അധികം മസാലകൾ ഒന്നും ഇല്ലാതെ ചതച്ചെടുത്ത ചേരുവകൾ കൊണ്ട് തയാറാക്കുന്ന അസ്സൽ ചിക്കൻ രുചിയുമായി മോഹൻലാൽ, നല്ല എരിവും ഉപ്പും ചേർന്ന രസമുള്ള കിടിലൻ വിഡിയോ, നല്ലൊരു കോഴിക്കറി കഴിച്ച പോലെ എന്നും കമന്റുകളില്‍ വായിക്കാം. കൊച്ചിയിലെ ഫ്ലാറ്റിൽ വച്ചായിരുന്നു പാചകം. ഭാര്യ സുചിത്രയും സുഹൃത്ത് സമീർ ഹംസയും സ്പെഷൽ ചിക്കൻ രുചിച്ചു നോക്കി.
ലാലേട്ടന്റെ മാജിക്ക് റെസിപ്പി ചേരുവകൾ ഇതാണ് : ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, കടുക്, പെരുംജീരകം, വറ്റൽ മുളക്, കുറച്ച് ഗരം മസാല, മഞ്ഞൾപ്പൊടി, ഉപ്പ്, ചുട്ടെടുത്ത തേങ്ങ (ചതച്ചത്).
ഫ്രൈയിങ് പാൻ ചൂടാക്കി എണ്ണയൊഴിച്ച് കടുകു പൊട്ടിച്ച് ചതച്ചെടുത്ത ചേരുവകൾ എല്ലാം ഉപ്പ് ചേർത്ത് വഴറ്റിയെടുക്കാം. ഇതിലേക്ക് മഞ്ഞൾപ്പൊടി, പെരുംജീരകം, കുരുമുളകുപൊടി, ഗരംമസാല, ഉണക്കമുളക് ചതച്ചത്, ചതച്ചുവച്ച ഉണക്ക തേങ്ങ എന്നിവ ചേർത്ത് യോജിപ്പിക്കാം. ഇതിലേക്ക് അരക്കിലോ ചിക്കൻ ചേർത്ത് നന്നായി യോജിപ്പിക്കാം. ഒട്ടും വെള്ളം ചേർക്കരുത്. ഇത് അടച്ചു വച്ച് വേവിച്ച് എടുക്കാം. ഒന്നാന്തരം രുചിയിൽ മസാല ഇല്ലാത്ത ചിക്കൻ റെഡി.

വിഡിയോയ്ക്ക് താഴെ ‘‘ലാലേട്ടാ.. ഇങ്ങനെ പോയാൽ ഞങ്ങളെല്ലാം അഭിനയിക്കാനിറങ്ങും ’’എന്ന കുറിപ്പുമായി ഷെഫ് സുരേഷ് പിള്ളയും എത്തി. മറുപടിയായി മോസ്റ്റ് വെൽക്കം, വരൂ...വരൂ...എന്ന് ലാലേട്ടനും കുറിച്ചു.

English Summary : Mohanlal Cooking Video, Special Chicken Recipe.