മലയാളികളുടെ പാചകരീതിയിൽ വരുത്തേണ്ട 5 മാറ്റങ്ങൾ

HIGHLIGHTS
  • ഓവർ കുക്കിങ് അണ്ടർ കുക്കിങ്...രണ്ടും വേണ്ട!
  • കൈപുണ്യം ഇല്ല, പാചകം ചെയ്യാൻ അറിയില്ല...പരാതി വേണ്ട!
SHARE

ഭക്ഷണരീതികളിൽ പരമ്പരാഗതമായി വന്ന ചില സംഗതികളുണ്ട്, ഓരോ പത്തുവർഷം കഴിയുമ്പോഴും കുറേ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കും. അനുദിന പാചകരീതിയിൽ കുറച്ചു മാറ്റങ്ങൾ കൊണ്ടുവന്നാൽ ടേസ്റ്റിലും അത് പ്രതിഫലിക്കും. ഇതിനു ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഷെഫ് സുരേഷ് പിള്ള സംസാരിക്കുന്നു.

ഓവർ കുക്കിങ് അണ്ടർ കുക്കിങ്...രണ്ടും വേണ്ട

അമിതമായി വേവിക്കുക അല്ലെങ്കിലും തീരെ വേവുകുറച്ച് എടുക്കുക, ഇത് രണ്ടും ഒഴിവാക്കണം. പ്രത്യേകിച്ച് മത്സ്യവിഭവങ്ങൾ അമിതമായി വേവിച്ച് എടുക്കുന്ന ഒരു പ്രവണത കാണാറുണ്ട്. ധാരാളം വെള്ളം ഒഴിച്ച് മീൻ വേവിച്ച് ആ ചാറ് വറ്റിച്ചെടുക്കുന്നതാണ് പാകം എന്നു കരുതുന്നവരുണ്ട്...ഇങ്ങനെ അമിതമായി വേവിച്ച് എടുക്കുമ്പോൾ അതിന്റെ ഗുണങ്ങൾ എല്ലാം നഷ്ടപ്പെടും.

പച്ചക്കറികൾ, ചിക്കൻ, മത്സ്യം, മാംസം എല്ലാത്തിനും വേകാൻ ഒരു നിശ്ചിത സമയം മതി, ഓരോന്നിന്റെയും വേകുന്നതിന് ആവശ്യമായ സമയം അറിഞ്ഞിരിക്കണം. പച്ചക്കറികൾക്കും ഇത് ബാധകമാണ്, ചിലർ അവിയൽ തയാറാക്കുമ്പോൾ അത് വെന്ത് കൂട്ടുകറിയുടെ പരുവത്തിലേക്ക് എത്താറുണ്ട്. 

നാടൻ സാലഡ് ശീലമാക്കാം...

സാലഡ്
സാലഡ്

നമുക്ക് ചുറ്റും ധാരാളം ഇലക്കറികൾ ലഭ്യമാണ്, വേണ്ട രീതിയിൽ ഇതൊന്നും ഉപയോഗിക്കാറില്ല എന്നതാണ് വാസ്തവം. സമീകൃത ആഹാരം ശീലമാക്കാൻ സാധിക്കുമ്പോഴൊക്കെ ശ്രമിക്കണം. ഏറ്റവും കുറവ് സാലഡ് കഴിക്കുന്നവർ മലയാളികളാണ് എന്ന് പൊതുവേ പറയാറുണ്ട്. വിവാഹവിരുന്നുകളിൽ പങ്കെടുക്കുമ്പോൾ പോലും നേരിട്ട് മെയിൻ കോഴ്സ് കഴിക്കുകയാണ്. സൂപ്പ് , സാലഡ്, മെയിൻ കോഴ്സ് എന്ന രീതിയിൽ കഴിക്കാൻ ശ്രദ്ധിക്കണം. അരിയുടെ ഉപയോഗം കുറയ്ക്കാൻ ഭക്ഷണത്തോടൊപ്പം സാലഡ് ശീലമാക്കിയാൽ മതി. സൂപ്പർ മാർക്കറ്റിൽ നിന്നും വിലകൂടിയ ഇലകളൊന്നും മേടിക്കാതെ വളരെ ലളിതമായി സാലഡ് തയാറാക്കാം. മുറ്റത്തു നിന്നും കിട്ടുന്ന ചീര, ചക്ക, മാങ്ങ, പേരയ്ക്ക...എന്തും ഉപയോഗിച്ച് സാലഡ് തയാറാക്കാം. നിരവധി രുചിക്കൂട്ടുകൾ വിരൽ തുമ്പിൽ ലഭ്യമാണ്. വ്യത്യസ്തമായ ഡ്രസിങ് ഉപയോഗിച്ചാൽ പലതരത്തിലുള്ള രുചിരസങ്ങളും ആസ്വദിക്കാം.

പാചകത്തിനുള്ള ചേരുവകൾ വാങ്ങുന്നതിലുള്ള ശ്രദ്ധ!

1248-vegetables
Image Credit : Malayala Manorama

പണ്ടൊക്കെ കടകളിൽ പോയി സാധനങ്ങൾ വാങ്ങുമ്പോൾ ആൾക്കാർ ഓരൊന്നും കേടില്ല എന്ന് ഉറപ്പു വരുത്തിയാണ് വാങ്ങിയിരുന്നത്. വലിയ വിലകൊടുത്തു മോശം ചേരുവകൾ വാങ്ങിക്കാതിരിക്കുക. തിരഞ്ഞെടുക്കുന്ന സാധനങ്ങൾ ഏറ്റവും മികച്ചതാണെന്ന് ഉറപ്പു വരുത്തണം.

പാചകം എളുപ്പമാക്കാൻ പ്ലാനിങ് വേണം

തലേ ദിവസം തന്നെ പിറ്റേദിവസത്തേക്ക് എന്താണ് തയാറാക്കേണ്ടത് എന്നു തീരുമാനിക്കുകയും അതിനുള്ള തയാറെടുപ്പുകൾ നടത്തുകയും ചെയ്യുക, പ്ലാനിങ് പാചകം എളുപ്പമാക്കും. 

കൈപുണ്യം ഇല്ല, പാചകം ചെയ്യാൻ അറിയില്ല...പരാതി വേണ്ട!

പാചകത്തിൽ തുടക്കക്കാർ പലപ്പോഴും കണ്ണിൽ കണ്ട സാധനങ്ങൾ എല്ലാം വാങ്ങിക്കൂട്ടാറുണ്ട്, ആവശ്യാനുസരണം ഉപകരണങ്ങൾ വാങ്ങിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ധാരാളം സാധനങ്ങൾ തിക്കിനിറച്ച അടുക്കളയിൽ പാചകം ചെയ്യാനേ തോന്നില്ല. പാചക വിഡിയോകൾ കണ്ടും നോക്കിയും ആവശ്യാനുസരണം സാവധാനം പാചകം രസകരമാക്കണം. വിഭവങ്ങൾ ഒന്നോ രണ്ടോ തവണ ഉണ്ടാക്കി നോക്കുമ്പോൾ പരാജയപ്പെട്ടേക്കാം. നമ്മൾ ചേർക്കുന്ന മസാലകൾ ആദ്യം ഇത്തിരി കൂടുതലാകും, ചിലപ്പോൾ കരിഞ്ഞു പോകും...ഇതൊക്കെ രുചിച്ചു നോക്കി മനസിലാക്കി തിരുത്തി മുൻപോട്ടു പോകാൻ സാധിക്കും. അതിലൊന്നും മനം മടുക്കരുത്, ശീലമില്ലാത്തവർക്ക് ഇത് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന കാര്യമല്ല. ഒരു മീൻ കറി നിങ്ങൾ പത്തു തവണ ഉണ്ടാക്കി മോശമായാലും പതിനൊന്നാമത്തെ ശ്രമം മുതൽ പിന്നീട് എപ്പോഴും നല്ല രീതിയിൽ ഉണ്ടാക്കാൻ പറ്റും. ഇതൊരു റോക്കറ്റ് സയൻസോ കൈപുണ്യം ഉണ്ടെങ്കിൽ മാത്രം ചെയ്യാവുന്ന കാര്യമോ അല്ല...സ്ഥിരമായി പരിശീലനം ചെയ്താൽ എല്ലാവർക്കും ഏറ്റവും മനോഹരമായി ഭക്ഷണം ഉണ്ടാക്കാൻ പറ്റും.

chef-suresh-pillai-cooking-style
ഷെഫ് സുരേഷ് പിള്ള

കൈപുണ്യം ഇല്ല, പാചകം ചെയ്യാൻ അറിയില്ല, ഞാനുണ്ടാക്കിയാൽ മോശമാണ് എന്നുള്ള ചിന്തകൾ വേണ്ട. പ്രാക്ടീസാണ് പാചകത്തിൽ പ്രധാനം. 

English Summary : Chef Suresh Pillai on Cooking habits in Chef Talks.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS