നെയ്മീൻ പൊരിച്ചതും തേങ്ങയരച്ച മീൻ കറിയും; ഊണ് കഴിക്കാൻ ഇതാ മികച്ചയിടം
Mail This Article
നല്ല തേങ്ങയരച്ച മീൻ കറിയും മീൻ പൊരിച്ചതും കൂടെ ഒരു കൂട്ടം കറികളും അവിയലും ചമ്മന്തിയും, നല്ല കുറുകിയ പുളിശേരിയും കൂടിയായാൽ അന്നത്തെ ഊണ് കെങ്കേമം. ഇങ്ങനെ ഒരു ഗ്രാൻഡ് ഊണ് കഴിക്കണം എന്ന് തോന്നിയാൽ തിരുവനന്തപുരം ടൗണിലാണ് നിങ്ങൾ നിൽക്കുന്നത് എങ്കിൽ, വേറെ എങ്ങോട്ടും പോകേണ്ട നേരെ വച്ചുപിടിച്ചോ, തമ്പാനൂരുള്ള ഹോട്ടൽ ഹൈലാൻഡിലേക്ക്. അവിടെ നിങ്ങളെ കാത്തിരിക്കുന്നത് വിഭവസമൃദ്ധമായ ഫിഷ് കറി മീൽസാണ്.
ഒരു ഒത്ത കഷ്ണം നെയ്മീൻ വറുത്തത് നിങ്ങളുടെ പാത്രത്തിന്റെ സൈഡിൽ ഇരിക്കുന്നതു കാണാൻ തന്നെ എന്ത് രസമായിരിക്കും അല്ലേ. അതിന്റെ കൂടെ തേങ്ങയരച്ച കുറുകിയ മീൻ കറിയും പുളിശ്ശേരിയും കൂട്ടി കുഴച്ച് നല്ല കുത്തരി ചോറ് ഒരു പിടി പിടിക്കണം. പിന്നെ ഇതൊക്കെ ആസ്വദിച്ച് കഴിക്കണമെന്നുണ്ടെങ്കിൽ ഉച്ചയ്ക്ക് ഒരു മണിക്കും രണ്ടുമണിക്കും ഇടയിൽ തന്നെ ചെല്ലണം. അല്ലെങ്കിൽ ഈ നെയ്മീൻ വറുത്തതും മീൻകറിയും ചിലപ്പോൾ അതിന്റെ കൂടെയുള്ള കിടുക്കാച്ചി ചമ്മന്തി പോലും കിട്ടി എന്ന് വരില്ല. അത്ര ഡിമാൻഡാണ് ഹൈലാൻഡിലെ ഫിഷ് കറി മീൽസിന്.
വറുക്കാനും കറി വയ്ക്കാനും ഇവിടെ നെയ്മീൻ തന്നെയാണ് ഉപയോഗിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മീൻ കറി തേങ്ങ അരച്ചാണ് വയ്ക്കുന്നത്. ഊണിന്റെ കൂടെ നല്ല തേങ്ങ ചമ്മന്തിയും ലഭിക്കും. സാമ്പാറും രസവും എന്നുമുണ്ടാകും. ബാക്കി കറികളെല്ലാം ഓരോ ദിവസവും വ്യത്യാസപ്പെട്ടിരിക്കും. അവിയലിന്റെ കൂടെ കൂട്ട് കറിയോ തോരനോ, അങ്ങനെ എന്തെങ്കിലും ഒക്കെ ഓരോ ദിവസവും മാറിമാറി വരും. പുളിശ്ശേരിയിലും ഹൈലാൻഡ് സ്പെഷ്യാലിറ്റി നിറഞ്ഞുനിൽക്കുന്നത് കാണാം. ഒരു ദിവസം പൈനാപ്പിൾ പുളിശ്ശേരി ആണെങ്കിൽ അടുത്ത ദിവസം പഴം പുളിശ്ശേരി ആയിരിക്കും. നല്ല കുറാ കുറാന്ന് ഇരിക്കുന്ന പുളിശ്ശേരി ഒഴിച്ച് ഒരുപിടി കുത്തരി ചോറൊന്ന് വാരി കഴിക്കണം ആഹാ. അന്തസ്.
പായസത്തിലും ഓരോ ദിവസം ഈ റസ്റ്ററൻറ് വ്യത്യസ്തത കൊണ്ടുവരാറുണ്ട്. തമ്പാനൂരിലെ മാഞ്ഞാളിക്കുളം റോഡിലുള്ള ഹൈലാൻഡ് ഹോട്ടലിലെ സിറ്റി ക്വിൻ എന്ന റസ്റ്റോറന്റിലാണ് ഈ സൂപ്പർ ഫെയ്മസ് ഊണ് ലഭിക്കുന്നത്. അപ്പോൾ ഇനി തിരുവനന്തപുരത്ത് യാത്ര ചെയ്യുമ്പോൾ ഹൈലൈൻഡിലെ സൂപ്പർ ഫിഷ് കറി മീൽസ് ഒന്ന് ട്രൈ ചെയ്തു നോക്കൂ.