ADVERTISEMENT

"എക്സലന്റ് കുക്ക് ആണ്. എന്ത് പാചകം ചെയ്താലും അപാര ടേസ്റ്റാണ്" മലയാളികളുടെ പ്രിയങ്കരനായ ഗായകൻ എംജി ശ്രീകുമാർ തന്റെ സഹധർമിണി ലേഖാ ശ്രീകുമാറിന്റെ പാചകത്തെക്കുറിച്ച് പറയുന്ന വാക്കുകളാണിത്. വീട്ടിനുള്ളിൽ ഒളിഞ്ഞിരുന്ന ലേഖാ ശ്രീകുമാറിന്റെ പാചക വൈഭവം ഇപ്പോൾ നാട്ടിലെങ്ങും പാട്ടാണ്. തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ രുചി വൈഭവത്തിന്റെ വിഡിയോകൾ ലേഖ പങ്കിടുന്നുണ്ട്. പാട്ടിനെ ഇഷ്ടപ്പെടുന്ന അതേ ആവേശത്തിൽ തന്നെ ഭക്ഷണപ്രിയനുമായ എംജി ശ്രീകുമാറിന്റെ അടുക്കളയിൽ നിന്നു ചില പാചക വിശേഷങ്ങൾ...

കോവിഡ് കാലവും പാചകവും

കോവിഡ് കാലത്തിന് മുമ്പ് വരെ മറ്റൊരു ലൈഫ് സ്റ്റൈലായിരുന്നു. ശ്രീകുട്ടനോടൊപ്പം (എംജി ശ്രീകുമാർ) മിക്കവാറും എല്ലാ ഫങ്ഷണുകൾക്കും പോകും. കോവിഡും ലോക്ഡൗണുമൊക്കെ ആയപ്പോൾ എല്ലാവരെയും പോലെ വീട്ടിൽ അടച്ചിരിപ്പായി. എന്തെങ്കിലും കുക്ക് ചെയ്തും പാട്ടുകേട്ടുമൊക്കെയാണ് സമയം കളഞ്ഞത്. ഈ സമയത്താണ് ശ്രീകുട്ടൻ കുക്കിങ് വിഡിയോയ്ക്കായി ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ നിർബന്ധിച്ചത്.

ആദ്യ പാചകം ശ്രീകുട്ടൻ വക

എന്റെ യൂട്യൂബ് ചാനലിലെ ആദ്യ പാചക വിഡിയോ ശ്രീകുട്ടന്റെ വകയാണ്. അതും ശ്രീകുട്ടന് ഏറ്റവും ഇഷ്ടപ്പെട്ട മട്ടൻ റെസിപ്പി. ആ വിഡിയോയിൽ ഒരു പാചക വിദഗ്ധയായി എന്നെ പരിചയപ്പെടുത്തുകയും ചെയ്തു. മസാല ഒന്നും ചേർക്കാതെ വളരെ രുചികരമായി ശ്രീ ആ മട്ടൻ റെസിപ്പി തയാറാക്കി. മിക്കവാറും സുഹൃത്തുക്കൾക്കൊപ്പം കൂടുമ്പോഴാണ് ശ്രീകുട്ടന്റെ പാചക വൈദഗ്ധ്യം മുഴുവൻ പുറത്തു വരിക.

lekha-image
ലേഖാ ശ്രീകുമാർ

ശ്രീക്കുട്ടന് ഇഷ്ടമുള്ളത് കഴിക്കും

എന്തും പെട്ടെന്ന് കുക്ക് ചെയ്യുന്നതാണ് എന്റെ ഒരു രീതി. സിസ്റ്റമാറ്റിക്കായി ചെയ്താൽ അധിക സമയം കുക്കിങ്ങിന് വേണ്ടി വരില്ല. ശ്രീക്കുട്ടന് ഇഷ്ടമുള്ളത് എന്തും ശ്രീകുട്ടൻ കഴിക്കും. അതിന് വെജ് എന്നോ നോൺ വെജ് എന്നോ ഒന്നുമില്ല. മട്ടൻ ഭയങ്കര ഇഷ്ടമാണ് എന്നാൽ ബീഫിനോട് അത്ര താൽപര്യമില്ല. അമേരിക്കയിൽ ഒക്കെ ചെല്ലുമ്പോൾ അവിടുത്തെ മട്ടൻ രുചിയിൽ വ്യത്യാസമുണ്ട്. അപ്പോൾ ബീഫ് കഴിക്കും. ഫിഷ്, പ്രോൺസ്, ക്രാബ് എല്ലാം ശ്രീകുട്ടനിഷ്ടമാണ്. നല്ല രുചിയോടെ എന്ത് കൊടുത്താലും കഴിക്കുന്ന പ്രകൃതം. പൂ പോലത്തെ ഇഡ്‌ലി മൂന്ന് നാല് കൂട്ടം ചമ്മന്തിയോടൊപ്പം അല്ലെങ്കിൽ നല്ല മീൻ കറി മീൽസ് കിട്ടിയാൽ കുശാലായി. ഉച്ചയ്ക്ക് ചോറ് നിർബന്ധമാണ്. അതിപ്പോൾ വീട്ടിലാണെങ്കിലും പുറത്താണെങ്കിലും. 

ഞാൻ അൽപാഹാരിയാണ്

ശ്രീകുട്ടനെ പോലെ ഞാൻ എല്ലാം കഴിക്കില്ല. കുറച്ച് ചോറ്, ഒരു ഇ‍ഡ്‌ലി. വൈകുന്നേരം കൂട്ടാൻ കൂടുതലും ഇച്ചിരി ചോറും ഇങ്ങനെയൊക്കെയാണ് എന്റെ ഭക്ഷണരീതി. തല പോയാലും ശരി ശ്രീയ്ക്ക് ചോറ് കഴിച്ചേ പറ്റൂ.  യുഎസിൽ പോയാലും ലണ്ടനിൽ പോയാലും സിംഗപ്പൂരിൽ പോയാലും ഇന്ത്യൻ റസ്റ്റോറന്റ് അന്വേഷിച്ച് നടക്കലാണ് ശ്രീകുട്ടന്റെ പണി. അൽപം നാടൻ ഭക്ഷണം കിട്ടുമോ എന്നറിയാനാണ്. എനിക്ക് പിത്​സ പോലത്തെ ഫുഡ് ഇഷ്ടമാണ്. വിദേശയാത്രയ്ക്കിടെ മൂന്നു ദിവസം കഴിയുമ്പോൾ ഇത്തിരി ചോറ് കിട്ടിയാൽ കൊള്ളാം എന്ന് പറഞ്ഞ് അലയാറുണ്ട്. സു‍ഹൃത്തുക്കളുടെ വീടുകളാകും ആ സമയത്ത് ആശ്രയം.

പാചകത്തിൽ അമ്മയാണ് ഗുരു

എന്റെ പാചക ഗുരു എന്റെ അമ്മയാണ്. അവർ എനിക്ക് പകർന്നു തന്ന അറിവിൽ നിന്നാണ് പാചകം ഇന്നത്തെ പോലെ ആസ്വദിച്ച് ചെയ്യാൻ കഴിയുന്നത്. എല്ലാതരം റെസിപ്പികളും ഉണ്ടാക്കാൻ ഇഷ്ടമാണ്. ഇഷ്ട്ടപെട്ട വിഡിയോകളാണ് പോസ്റ്റ് ചെയ്യുന്നത്.. മലയാളികൾക്ക് പൊതുവേ ഇഷ്ടമുള്ള വിഭവങ്ങളുടെ വിഡിയോകളാണ് എടുക്കാൻ ശ്രദ്ധിക്കുന്നതും.

കാഴ്ചക്കാരുടെ അംഗീകാരം

പാചക വിഡിയോ കാണുന്നവർ പാചകത്തോടൊപ്പം നമ്മുടെ വസ്ത്രധാരണവും അവതരണരീതിയുമൊക്കെ ശ്രദ്ധിക്കാറുണ്ട്. നല്ല ഭംഗിയുള്ള സാരിയാണല്ലോ, പ്രസന്റേഷൻ കൊള്ളാമെന്നൊക്കെ ഒപുപാട് പേർ അഭിപ്രായം പറയാറുണ്ട്. നെഗറ്റീവ് കമന്റ് ഇടുന്നവരും ഉണ്ട്. പക്ഷേ അതൊക്കെ പോസീറ്റീവായി എടുക്കാനാണ് ഇഷ്ടം. കൂടുതൽ വിഡിയോകൾ ഇട്ടപ്പോൾ എന്നെ കുടുതൽ ആളുകൾ അടുത്ത് മനസിലാക്കിയതുപോലെ ഫീലിങ് വരുന്നു. അത് എനിക്കുകിട്ടിയ വലിയ അംഗീകാരമായി പലപ്പോഴും തോന്നിയിട്ടുണ്ട്.

lekha
ലേഖാ ശ്രീകുമാർ

ഓണസദ്യ

ഓണസദ്യയൊക്ക് തയാറാക്കുന്നത് നമുക്ക് വേണ്ടി മാത്രമാണല്ലോ? അങ്ങനെ തയാറാക്കി വിളമ്പുന്ന വിഡിയോയിൽ ‘ഞങ്ങൾക്ക് വേറെ ആരും ഇല്ല’ എന്നു പറഞ്ഞതിന് ധാരാളം കമന്റുകളാണ് വന്നത്. ഞാൻ പറഞ്ഞത് അച്ഛനമ്മമാരില്ല എന്നാണ്. പക്ഷേ നമ്മളെ ഇഷ്ട്ടപെടുന്നവർ നല്ല വാക്കുകൾ കൊണ്ടൊരു ഓണസദ്യ തന്നെ ഞങ്ങൾക്ക് ഒരുക്കുകയായിരുന്നു. സത്യം പറഞ്ഞാൽ കണ്ണുകൾ പോലും നിറഞ്ഞു. എന്നെ സ്നേഹിക്കുന്നവർ ഇത്ര പേരുണ്ടെന്ന് മനസിലാക്കിയ ദിനങ്ങളായിരുന്നു.

lekha-onam
ലേഖാ ശ്രീകുമാർ

അമേരിക്കയിലെ ക്രാബ് ഹൗസ്

രുചിയെക്കുറിച്ച് ഒരിക്കലും മറക്കാനാകാത്ത അനുഭവമായി എല്ലായിടത്തും ശ്രീകുട്ടൻ പറയുന്ന ഒന്നുണ്ട്, അമേരിക്കയിലെ ക്രാബ് ഹൗസ്. പ്ലാസ്റ്റിക് കൂടിനകത്ത് വലിയൊരു ക്രാബിനെ കറിവച്ച് കൊണ്ടുവരും കുറച്ച് ചോറും സൈഡിൽ വയ്ക്കും. നല്ല ടേസ്റ്റ് ആണ്. അവിടെ ഉണ്ടായിരുന്ന 10 ദിവസത്തിൽ 6 ദിവസവും അവിടെപോയി കഴിച്ചു. ചോറ് കഴിക്കുകയും ചെയ്യാം നല്ല രുചിയുള്ള കറിയും കിട്ടും അതായിരുന്നു അവിടുത്തെ ഹൈലൈറ്റ്.

അബദ്ധം പറ്റിയ രുചി യാത്ര

ഒരിക്കൽ അബദ്ധം പറ്റിയത് സ്പെയിൻ മാൻഡിഡ് പോയപ്പോഴാണ്. അവിടെ ശ്രീകുട്ടന്റെ സുഹൃത്തിനൊപ്പം നല്ല ലാംബിന്റെ ഇറച്ചി കിട്ടുന്ന സ്ഥലം തേടി പോയി. പേരുകേട്ട സ്ഥലമാണ്. നല്ല രുചിയായിരുന്നു. ഉപ്പോ മുളകോ ഒന്നും ചേർത്തിട്ടില്ല. അപാര രുചി. കൂടെ വന്ന സു‍ഹൃത്തിനോട് വേറെ എന്തെങ്കിലും ഇതുപോലെ കിട്ടുമോ എന്നു ചോദിച്ചപ്പോൾ പന്നി ഇറച്ചി ഇതുപോലെ കിട്ടും പക്ഷേ ദൂരെയാണെന്ന് പറഞ്ഞു. പിറ്റേദിവസം 120 കിലോമീറ്റർ സഞ്ചരിച്ച് അവിടെ ചെന്നു. നേരത്തേ വിളിച്ചുപറഞ്ഞതുകൊണ്ട് അവിടെ സ്ഥലം കിട്ടി.

1932 മുതലുള്ള  പുരാതനമായിട്ടുള്ള ഹോട്ടൽ ആണ്. സംഭവം ഓർഡർ ചെയ്തു. സാധനം ടേബിളിൽ എത്തി. അവരുടേതായ ചില ആചാരങ്ങളൊക്കെ നടത്തിയാണ് പന്നിയിറച്ചി തരുന്നത്. പന്നിയെ കൊണ്ടു വച്ച് ഒരാൾ വന്ന് വേദം ഒക്കെ ഓതി അതിന്റെ തലയിൽ പ്ലേറ്റ് ഒക്കെ വച്ച് 5 കുത്ത് കുത്തിയിട്ടാണ് തിന്നാൻ തരുന്നത്. ഇത് മേശപ്പുറത്ത് കൊണ്ട് വച്ചപ്പോൾ പെട്ടെന്ന് ഛർദിക്കാൻ വന്നു. അതിന്റെ മണം അങ്ങനെയായിരുന്നു.  കഴിക്കാനും വയ്യ കഴിക്കാതിരിക്കാനും വയ്യാത്ത അവസ്ഥ. കൂടെയുള്ള ക്ലീറ്റസ് എന്ന സുഹൃത്ത്  ചോറുണ്ണുന്നതുപോലെ കഴിക്കുകയാണ്. ഞാൻ മീനാണ് ഓർഡർ ചെയ്തത്. അത് വന്നപ്പോൾ‌ ആ ഏരിയ മുഴുവൻ നാറ്റം ആയിരുന്നു. ഞങ്ങൾ രണ്ടു പേരും അതിൽ നോക്കിയിരുന്നതല്ലാതെ ആ ഭക്ഷണം കഴിക്കാൻ പറ്റിയില്ല. അപൂർവ്വങ്ങളിൽ അപൂർവ്വമായ ആ ഭക്ഷണത്തിന് നല്ല വിലയുമായിരുന്നു!.

പരീക്ഷണങ്ങൾ കുറവാണ്

പരീക്ഷണങ്ങൾ അധികം നടത്താറില്ല. ശ്രീകുട്ടന് കൊടുക്കണമെന്ന് എനിക്ക് അറിയാം. സാധാരണ കറികളാണ് കൂടുതലും ഉണ്ടാകാറുള്ളത്. ചില ചൈനീസ് റസ്റ്റോറന്റകളിൽ പോയപ്പോൾ ഇഷ്ടപ്പെട്ട ചൈനീസ് വിഭവങ്ങളുണ്ട്. അതിൽ ചിലത് വീട്ടിലുണ്ടാക്കി നോക്കണമെന്നുണ്ട്. എന്തായാലും കൂടുതൽ നാടൻ രുചികളും വ്യത്യസ്ത വിഡിയോകളുമാണ് സജീവമാകാൻ തന്നെയാണ് തീരുമാനം.

English Summary : Food Talk with Vlogger Lekha MG Sreekumar.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com