ഫ്രം മൈ ഹാർട്ട്...തായ്‌ലൻഡ് രുചികളൊരുക്കി ഷെഫ് ജുൻസാവത് ഉയ്‌വാൻ കൊച്ചിയിൽ

SHARE

ഭക്ഷണം തയാറാക്കുന്നതിൽ സന്തോഷമനുഭവിക്കുന്നയാളാണ് ഷെഫ് ഗൂങ് എന്നു പാചകലോകം വിളിക്കുന്ന ഷെഫ് ജുൻസാവത് ഉയ്‌വാൻ. തായ്‌ലൻഡിലെ ചെറിയൊരു ഗ്രാമത്തിൽനിന്നു കൊച്ചിയിലേക്കുള്ള ഗൂങിന്റെ രുചിയാത്ര അത്ര എളുപ്പമായിരുന്നില്ല. പാചകം തുടങ്ങിയത് അമ്മയ്ക്കൊപ്പമാണ്. ഒൻപത് സഹോദരങ്ങളുള്ള വീട്ടിലേക്കുള്ള ഭക്ഷണം തയാറാക്കലായിരുന്നു ആദ്യ പാഠം. തായ്‌ലൻഡിലെ സീ ഫുഡ് വിഭവങ്ങൾ അസ്സലായി തയാറാക്കാൻ അമ്മ കുട്ടിക്കാലത്തുതന്നെ പഠിപ്പിച്ചു. 

സ്കൂൾ പഠനം പൂർത്തിയാക്കിയ ശേഷം ബാങ്കോക്കിലെത്തി, റസ്റ്ററന്റ് ജോലിക്കു ശ്രമിച്ചു, ക്ലീനിങ് വിഭാഗത്തിലാണ് ആദ്യം ജോലികിട്ടിയത്. ഭക്ഷണം പാചകം ചെയ്യുന്നതു പതിവായി നോക്കിനിന്നിരുന്ന ഗൂങ്ങിനോട് പാചകം പഠിച്ച് ഷെഫാകാൻ അവിടുത്തെ പ്രധാന ഷെഫ് നിർദേശിച്ചു. രണ്ടു വർഷം കൊണ്ട് റസ്റ്ററന്റ് പാചകം പഠിച്ചെടുത്ത ഗൂങ്ങിനെ തേടി നിരവധി അവസരങ്ങൾ വന്നു. ബാങ്കോക്കിൽനിന്നു ജോർദാനിലേക്കായിരുന്നു രുചിക്കൂട്ടൊരുക്കാനുള്ള ആദ്യ യാത്ര. ഭാഷയുടെ പ്രശ്നം പല സ്ഥലത്തും നേരിടേണ്ടി വന്നെങ്കിലും പാചകം എന്ന കല കൊണ്ട് അതിനെയൊക്കെ മറികടക്കാം എന്ന ആത്മവിശ്വാസം ഇതിനോടകം ഷെഫ് സ്വന്തമാക്കിയിരുന്നു. ജോലിക്കൊപ്പം അത്യാവശ്യം ഇംഗ്ലിഷും പഠിച്ചെടുത്തു. ഒരാളുടെ ഹൃദയത്തിലേക്കുള്ള വഴി നല്ല ഭക്ഷണം തന്നെ, ഭാഷയൊരു പ്രശ്നമേയല്ല എന്ന് ഭക്ഷണം കഴിച്ചവരൊക്കെ പറഞ്ഞു. പല രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ഇപ്പോൾ കൊച്ചിയിലെത്തിയിരിക്കുകയാണ് ഷെഫ് ഗൂങ്.

തായ് – കേരള ഫ്യൂഷൻ, പരമ്പരാഗത തായ് രുചികൾ ഇതൊക്കെ കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് തായ് സോൾ കിച്ചണിൽ നിമിഷ നേരം കൊണ്ടു ഷെഫ് തയാറാക്കിത്തരും. ഓപ്പൺ കിച്ചണിൽ ഷെഫ് ജുൻസാവത്തിന്റെ നേതൃത്വത്തിൽ നല്ല സ്പൈസി ടേസ്റ്റി കറികൾ, സാലഡ്, റോസ്റ്റ്, ഡസേർട്ട്... രുചികളിലൂടെ കേരളത്തിന്റെ ഹൃദയം കവർന്നു കഴിഞ്ഞു ഷെഫ് ജുൻസാവത്ത്. മനോരമ ഓൺലൈൻ വായനക്കാർക്കായി ഷെഫ് ഒരുക്കിയ വ്യത്യസ്ത രുചിക്കൂട്ടുകൾ ഇതാ...

01.  പനാങ് കറി ലാംബ്

ആട്ടിറച്ചി കഴിക്കാൻ ഇഷ്ടപ്പെടുന്നവരെ കൊതിപ്പിക്കുന്ന രുചിക്കൂട്ടാണ് തായ് സ്പെഷൽ പനാങ് കറി ലാംബ്.

ചേരുവകൾ

പനാങ് കറി പേസ്റ്റ് - 60 ഗ്രാം ചുവന്ന മുളക് ചൂടു വെള്ളത്തിൽ 10 മിനിറ്റ് കുതിർത്തത്, ഗലാൻഗൽ (ഇഞ്ചി വർഗത്തിൽപെട്ട ഒരു ദക്ഷിണേഷ്യൻ സുഗന്ധവ്യഞ്ജനം ), വെളുത്തുള്ളി, ചെറിയ ഉള്ളി, ലെമൺഗ്രാസ്, മല്ലിയില, കാഫിർ ലൈം ഇലയും നാരങ്ങയുടെ തൊലിയും, ഷ്രിം പേസ്റ്റ്, മല്ലിപ്പൊടി, ജീരകപ്പൊടി, കടല എന്നിവ മുളക് കുതിർത്ത വെള്ളം (ആവശ്യത്തിന്) ചേർത്ത് മിക്സിയിൽ അരച്ച് എടുത്തത്.

 • തേങ്ങാപ്പാൽ - 80 മില്ലിലീറ്റർ
 • ലാംബിന്റെ തുടയെല്ലിന്റെ ഭാഗം (Shanks) - 250 ഗ്രാം (വേവിച്ചത്)
 • പാം ഷുഗർ - 10 ഗ്രാം
 • വൈറ്റ് ഷുഗർ - 5 ഗ്രാം
 • ഫിഷ് സോസ് - 10 മില്ലിലീറ്റർ
 • ലൈറ്റ് സോയ സോസ്  - 5 മില്ലിലീറ്റർ
 • ഓയിൽ - 25 മില്ലിലീറ്റർ
 • കാഫിർ ലൈം (Kaffire lime) - 5 ഗ്രാം
 • കോക്കനട്ട് ക്രീം (അലങ്കരിക്കാൻ)
 • ചുവന്ന മുളക്  (അലങ്കരിക്കാൻ)

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ഓയിൽ ചൂടാകുമ്പോൾ കറിപേസ്റ്റ് ചൂടാക്കി അതിലേക്കു തേങ്ങാപ്പാൽ, പാം ഷുഗർ, വൈറ്റ് ഷുഗർ, ഫിഷ് സോസ്, സോയ സോസ് എന്നിവ ചേർക്കാം. ഇതിലേക്കു മസാല പുരട്ടി വരട്ടിയെടുത്ത ആട്ടിറച്ചി ചേർക്കാം. ഉണക്കമുളകും കാഫിർ ലൈം ലീവ്സും കോക്കനട്ട് ക്രീമും ചേർത്ത് അലങ്കരിച്ചു വിളമ്പാം.

02. ആവിയിൽ വേവിക്കാം, മസാലയിൽ പൊതിഞ്ഞ കൊഞ്ച് ; ടേസ്റ്റ് ഓഫ് തായ്‌ലൻഡ്

സോസ് രുചികളുടെ സാഗരമാണ് തായ് ഫുഡ്. വലുപ്പമുള്ള കൊഞ്ച് നീളത്തിൽ വരഞ്ഞ് ഉള്ളിൽ മസാല നിറച്ച് 10 മിനിറ്റു കൊണ്ട് ആവിയിൽ വേവിച്ച് എടുക്കാം.

ചേരുവകൾ

 • കൊഞ്ച് – 150 ഗ്രാം
 • ഫിഷ് – 60 മില്ലി
 • ഫിഷ് സോസ് – 10 മില്ലി
 • റെഡ് കറി പേസ്റ്റ് – 10 ഗ്രാം
 • ഓയ്സ്റ്റർ സോസ് – 5 മില്ലിലീറ്റർ
 • കാഫിർ ലൈം ലീവ്സ് – 3 ഗ്രാം
 • വെളുത്തുള്ളി – 5 ഗ്രാം
 • പഞ്ചസാര – 5 ഗ്രാം
 • കോക്കനട്ട് ക്രീം – 10 മില്ലിലീറ്റർ
 • റെഡ് ചില്ലീസ് – 5 ഗ്രാം
 • മല്ലിയില – അലങ്കരിക്കാൻ

തയാറാക്കുന്ന വിധം

 • കൊഞ്ചും മീനും വൃത്തിയാക്കി എടുക്കുക. മീൻ കഷ്ണം പൊടിയായി അരിഞ്ഞ് എടുക്കണം. 
 • ഫിഷ് സോസ്, റെഡ് കറി പേസ്റ്റ്, ഓയ്സ്റ്റർ സോസ്, വെളുത്തുള്ളി, പഞ്ചസാര, കാഫിർ ലൈം ലീവ്സ് എന്നിവ യോജിപ്പിച്ച് ഇതിലേക്കു പൊടിയായി  അരിഞ്ഞെടുത്ത മീൻ കഷ്ണങ്ങൾ ചേർത്തു യോജിപ്പിക്കാം.
 • വൃത്തിയാക്കിയ കൊഞ്ചിന്റെ ഒരു വശത്ത് നീളത്തിൽ വരഞ്ഞ് മീൻ മസാല നിറയ്ക്കാം. ഈ മിശ്രിതം ഉപയോഗിച്ച് കൊഞ്ച് പൊതിഞ്ഞെടുക്കാം.
 • 10 മിനിറ്റ് ആവിയിൽ വേവിച്ച് എടുക്കാം.
 • കോക്കനട്ട് ക്രീം, ചില്ലി ഫിഷ് സോസ്, കാഫിർ ലൈം ലീവ്സ്, റെഡ് ചില്ലീസ്, മല്ലിയില എന്നിവ ഉപയോഗിച്ച് അലങ്കരിച്ചു വിളമ്പാം.

03. സ്പൈസി ചിക്കൻ സാലഡ്, ടേസ്റ്റ് ഓഫ് തായ്‌ലൻഡ്

എളുപ്പം തയാറാക്കാവുന്ന ചിക്കൻ സാലഡ് രുചി, വറുത്തെടുത്ത അരിപ്പൊടിയും പലതരത്തിലുള്ള സോസുകളും ചേരുമ്പോൾ സ്വാദിഷ്ഠം.

ചേരുവകൾ

 • ചിക്കൻ – 200 ഗ്രാം
 • വറുത്തെടുത്ത അരിപ്പൊടി – 20 ഗ്രാം
 • സവാള – 20 ഗ്രാം
 • സ്പ്രിങ് ഒനിയൻ – 15 ഗ്രാം
 • മിന്റ് ലീവ്സ് – 5 ഗ്രാം
 • കാഫിർ ലൈം ലീവ്സ് – 3 ഗ്രാം
 • ഫിഷ് സോസ് – 10 മില്ലി
 • സോയ സോസ് (ലൈറ്റ്) – 5 മില്ലി
 • ചില്ലി ഫ്ലേക്ക്സ് – 5 ഗ്രാം
 • നാരങ്ങാനീര് – 10 മില്ലി
 • ഓയിൽ – ആവശ്യത്തിന് 

തയാറാക്കുന്ന വിധം

വൃത്തിയാക്കിയ ചിക്കൻ വളരെ ചെറിയ കഷ്ണങ്ങളായി മുറിക്കുക.

ഒരു ചീനച്ചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചിക്കൻ കഷ്ണങ്ങൾ വേവിച്ച് എടുക്കാം, നന്നായി ഇളക്കി യോജിപ്പിച്ചു കൊടുക്കണം. ചിക്കൻ വെന്ത ശേഷം ഇതിലേക്കു വറുത്തെടുത്ത അരിപ്പൊടി, സ്പ്രിങ് ഒനിയൻ, ഫിഷ് സോസ്, ലൈറ്റ് സോയ സോസ്, ലൈം ജ്യൂസ്, സവാള, മിന്റ് ലീവ്സ്, ചില്ലി ഫ്ലേക്ക്സ് എന്നിവ ചേർത്തു യോജിപ്പിച്ച് എടുക്കാം. മിന്റ് ലീവ്സ് ഉപയോഗിച്ച് അലങ്കരിച്ചു വിളമ്പാം.

04. സ്പൈസി ഹോട്ട് സൂപ്പ്

ചിക്കൻ, കൊഞ്ച്, പച്ചക്കറികൾ എല്ലാം ചേരുന്നൊരു സ്പൈസി ഹോട്ട് സൂപ്പ്, തായ് സ്പെഷൽ രുചിക്കൂട്ടിൽ.

ചേരുവകൾ

 • കൊഞ്ച് – 80 ഗ്രാം
 • ചിക്കൻ – 80 ഗ്രാം
 • പഞ്ചസാര – 10 മില്ലി
 • തായ് ലൈറ്റ് സോയ സോസ് – 5 ഗ്രാം
 • ഫിഷ് സോസ് – 5 ഗ്രാം
 • ടാമറൈഡ് സോസ് – 10 മില്ലി
 • നാരങ്ങാ നീര് – 5 മില്ലി
 • ഹോട്ട് ബേസിൽ – 5 ഗ്രാം
 • തായ് ചില്ലി സോസ് – 5 മില്ലി
 • ഗലാൻഗൽ – 3 ഗ്രാം
 • മിന്റ് ലീവ്സ് – 3 ഗ്രാം
 • തായ് റെഡ് ചില്ലി – 5 ഗ്രാം
 • മഷ്റൂം – 10 ഗ്രാം
 • കാഫിർ ലൈം ലീവ്സ് – 3 ഗ്രാം
 • മല്ലിയില – 3 ഗ്രാം

തായ് ഹെർബ്സ് തിളപ്പിച്ച് എടുക്കാൻ

 • ലെമൺ ഗ്രാസ് – 5 ഗ്രാം
 • ഗലാൻഗൽ –5 ഗ്രാം
 • കാഫിർ ലൈം ലീവ്സ് – 5 ഗ്രാം
 • തായ് റെഡ് ചില്ലീസ് (ചെറുത്) – 5 ഗ്രാം

തയാറാക്കുന്ന വിധം

വൃത്തിയാക്കിയ കൊഞ്ച് 25 സെക്കൻഡ് തിളച്ച സ്റ്റോക്കിൽ ഇട്ട ശേഷം തൊലി പൊളിച്ച് എടുക്കുക.

സ്റ്റോക്കിലേക്കു കൊഞ്ചും ചിക്കൻ കഷ്ണങ്ങളും ചേർക്കാം. ഇതിലേക്കു ഹോട്ട് ബേസിൽ, പഞ്ചസാര, തായ് ലൈറ്റ് സോസ്, ഫിഷ് സോസ്, ടാമറൈഡ് സോസ്, നാരങ്ങാനീര്, തായ് ചില്ലി സോസ്, ലെമൺ ഗ്രാസ്സ്, ഗലാൻഗൽ, മിന്റ് ലീവ്സ്, തായ് റെഡ് ചില്ലീസ്, മഷ്റൂം, കാഫിർ ലൈം ലീവ്സ് ചേർക്കാം. ചിക്കൻ, കൊഞ്ച് കഷ്ണങ്ങൾ വേവുന്നതു വരെ തിളപ്പിക്കാം. ചുവന്ന മുളകും മല്ലിയിലയും ഉപയോഗിച്ച് അലങ്കരിക്കാം.

05. കോക്കനട്ട് ക്രീം ചേർത്ത ബ്ലാക്ക് റൈസ് പുഡ്ഡിങ്

കേരള –തായ് ഫ്യൂഷൻ രുചിയിലൊരു പുഡ്ഡിങ്, കേരളത്തിലെ ചക്കപ്പഴവും തായ്‌ലൻഡ് രുചികളുമായി ചേർന്നൊരു ഹെൽത്തി പുഡ്ഡിങ്.ചേരുവകൾ

 • ബ്ലാക്ക് റൈസ് – 80 ഗ്രാം
 • പാം ഷുഗർ – 30 ഗ്രാം
 • വൈറ്റ് ഷുഗർ – 20 ഗ്രാം
 • ഉപ്പ് – 3 ഗ്രാം
 • പാൻഡൻ ലീവ്സ് – 1
 • താരോ (കിഴങ്ങ്)
 • വാട്ടർ ചെസ്നട്ട് – 10 ഗ്രാം
 • ഫ്രഷ് സ്വീറ്റ് കോൺ – 10 ഗ്രാം
 • കോക്കനട്ട് സോസ് – 30 മില്ലി
 • ചക്കപ്പഴം – അലങ്കരിക്കാൻ ആവശ്യത്തിന് 

  തയാറാക്കുന്ന വിധം
 • ബ്ലാക്ക് റൈസ് ഒരു മണിക്കൂർ വെള്ളത്തിൽ കുതിർക്കുക.
 • അതിനുശേഷം ബ്ലാക്ക് റൈസും വാട്ടർ ചെസ്നട്ടും 30 മിനിറ്റ് വേവിച്ച് എടുക്കുക.
 • വെന്ത ശേഷം ഇതിലേക്കു പാം ഷുഗർ, വൈറ്റ് ഷുഗർ, പാൻഡൻ ലീവ്സ് എന്നിവ ചേർക്കാം. യോജിപ്പിച്ച ശേഷം ഒരു ബൗളിലേക്കു മാറ്റി സ്വീറ്റ് കോൺ, താരോ, ചക്കപ്പഴം എന്നിവ ഉപയോഗിച്ച് അലങ്കരിക്കാം. മുകളിലായി കോക്കനട്ട് സോസ് ചേർത്തു വിളമ്പാം.

English Summary : Celebrate the flavours of Thailand in Kochi with chef Junsawat Kluaywan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.