എപ്പോഴും ഒരേ രീതിയിൽ ചിക്കൻ കറി വയ്ക്കാതെ ഇതൊന്നു പരീക്ഷിച്ചു നോക്കൂ ; റിമി ടോമി
Mail This Article
നോർത്തിന്ത്യൻ രുചിയിലൊരു ചിക്കൻ കറി, റൊട്ടിക്കും ചപ്പാത്തിക്കുമൊപ്പം സൂപ്പർ രുചിയാണ്. ഭക്ഷണം തയാറാക്കുന്നത് ഇഷ്ടത്തോടെ ചെയ്യുമ്പോൾ എളുപ്പത്തിൽ ചെയ്യാൻ സാധിക്കും, കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട രുചിയിലാണ് റിമി ചിക്കൻ കറി തയാറാക്കുന്നത്.
ചേരുവകൾ
- ചിക്കൻ – അരക്കിലോ (ബോൺലെസ്)
- പിരിയൻമുളക് – 6
- കശുവണ്ടിപ്പരിപ്പ് – 10 എണ്ണം
- തക്കാളി – 2 എണ്ണം
- സവാള – 2
- ഉപ്പ് – 1 ടീസ്പൂൺ
- മല്ലിപ്പൊടി – 2 ടീസ്പൂൺ
- മുളകുപൊടി – 1 ടീസ്പൂൺ
- ഗരംമസാല – 1/2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- തക്കാളി – 2
- കസൂരിമേത്തി - 1 ടീസ്പൂൺ
- എണ്ണ - 4 ടേബിൾസ്പൂൺ
- വെള്ളം – 200 മില്ലിലിറ്റർ
തയാറാക്കുന്ന വിധം
ഉണക്കമുളകും കശുവണ്ടിപ്പരിപ്പും ഫ്രൈയിങ് പാനിൽ മൂന്നു മിനിറ്റു റോസ്റ്റ് ചെയ്ത ശേഷം മിക്സിയുടെ ജാറിൽ പൊടിച്ച് എടുക്കാം. ഇതിലേക്ക് ഒരു തക്കാളിപ്പഴവും ചേർത്തു വീണ്ടും അരച്ച് എടുത്ത് മാറ്റിവയ്ക്കാം.
ഫ്രൈയിങ് പാൻ ചൂടാക്കി എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള അരിഞ്ഞത് ചേർത്തു വഴറ്റി എടുക്കാം. ആവശ്യത്തിന് ഉപ്പ് ചേർക്കാം. സവാള വഴന്ന ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രണ്ടും സ്പൂൺ ചേർക്കാം.
തീ കുറച്ച ശേഷം ഗരംമസാല, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്തു യോജിപ്പിക്കാം. ഇതിലേക്കു കുറച്ചു വെള്ളം തളിച്ചു കൊടുത്ത ശേഷം (മീഡിയം തീയിൽ ചിക്കൻ) കഷ്ണങ്ങൾ ചേർത്ത് 5 മിനിറ്റ് ഇളക്കി യോജിപ്പിക്കാം. ഇതിലേക്ക് അരച്ചുവച്ച മുളക് – കശുവണ്ടിപ്പരിപ്പ് മിശ്രിതം ചേർത്തു കൊടുത്തു നന്നായി യോജിപ്പിച്ച് എടുക്കാം. എണ്ണ തെളിഞ്ഞുവരുന്നതുവരെ വേവിക്കാം. ഇതിലേക്കു 200 മില്ലിലിറ്റർ വെള്ളം ചേർത്ത് ഏറ്റവും ചെറിയ തീയിൽ 15 മിനിറ്റ് വേവിക്കാം. ഇതിലേക്കു ഒരു ടീസ്പൂൺ കസൂരിമേത്തി ചേർത്തു തീ ഓഫ് ചെയ്യാം.
English Summary : Special chicken curry video by Rimi Tomy.