രുചിയൂറും നാടൻ മാങ്ങാക്കറിയുമായി വീണാസ് കറിവേൾഡ്

Mail This Article
വിളഞ്ഞ മൂവാണ്ടൻ മാങ്ങകൊണ്ട് വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന കറി.
ചേരുവകൾ
- പച്ച മാങ്ങ – 1 എണ്ണം
- വെള്ളരി – ഒരെണ്ണത്തിന്റെ പകുതി
- വെള്ളം – 1 1/2 കപ്പ്
- ഉപ്പ് – 1 1/4 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
- ഉള്ളി – 1/2
- പച്ചമുളക് – 2 എണ്ണം
- കായം – 2 നുള്ള്
- പഞ്ചസാര – 2 നുള്ള്
- കറിവേപ്പില
- വെളിച്ചെണ്ണ
താളിക്കുന്നതിന്
- വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
- കടുക് – 1/2 ടീസ്പൂൺ
- വറ്റൽ മുളക്– 2
- കറിവേപ്പില
- തേങ്ങ – 4 ടേബിൾ സ്പൂൺ
- പച്ചമുളക് – 1 എണ്ണം
- കടുക് – 1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
നല്ല വിളഞ്ഞ മൂവാണ്ടൻ മാങ്ങയും ഒരു വെള്ളരിക്കയുടെ പകുതിയും കനം കുറച്ച് ചെറുതായി അരിഞ്ഞു വയ്ക്കുക. അതിനു ശേഷം ഒരു കുക്കറിലേക്ക് ഇതു രണ്ടും കൂടി ഇട്ട് നന്നായി യോജിപ്പിക്കുക. ഇതിലേക്കു രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും ഒരു പകുതി സവാള (സവാളയോ ചെറിയുള്ളിയോ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം ചെറിയുള്ളിയാണെങ്കിൽ 5 എണ്ണം എടുക്കുക )അരിഞ്ഞതും അല്പം മഞ്ഞൾപ്പൊടിയും രണ്ടു നുള്ള് കായപ്പൊടിയും അര ടീസ്പൂൺ ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്ത് മീഡിയം ഫ്ലെയ്മിൽ മൂന്നു വിസിൽ വരെ വേവിക്കുക. കുക്കറിന്റെ പ്രഷർ മുഴുവൻ പോയ ശേഷം മാത്രം കുക്കർ തുറക്കുക.
ഇനി 4 ടേബിൾ സ്പൂൺ തേങ്ങ ചിരകിയതും ഒരു പച്ചമുളകും ഒരു നുള്ള് മഞ്ഞൾപ്പൊടിയും കാൽ ടീസ്പൂൺ കടുകും അല്പം വെള്ളവും ചേർത്ത് മഷി പോലെ അരച്ചെടുക്കുക.
ഇനി സ്റ്റൗ കത്തിച്ച് ഒരു കടായിയോ ചീനച്ചട്ടിയോ വച്ച് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടായിക്കഴിയുമ്പോൾ അര ടീസ്പൂൺ കടുകിട്ട് കൊടുക്കുക. കടുക് പൊട്ടിയ ശേഷം അതിലേക്കു രണ്ട് വറ്റൽ മുളക് മുറിച്ചിട്ടതും അല്പം കറിവേപ്പിലയും കൂടി ഇട്ട് മൂപ്പിക്കുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന മാങ്ങയും വെള്ളരിക്കയും കൂടി ചേർത്തു കൊടുക്കുക. മീഡിയം ഫ്ലെയിമിൽ രണ്ടു മൂന്നു മിനിറ്റു നേരം വഴറ്റി എടുക്കുക. അതിനുശേഷം തേങ്ങ അരച്ചതു കൂടി ഇതിലേക്ക് ചേർത്ത് നന്നായി മിക്സ്ചെയ്യുക. തേങ്ങയുടെ പച്ചമണം മാറുന്നതു വരെ വേവിക്കുക. വെള്ളം കുറവാണെന്നു തോന്നിയാൽ അല്പം ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. നന്നായി വെന്തു വരുമ്പോൾ തീ ഓഫ് ചെയ്ത് കുറച്ചു വെളിച്ചെണ്ണയും കറിവേപ്പിലയും കൂടി ചേർത്ത് അടുപ്പിൽ നിന്നു വാങ്ങാം.
English Summary : Special Nadan Manga Curry by Veena's Curryworld.