ADVERTISEMENT

ആരായിരിക്കും ആ സെലിബ്രറ്റി... കൊച്ചിയിലെ ലെ മെറഡിയൻ ഹോട്ടലിൽ റസ്റ്ററന്റ് ഷെഫ് പിള്ള ഉദ്ഘാടനം ചെയ്യുന്നത് ആരെന്നായിരുന്നു രുചിലോകം കാത്തിരുന്നത്. രണ്ടു ദിവസം മുൻപ് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ പ്രീ ലോഞ്ച് വിരുന്നിനെത്തിയിരുന്നു , അതിനും ഒരാഴ്ച മുൻപാണ് ഉലകനായകൻ കമലഹാസൻ ചെന്നൈയിലേക്ക് വിളിച്ച് നിർവാണ ഉണ്ടാക്കിത്തരാമോ എന്നാവശ്യപ്പെട്ടതും അത് മനസു നിറയെ കഴിച്ചതും. എന്നാൽ ഇവർ ആരുമല്ലായിരുന്നു ആ സെലിബ്രറ്റി. ഉദ്ഘാടനം വരെ സസ്പെൻസിലായിരുന്ന ആ ചോദ്യത്തിന് ഉത്തരമായി. ശ്യാമളചേച്ചിയും മണിസാറുമായിരുന്നു അഞ്ച് തിരിയിട്ട നിലവിളക്കിലെ ആദ്യ തിരികൾ തെളിച്ചത്.

ആരാണീ സെലിബ്രറ്റികൾ !!??

chef-with-shyamala-amd-moni-
ശ്യാമളയ്ക്കും ടി.എൻ.എസ്.മണിയ്ക്കുമൊപ്പം ഷെഫ് സുരേഷ് പിള്ള. ചിത്രം : റസൽ ഷാഹുൽ

സെലിബ്രറ്റി ഷെഫിന്റെ ഹൃദയത്തിൽ ആഴത്തിൽ സ്ഥാനം പിടിച്ച ആ ഇരുവർ – ശ്യാമളചേച്ചിയും മണിസാറും (ടി.എൻ.എസ്.മണി ) കൗമാരകാലം മുതൽ സുരേഷിന് മറക്കാനാവാത്ത പേരുകൾ. എട്ടാം ക്ലാസുകാരനായ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി സുരേഷിന് ആദ്യമായി ഹോട്ടൽ ജോലി നൽകിയത് അയൽക്കാരിയായ ശ്യാമളചേച്ചിയാണ്. മുത്തച്ഛനും അച്ഛനുമൊപ്പം നടത്തിയ ചായക്കടയിൽ ഒരു കൂട്ടിന് കൂടെ കൂട്ടിയതാണെങ്കിലും.

RCP-kochi-OPENING-
കൊച്ചി ലെ മെറഡിയൻ ഹോട്ടലിൽ ആരംഭിച്ച ‘റസ്റ്ററന്റ് ഷെഫ് പിള്ള’ ഉദ്ഘാടന ചടങ്ങിൽ സന്തോഷ് പിള്ള, ആർസിപി പാർട്ട്ണർ ജിജോ ജോർജ് നാച്ചേരിൽ , ടി.എൻ.എസ്.മണി, ശ്യാമള, ഇംപീരിയൻസ് ഹോട്ടലൽസ് സിഇഒ പി.ഐ. ദിലീപ്കുമാർ, ലെമെറഡിയൻ ജനറൽ മാനേജർ ദീപ് രാജ് മുഖർജി, സെയിൽസ് ‍‍ഡയറക്ടർ മെർവിൻ മാത്യു ,ഷെഫ് സുരേഷ് പിള്ള, കെ.എം.എ സീഫുഡ്സ് ഉടമ കെ.ശ്രീകുമാരൻ പിള്ള എന്നിവർ. ചിത്രം : റസൽ ഷാഹുൽ∙ മനോരമ

അഷ്ടമുടി കായലിൽ രാത്രിയിൽ തോണിയിൽ മീൻ പിടിച്ചു വരുന്ന മത്സ്യത്തൊഴിലാളികൾക്ക് പുട്ടും കറിയും വിളമ്പിയാണ് സുരേഷിന്റെ ഹോട്ടൽ ജീവിതത്തിനു തുടക്കം. പ്രീഡിഗ്രിക്കാലത്തിനു ശേഷം കൊല്ലം ബിഷപ് ജെറോം നഗറിലെ ഷെഫ് കിങ് ഹോട്ടലിൽ വെയിറ്ററായി ജോലി തേടിയെത്തിയപ്പോൾ ഒഴിവ് ഇല്ലാതിരുന്നിട്ടും സുരേഷിനെ ജോലിക്കെടുത്തത് ടി.എൻ.എസ്.മണി എന്ന മാനേജറാണ്. അന്നു അവിടെ പറഞ്ഞ എക്സ്പീരിയൻസ് ആദ്യ ഹോട്ടലിൽ പുട്ടു വിളമ്പിയ അനുഭവവും.

rcp-kochi-02
ശ്യാമള

ആഴ്ചയിൽ 20 രൂപ ശമ്പളം നൽകിയ ശ്യാമളചേച്ചിയും മാസം 450 രൂപ ശമ്പളം നൽകിയ മണിസാറുമാണ് കൃത്യമായ ഒരു ശമ്പളം സുരേഷിന് ആദ്യമായി നൽകിയവർ. ‘‘ബെംഗളൂരുവിലെ റസ്റ്ററന്റിൽ നിലവിളക്കു തെളിച്ചു തുടക്കം കുറിച്ചത് എന്റെ അമ്മയായിരുന്നു, കേരളത്തിൽ സ്വപ്നസമാനമായ തുടക്കം മാരിയറ്റിനൊപ്പം കൈകോർക്കുന്ന മുഹൂർത്തത്തിൽ ഭദ്രദീപം തെളിക്കാൻ ശ്യാമളചേച്ചിയെക്കാളും മണിസാറിനെക്കാളും യോഗ്യരായി മറ്റൊരു മുഖവും മനസിൽ വന്നില്ല.’’ – ഷെഫ് പിള്ള പറയുന്നു.

‘‘ടെലിവിഷനിൽ മഹാഭാരതം സീരിയലിനൊപ്പം എത്തുന്ന കോൾഗേറ്റിന്റെ പരസ്യം കാണുമായിരുന്നു. അന്നൊക്കെ ഉമിക്കരി കൊണ്ടാണ് പല്ലു തേച്ചിരുന്നത്. ശ്യാമളചേച്ചി തന്ന ഒരാഴ്ചത്തെ ശമ്പളമായ 20 രൂപ കൊണ്ടാണ് ഞാൻ ആദ്യമായി ടൂത്ത് പേസ്റ്റും ബ്രഷും വാങ്ങിയത് ..’’ ഓർമകളുടെ പഴയ കായലോളത്തിൽ ഷെഫ് സുരേഷ് പിള്ള സമൂഹമാധ്യമത്തിൽ കുറിച്ചു.

സമൂഹമാധ്യമത്തിൽ ഷെഫ് സുരേഷ് പിള്ള പങ്കുവച്ച കുറിപ്പ്...

TWO CELEBRITIES !!
നമസ്ക്കാരം കൂട്ടുകാരെ...
ജീവിതത്തിലെ വലിയൊരു സ്വപ്ന സാഫല്യത്തിന്റെ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. ഏറ്റവും പ്രിയപ്പെട്ട കുറച്ച് ആളുകളാണീ രുചി നിറഞ്ഞ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാനെത്തിയത്. കൊച്ചി ലെ മെറഡിയനിൽ കേരളത്തിലെ ആദ്യത്തെ റസ്റ്ററന്റ് ഷെഫ് പിള്ള ഇന്ന് പ്രവർത്തനം ആരംഭിച്ചു. ഷെഫായി ജോലി ചെയ്യുന്ന കാലത്തെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു ഹോട്ടൽ തുടങ്ങുക എന്നത്. ലോകോത്തര ഫൈവ് സ്റ്റാർ ഹോട്ടലിലെ റസ്റ്റന്റിൽ ഷെഫ് ഗോർഡൻ റാംസെ , ഷെഫ് അലൻ ഡികയ്സ് എന്നൊക്കെ പേരു കാണുമ്പോൾ കണ്ടിരുന്ന സ്വപ്നം. മാറിയറ്റ് ഗ്രൂപ്പ് നടത്തുന്ന കൊച്ചി ഹോട്ടൽ ലെ മെറഡിയനിൽ ഇന്ന് ഉച്ച ഭക്ഷണത്തോടെ റസ്റ്ററന്റ് ഷെഫ് പിള്ള രുചി വിളമ്പിത്തുടങ്ങി.

 

rcp-kochi-shyamala-restaurant
ഷെഫ് സുരേഷ് പിള്ള ആദ്യകാല അനുഭവങ്ങൾ പറയുമ്പേൾ വികാരാധീനയായി കണ്ണുനീർ തുടയ്ക്കുന്ന ശ്യാമള. ടി.എൻ.എസ്. മണി സമീപം. ചിത്രം : റസൽ ഷാഹുൽ

ലോകത്ത് എല്ലാ വൻകരകളിലും സജീവ സാന്നിധ്യമായ എണ്ണായിരത്തോളം ആഡംബര ഹോട്ടലുകൾ നടത്തുന്ന വലിയ സംരംഭകരാണ് യുഎസ് ആസ്ഥാനമായ മാറിയറ്റ് ഗ്രൂപ്പ്. ആദ്യമായാണ് അവരുടെ ഹോട്ടലിനകത്ത് അതിഥികൾക്ക് ഭക്ഷണം വിളമ്പാൻ പുറത്തു നിന്നൊരു റസ്റ്ററന്റിനെ ക്ഷണിച്ചു കൊണ്ടുവരുന്നത്. ഹോട്ടലുകൾ ഒരിക്കലും ചിന്തിക്കാത്ത കാര്യമാണത്. മുറി വാടക കഴിഞ്ഞാൽ പിന്നെ റസ്റ്ററന്റാണ് ഹോട്ടലിന്റെ പ്രധാന വരുമാനം. അവിടെയാണ് അവരുടെ റസ്റ്ററന്റിനൊപ്പം പുറത്തു നിന്നൊരു ബ്രാൻഡ് റസ്റ്ററന്റിനെ കൊണ്ടുവന്ന് കസ്റ്റമേഴ്സിന് ചോയിസ് കൊടുക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കേണ്ടത്. ഒരു മലയാളി സ്റ്റാർട്ടപ് കമ്പനിയെ മൈക്രോ സോഫ്റ്റ് പോലൊരു ബഹുരാഷ്ട്ര സൈബർ ഭീമൻ ഏറ്റെടുക്കുന്നു എന്നതു പോലൊരു കാര്യമാണിവിടെ സംഭവിച്ചത്. ഒരു യു.എസ് ബ്രാൻഡ് നടത്തുന്ന ഹോട്ടലിൽ ഒരു മലയാളി സർ നെയിം, പിള്ള എന്ന മലയാള മുന്നക്ഷരം ഇന്ന് എന്റെ ജീവിതത്തിലെ നിർണായക സ്ഥാനമുള്ള രണ്ട് പേർ നിലവിളക്കിലെ ആദ്യ തിരികൾ തെളിച്ച് ഒരു ഇന്റർനാഷൻ ബ്രാൻഡിന്റെ ഭാഗമായി.

chef-pillai-with-staff
ടീം ആർസിപി. ഷെഫ് സുരേഷ് പിള്ള ജീവനക്കാർക്കൊപ്പം. ചിത്രം : റസൽ ഷാഹുൽ

 

rcp-kochi-03
കുടുംബ ചിത്രം
rcp-kochi-06
അമ്മ രാധ ഭാര്യ രമ്യ എന്നിവർക്കൊപ്പം ഷെഫ് സുരേഷ് പിള്ള.

ശ്യാമള ചേച്ചിയും മണിസാറും
കൗമാരക്കാലത്തെ ഒരിക്കലും മറക്കാനാവാത്ത പേരുകളാണ് ശ്യാമളച്ചേച്ചിയും മണിസാറും. ഇരുവർക്കും എനിക്ക് തിരിച്ചു നൽകാൻ കഴിയുന്ന ദക്ഷിണയാണിത്. ജീവിതത്തിൽ പുതിയ ഉയരങ്ങളിലേക്ക് കയറുമ്പോളും വലിയ ശമ്പളങ്ങളിലേക്ക് കടക്കുമ്പോഴും ആഗ്രഹിക്കാത്ത സൗഭാഗ്യങ്ങളൊക്കെ കിട്ടുമ്പോഴും എല്ലാം ഒന്നും പ്രതീക്ഷിക്കാതെ എന്നെ കൈപിടിച്ച് ഉയർത്തിയത് ഇവർ രണ്ടു പേരെയും ഓർമ്മിക്കാറുണ്ട്. ആ ഓർമ്മകളുടെ പിൻബലം വലിയ കരുത്താണ് നൽകുന്നത്. ഹോട്ടൽ ലെ മെറഡിയനിൽ കേരളത്തിലെ ആദ്യ റസ്റ്ററന്റ് ഷെഫ് പിള്ള ആരംഭിക്കുമ്പോൾ ആ ശുഭ മുഹൂർത്തത്തിന് തിരി തെളിക്കാൻ മറ്റൊരു മുഖവും പേരും മനസിൽ വന്നില്ല. ശ്യാമളച്ചേച്ചിയും മണിസാറും തന്നെയാണ് അതിന് ഏറ്റവും യോജ്യരെന്നു തന്നെ മനസ് പറഞ്ഞു. ഉദ്ഘാടനം ഏത് സെലിബ്രറ്റിയാണ് ചെയ്യുന്നത് എന്നാണ് കുറച്ചു ദിവസമായി രുചി ലോകം അന്വേഷിച്ചു കൊണ്ടിരുന്നത്.

rcp-kochi-04
ഷെഫ് സുരേഷ് പിള്ള ലെ മെറഡിയനിലെ ടീം അംഗങ്ങൾക്കൊപ്പം.

 

എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്ത് അഷ്ടമുടിയിലെ മീൻ പിടുത്തക്കാരായ വള്ളക്കാർക്ക് പുട്ടും പപ്പടവും പയറും കൊടുത്തിരുന്ന വൈകിട്ട് ഏഴരക്ക് തുറന്ന് പുലർച്ചെ അ‍ഞ്ചരക്ക് അടച്ചിരുന്ന നാടൻ ചായക്കടയിൽ ശ്യാമളച്ചേച്ചിയെ സഹായിക്കാൻ നിന്നതായിരുന്നു എന്റെ ഹോട്ടൽ ജീവിതത്തിന്റെ തുടക്കം. ആ അനുഭവത്തിന്റെ ധൈര്യത്തിലാണ് പ്രീഡിഗ്രിക്കാലത്ത് കൊല്ലത്തെ ഷെഫ് കിങ് ഹോട്ടൽ മാനേജറായിരുന്ന സുബ്രമണ്യൻ എന്ന മണിസാർ , ജോലി തേടിച്ചെന്ന എന്നോട് മുൻ പരിചയം ഉണ്ടോ എന്നു ചോദിച്ചപ്പോൾ ഹോട്ടലിൽ സപ്ലെയറായി നിന്നിട്ടുണ്ട് എന്നു പുട്ടു പോലെ പറഞ്ഞത്. എനിക്ക് ആദ്യമായി ക‍‍ൃത്യമായി ശമ്പളം തന്നത് തൊഴിൽ ദാതാക്കളായ ഇവർ ഇരുവരുമാണ്. ടെലിവിഷനിൽ മഹാഭാരതം സീരിയലിൽ കോൾ ഗേറ്റ് പേസ്റ്റിന്റെ പരസ്യം കാണുമായിരുന്നു. അന്നൊക്കെ ഉമിക്കരി കൊണ്ടാണ് ഞാൻ പല്ലു തേച്ചിരുന്നത്. ശ്യാമളച്ചേച്ചി തന്ന ഒരാഴ്ചത്തെ ശമ്പളം 20 രൂപ കൊണ്ടാണ് ‍ഞാൻ ആദ്യമായി ടൂത്ത് പേസ്റ്റും ബ്രഷും വാങ്ങിയത്.നിറയെ സ്റ്റാഫുള്ള ഒരു ഹോട്ടലിൽ ഒഴിവില്ലാതിരുന്നിട്ടും എന്നെ നിയമിക്കാൻ സന്മനസ് കാട്ടിയ ശ്യാമളച്ചേച്ചിയെക്കാളും മണിസാറിനെക്കാളും മറ്റാരാണ് ഇന്ന് ആദ്യ തിരിതെളിക്കാൻ അർഹർ.

rcp-kochi-02

 

rcp-kochi-06
അമ്മ രാധ , ഭാര്യ രമ്യ എന്നിവർക്കൊപ്പം ഷെഫ് സുരേഷ് പിള്ള.
rcp-kochi-04
റസ്റ്ററന്റ് ഷെഫ് പിള്ള ടീം അംഗങ്ങൾ

ലണ്ടനിലെ ജോലി അവസാനിപ്പിച്ച് കൊല്ലം റാവിസിൽ എത്തിയ എനിക്ക് മാറിയറ്റുമായി കൈ കോർക്കാൻ അവസരം ഒരുക്കിയ എന്റെ ഗുരുതുല്യനായ ദിലീപ് സാർ , കേരളത്തിലെ ഹോട്ടൽ ഇൻഡസ്ട്രിയിലുള്ള പലരുടെയും ആരാധ്യനാണ് പി.ഐ.ദിലീപ്കുമാർ. ലോകം മുഴുവൻ സഞ്ചരിക്കുകയും മീഷെലീൻ സ്റ്റാർ റസ്റ്ററന്റുകളെ നന്നായി അറിയുകയും ചെയ്യുന്ന അദ്ദേഹമാണ് മറിയറ്റ് , എംഫാർ, ലെമെറഡിയൻ എന്നീ ലോകോത്തര ബ്രാൻഡുകൾക്കൊപ്പം ആർസിപിയെ ചേർത്തു നിർത്തിയത്. 3 വർഷത്തെ ശ്രമഫലമായിയാണിത് സംഭവിച്ചത്. ലെ മെറ‍ഡിയനിലെ ജനറൽ മാനേജർ ദീപ് രാജ് മുഖർജി, സെയിൽസ് ഡയറക്ടർ മെർവിൻ മാത്യു ഇവരുടെയും നിരന്തര ശ്രമം കൂടികൊണ്ടാണീ സ്വപ്നം യാഥാർഥ്യമായത്. ശ്യാമളചേച്ചി, മണിസാർ, ദീലീപ്സാർ, ദീപ് രാജ് മുഖർജി, മെർവിൻ മാത്യു എന്നീ അഞ്ചുപേരായിരുന്നു ഇന്നത്തെ ഉദ്ഘാടകർ.

rcp-kochi-03
കുടുംബചിത്രം

 

English Summary : Chef Pillai is all set to open a brand-new restaurant that showcases the authentic flavours of Kerala in Kochi called ‘Restaurant Chef Pillai’.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com