ഹൃദയത്തിലേക്കുള്ള ഏറ്റവും നല്ല വഴി ഭക്ഷണത്തിലൂടെയാണ് എന്നതാണു തത്വം. നല്ലൊരു മീൻ കറിയുണ്ടെങ്കിൽ കറി വേറെ വേണോ ഭക്ഷണപ്രേമികൾക്ക്, അതും നല്ല ഒന്നാന്തരം നാടൻ രുചിയിൽ ഒരു കരിമീൻ കെ. കെ. ആയാലോ? കരിമീൻ കരിക്കിലും കാന്താരിയിലും തേങ്ങാപ്പാലൊഴിച്ചു തിളപ്പിച്ചിട്ടുള്ള സ്പെഷൽ ഡിഷാണ്. അപ്പം, പത്തരി, പൊറോട്ട, ചപ്പാത്തി, ബ്രെഡ്, ബസ്മതി റൈസ് എന്നിവയുടെ കൂടെ കഴിക്കാം. ഫ്രെഷ് കരിമീനാണെങ്കിൽ ആ കരിമീനിന്റെ ടേസ്റ്റ് ശരിക്കും ഫീൽ ചെയ്യും. രുചിക്കൂട്ട് വായിൽ വെള്ളം നിറയ്‌ക്കുമെന്ന കാര്യത്തിൽ സംശയമില്ല. വറത്തും പൊരിച്ചും കറിവച്ചും കരിമീൻ വിഭവങ്ങൾ പലതരമുണ്ട്. കരിക്കും കാന്താരിയും ചേർന്ന വ്യത്യസ്തമായ ഈ രുചിക്കൂട്ട് ഒരുക്കിയിരിക്കുന്നത് ഷെഫ് സിനോയ് ജോണും ഷെഫ് രാഹുലും ചേർന്നാണ്.
കരിമീൻ കരിക്ക് കാന്താരി ചേരുവകൾ
- കരിമീൻ – 1 കിലോഗ്രാം (ചെറുത്)
- വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
- ഉലുവ – 1 ടീസ്പൂണ്‍
- കറിവേപ്പില
- ഇഞ്ചി നീളത്തിൽ അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
- വെളുത്തുള്ളി– 1 ടേബിൾ സ്പൂൺ
- കാന്താരി മുളക് – 20 ഗ്രാം
- ചെറിയുള്ളി – 150 ഗ്രാം
- വറ്റൽ മുളക് ചതച്ചത് – 2 ടീസ്പൂൺ
- കരിക്ക് – 3 എണ്ണം
- ഉപ്പ് – 1 1/2 ടീസ്പൂൺ
- നാരങ്ങാ നീര് – 2 നാരങ്ങയുടേത്
- തേങ്ങപ്പാൽ (ഒന്നാംപാൽ) – ഒരു തേങ്ങയുടേത്
തയാറാക്കുന്ന വിധം

ഒരു ഉരുളി വച്ച് ചൂടായി വരുമ്പോൾ അതിലേക്കു രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ (5ഗ്രാം) ഉലുവ ഇട്ട് പൊട്ടിത്തുടങ്ങുമ്പോൾ 15 ഗ്രാം ഇഞ്ചി (ജൂലിയനായി അരിഞ്ഞത്) വെളുത്തുള്ളി രണ്ടായി മുറിച്ചതും കുറച്ച് കറിവേപ്പിലയും കൂടി പകുതി മൂത്തു വരുമ്പോൾ 150 ഗ്രാം ചെറിയുള്ളി അരിഞ്ഞതും ഞെട്ട് കളഞ്ഞ കാന്താരി മുളകും( 20 ഗ്രാം) ഇട്ടു വഴറ്റുക. ഇവ പാകത്തിനു വഴന്നു വരുമ്പോൾ രണ്ട് ടീസ്പൂൺ വറ്റൽമുളക് ചതച്ചതും കൂടി ഇട്ട് ഒന്നു ചൂടാക്കി എടുക്കുക. ഇനി ഇതിലേക്ക് കരിക്കിന്റെ വെള്ളം ചേർത്തു കൊടുക്കുക. ഒരു കിലോ മീനിന് രണ്ട് കരിക്കിന്റെ വെള്ളമാണ് ചേർക്കുന്നത്. ഇതിലേക്ക് അധികം മൂക്കാത്ത കരിക്ക് കൂടി ചേർക്കുക. ഇത് നന്നായി തിളച്ചു വരുമ്പോൾ ഒന്നര ടീസ്പൂൺ (8 ഗ്രാം) ഉപ്പും രണ്ട് നാരങ്ങ വീതം പിഴിഞ്ഞതും കൂടി ചേർത്തു നന്നായി ഇളക്കുക. ശേഷം ഇതിലേക്ക് കരിമീൻ ഇട്ട് ഒരു വാഴയില കൊണ്ട് പാത്രം മൂടി വച്ച് വേവിക്കുക. മീൻ വേകാനായി 3–5 മിനിട്ട് മതിയാകും. മീൻ വെന്തു വരുമ്പോൾ അതിലേക്ക് ഒന്നാം പാലൊഴിച്ച് പാത്രം ഒന്നു ചുറ്റിക്കുക. ഇത് ഒന്ന് ചെറുതായി തിളപ്പിച്ചാൽ ചാറ് നല്ലവണ്ണം കുറുകി കിട്ടും. ചെറിയ തിള വന്ന ശേഷം തീ ഓഫ് ചെയ്ത് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയും കുറച്ച് കറിവേപ്പില ഞെരടിയതും കൂടി ഇട്ടു വാങ്ങാം.
Content Summary : Enjoy your meal with Karimeen karikku kanthari curry.