ADVERTISEMENT

എല്ലാ സദ്യകൾക്കും ഒഴിച്ചു കൂടാനാവാത്ത വിഭവമാണ് സാമ്പാർ. ഇഡ്ഡലി, ദോശ എന്നിവയ്ക്കുള്ള സാമ്പാറിൽ നിന്നും വ്യത്യസ്തമാണ് സദ്യയ്ക്കുള്ള സാമ്പാർ തയാറാക്കുന്നത്. തേങ്ങ വറത്തു ചേർക്കാതെ തന്നെ നല്ല കുറുകിയ സാമ്പാറാണ് ലേഖ എം.ജി. ശ്രീകുമാർ തയാറാക്കുന്നത്. വിഡിയോയിൽ നടൻ മണിയൻപിള്ള രാജുവിന്റെ സാമ്പാർ പ്രിയവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ സാമ്പാർ കഴിച്ചു നോക്കി ശരിയായിട്ടുണ്ടോ ഇല്ലയോ എന്നു പറയുന്നൊരു വ്യക്തിയാണ്, സാമ്പാർ നന്നായാൽ സദ്യ നന്നായെന്നാണ് അദ്ദേഹം പറയുന്നത്.

അന്നും ഇന്നും പ്രിയം സാമ്പാർ രുചി : മണിയൻ പിള്ള രാജു
കുട്ടിക്കാലം തൊട്ട് അന്നും ഇന്നും ഏറെ ഇഷ്ടമാണ് അമ്മയുണ്ടാക്കുന്ന സാമ്പാർ. വീട്ടിൽ നിൽക്കുന്ന സമയത്ത്  ഊണു കഴിച്ചു കഴിഞ്ഞശേഷവും സാമ്പാർ ഒരു ഗ്ലാസിലെടുത്ത് ഒളിച്ചു കുടിക്കാറുണ്ടായിരുന്നു. അത്ര രുചിയായിരുന്നു. അമ്മ സാമ്പാർ അടുപ്പിൽ നിന്നും വാങ്ങുന്നതിനു മുൻപ് അൽപം ശർക്കര/പഞ്ചസാര ചേർക്കും. പത്തു പേർക്ക് സാമ്പാറിനുള്ള ചേരുവകൾ കൊടുത്താലും അത് തയാറായി വരുമ്പോൾ പത്തും വ്യത്യസ്തമായിരിക്കും. കഴിച്ചതിൽ ഏറ്റവും വ്യത്യസ്തമായ രുചി മട്ടൻ സാമ്പാറിന്റെതാണ്. കൊട്ടരക്കര അമ്പലക്കര റസ്റ്ററന്റിൽ നിന്നും കഴിച്ചതാണ്. അതു പോലെ തന്നെ പച്ചക്കൊത്തമല്ലി സാമ്പാറും ഏറെ പ്രിയമാണ്.

ചേരുവകൾ 

  • പരിപ്പ് - 3/4 ഗ്ലാസ് 
  • വെള്ളം - 2 1/ 2 ഗ്ലാസ്സ് 
  • മഞ്ഞൾ പൊടി -  1/ 2 ടീസ്‌പൂൺ 
  • മത്തങ്ങ 
  • തക്കാളി 
  • മുരിങ്ങക്ക 
  • കത്രിക 
  • വെണ്ടയ്ക്ക 
  • ചേമ്പ് എന്നിവ കഷണങ്ങളായി മുറിച്ചത് 
  • ചെറിയ ഉള്ളി - 5-6 എണ്ണം 
  • പച്ചമുളക് - 3 എണ്ണം 
  • ഉലുവ - 1 ടീസ്‌പൂൺ 
  • ശർക്കര - ചെറിയ ഒരു കഷണം 
  • വെളിച്ചെണ്ണ - ആവശ്യത്തിന് 
  • കശ്‍മീരി മുളകു പൊടി - 5 ടീസ്‌പൂൺ 
  • മല്ലിപ്പൊടി - 8 ടീസ്‌പൂൺ 
  • പുളി - 1 നെല്ലിക്ക വലുപ്പത്തിൽ 
  • ഉപ്പ് - ആവശ്യത്തിന് 

 

താളിക്കാനായി ആവശ്യമുള്ളവ 

  • വെളിച്ചെണ്ണ - ആവശ്യത്തിന് 
  • കടുക് - 1 ടീസ്‌പൂൺ 
  • വറ്റൽ മുളക് - 2 എണ്ണം 
  • മല്ലിയില - ആവശ്യത്തിന് 
  • ഉലുവ പൊടി - 1 ടീസ്പൂൺ
  • കായപ്പൊടി - 1 ടീസ്‌പൂൺ 
  • കറിവേപ്പില 

 

തയാറാക്കുന്ന വിധം 

ആദ്യം പരിപ്പ് നന്നായി കഴുകി കുറച്ചു മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് വേവിച്ചു വയ്ക്കുക. അതിനു ശേഷം കൽച്ചട്ടിയിൽ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായശേഷം ചെറിയ ഉള്ളി, കുറച്ച് ഉലുവ, പച്ചമുളക് എന്നിവ കീറിയിടുക (തൊണ്ടൻ മുളക് ഉണ്ടെങ്കിൽ അതു ചേർക്കാം) ഇത് ചെറുതായി വാടി കഴിയുമ്പോൾ ഇതിലേക്ക് ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ പുളി എടുത്ത് (ചെറിയ ചൂട് വെള്ളത്തിൽ ഇട്ടു വച്ചിരുന്നത്) അതിലേക്ക് രണ്ടര ഗ്ലാസ്സ് വെള്ളം കൂടി ചേർത്ത് പിഴിഞ്ഞ് ഒഴിച്ച് തിളപ്പിക്കുക. ഇനി ഇതിൽ ഒരു ചെറിയ കഷണം ശർക്കരയും ആവശ്യത്തിന് ഉപ്പും ചേർക്കുക (ശർക്കര ആവശ്യമെങ്കിൽ ചേർത്താൽ മതി). 

അതിനു ശേഷം മത്തങ്ങ, മുരിങ്ങയ്ക്ക എന്നിവ ചേർത്ത് വേവിക്കുക. വെള്ളം വീണ്ടും ചേർക്കണമെങ്കിൽ തിളപ്പിച്ച വെള്ളം ഉപയോഗിക്കുക തണുത്ത വെള്ളം ചേർക്കരുത്. മത്തങ്ങ ഒന്നു വെന്തു വന്നതിനു ശേഷം ചേമ്പ്, കത്രിക്ക എന്നിവ കൂടി ചേർത്ത് വേവിക്കുക. ഈ സമയത്ത് വേവിച്ചു വച്ചിരിക്കുന്ന പരിപ്പ് കൂടി ചേർത്തു കൊടുക്കാം. ഇനി ഇതിലേക്ക് ആവശ്യത്തിന് കായം ചേർക്കാം. ഇനി ഇതെല്ലാം ഒന്നു വെന്തു വന്നതിനു ശേഷം വേണം വെണ്ടയ്ക്ക ചേർത്തു കൊടുക്കാൻ അല്ലെങ്കിൽ വെണ്ടയ്ക്ക വല്ലാതെ ഉടഞ്ഞു പോകും. 

ഇനി ഇതിലേക്ക് പൊടികൾ ചേർത്തു കൊടുക്കാം. അഞ്ചു ടീസ്‌പൂൺ കാശ്‌മീരി മുളക് പൊടി, എട്ടു ടീസ്‌പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. അതിനു ശേഷം തക്കാളിയും ചേർത്ത് നന്നായി തിളച്ചു വരുമ്പോൾ കുറച്ചു ഉലുവ പൊടിയും കൂടി ചേർക്കുക. ഇനി ഇതിലേക്ക് വറുത്തിടാനായി ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം കടുക് ഇട്ട് പൊട്ടിക്കുക. അതിലേക്ക് രണ്ടു വറ്റൽ മുളകും കറിവേപ്പിലയും കൂടി ചേർത്ത് സാമ്പാറിലേക്കു താളിച്ചു ചേർക്കുക. അതിനു ശേഷം കുറച്ചു കായപ്പൊടി കൂടി ചേർത്തു  നന്നായി ഇളക്കുക. ഇതിലേക്ക് കുറച്ചു മല്ലിയില കൂടി മുറിച്ചിടുക. സാമ്പാർ റെഡി. (ആവശ്യമെങ്കിൽ രണ്ടു ടീസ്‌പൂൺ നെയ്യ് കൂടി ചേർക്കാം)

English Summary : Special Sambar Cooking Video by Lekha MG Sreekumar.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com