ഭൂമിക്കടിയില്‍, 345 ദശലക്ഷം വർഷം പഴക്കമുള്ള ഗുഹയില്‍ ഇരുന്ന് ഭക്ഷണം കഴിച്ചാലോ?

Mail This Article
ബീച്ചുകളിലും പര്‍വതങ്ങളിലുമെല്ലാമായി, ചുറ്റുമുള്ള കാഴ്ചകള്‍ കണ്ടാസ്വദിച്ച് ഭക്ഷണം കഴിക്കാനുള്ള ഒട്ടേറെ റസ്റ്ററൻ്റുകളുണ്ട്. എന്നാല്‍ അതിപുരാതനമായ ഒരു ഗുഹയ്ക്കുള്ളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് എങ്ങനെയുള്ള ഒരു അനുഭവമായിരിക്കും എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? അങ്ങനെയൊരു അതുല്യ അനുഭവമാണ് അരിസോണയിലെ കാവേൺ ഗ്രോട്ടോ റസ്റ്ററൻ്റ് ഒരുക്കുന്നത്.
ലോകത്തിലെ 7 പ്രകൃതിദത്ത അദ്ഭുതങ്ങളിൽ ഒന്നായ ഗ്രാന്‍ഡ് കാന്യണിന്‍റെ ഉള്ളിലായാണ് കാവേൺ ഗ്രോട്ടോ. ഗ്രാൻഡ് കാന്യോണിൻ്റെ സൗത്ത് റിമ്മിൽ നിന്ന് 140 മൈൽ തെക്കുപടിഞ്ഞാറായി അരിസോണയിലെ പീച്ച് സ്പ്രിംഗ്സിന് സമീപമുള്ള പ്രദേശത്തിന് താഴെയായി കാണുന്ന ഗുഹകളുടെ ഒരു വലിയ ശൃംഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഗുഹയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ലോകമെമ്പാടുമുള്ള ചുരുക്കം ചില റസ്റ്ററൻ്റുകളിൽ ഒന്നാണ് കാവേൺ ഗ്രോട്ടോ. എലിവേറ്ററും പുള്ളി സംവിധാനവും ഉപയോഗിച്ച് മുകളിലെ അടുക്കളയിൽ നിന്ന് താഴെയുള്ള ഡൈനിംഗ് റൂമിലേക്ക് ഭക്ഷണം എത്തിക്കുന്നു.
കൊളറാഡോ നദിയുടെ ഭൗമപ്രക്രിയകളുടെ ഫലമായി രൂപംകൊണ്ട ഒരു ബൃഹത് ഗിരികന്ദരമാണ് (Canyon) ഗ്രാൻഡ് കാന്യൺ. 446 കിലോമീറ്റർ നീളമുള്ള ഇതിന് 29 കിലോമീറ്ററോളം വീതിയുണ്ട്. ഒരു കിലോമീറ്ററിലധികം ആഴമുള്ള ഗർത്തങ്ങളാണ് ഇവിടെയുള്ളത്. ശൃംഖലയുടെ ഏറ്റവും ആഴമേറിയ വിള്ളലുകളിലൂടെ കടന്നുപോകുന്ന ഹാർഡ് ഹാറ്റ് ടൂറുകൾ ജനപ്രിയമാണ്. സ്ഥിരമായി വെള്ളം ഒഴുകാത്ത ഇടമായതിനാല്‍ വരണ്ട ഗുഹകളാണ് ഈ ഭാഗത്ത് ഉള്ളത്. അതിനാൽ അവയിൽ സ്റ്റാലാഗ്മിറ്റുകളും സ്റ്റാലാക്റ്റൈറ്റുകളും പോലുള്ള രൂപവത്കരണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
വാള്‍ട്ടര്‍ പെക്ക് എന്നയാളുടെ ഉടമസ്ഥതയിലായിരുന്നു ഗുഹയ്ക്ക് ചുറ്റുമുള്ള എണ്ണൂറോളം ഏക്കര്‍ സ്ഥലം ഉണ്ടായിരുന്നത്. 1927 ല്‍ ഗുഹയ്ക്കുള്ളിലേക്ക് ഇടറി വീണ പെക്ക്, അവിടെ കണ്ട അയൺ ഓക്‌സൈഡും സെലനൈറ്റ് പരലുകളും സ്വർണ്ണവും വജ്രവുമാണെന്ന് തെറ്റിദ്ധരിക്കുകയും ചുറ്റുമുള്ള 800 ഏക്കർ വാങ്ങുകയും ചെയ്തു. പിന്നീട് ഇവ വിനോദസഞ്ചാരികള്‍ക്ക് തുറന്നുകൊടുത്തു.
ഇത്തരം ഗുഹകളിലൂടെയുള്ള ടൂറുകളില്‍ ഒന്നിലാണ് ഗ്രാൻഡ് കാന്യോൺ കാവേൺസിൻ്റെ ഉടമ ജോൺ മക്ഇനുൾട്ടിക്ക്, ഭൂമിക്കടിയിൽ ഒരു റെസ്റ്റോറൻ്റ് നിർമ്മിക്കാനുള്ള ആശയം ലഭിച്ചത്. ഉപരിതലത്തിൽ നിന്ന് 200 അടി താഴെയായി കാണുന്ന ഭാഗം ഡൈനിംഗ് റൂമായി ഉപയോഗിക്കാം എന്ന് ജോണ്‍ കണക്കുകൂട്ടി.
ഏകദേശം 345 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ടതായി കണക്കാക്കപ്പെടുന്ന ഗുഹകള്‍ക്ക് പാരിസ്ഥിതിക പ്രാധാന്യമുണ്ട്. അതിനാല്‍ ഇവ നിരന്തരം പരിപാലിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഓരോ രണ്ടു മാസം കൂടുന്തോറും ഇവിടെ അധികൃതര്‍ പരിശോധന നടത്തുന്നു.
ഉച്ചഭക്ഷണവും അത്താഴവുമാണ് ഇവിടെ വിളമ്പുന്നത്. ഒരേ സമയം 20 ആളുകളെ വരെ ഉൾക്കൊള്ളാൻ കഴിയും.കൂടുതല്‍ നേരം ഗുഹാനുഭവം ആസ്വദിക്കാന്‍ ആഗ്രഹം ഉള്ളവര്‍ക്ക് ഉപരിതലത്തിൽ നിന്ന് 220 അടി താഴെയുള്ള, ഗ്രാൻഡ് കാന്യോൺ കാവേൺസ് കേവ് സ്യൂട്ട് ബുക്കുചെയ്യാം.