യങ്ങൾ അവിടെനിന്നു പഠിച്ചു. എന്തൊക്കെയാണെന്നു പോലും ഞാൻ ഓർക്കുന്നില്ല പക്ഷേ ഇതെല്ലാം റിഫ്ലെക്റ്റ് ചെയ്‌തത്‌ ഞാൻ ഇൻഡസ്ട്രിയൽ ട്രെയിനിങ്ങിനു പോയപ്പോഴാണ് അവിടത്തെ ഷെഫ് ചോദിച്ചു നീ എവിടെനിന്നാണ് വന്നത്, നിനക്കിത്രയും കട്ടിങ് അറിയാമല്ലോ എന്ന്. പഠിക്കുകയാണെന്ന് അറിയാതെ പഠിച്ചെടുത്ത കാര്യങ്ങൾ!

ഷെഫ് മിഥുൻ അയ്യപ്പൻ
ഷെഫ് മിഥുൻ അയ്യപ്പൻ

പ്ലസ് ടു, ശേഷം ഡിപ്ലോമ കോഴ്സ്

പ്ലസ് ടു കഴിഞ്ഞ് കൊച്ചി KITCO IITM ൽ രണ്ട് വർഷത്തെ ഡിപ്ലോമയും കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷത്തെ കുക്കറി കോഴ്സും പൂർത്തിയാക്കി. ശേഷം 7  വർഷത്തോളം ഇന്ത്യയിൽത്തന്നെ ജോലി ചെയ്‌തു. ബെംഗളൂരു ലീലാ പാലസിൽ ആറുമാസം ട്രെയിനിങ്. അതിനുശേഷം അവിടെത്തന്നെ അപ്പോയ്ൻമെന്റ് കിട്ടി. അവിടെ മൂന്നു വർഷം ജോലി ചെയ്തു. കോവളം ലീലയിലും ഗോവ ലീലയിലും മുംബൈ ഇന്റർകോണ്ടിനെന്റിലും  ജോലി ചെയ്തു. അതിനുശേഷം ലീലയുടെ ഒരു പ്രീ ഓപ്പണിങ് പ്രോപ്പർട്ടി ഡൽഹിയിൽ ഓപ്പൺ ആയി. 2011 ൽ അവിടെ ചേർന്നു, രണ്ടു വർഷം അവിടെ ജോലി ചെയ്തപ്പോൾ വെസ്റ്റേൺ ക്വിസീനെക്കുറിച്ച് കൂടുതൽ പഠിക്കാൻ പറ്റി. മിഷെലിൻ സ്റ്റാർ റസ്റ്ററന്റായ ലെസർക്കിൽ ജോലി ചെയ്യാൻ സാധിച്ചു. അതോടൊപ്പം ഇന്ത്യൻ റസ്റ്ററന്റായ ജമാവറിലും ജോലി ചെയ്തത് ഇന്ത്യൻ ഫുഡിനെക്കുറിച്ചുള്ള അറിവ് വർധിപ്പിച്ചു. 

2015 മുതൽ 2020 വരെ 17 തവണ ഇന്റർനാഷനൽ കൾനറി കോംപറ്റീഷനിൽ പങ്കെടുത്തു. പതിനഞ്ചു തവണ മെഡൽ കിട്ടി.  ഈ മത്സരങ്ങളിലൂടെ ഇന്റർനാഷനൽ ലെവലിൽ ഷെഫുമാർ ഐഡന്റിഫൈ ചെയ്യാൻ തുടങ്ങി. ഈ കോംപറ്റീഷൻ ആണ് കരിയർ മാറ്റിയത്. കോംപറ്റീഷനിൽ പങ്കെടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ജോലിക്കൊപ്പം കൊണ്ടുപോകണം. ഒരു റസ്റ്ററന്റ് ഹെഡ് ഷെഫ് ആകുമ്പോൾ ബിസിനസ് മാറ്റി വയ്ക്കാൻ പറ്റില്ലല്ലോ. ഇതിന്റെ കൂടെത്തന്നെ കോംപറ്റീഷൻ അറ്റൻഡ് ചെയ്യണം. 30-40 മിനിറ്റൊക്കെയേ കോംപറ്റീഷൻ ഉണ്ടാവുകയുള്ളൂ. നമുക്ക് അറിയില്ല നമ്മൾ എന്താണ് കുക്ക് ചെയ്യാൻ പോകുന്നതെന്ന്. ഒരു ബ്ലാക് ബോക്‌സ് തരും. അതിന്റെയുള്ളിൽ അവർ തരുന്ന ഡിഷ് വച്ച് നമ്മൾ ഏറ്റവും മനോഹരമായി ക്രിയേറ്റ് ചെയ്യണം. അതിന്റെ ടേസ്റ്റ്, ടെക്സ്ചർ, ടെംപറേച്ചർ എല്ലാം നോക്കണം.

അളന്നു തൂക്കി, യൂറോപ്യൻ സ്റ്റൈൽ 

യൂറോപ്യൻ ക്വിസീനിൽ ഒരു പ്ലേറ്റിൽ പ്രോട്ടീൻ, സ്റ്റാർച്ച്, ഫൈബർ എല്ലാം ബാലൻസ് ആയിരിക്കണം. ഫുഡിൽ ഒരു പ്രൊപ്പോഷൻ ഉണ്ട്. പ്ലേറ്റ് 250 ഗ്രാം – 300 ഗ്രാം മാത്രം. നാട്ടിൽ ലഭ്യമായ ചേരുവകൾ വച്ച്  നമ്മുടെ കേരള ക്വിസീനെ അതിലേക്ക് ട്വിസ്റ്റ് ചെയ്‌ത്‌ ഒരു ഫ്യൂഷൻ ചെയ്‌തു നോക്കണമെന്ന് തോന്നി. ആ രീതിയിലുള്ള പ്ലേറ്റിങ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. 

midhun
ഷെഫ് മിഥുൻ അയ്യപ്പൻ

ഈ രീതിയിൽ ഒരു ഫിഷ് റെസിപ്പി ചെയ്തിട്ടുണ്ട്. ഇപ്പോൾ യൂറോപ്യൻ ക്വിസീനിൽ ഒരു ടെക്‌നോളജി ഉണ്ട്. സോൾട്ട് ബേസ്ഡ് ആയ ഒരു ഡോയ്‌  ഉണ്ട്. പൊറോട്ടയ്ക്ക് മാവു കുഴയ്ക്കുന്നതു പോലെ റോക്ക് സോൾട്ടും മൈദയും ഒരേ അളവിൽ യോജിപ്പിക്കണം. അപ്പോൾ ഉപ്പ് കൂടുതലായിരിക്കും. മാവ് കൊണ്ട് നമുക്കെന്തിനെ വേണമെങ്കിലും കവർ ചെയ്തിട്ട് കുക്ക് ചെയ്യാം. അതിൽ ഒരു ബേബി കാർപ് ഫിഷിനെ സാധാരണ വറുക്കാൻ വേണ്ടി തയാറാക്കുന്നത് പോലെ മുളകുപൊടിയും മഞ്ഞൾപ്പൊടിയും വെളിച്ചെണ്ണയും കറിവേപ്പിലയും എല്ലാം കൂടി ചേർത്ത് മാരിനേറ്റ് ചെയ്‌തതിനു ശേഷം ഈ മാവിനകത്തു വച്ച് കുക്ക് ചെയ്‌തു. അത് കവർ ചെയ്‌തിട്ട് ഓവനിൽ കുക്ക് ചെയ്യണം. അങ്ങനെ ചെയ്യുന്നത് കൊണ്ട് ഫാറ്റ് പേടിക്കേണ്ട. ആകെ പച്ച വെളിച്ചെണ്ണ മാത്രമേ ഉപയോഗിക്കുന്നുള്ളൂ.  ഇതിന്റെ ന്യുട്രീഷൻസും ഫ്ലേവേഴ്സും പുറത്തോട്ട് പോകില്ല.

നാട്ടിൽ ഒരു റസ്റ്ററന്റ് തുടങ്ങണം എന്നാണ് ആഗ്രഹം

നമുക്കൊരു ഫുഡ് കൾച്ചർ ഉണ്ടല്ലോ. അത് പെട്ടെന്ന് ചേഞ്ച് ചെയ്യാൻ പറ്റില്ല. ഇപ്പോൾ ഫുഡ് കൾച്ചർ ചേഞ്ച് ചെയ്‌തു വരികയാണ് ഒരുപാട് അറബിക് ഫുഡ് ഇൻഫ്ളുവൻസ് ഇവിടെ ഉണ്ട്. നോർത്ത് ഇന്ത്യയിൽ നിന്നുള്ള ഇൻഫ്ളുവൻസും ഉണ്ട്. യൂറോപ്യൻ ഫുഡ് കൾച്ചറിലേക്ക് കാര്യങ്ങൾ വരുന്നുണ്ട്. പക്ഷേ ഇവിടെ സ്റ്റീക്കിന്റെ പ്രശ്നം എന്താണെന്നാൽ ഇന്ത്യയിൽ ബീഫ് ഇറക്കുമതി ചെയ്യാൻ പറ്റില്ല. അതിന്റെ  ചലഞ്ച് ഉണ്ട്. പക്ഷേ അടുത്ത പത്തു വർഷത്തിനുള്ളിൽ വേൾഡ് വൈഡ് ട്രാവൽ ചെയ്യുന്നവർക്ക്  ഇത്തരം ഫുഡ് കൂടി ടേസ്റ്റ് ചെയ്യാൻ പറ്റുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നാട്ടിൽ ഒരു റസ്റ്ററന്റ് തുടങ്ങണം എന്നാണ് ആഗ്രഹം. തൃശൂരിൽ റോസ്റ്റ് ടൗൺ എന്നൊരു റസ്റ്ററന്റ് ഉണ്ട്. ഞാൻ അവിടെ പോയിരുന്നു. അവിടുത്തെ ഷെഫുമാർ ഇവിടെ നമ്മുടെ ചെറുപ്പക്കാരുടെ ഇടയിൽ ഒരു യൂറോപ്യൻ ഫുഡ് കൾചർ ഉണ്ടാക്കിയെടുക്കുക എന്നത് ഒരു ചലഞ്ചായി എടുത്തിരിക്കുകയാണ്. അവിടെനിന്ന് ഒരു ഓഫർ വന്നിരുന്നു. കുറച്ചു കൂടി പഠിക്കാനുണ്ട്. അതുകൊണ്ടാണ് തൽക്കാലം നാട്ടിൽ നിൽക്കാത്തത്. 

14 വർഷത്തിൽ ഒരു ദിവസം പോലും ബോറടിച്ചിട്ടില്ല!

ഷെഫുമാർ ആവശ്യപ്പെടുന്ന സമയത്ത് നേർവസ് ആകാതെ, അവർ പറയുമ്പോൾ, ഷെഫ് ഇതല്ലേ വേണ്ടത് എന്ന് ചോദിക്കാനും അവർ വിചാരിക്കുന്നതു പോലെ ചെയ്തുകൊടുക്കാനും പറ്റി. എന്നും കാലത്ത് ഏഴുമണിക്ക് ജോലിക്കു കയറുക. രാത്രി പന്ത്രണ്ടു മണി വരെ തുടർച്ചായി ജോലി ചെയ്യണം. അന്ന് എന്നോട് എല്ലാവരും ഇത് വിട്ട് എംബിഎയ്ക്ക് പൊയ്ക്കോ എന്നു പറഞ്ഞു. മുന്നോട്ട് വച്ച കാൽ മുന്നോട്ട് തന്നെ. പിന്നീട്  ഇത് ഇഷ്ടമായിത്തുടങ്ങി.  ഈ 14 വർഷത്തിൽ ഒരു ദിവസം പോലും ഈ ഫീൽഡ് ബോറായിത്തോന്നിയിട്ടില്ല. ഏറ്റവും നല്ല ഫീൽഡാണ്. നമ്മൾ എവിടെ മനസ്സുറപ്പിക്കുന്നോ അവിടെ നൂറ് ശതമാനം വിജയം കിട്ടും എന്നാണ് പ്രതീക്ഷ. ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നു. പഠന ശേഷം പത്തു വർഷം കഴിഞ്ഞു ഇതിൽനിന്ന് എനിക്കൊരു റിട്ടേൺ കിട്ടാൻ. ആറു വർഷം ഞാൻ വർക്ക് ചെയ്തിട്ട് ഒരു മൊബൈലും ഒരു ലാപ് ടോപ്പും അല്ലാതെ വേറൊന്നും വാങ്ങാൻ സാധിച്ചില്ല. പക്ഷേ ക്വാളിറ്റി മനസിലാക്കി കമ്പനി പ്രമോഷനും ഇൻക്രിമെന്റും തന്നപ്പോൾ പണ്ട് എതിർത്തു പറഞ്ഞ ആൾക്കാരൊക്കെ മാറ്റിപ്പറയാൻ തുടങ്ങി. ട്രെയിനിങ് സമയത്ത് താമസസൗകര്യമില്ല, ഭക്ഷണമില്ല, അങ്ങനെ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. ആകെ കിട്ടിയിരുന്നത് ആയിരം രൂപയാണ്. അതിൽ 800 രൂപ താമസച്ചെലവിനു പോകും. ബാക്കി രൂപകൊണ്ട് ഭക്ഷണം. ആദ്യമേ യൂറോപ്യൻ കിച്ചൺ കിട്ടിയതുകൊണ്ട് അതിനെപ്പറ്റി കൂടുതൽ പഠിച്ചു. പഠിച്ചിരുന്ന സമയത്ത് പാചക പുസ്തകങ്ങൾ വാങ്ങിയാണ് അടിസ്ഥാന തത്വങ്ങൾ പഠിച്ചിരുന്നത്. ഇന്നത്തെപ്പോലെ വിഡിയോകൾ കാണുന്നതിന് പരിമിതികൾ ഉണ്ടായിരുന്നു. ഇപ്പോഴും ആ പുസ്തകങ്ങൾ എന്റെ കൈയിലുണ്ട്. അതൊക്കെ നല്ലൊരു ഫൗണ്ടേഷൻ തന്നു അതുകൊണ്ട് ഇന്ത്യയ്ക്ക് പുറത്തു പോയിട്ടും എന്തു കാര്യം പറഞ്ഞാലും പെട്ടെന്ന് മനസ്സിലാക്കാനും പെർഫോം ചെയ്യാനും സാധിച്ചു. 

plating
ഫുഡ് പ്ലേറ്റിങ് ചിത്രങ്ങൾ

വർക്ക് പ്രഷർ മാനേജ് ചെയ്യുന്നത് എങ്ങനെ? 

ഓരോ റസ്റ്ററന്റും വ്യത്യസ്‌തമാണ്‌. എന്റെ മെയിൻ ജോബ് മെനു ഡിസൈനിങ്, പുതിയ ഡിഷ് ക്രിയേറ്റ് ചെയ്യുക, റെസ്റ്ററന്റ് റൺ  ചെയ്യുക എന്നതാണ്.  ഇരുപത് മിനിറ്റിനുള്ളിൽ ഒരു ഓർഡർ ഡെലിവർ ചെയ്യണം. അത് മനസ്സിൽ കരുതി വേണം മെനു ഡിസൈൻ ചെയ്യേണ്ടത്. ഇതിൽ പ്രീ പ്രൊഡക്‌ഷൻ ഐറ്റംസ് ഉണ്ട്. ടൈം കൺസ്യൂമിങ് വിഭവങ്ങൾ മുൻ‍കൂട്ടി തയാറാക്കിയത്, ചൂട് നിയന്ത്രിച്ച്, ബാക്ടീരിയ ഗ്രോത്ത് ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തി സ്റ്റോർ ചെയ്യും. ഇതിനായി ക്വാളിറ്റി ചെക്കേഴ്സ്, ന്യൂട്രീഷൻ ഡോക്ടേഴ്സ് എന്നിവർ അടങ്ങിയ ഹൈജീൻ ടീം ഉണ്ട്. അവർ ഫുഡ് സാംപിൾ എടുത്ത് ലാബിൽ ടെസ്റ്റ് ചെയ്ത് ഉറപ്പ് വരുത്തിയതിനു ശേഷമാണ് സർവീസിലേക്ക് പോവുന്നത്.

ഓരോ ഭക്ഷണം പാചകം ചെയ്യുന്നതിനും വ്യത്യസ്ത സമയക്രമമാണ്. എല്ലാ വിഭവങ്ങളും 20 മിനിറ്റിനുള്ളിൽ കൊടുക്കാൻ പറ്റില്ല. ഒരു സമയത്ത് റസ്റ്ററന്റ് ഫുൾ ആകുമ്പോൾ വർക്ക് പ്രഷർ ഉണ്ടാകും. ഷെഫുമാർ ഇത് മുൻകൂട്ടി പ്ലാൻ ചെയ്തിരിക്കണം. അതനുസരിച്ചാണ് മെനു പ്ലാൻ ചെയ്യേണ്ടത്. അതേപോലെ മെനു ക്രിയേറ്റ് ചെയ്യുമ്പോൾ സ്റ്റാഫിനെയും ട്രെയിൻ ചെയ്യണം. നീ ഇത് ആദ്യം ചെയ്യണം, ഇത് രണ്ടാമത് ചെയ്യണം, ഇത് ചെയ്തില്ലായെങ്കിൽ ഈ പറഞ്ഞ പ്രഷർ ഉണ്ടാവും. 

ഒരു കിച്ചൺ മാനേജ്‌മന്റ് പ്രോപ്പർ അല്ല എന്നുണ്ടെങ്കിൽ ഈ പ്രഷർ താഴെയുള്ള സ്റ്റാഫിൽ തുടങ്ങി മുകളിലെ സ്റ്റാഫിൽ വരെയുണ്ടാവും. നമ്മൾ വിചാരിച്ച രീതിയിൽ ഔട്ട് പുട്ട് ഉണ്ടാക്കാൻ പറ്റില്ല. ഭക്ഷണം കഴിക്കാൻ എത്തുന്നവരെ തൃപ്തിപ്പെടുത്താൻ പറ്റില്ല. അവിടെയാണ് ഒരു ഇൻഡസ്ട്രി നശിക്കുന്നത്. അതായത് ഇതെല്ലാം ഒരു കിച്ചൺ മാനേജ്‌മന്റ് ആണ്. സ്റ്റാഫിനെ വച്ച് സാധ്യമാകുന്ന കാര്യങ്ങൾ മാത്രം ഡിസൈൻ ചെയ്യുക. ക്വാണ്ടിറ്റിയെക്കാൾ കൂടുതൽ ക്വാളിറ്റിക്ക് പ്രിഫറൻസ് കൊടുക്കുക. ഭക്ഷണം കഴിക്കാൻ എത്തുന്നവർ ഒരിക്കലും മനസ്സ് വിഷമിച്ച് പോകരുത്. ബിസിനസ് ഗ്രോ ചെയ്‌തിരിക്കും. ഇന്നല്ലെങ്കിൽ നാളെ അത് സക്‌സസ് ആയിരിക്കും. എന്നാണ് എന്റെ ഒരു എക്സ്പീരിയൻസ്. അതുദ്ദേശിച്ചാണ് മെനു ഡിസൈൻ ചെയ്യാറുള്ളതും സ്റ്റാഫിനെ ട്രെയിൻ ചെയ്യിക്കാറുള്ളതും. തുടർച്ചയായി ട്രെയിൻ ചെയ്യിപ്പിക്കും. എല്ലാ രാജ്യത്തു നിന്നുമുള്ള സ്റ്റാഫ് ഉണ്ട്. എല്ലാ ഡിഷും ടേസ്റ്റ് ചെയ്തതിനു ശേഷം മാത്രമായിരിക്കും പോവുക. ടേസ്റ്റ് ചെയ്യും, റിട്ടേൺ കൊടുക്കും ബാക്കിയുള്ള കാര്യങ്ങൾ എന്തൊക്കെയാണ് ആഡ് ചെയ്യേണ്ടതെന്ന് പറയും. ക്വാളിറ്റി ഇല്ലാത്ത ഒരു  സാധനവും റസ്റ്ററന്റിൽ കൊടുക്കില്ല. താമസം ഉണ്ടെങ്കിൽ ഓർഡർ ചെയ്തവരെ നേരിട്ട്കണ്ട്, ഇങ്ങനെ ഒരു സംഭവം ഉണ്ട്, ഒരു  10 മിനിറ്റ് കൂടുതൽ വേണം എന്നു പറയും. ആ സമയത്ത് എന്തെങ്കിലും ഒരു ഒരു സ്‌നാക്ക്  കൊടുത്ത്  അവരെ എന്റർടെയ്ൻ ചെയ്യും. അവരും ഹാപ്പിയാകും നമുക്കൊന്നും നഷ്ടപ്പെടാനില്ല. ഇന്നവർ ഹാപ്പിയായി പോയാൽ നാളെ രണ്ടു പേരോട് അവർ നമ്മുടെ റസ്റ്ററന്റ് സജസ്റ്റ്  ചെയ്യും. എത്ര അഡ്വെർടൈസ്‌മെന്റ് ചെയ്‌താലും ഈ ബെനഫിറ്റ് കിട്ടില്ല. അങ്ങനെയാണ് ഞാൻ വർക്ക് പ്രഷർ കൺട്രോൾ ചെയ്യുന്നത്. സ്റ്റാഫിന് എവിടെയാണ് പോരായ്‌മ എന്നുള്ളത് അവരുമായി ഇരുന്ന് ചർച്ച ചെയ്യും. അവർക്ക് അതിനുവേണ്ടിയുള്ള ട്രെയിനിങ് സജസ്റ്റ് ചെയ്യും. ഇതെല്ലാം എനിക്കും മറ്റ് സ്റ്റാഫുകളെയും ഡെവലപ് ചെയ്യാൻ സഹായിക്കും. അങ്ങനെയാണ് സക്‌സസ് കിട്ടുന്നത്. ഒരുപാട് റസ്റ്ററന്റ് ഹാൻഡിൽ ചെയ്തതുകൊണ്ട്  നമുക്ക് ഒരു ഐഡിയ കിട്ടും. നമ്മൾ നമ്മളെത്തന്നെ അനലൈസ് ചെയ്യുക. എവിടെയാണ് നമ്മുടെ വീക്ക് പോയിന്റ്, എങ്ങനെ ഡെവലപ് ചെയ്യാം എന്നൊക്കെ മനസ്സിലാക്കുക.

ലോക്ഡൗൺ സമയത്തെ പാചകം...

പാചകം ഇഷ്പ്പെട്ട കാര്യം ആയതുകൊണ്ടു തന്നെ മടുപ്പ് ഇല്ല. പുതിയതായി ഒന്നും ചെയ്യാൻ ഇല്ലെങ്കിൽ ഒന്നോ രണ്ടോ വർഷത്തിൽ കൂടുതൽ ഒരു റസ്റ്ററന്റിലും നിൽക്കില്ല. കാരണം ഒരേ പണി തന്നെ ആകുമ്പോൾ കംഫർട്ട് സോണിൽ ആയിരിക്കും. അപ്പോൾ നമ്മുടെ ഡെവലപ്മെന്റ് സ്റ്റോപ്പ് ആകും, പുതിയ കാര്യങ്ങൾ അറിയാൻ പറ്റില്ല. നാട്ടിൽ വന്ന് ലോക്ഡൗൺ സമയത്ത് പുതിയ വിഭവങ്ങൾ ക്രിയേറ്റ് ചെയ്യാൻ പറ്റി. ഇവിടെ ചെയ്തതെല്ലാം മെനു ആക്കി ഡ്രാഫ്റ്റ് ചെയ്‌തു വച്ചിരിക്കുകയാണ്. അതിന്റെ പോരായ്മകളെല്ലാം എഴുതി വച്ചിട്ടുണ്ട്.  ഇത് സന്തോഷമുള്ള കാര്യമാണ്.  ലോക് ഡൗണിൽ പുറത്തു പോകാൻ പറ്റിയില്ല. അപ്പോൾ ഫ്രീ ടൈമിൽ ഇതിലോട്ട് ഇൻവോൾവ് ചെയ്‌തു. എന്തായാലും നമ്മുടെ പണി ഇതാണ്. 

English Summary :Chef Midhun Ayyappan, Modern European Cuisine Specialist.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA