ADVERTISEMENT

പശുവിന്‍ പാലൊഴിച്ച് ആട്ടിറച്ചി കഴുകി, വേവിച്ചെടുക്കുന്നത് എന്തിനാണെന്നറിയാമോ, സുരേഷ് പിള്ള പറയുന്ന മട്ടൺ സ്റ്റ്യൂ (Mutton Stew) റെസിപ്പി...

മട്ടൺ സ്റ്റ്യൂ

ചേരുവകൾ

വെളിച്ചെണ്ണ – 50 മില്ലി

ഉള്ളി കഷണങ്ങളായി അരിഞ്ഞത് – 1 വലുത്

ഇഞ്ചി നീളത്തിൽ അരിഞ്ഞത് – 30 ഗ്രാം

പച്ചമുളക് കീറിയത് – 3

കുരുമുളക് – 2 ഗ്രാം

പച്ച ഏലം – 2 ഗ്രാം

പെരുംജീരകം – 2 ഗ്രാം

ഗ്രാമ്പൂ– 2 ഗ്രാം

കറുവാപട്ട – 5 ഗ്രാം

ബേ ലീഫ് – 2

നെയ്യ് – 20 മില്ലി

കറിവേപ്പില – കുറച്ച് 

ഉപ്പ് – പാകത്തിന്

തേങ്ങാപാൽ – 1 വലിയ തേങ്ങ (ഒന്നാമത്തെയും രണ്ടാമത്തെയും പാൽ)

തൊലിയുള്ള ഉരുളക്കിഴങ്ങ് – 4

കാരറ്റ് മുഴുവനായി – 4

ഉള്ളി– 1

ഇ‍ഞ്ചി – 20ഗ്രാം

പച്ചമുളക് – 3

ജാതിപത്രി – 2 ഗ്രാം

സർവസുഗന്ധി ഇല – ഒന്ന്

കറിവേപ്പില – കുറച്ച്

കല്ലുപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

എല്ലോടു കൂടിയ ഇളം ആട്ടിറച്ചി പശുവിൻ പാലൊഴിച്ച് കഴുകി എടുക്കുക. വീണ്ടും പശുവിൻ പാലൊഴിച്ച് ആട്ടിറച്ചി ഒരു തിള വരുമ്പോൾ ഊറ്റി വെള്ളത്തിൽ നാലഞ്ചു തവണ വൃത്തിയായി കഴുകിയെടുക്കണം. ഇറച്ചിയുടെ ചൂരും മണവും ചോരയുമെല്ലാം പോകാനാണ് പാലിൽ കഴുകുന്നത്. 

ഇറച്ചി വേവിക്കാനായി നന്നായി കഴുകി മണ്ണ് കളഞ്ഞ തൊലിയോടു കൂടിയ ഉരുളക്കിഴങ്ങും കാരറ്റും കുക്കറിലേക്ക് ഇടണം. അതിലേക്ക് തൊലി കളഞ്ഞ ഒരു സവാളയും രണ്ട് പച്ചമുളകും തൊലി കളഞ്ഞ ഒരു കഷണം ഇഞ്ചിയും സർവ സുഗന്ധിയില രണ്ട്, ഒരു ജാതിപത്രിയും ഇട്ടു കൊടുക്കണം. അതിനു മുകളിലേക്ക് ആട്ടിറച്ചിയും ആവശ്യത്തിന് കല്ലുപ്പും കുറച്ചു കറിവേപ്പിലയും കുറച്ചു വെള്ളവുമൊഴിച്ച് മൂന്ന് വിസിലിൽ ഇറച്ചി വേവിക്കാനായി വയ്ക്കണം. 

ഇറച്ചി വേവുന്ന നേരം കൊണ്ട് സ്റ്റ്യൂ തയാറാക്കാനായി ഒരു സവാള വലിയ കഷണങ്ങളായി മുറിച്ചും ഇഞ്ചി നീളത്തിൽ അരിഞ്ഞും പച്ചമുളക് കീറിയും വയ്ക്കണം. അതിനോടൊപ്പം നല്ല വിളഞ്ഞു പഴുത്ത നാളികേരം ചിരകി, കുറച്ചു ചൂടുവെള്ളവും ഒഴിച്ച് കുറുകിയ ഒന്നാം പാലും കുറച്ച് രണ്ടാം പാലും എടുത്തു വയ്ക്കണം. 

ഉരുളി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കുരുമുളക്, ഏലയ്ക്ക, പട്ട, ഗ്രാമ്പൂ, തക്കോലം, ബേ ലീഫ്, പെരുംജീരകം എന്നിവ ചേർത്ത് നന്നായി വഴറ്റണം. അതിലേക്ക് അരിഞ്ഞുവച്ച സവാളയും ഇഞ്ചിയും പച്ചമുളകും ചേർത്ത് വഴറ്റണം. ഉള്ളി വെളിച്ചെണ്ണയിൽ ചെറുതായി വാടിവരുമ്പോൾ പ്രഷർ കുക്കറിൽ വെന്ത ആട്ടിറച്ചിയും കിഴങ്ങും ചേർത്തു കൊടുക്കണം. 

നല്ല മാർദവമായി വെന്ത ഇറച്ചിയിലേക്ക് തൊലിയോടു കൂടിയ കിഴങ്ങും കാരറ്റും ഉള്ളിയും ചേർക്കുക. അതിലേക്ക് രണ്ടാം പാലൊഴിച്ച് െചറിയ ചൂടിൽ പതിയെപ്പതിയെ വേവിക്കണം. ഇറച്ചിയോടൊപ്പം വെന്ത ഒരു ഉരുളക്കിഴങ്ങെടുത്ത് തൊലിയുരിച്ച് അതില്‍ ഒന്നാം പാലൊഴിച്ച് നന്നായി ഉടച്ച് ചേർക്കണം. ഇത് കറി കുറുകാൻ ഉത്തമമാണ്. ഇവയെല്ലാം നന്നായി വെന്ത് കുറുകി വരുമ്പോൾ ഒരൽപം കറിവേപ്പിലയും പശുവിൻ നെയ്യും ചേർത്തിളക്കി തീ കെടുത്തി വയ്ക്കാം. 

Content Summary : Kerala Style Mutton Stew Recipe by Chef Suresh Pillai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com