ADVERTISEMENT

ഭക്ഷണം പാകം ചെയ്യുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ...

തേങ്ങാപ്പാൽ ഫ്രിഡ്‌ജിൽ സൂക്ഷിക്കാമോ?

ചുരണ്ടിയ തേങ്ങ അരമണിക്കൂറിലധികം പുറത്തുവച്ചാൽ കേടാകാൻ തുടങ്ങും. പിഴിഞ്ഞെടുത്ത പാൽ പുറത്തുവച്ചാലും ഇതേ പ്രശ്‌നമുണ്ട്. തേങ്ങയോ തേങ്ങാപ്പാലോ പിന്നീട് ഉപയോഗിക്കേണ്ടതുണ്ടെങ്കിൽ അടച്ച പാത്രത്തിലാക്കി ഫ്രിഡ്‌ജിൽ വയ്‌ക്കുക. പിറ്റേദിവസത്തേക്കു സൂക്ഷിക്കരുത്.

ഇറച്ചിയും മീനും എത്ര ദിവസംവരെ ഫ്രിഡ്‌ജിൽ സൂക്ഷിക്കാം?

പണ്ടുകാലത്തു മിച്ചംവരുന്ന ഇറച്ചിയും മീനുമൊക്കെ ഉപ്പിട്ടാണു സൂക്ഷിച്ചിരുന്നത്. പിറ്റേന്നുതന്നെ അവ കഴുകി വൃത്തിയാക്കി പാചകം ചെയ്യുകയും ചെയ്യും. എന്നാൽ, ഇന്ന് ഇറച്ചിയും മീനുമൊക്കെ ആഴ്‌ചകളോളം ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നവരുണ്ട്. കോൾഡ് സ്‌റ്റോറേജിലും മറ്റും ഉപയോഗിക്കുന്ന ഡീപ് ഫ്രീസറാണെങ്കിൽ ഒരാഴ്‌ചവരെ ഇറച്ചിയും മീനും കേടാകാതെ സൂക്ഷിക്കാം. എന്നാൽ, വീട്ടിലെ ഫ്രീസറിൽ ഇറച്ചിയും മീനും അധികകാലം സൂക്ഷിക്കാൻ ശ്രമിക്കരുത്. ഇടയ്‌ക്കിടെ ഫ്രീസർ തുറക്കുമ്പോൾ, തുറന്നുവച്ചിരിക്കുന്ന ഇത്തരം ഭക്ഷണസാധനത്തിൽ രോഗാണുക്കൾ പറ്റിപ്പിടിച്ചു വളരും. ഇറച്ചിയും മീനുമൊക്കെ കഴുകി വൃത്തിയാക്കി നന്നായി പൊതിഞ്ഞു പാത്രത്തിൽ അടച്ചശേഷം വേണം ഫ്രീസറിൽ വയ്‌ക്കാൻ. വൃത്തിയാക്കാത്ത മീൻ ഫ്രീസറിൽ വയ്‌ക്കരുത്. ഫ്രീസറിൽനിന്ന് ഒരിക്കൽ എടുത്ത സാധനം വീണ്ടും തിരികെ വയ്‌ക്കരുത്. മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഉപയോഗിച്ചു തീർക്കുകയും വേണം.

തിളപ്പിച്ച കുടിവെള്ളത്തിൽ പച്ചവെള്ളം ചേർത്ത് ഉപയോഗിക്കാമോ?

തിളപ്പിച്ചാറിയ വെള്ളത്തിൽ രോഗകാരികളായ അണുക്കൾ കാണാനുള്ള സാധ്യത കുറയും. എന്നാൽ, തിളച്ച വെള്ളത്തിലേക്കു തണുത്ത വെള്ളം ഒഴിക്കുമ്പോൾ വെള്ളത്തിന്റെ താപനില പകുതിയായി കുറയും. ഈ താപനിലയിൽ തണുത്ത വെള്ളത്തിലുള്ള രോഗാണുക്കൾ മുഴുവൻ നശിക്കണമെന്നില്ല. അതുകൊണ്ടു ചൂടുവെള്ളത്തിൽ തണുത്ത വെള്ളം ഒഴിക്കാതിരിക്കുന്നതാണു നല്ലത്.

മുകളിലുള്ള പൂപ്പൽ മാറ്റിയശേഷം അച്ചാർ ഉപയോഗിക്കാമോ?

പ്രിസർവേറ്റീവ് ചേർക്കാത്ത അച്ചാറുകൾ പുറത്തു വച്ചിരുന്നാൽ പൂപ്പൽ ബാധിക്കും. വെള്ള, കറുപ്പ് മുതൽ ആകർഷകമായ നിറങ്ങളിൽവരെ പൂപ്പലുണ്ട്. ഒന്നോ രണ്ടോ ദിവസം അച്ചാർ വെളിയിൽ വച്ചിരുന്നാൽ അതിൽ പൂപ്പൽ പടർന്നിരിക്കുന്നതു കാണാം. ഈ പൂപ്പൽ സ്‌പൂൺകൊണ്ടു തോണ്ടിക്കളഞ്ഞശേഷം ബാക്കി വരുന്ന അച്ചാർ ഉപയോഗിക്കുന്നവരാണ് അധികവും. എന്നാൽ, ഏതു പൂപ്പലും അപകടകാരിയാണ്. ഇത്തരത്തിലുള്ള അച്ചാർ കുട്ടികൾക്കും പ്രായമായവർക്കും കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. കറുത്ത പൂപ്പൽ ബാധിച്ച അച്ചാർ ഒരുകാരണവശാലും ഉപയോഗിക്കരുത്. പൂപ്പൽ ബാധിച്ച കടല കഴിക്കുന്നതും അപകടമാണ്.

മുട്ട പുഴുങ്ങുമ്പോഴും ഓംലെറ്റ് ഉണ്ടാക്കുമ്പോഴും എന്തെല്ലാം ശ്രദ്ധ വേണം?

സാൽമൊണല്ല രോഗം ബാധിച്ച കോഴിയിടുന്ന മുട്ടയിലും അണുക്കളുണ്ടായിരിക്കും. നന്നായി വേവിക്കാതെ ഈ മുട്ട കഴിക്കുന്നവരിലും രോഗങ്ങളുണ്ടാവും. പുഴുങ്ങുമ്പോൾ മുട്ട ഏഴു മിനിറ്റും ഓംലെറ്റ് തയാറാക്കുമ്പോൾ മൂന്നു മിനിറ്റും വേവിച്ചാൽ മാത്രമേ അണുക്കൾ നശിക്കൂ.

ചൈനീസ് ഫുഡ് ഉപയോഗിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?

ചൈനീസ് ഭക്ഷണം, പ്രത്യേകിച്ച് ഫ്രൈഡ് റൈസ് കഴിക്കുന്നതു ചിലരിൽ വിഷബാധയുണ്ടാക്കും. ഫ്രൈഡ് റൈസ് തയാറാക്കാനുപയോഗിക്കുന്ന അരിയിൽ കാണപ്പെടുന്ന ബാസിലസ് ബാക്‌ടീരിയയാണു രോഗമുണ്ടാക്കുന്നത്. അധികം വേവിക്കാതെ തയാറാക്കുന്ന ഭക്ഷണത്തിൽ ഈ ബാക്‌ടീരിയ നശിക്കാതെ നിലനിൽക്കും. ഭക്ഷണം കഴിച്ചു നാലു മണിക്കൂറിനുള്ളിൽ വയറുവേദനയും ഛർദിയും തുടങ്ങും. ഫ്രൈഡ് റൈസ് തയാറാക്കുമ്പോൾ ഉയർന്ന താപനിലയിൽ അരി വേവിച്ചെടുക്കുകയാണ് അണുക്കളെ നശിപ്പിക്കാനുള്ള മാർഗം.

English Summary : Some tips and tricks to save time in kitchen 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com