രുചിയല്ല ഗുണമാണു പ്രധാനമെന്നു തോന്നുന്നുണ്ടെങ്കിൽ ഈ മുട്ടി സൂപ്പ് ഒന്നു ട്രൈ ചെയ്യൂ...

HIGHLIGHTS
 • ആദ്യ ദിവസങ്ങളിൽ സൂപ്പും ഒന്നോ രണ്ടോ കഷണം എല്ലിറച്ചിയും മാത്രം കഴിക്കുക.
 • സൂപ്പും മുട്ടിയും കഴിച്ചശേഷം അധികം വെള്ളം കുടിക്കരുത്.
mutton-soup
SHARE

സൂപ്പുണ്ടാക്കി 2 ദിവസത്തിനുശേഷം കുടിക്കുന്നതാവും നല്ലത്. ക്ഷമ ശീലിക്കാനും ഉപകരിക്കും. ആദ്യ ദിവസങ്ങളിൽ സൂപ്പും ഒന്നോ രണ്ടോ കഷണം എല്ലിറച്ചിയും മാത്രം കഴിക്കുക. ‘കുടി’ തുടങ്ങിയശേഷമുള്ള ദിവസങ്ങളിൽ മൺകലത്തിൽ സൂപ്പ് കുറയുമ്പോൾ തിളച്ചവെള്ളം ചേർത്തു വീണ്ടും തിളപ്പിക്കണം. സൂപ്പ് എല്ലാ ദിവസവും ഒരു മണിക്കൂറെങ്കിലും വിറകടുപ്പിൽ തിളപ്പിക്കണമെന്നു പ്രത്യേകം ഓർമിപ്പിക്കട്ടെ...

ചേരുവകൾ:

 • ആടിന്റെ കാലും കയ്യും (2 ജോടി)– മുട്ടി എന്നും നാട്ടുഭാഷയിൽ പറയും.
 • അരക്കിലോ ആട്ടിറച്ചി (നട്ടെല്ലും ചേർന്നുള്ള മാംസവും)
 • ഇഞ്ചി – ഒരിഞ്ച് നീളം വരുന്ന 3 എണ്ണം
 • കുരുമുളക്– ഒരു ടേബിൾ സ്പൂൺ
 • മുഴുമല്ലി – ഒരു ടേബിൾ സ്പൂൺ
 • മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
 • ജീരകം –മുക്കാൽ സ്പൂൺ
 • തിപ്പലി (ലോങ് പെപ്പർ)– 2 എണ്ണം
 • അയമോദകം (അജ്‌വൈൻ) – അര സ്പൂൺ
 • ഏലക്കാ – 3 എണ്ണം
 • ചുക്ക് – ഒരു വലിയ കഷണം
 • പട്ട– ഒരു ചെറിയ കഷണം
 • പച്ചമുളക് – 4 എണ്ണം ഇടത്തരം നുറുക്ക്
 • ചെറിയ ഉള്ളി – 6  
 • വെളുത്തുള്ളി – 8 അല്ലി
 • ഉപ്പ് – ഒരു നുള്ള് 

പാകംചെയ്യുന്ന വിധം:

ഇഞ്ചിമുതൽ വെളുത്തുള്ളി വരെയുള്ള ഐറ്റംസ് വൃത്തിയാക്കി അരച്ചെടുക്കണം. കുഴമ്പുപരുവത്തിൽ വേണം. കഴുകി വൃത്തിയാക്കിയ ആട്ടിൻകാലുകളും എല്ലിറച്ചിയും മരുന്നുമസാലക്കൂട്ടു ചേർത്തു തിരുമ്മിയെടുക്കണം. വലിയ വാവട്ടമില്ലാത്ത മൺകലത്തിലിട്ടു വേവിക്കണം. ഇറച്ചിയുടെ അളവിനു രണ്ടോ മൂന്നോ ഇരട്ടി വെള്ളം ഒഴിക്കണം. വിറകടുപ്പിൽ സ്ലോ കുക്കിങ് (4–5 മണിക്കൂർ) ആണ് അഭികാമ്യം. കുക്കറിൽ വേവിക്കുകയാണെങ്കിൽ ആദ്യത്തെ 3 വിസിലിനുശേഷം തീ കുറച്ച് 5 വിസിൽകൂടിവേണം.

madhupal
സൂപ്പ് ആസ്വദിക്കുന്ന നടൻ മധുപാൽ

കഴിക്കുന്നവിധം:

ചെറിയ ചീനച്ചട്ടിയിൽ 3 ചെറിയ ഉള്ളി നേർമയായി അരിഞ്ഞതും കറിവേപ്പിലയും വെളിച്ചെണ്ണയിൽ താളിച്ച്, മൺകലത്തിൽ നിന്ന് ഒന്നോ രണ്ടോ മുട്ടിയും രണ്ടു കഷണം എല്ലിറച്ചിയും  എടുത്തു ചേർക്കണം. ആവശ്യത്തിനു സൂപ്പും. ചൂടോടെ കുടിക്കാം (ഭയങ്കര തീറ്റക്കാരനാണു നിങ്ങളെങ്കിൽ നല്ല ക്വാളിറ്റിയുള്ള ബ്രെഡ് ചെറിയ കഷണങ്ങളാക്കി, നെയ്യിലോ വെണ്ണയിലോ വറുത്തു കുടിക്കുന്ന നേരത്തു സൂപ്പിൽ ഇടാവുന്നതാണ്. റെസ്ക് ആയാലും വിരോധമില്ല. മുകളിൽ ചെറുതായി നുറുക്കിയ ഫ്രഷ് മല്ലിയില കുറച്ച് ഇടുന്നതും പരിഗണിക്കാം).

രാത്രി അത്താഴം ഒഴിവാക്കി ഇതു കുടിക്കുന്നതാണു നല്ലത്. കുടിച്ചശേഷം 3 മണിക്കൂർ കഴിഞ്ഞേ ഉറങ്ങാവൂ. സൂപ്പും മുട്ടിയും കഴിച്ചശേഷം അധികം വെള്ളം കുടിക്കരുത്. ഉപ്പ് കൂടുതൽ ചേർക്കാതിരിക്കുന്നതാണു നല്ലത്. ഓർമിക്കുക,  ഈ വിഭവം നാവിന്റെ ആസ്വാദനത്തിന് ഉള്ളതല്ല, ആരോഗ്യത്തിനുവേണ്ടിയാണ്. ഉപ്പ് ആസ്വാദനമാണു തരുന്നത്. ആരോഗ്യമല്ല. 

ഒറ്റയ്ക്കും കൂട്ടായും സൂപ്പ് കുടിക്കാം. ‘സ്മോൾ’ അടിക്കുന്നതു പോലെയല്ല, ഒറ്റയ്ക്കു കുടിച്ചാലും ഉജ്വലമായിരിക്കും.  വലിച്ചു ചപ്പുന്ന ശബ്ദമൊക്കെ ഉണ്ടാക്കി, എല്ലൊക്കെ കടിച്ചുപറിച്ചു തുപ്പിയാലും കുഴപ്പമില്ലല്ലോ. ‘സ്മോൾ സിറ്റിങ്ങിൽ’ എന്നപോലെതന്നെ ഇതിലും കൂട്ടായി കുടിക്കുമ്പോൾ അരസികൻമാരെ ഒഴിവാക്കുക. അതാണ് ആരോഗ്യത്തിനു നല്ലത്. 

English Summary : Mutton Soup, is an extremely refreshing and nutritious dish to be had during the monsoon season.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA