ADVERTISEMENT

‘ഷെഫ് കുഞ്ചാക്കോ ബോബൻ’ തയാറാക്കിയ ഒരു ആപ്പിൾ ബദാം സ്മൂത്തിയുടെ രുചിക്കൂട്ട് അന്വഷിച്ച് എത്തിയത് പൂഞ്ഞാർ സ്വദേശിയായ ഷെഫ് ജോസ് വർക്കിയിലാണ്. ആരോഗ്യകരമായ സ്പെഷൽ ജ്യൂസിനെപ്പറ്റി മാത്രമല്ല നാച്ചുറോപ്പതിയിലെ റോ ഫുഡ് എന്ന ആശയത്തെക്കുറിച്ചും ഷെഫ് ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചും ഷെഫ് ജോസ് മനോരമഓൺലൈനോട് സംസാരിക്കുന്നു. 

ചാക്കോച്ചൻ സ്പെഷൽ സ്മൂത്തി– 7 ദിവസം കൊണ്ട് ശരീരഭാരം 4 കിലോ കുറഞ്ഞു!

പ്രകൃതിദത്തമായി തയാറാക്കിയ ആപ്പിൾ ബദാം സ്മൂത്തിയിൽ വിറ്റാമിൻസ്, മിനറൽസ്, ഫൈബർ...തുടങ്ങിയ എല്ലാ ന്യൂട്രിയൻസും ഉണ്ട്.  ഇത് തയാറാക്കാൻ, ബദാം ആക്ടിവേറ്റ് ചെയ്യാൻ തലേ ദിവസം വെള്ളത്തിൽ കുതിർക്കണം. ഏത് സീഡിന്റെയും നട്സിന്റെയും ന്യൂട്രിയൻസ് പരമാവധി ഉപയോഗിക്കാൻ ഒരു ദിവസം മുഴുവൻ വെള്ളത്തിൽ കുതിർത്തെടുത്ത ശേഷം ഉപയോഗിച്ചാൽ ജൈവ ലഭ്യത കൂടും. ശേഷം 48 ‍ഡിഗ്രിയിൽ ഡീഹൈഡ്രേറ്റ് ചെയ്ത് എടുക്കണം. ഫ്രൈയിങ് പാനിലും മറ്റും ഇട്ട് ചൂടാക്കിയാൽ പറ്റില്ല. ഇപ്പോൾ വീടുകളിൽ ഉപയോഗിക്കാൻ പറ്റുന്ന ഡീഹൈഡ്രേറ്ററുകൾ ലഭ്യമാണ്. ബദാമിനൊപ്പം  ആപ്പിൾ, പഴം എന്നിവ ചേർത്താണ് ഈ സ്മൂത്തി തയാറാക്കുന്നത്. ഗാർനിഷ് ചെയ്തത് ഇവിടെ തയാറാക്കിയ കൊക്കോ നിബ്സും ഇന്തപ്പഴവും ചേർത്ത സിറപ്പുകൊണ്ടാണ്. (കൊക്കോ സീഡ്സ് ഫെർമെന്റ് ചെയ്ത ശേഷം റോസ്റ്റ് ചെയ്ത്, പേറ്റിയെടുത്ത് അരച്ചാണ് കൊക്കോ നിബ്സ് ചോക്ലേറ്റ് തയാറാക്കിയിരിക്കുന്നത്. ആദ്യ രണ്ടു ദിവസം തന്നെ നാച്ചുറോപ്പതി ജീവിതശൈലിയും ഭക്ഷണവും കൊണ്ട് രണ്ടു കിലോയോളം ശരീരഭാരം കുറഞ്ഞത് കുഞ്ചാക്കോ ബോബനും അതിശയമായിരുന്നു. റോ ഫുഡ് കഴിച്ച് ഏഴ് ദിവസം കൊണ്ട് 4 കിലോഗ്രാം കുറഞ്ഞത് ശരിക്കും ഒരു മാജിക് തന്നെയായിരുന്നു എന്ന് കുഞ്ചാക്കോബോബൻ മനോരമ ഓൺലൈനോട് പറഞ്ഞു. 

വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഉണ്ടാക്കി കൈയടി വാങ്ങുന്ന ഷെഫായിരുന്നു നാൽപത്തിനാലു വർഷത്തോളം. തിരിഞ്ഞു നോക്കുമ്പോൾ നഷ്ടബോധം തോന്നുന്നുണ്ട്.

 

ഇവിടെ എത്തിയ ശേഷം ജീവിതശൈലി തന്നെ മാറി : ഷെഫ് ജോസ്

prakritishakti-CGHEarth
ചിത്രങ്ങൾക്ക് കടപ്പാട് : പ്രകൃതി ശക്തി സി. ജി. എച്ച് എർത്ത്.

വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഉണ്ടാക്കി കൈയടി വാങ്ങുന്ന ഷെഫായിരുന്നു നാൽപത്തിനാലു വർഷത്തോളം. തിരിഞ്ഞു നോക്കുമ്പോൾ നഷ്ടബോധം തോന്നുന്നുണ്ട്. സിജിഎച്ച് ഗ്രൂപ്പിലും പ്രത്യേകിച്ച്  പ്രകൃതിശക്തിയിലും  കോർപറേറ്റ് ഷെഫായി എത്തിയപ്പോഴാണ് റെസ്പോൺസിബിൾ കിച്ചൺ എന്ന ആശയം അറിഞ്ഞ​തും ജീവിതം ആ രീതിയിലേക്കു മാറ്റിയതും. 1977 ൽ മുംബൈ കേറ്ററിങ് കോളജിൽനിന്നു പാസ് ഔട്ടായി. പതിമൂന്ന് വർഷം സൗദിയിൽ ജോലിചെയ്ത ശേഷമാണ് സിജിഎച്ച് എർത്ത് ഗ്രൂപ്പിലേക്ക് എത്തുന്നത്. പാഞ്ചാലിമേട്ടിലെ പ്രകൃതിശക്തി നാച്ചുറോപ്പതി ക്ലിനിക്കിലാണിപ്പോൾ. ഇവിടെ എത്തിയ ശേഷം ജീവിതശൈലി തന്നെ മാറി. പ്രകൃതിയെ അറിഞ്ഞു ജീവിക്കാൻ തുടങ്ങി. ഇപ്പോൾ ഇഷ്ടമുള്ള ഭക്ഷണം റോ ഫുഡ് തന്നെയാണ്.  

 

റെസ്പോൺസിബിൾ കിച്ചൺ 

Pprakritishakti
പാഞ്ചാലിമേട്ടിലെ ക്ലിനിക്ക് ഓഫ് നാചുറൽ മെഡിസിൻ.

കേരളത്തനിമയുള്ള ഭക്ഷണത്തിന് സമകാല–രാജ്യാന്തര പരിവേഷം കൊടുത്തു. സെലിബ്രേഷൻ ഓഫ് കോക്കനട്ട്, ട്രോപ്പിക്കൽ ഫ്രൂട്ട്, വെജിറ്റബിൾ എന്നതു തന്നെയാണ് അടിസ്ഥാന ഭക്ഷണം. നല്ല ഭക്ഷണം, നല്ല രീതിയിൽ കഴിച്ച് ആരോഗ്യം സ്വന്തമാക്കുന്ന ഡയറ്റ് തെറപ്പിയാണിത്.

പാഞ്ചാലിമേട്ടിലെ ക്ലിനിക്ക് ഓഫ് നാചുറൽ മെഡിസിൻ ബൈ സിജിഎച്ച് എർത്ത്

നെഗറ്റീവ് അയൺസ് ധാരാളമുള്ള സ്ഥലത്താണ് പാഞ്ചാലിമേട്ടിലെ നാച്ചുറോപ്പതി ക്ലിനിക്ക്.  ഇങ്ങനെയുള്ള സ്ഥലങ്ങളി‍ൽനിന്നു ഫീൽ ഗുഡ് ഫാക്ടർ ധാരാളം ലഭിക്കും. ബോഡി ചാർജ് ആകും. അങ്ങനെയുള്ള സ്ഥലത്ത് കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും പോസിറ്റീവ് എനർജി ധാരാളം ലഭിക്കും. ബീച്ചുകളിലും മലകളിലും നെഗറ്റീവ് അയൺസ് ധാരാളം കാണാം. പൂർണമായും റോ ഫുഡ് എന്ന ആശയം അതിഥികൾക്കും പ്രത്യേകിച്ച് അതിഥികളായി എത്തിയ ഡോക്ടർമാർക്കും വളരെയധികം മതിപ്പുണ്ടാക്കി. തുടർന്നാണ് ഇവിടുത്തെ മെനുവിലേക്ക് റോ ഫുഡ് വൈവിധ്യം നിറഞ്ഞത്. 

prakritishakti-clinicofnaturalmedicine-CGHEarth
റോ ഫുഡ് വിഭവങ്ങൾ

സാലഡ് കുക്കുമ്പർ തേങ്ങാപ്പാലും പച്ചക്കറികളും ഒക്കെ ചേർത്ത് ഇടിയപ്പവും സ്റ്റ്യൂവുമായി കൊടുക്കുന്നത് ഇവിടുത്തെ മെനുവിലെ താരമാണ്. ശരീരത്തിനുള്ള അസംതുലനാവസ്ഥയെ ഭക്ഷണം, മനസ്സ്, വ്യായാമം എന്നീ മൂന്ന് ഘടകങ്ങളിലൂടെ തിരിച്ചു കൊണ്ടുവരുകയാണ് നാച്ചുറോപ്പതിയിൽ ചെയ്യുന്നത്. ഇവിടെ വരുന്നവർ കഴിക്കുന്ന റോ– ഫുഡിൽ വളരെയധികം സംതൃപ്തരാണ്.

അമിതമായി വേവിച്ചു ഭക്ഷണം കഴിക്കരുതേ...!

മനുഷ്യശരീരത്തിൽ  ആസിഡ്– ആൽക്കലൈൻ അനുപാതം പോലെ തന്നെ പ്രധാനമാണ് രക്തത്തിലെ പി എച്ചിന്റെ അളവ്, 7.3 മുതൽ 7.4 എന്നതിൽ കൂടാനോ കുറയാമോ പാടില്ല. നാരങ്ങാനീര് അസിഡിക്കാണ്. പക്ഷേ രക്തത്തിലേക്ക് എത്തുമ്പോൾ ആൽക്കലൈനായി മാറും. മിക്ക പഴങ്ങളും പച്ചക്കറികളും ആൽക്കലൈനാണ്. അതിനെ അമിതമായി വേവിച്ചു കഴിയുമ്പോൾ അസഡിക്ക് ആകും. 

ദിവസത്തിൽ ഒരു നേരമെങ്കിലും റോ ഫുഡ് ശീലിക്കണം. റോ ഫുഡ് ജീവനുള്ളതും അമിതമായി പാകം ചെയ്ത ഭക്ഷണം ജീവനില്ലാത്തതുമാണ്. വീട്ടിൽ 5 അതിഥികൾ വരുമെന്നു പറയുമ്പോൾ 10 പേർക്കുള്ള ഭക്ഷണം തയാറാക്കും. വരുന്നവർ രണ്ടു പേർക്കുള്ള ഭക്ഷണം കഴിക്കും ബാക്കിയുള്ളതെല്ലാം സൂക്ഷിച്ച് വീണ്ടും ചൂടാക്കി കഴിക്കുന്നതാണ് നമ്മുടെ ശീലം. അസുഖങ്ങൾക്കുള്ള ഒരു പ്രധാന കാരണവും ഭക്ഷണം തന്നെ.

prakritishakti-raw-food
റോ ഫുഡ് വിഭവങ്ങൾ

റോ ഫുഡ് വിളമ്പുമ്പോൾ/ കഴിക്കുമ്പോൾ കിട്ടുന്ന ഗുണങ്ങൾ

  1.  ഫീൽ ഗുഡ്.
  2.  ഷാർപ് മൈൻഡ്.
  3.  ഹൈഡ്രേറ്റഡ് ആകും, ഭക്ഷണത്തിനൊപ്പം ആനുപാതികമായി വെള്ളവും ഉള്ളിൽ എത്തും.
  4. ഫൈബർ ധാരാളം ഉള്ളതു കൊണ്ട് ശരീരം ക്ലീൻ ചെയ്യപ്പെടുകയും നല്ല ബാക്ടീരിയയ്ക്ക് ഭക്ഷണമാകുകയും ചെയ്യും.

ഇപ്പോൾ ആൾക്കാർ ആരോഗ്യപരിപാലനം (Health Quotient) ഡോക്ടർമാരെ ഏൽപിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ശരീരത്തെപ്പറ്റി നമുക്ക് അറിയാവുന്നതിൽ കൂടുതൽ ആർക്കാണ് അറിയാവുന്നത് എന്നും ചിന്തിച്ചു തുടങ്ങണം. ഡോക്ടർമാർക്ക് പൂർണ്ണമായി ശരീരം വിട്ടുകൊടുക്കുന്നതിനു പകരം പ്രകൃതിദത്തമായ ഭക്ഷണം നൽകി ശരീരത്തിന് ഒരു അവസരം കൊടുക്കണം. അത് നമ്മുടെ ഓരോരുത്തരുടെയും ചുമതലയാണ്.

പച്ചക്കറികൾ ധൈര്യമായി കടയിൽനിന്നു വാങ്ങിക്കഴിക്കാൻ പറ്റുമോ?

നമ്മുടെ നാട്ടിൽ പഴങ്ങൾ കഴിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും പച്ചക്കറികളോടുള്ള സമീപനം വ്യത്യസ്തമാണ്. പച്ചക്കറികൾ വിഷമടിച്ച് എത്തുന്നതു കൊണ്ട് അത് കഴിച്ചാൽ പ്രശ്നമാണ് എന്നാണ് മനുഷ്യന്റെ ചിന്താഗതി. ശരിയാണ്, പച്ചക്കറികളുടെ അകത്തും പുറത്തുമായി കുറച്ച് വിഷാംശം ഉണ്ട്. നന്നായി രണ്ടു പ്രാവശ്യം കഴുകുക. രണ്ട് ലീറ്റർ വെള്ളത്തിൽ കാൽ ടീസ്പൂൺ സോഡിയം ബൈകാർബണൈറ്റ് ഇട്ട് 5 – 8 മിനിറ്റു വച്ചിരുന്നാൽ പുറമേയുള്ള വിഷം പോകും. അകത്തുള്ള വിഷാംശം കളയാൻ പറ്റില്ല. പച്ചക്കറികളുടെ ഗുണങ്ങൾ വച്ച് നോക്കുമ്പോൾ കഴിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല. ബാക്കി വിഷാംശത്തെ പ്രതിരോധിക്കാനുള്ള സംവിധാനം നമ്മുടെ ശരീരത്തിൽത്തന്നെ ഉണ്ട്.

ഒരു ദിവസത്തെ റോ ഫുഡ് വിഭവങ്ങൾ എന്തൊക്കെയായിരിക്കണം

raw-juice
റോ ഫുഡ് വിഭവങ്ങൾ

രാവിലെ എണീറ്റ ഉടൻ കാപ്പി ചായ എന്നിവയ്ക്ക് പകരം ഒരു ഗ്ലാസ് ആരോഗ്യ പാനീയം ഏതെങ്കിലും ശീലമാക്കാം. ചായയും കാപ്പിയും ഒഴിവാക്കാൻ ആദ്യത്തെ രണ്ട് ആഴ്ച കുറച്ച് ബുദ്ധിമുട്ടുമെങ്കിലും ശീലമായിക്കഴിഞ്ഞാൽ ഗുണങ്ങൾ അറിയാം.

  • 6 മണിക്ക് ഒരു ഗ്ലാസ് ആൽക്കലൈൻ ജ്യൂസ് – (പകുതി നെല്ലിക്ക, നെയ്കുമ്പളങ്ങ, നാരങ്ങ, പടവലങ്ങ, ചുരയ്ക്ക – ഇതിൽ ഏതെങ്കിലും ഒരെണ്ണം ജ്യൂസാക്കി കുടിക്കാം) – ഓരോ ദിവസവും ഓരോന്ന്.
  • മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും ഇട്ട ചൂടു വെള്ളം 
  • പാൽ ചേർക്കാത്ത ഇഞ്ചിച്ചായ/ ഏലയ്ക്കച്ചായ/ ഗ്രീൻ ടീ.  (ഇതിൽ ഏതെങ്കിലും ഒന്ന്)

 

രണ്ട് മണിക്കൂറിന് ശേഷം (8 മണിക്ക്)

  • ഒരു ബൗൾ ഫ്രൂട്ട്. സാധാരണ പഴം അല്ലെങ്കിൽ  ഏത്തയ്ക്ക (ചവച്ച് അരച്ച് കഴിക്കാൻ ശ്രദ്ധിക്കണം) 
  • ഉഴുന്നിന്റെ തോട് ഉൾപ്പെടെ അരച്ച് തയാറാക്കുന്ന ദോശ
  • ചെറുപയർ ദോശ, മില്ലറ്റ്സ് കൊണ്ടുള്ള വിഭവങ്ങൾ, റാഗി, ചെന, ചാമ എന്നിവ കൊണ്ടുള്ള വിഭവങ്ങൾ 
  • വൈറ്റ് പോയിസൺസ് (Refind Sugar, White Rice, White Processed Flour and Salt) ഒഴിവാക്കണം. ഫൈബർ ഉള്ള ധാന്യങ്ങൾ ഉപയോഗിക്കാം.
  • കാപ്പിക്ക് പകരം കൊക്കോ നിബ്സ് അരച്ച് തേങ്ങാപ്പാൽ ചേർത്ത് പതപ്പിച്ച് കുടിക്കാം.


ഉച്ചഭക്ഷണം

  • നട്സും സീഡ്സും ഉൾപ്പെടുത്തിയ സാലഡ്.
  • ശരീരികമായി കഠിനാദ്ധ്വാനം ചെയ്യുന്നവർക്ക് തവിടു കളയാത്ത ചുവന്ന അരിയുടെ ചോറും ആവശ്യത്തിന് കഴിക്കാം.

ടീ ടൈം

വൈകുന്നേരത്തെ ഹെർബൽ ചായയ്ക്കൊപ്പം വറുത്തതും പൊരിച്ചതും ഒഴിവാക്കുക. എണ്ണ ചൂടാകുമ്പോൾ ട്രാൻസ് ഫാറ്റ് ആകുകയാണ് ചെയ്യുന്നത്. ഫൈബർ ധാന്യങ്ങൾ  ചേർത്ത് ആവിയിൽ വേവിക്കുന്ന പലഹാരങ്ങൾ ആവശ്യമെങ്കിൽ കഴിക്കാം. ഉദാഹരണത്തിന്, കൊത്തിയരിഞ്ഞ കാബേജിൽ സ്വീറ്റ് പൊട്ടറ്റോ, പച്ച നേന്ത്രക്കായ എന്നിവയൊക്കെ ചേർത്ത് കട്ലറ്റ് തയാറാക്കാം. ആവശ്യമെങ്കിൽ ആവിയിൽ വേവിച്ച് എടുക്കാം. ഇതിനു മുകളിൽ നട്സ് ചട്ണി ഉപയോഗിച്ചാൽ ടേസ്റ്റും ന്യൂട്രിയൻസും ലഭിക്കും. 

 

Prakritishakti-Clinicofnaturalmedicine
റോ ഫുഡ് വിഭവങ്ങൾ

ഡിന്നർ

  • കുക്കുമ്പർ– തക്കാളി സൂപ്പ്
  • പച്ചക്കറികൾ ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സറിൽ അടിച്ചെടുത്ത് നട്സ്/സീഡ്സ് പേസ്റ്റ് ചേർത്തു കുടിക്കാം. അരിച്ച് എടുക്കരുത്
  • ബേബികോണും(ഉടച്ച് എടുത്തത്) നട്സ് പേസ്റ്റും ചേർത്ത സ്റ്റീക്കിനൊപ്പം ടോസ്റ്റ‍ഡ് സാലഡും കഴിക്കാം.

ഓർമിക്കുക, ഷെൽഫ് ലൈഫ് കൂടുതലുള്ള വിഭവങ്ങൾ കഴിക്കുമ്പോൾ റിയൽ ലൈഫ് കുറയുകയാണ്. 

English Summary : The Chefs in the fireless kitchen create a raw food gourmet experience that ensures you get the maximum nutrition from the food and that your microbiome is healthy. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com