നെത്തോല‍ി ഒരു ചെറിയ മീനല്ല

SHARE

ഇത് നെത്തോല‍ിയുടെ കാലമാണ്. നെത്തോല‍ിയുടെ സീസണിൽ ആവശ്യാനുസരണം നെത്തോല‍ി കഴിക്കുക എന്നതാണ് പ്രധാനം. ആൻജോവിസ് എന്നറിയപ്പെടുന്ന ഈ ചെറുമത്സ്യം ലോകത്തെല്ലാ സമൂഹങ്ങളുടെയും പ്രിയങ്കരമായ മത്സ്യമാണ്. പാസ്തയിലും പീത്‌സയിലും മുതൽ പലതരം സലാഡുകളിൽവരെ ചേർത്ത് ഇത് അവർ കഴിക്കുന്നു. കേരളത്തിൽ വന്നാലോ, വളരെ രുചികരമായ നെത്തോല‍ി ഫ്രൈയും നെത്തോല‍ി മാങ്ങയിട്ട കറിയും അങ്ങനെ പലതരം വിഭവങ്ങൾ.

ഔഷധങ്ങളുണ്ടാക്കാനും നെത്തോലി ഉപയോഗിക്കും. വെളുത്ത വലിയ നെത്തോല‍ിക്കാണ് ആവശ്യക്കാർ കൂടുതൽ. ഇതിന് ഔഷധഗുണം കൂടുതലാണ്. പ്രാദേശിക വിപണിയിലും ഈയിനം മീനിനാണ് ആവശ്യക്കാരുള്ളത്. കരിനെത്തോലി ഉൾപ്പെടെ വിവിധയിനം നെത്തോലികൾ കേരളത്തിൽ ലഭിക്കുന്നുണ്ട്. ഏറ്റവും വില കുറവുള്ളതു കരിനെത്തോലിക്കാണ്. ദിവസവും ടൺകണക്കിനു നെത്തോലിയാണു കേരള തീരത്തുനിന്ന് അതിർത്തി കടക്കുന്നത്.

netholi-peera.jpg.image

‘നെത്തോല‍ി ഒരു ചെറിയ മീനല്ല’ 

രൂപംകൊണ്ടു കുഞ്ഞനാണെങ്കിലും നെത്തോല‍ി ഒരു ചെറിയ മീനല്ല എന്നാണു ശാസ്ത്രലോകം പറയുന്നത്. ജീവകങ്ങളുടെയും ധാതുക്കളുടെയും കലവറയാണത്. നെത്തോലിയിലുള്ള പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡ് ഹൃദയാരോഗ്യത്തിനു നല്ലതായതിനാൽ ഹൃദ്രോഗമുള്ളവർക്കു ഗുണം ചെയ്യും. എളുപ്പം ദഹിക്കുന്ന മാംസ്യമാണു നെത്തോലിയിലുള്ളത്. വൈറ്റമിൻ എ, ഡി എന്നിവ ധാരാളമായ‍ുണ്ട്. നെത്തോലിയുടെ മുള്ളിലുള്ള കാൽസ്യം എല്ലുകളെ ബലപ്പെടുത്തും.

ലഭ്യത ഏറ്റവുംകൂടുതലും ഗുണം അതിനേക്കാളേറെയും വില വളരെക്കുറവും എന്നതാണ് നെത്തോല‍ിയുടെ പ്രത്യേകത.

നെത്തോലി രുചിക്കൂട്ടുകൾ

തേങ്ങയും വെളുത്തുള്ളിയും ജീരകവും പച്ചമുളകും മഞ്ഞളും ചേർത്ത മിശ്രിതം ഒരല്പം പുളിയൊഴിച്ച് തോരൻ പരുവത്തിൽ പറ്റിച്ചെടുത്ത നെത്തോല‍ി പീര തെക്കൻ കേരളത്തിൽ വളരെ പ്രസിദ്ധമായ വിഭവമാണ്.

നെത്തോല‍ി തേങ്ങാപ്പാലിൽ പച്ചമാങ്ങയോടൊപ്പം ഒരല്പം മുളകുപൊടിയും മല്ലിപ്പൊടിയും ഉലുവാപ്പൊടിയും ചേർത്തുണ്ടാക്കുന്ന കറി അത്യുഗ്രനാണ്.

മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവമാണ് നെത്തോല‍ി പൊരിച്ചത്.

fish-fry

കഴുകി വൃത്തിയാക്കിയ നെത്തോല‍ിയിൽ മുളകുപൊടിയും മഞ്ഞൾപ്പൊടിയും അൽപം കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും അൽപം കടലമാവും ചേർത്ത് പുരട്ടി വെളിച്ചെണ്ണയിൽ കറിവേപ്പിലയോടൊപ്പം ഫ്രൈ ചെയ്ത് ക്രിസ്പിയായി കോരിയെടുക്കാം.

ചൂട, നെത്തോല‍ി, കൊഴുവ എന്നീ ഓമനപ്പേരുകളിൽ അറിയപ്പെടുന്ന ആൻജോവിസ് എന്ന ചെറു മത്സ്യത്തിന്റെ ഗുണങ്ങൾ പറഞ്ഞറിയിക്കുന്നതിലുമേറെയാണ്.

കായലിലും കടലിലും വളരെ സുലഭമായ നെത്തോല‍ി എന്ന ഈ ചെറുമത്സ്യം മാങ്ങയും മുരിങ്ങക്കയും ചക്കക്കുരുവും ഇലുമ്പിക്കയുമൊക്കെ ചേർത്ത് വളരെ രുചികരമായ രീതിയിൽ കറി വയ്ക്കാം.

കൊച്ചു കുട്ടികൾക്കുപോലും ചവച്ചരച്ചു കഴിക്കാൻ പറ്റിയ, വളരെ മൃദുവായ മുള്ളുകളുള്ള ഈ മത്സ്യം വൃത്തിയാക്കാനും വളരെ എളുപ്പമാണ്.

trivandrum-fish

നെത്തോലിക്കു പല വകഭേദങ്ങളുണ്ട്. ചിലയിനങ്ങൾക്കു വിപണിയിൽ വിലയും താൽപര്യവും കുറവാണ്. മറുനാടൻ കച്ചവടക്കാർക്ക് ഏതു മീനും ഒരുപോലെ സ്വീകാര്യമായതിനാൽ വിലപേശി കൊണ്ടുപോകും. ചാകര സമയത്ത് കേരളത്തിൽനിന്നും തമിഴ്നാട്ടിലേക്ക് വലിയ തോതിൽ നെത്തോലി ശേഖരിച്ചു കൊണ്ടുപോയി കൊയ്ത്തുകഴിഞ്ഞ പാടത്തിട്ട് ഉണക്കിയെടുക്കും. പിന്നീടിതു ശ്രീലങ്ക ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കു കയറ്റുമതി ചെയ്യും. മീൻ എണ്ണ, കോഴിത്തീറ്റ, ജൈവവളം തുടങ്ങിയ വിവിധ ഉൽപ‌ന്നങ്ങളാക്കിയും ഉപയോഗിക്കുന്നുണ്ട്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA