ഉൗണ് ഉഗ്രനാക്കാൻ ഹോം മെയ്ഡ് നാരങ്ങ അച്ചാർ

Mail This Article
ഉൗണിന് എത്ര കറിയുണ്ടെങ്കിലും പാത്രത്തിന്റെ അരികത്ത് അച്ചാറില്ലെങ്കിൽ പലർക്കും തൃപ്തിയാവില്ല. വീടുവിട്ട് താമസിക്കേണ്ടി വരുമ്പോൾ പലർക്കും ഉൗണിനു കൂട്ട് നാരങ്ങ അച്ചാറാണ്. എങ്കിൽപിന്നെ നാരങ്ങ അച്ചാറിട്ട് ഒഴിവുനേരത്തെ ബോറടി മാറ്റിയാലോ?
ആവശ്യമായ ചേരുവകൾ
ചെറുനാരങ്ങ/ വലിയ നാരങ്ങ – 1 കിലോ
മുളകുപൊടി – 4 ടീസ്പൂൺ
കശ്മീരി മുളകുപൊടി – രണ്ടര ടീസ്പൂൺ
വറുത്ത ഉലുവാപ്പൊടി – കാൽ ടീസ്പൂൺ
കായപ്പൊടി – മുക്കാൽ ടീസ്പൂൺ
വിനാഗിരി – 3 ടേബിൾ സ്പൂൺ
ഉലുവ – കാൽ ടീസ്പൂൺ
കടുക് – മുക്കാൽ ടീസ്പൂൺ
വെളുത്തുള്ളി – 10– 15 അല്ലി
കറിവേപ്പില – ആവശ്യത്തിന്
വറ്റൽ മുളക് – 3 എണ്ണം
പച്ചമുളക് – 2 എണ്ണം
ശർക്കര – ചെറിയ കഷണം
ഇളം ചൂടുവെള്ളം – കാൽ കപ്പ്
തയാറാക്കുന്ന വിധം
നാരങ്ങ കഴുകി തുടച്ച് ആവിയില്‍ അഞ്ചു മിനിറ്റ് പുഴുങ്ങിയെടുക്കുക. ജലാംശം നന്നായി തുടച്ചു നീക്കിയതിനു ശേഷം ചെറിയ കഷണങ്ങളായി മുറിക്കണം. മസാലപ്പൊടികളിലേക്കു വിനാഗിരിയും ഇളംചൂടുവെള്ളവും ഒഴിച്ചു നന്നായി യോജിപ്പിച്ചു കുഴമ്പുപരുവത്തിലാക്കണം. കട്ടിയുള്ള ചീനച്ചട്ടിയിൽ നല്ലെണ്ണയൊഴിച്ചു ചൂടായി വരുമ്പോൾ ഉലുവയിട്ടു മൂപ്പിച്ച്, കടുക് ഇട്ട് പൊട്ടി വരുമ്പോൾ നീളത്തിൽ അരിഞ്ഞ വെളുത്തുള്ളിയും കറിവേപ്പിലയും വറ്റൽമുളകുമിട്ടു മൂപ്പിക്കുക. വെളുത്തുള്ളിയുടെ നിറം മാറിവരുമ്പോൾ കലക്കിവച്ച അച്ചാർ ലായനി എണ്ണയിലേക്കു ചേർത്ത് ഇളക്കിക്കൊടുക്കണം. മസാല മൂത്തു വരുമ്പോൾ ആവശ്യത്തിന് ഉപ്പും അര കപ്പ് ഇളം ചൂടുവെള്ളവും ചേർക്കുക. തിളച്ചു വരുമ്പോൾ എരിവും പുളിയും തുല്യമാക്കാനായി ശർക്കരയും ചേർക്കണം. ഇതിലേക്കു നാരങ്ങയും വട്ടത്തിൽ അരിഞ്ഞ പച്ചമുളകും ചേർത്തു കൊടുക്കുക. നന്നായി ഇളക്കി തീയണച്ചു വയ്ക്കണം. അച്ചാർ തണുത്ത ശേഷം കുപ്പി ഭരണിയിലേക്കു മാറ്റി രണ്ടു ദിവസം കഴിഞ്ഞ് ഉപയോഗിക്കുക.
Content Summary : Lime Pickle Recipe by Chef Suresh Pillai