sections
MORE

തീകത്തിക്കല്ല് അല്ലെങ്കിൽ തീയുള്ള വീട്ടിൽനിന്ന് കടം വാങ്ങും!

campfire
SHARE

ആരാണീ മണ്ണിന്റെ ഉടമ? സകല ചരാചരങ്ങൾക്കുമുള്ള തുല്യഅവകാശം മാത്രമേ മനുഷ്യനുമുള്ളൂ എന്ന് ബഷീർ ഭൂമിയുടെ അവകാശികളിൽ പറഞ്ഞിട്ടുണ്ട്. പക്ഷേ, വികസിതരെന്ന‌ു കരുതുന്ന നമ്മൾ ഈ മണ്ണിന്റെ മതിലുകെട്ടിത്തിരിച്ച‌ു വിൽക്കുന്നു. അതിൽ കോൺക്രീറ്റ് അംബരചുംബികൾ കെട്ടുന്നു. അതിനുമുകളിൽ ചട്ടിയും ഗ്രോബാഗും നിരത്തിവച്ച് കൃഷിയിറക്കുന്നു. എന്നിട്ട് ജൈവപച്ചക്കറി കഴിക്കുന്നു എന്ന് അഭിമാനിക്കുന്നു.

വരൂ, നമുക്ക് കാട്ടിലേക്കുപോവാം. മണ്ണിനോടു ചെവിചേർത്ത്, ആ ഹൃദയതാളം കേട്ടുറങ്ങുന്ന ഒരു ജനതയുണ്ട്. തങ്ങളുടെ വിശപ്പടക്കാനുള്ളതു മാത്രം പ്രകൃതിയിൽനിന്നെടുത്ത്, ഭൂമിയെ അമ്മയെപ്പോലെ സ്നേഹിക്കുന്ന ഗോത്ര വർഗം. മനുഷ്യരുടെ സംസ്കാരത്തിന്റെ പരിണാമം തുടങ്ങുന്നത് തീ കണ്ടുപിടിച്ചതോടെയാണ് . വേവിച്ചു കഴിക്കാം എന്ന അറിവാണ് വികസിത സമൂഹത്തിലേക്കുള്ള ആദ്യപടി. 

കാട്ടുതീയിൽ വെന്ത മൃഗയിറച്ചിക്കു രുചി കൂടുതലാണ് എന്നവർ തിരിച്ചറിഞ്ഞു. ഉപ്പുപുരട്ടി ചുട്ടെടുത്താൽ രുചി കൂടുമെന്ന പിന്നീട് തിരിച്ചറിഞ്ഞു. കല്ലുരസി തീയുണ്ടാക്കൽ, മരക്കുറ്റികൾ ഉരസി തീയുണ്ടാക്കൽ തുടങ്ങി പല പല രീതികൾ അവർ വികസിപ്പിച്ചു.

അടുപ്പു കത്തിക്കുന്ന വിധം

∙ മുതുവാൻ എന്ന ഗോത്രവിഭാഗം അടുപ്പിൽ തീ കത്തിക്കാൻ തീകത്തിക്കല്ല് എന്ന ഉപകരണത്തിനു രൂപം കൊടുത്തിട്ടുണ്ട്. നല്ല മിനുസമുള്ള വെള്ളാരങ്കലും കൂന്തപ്പനയുടെ പഞ്ഞിയും ചേർന്നതാണ് ഉപകരണം. തീകത്തിക്കല്ല് പരസ്പരം ഉരസുമ്പോൾ കൂന്തപ്പനപ്പഞ്ഞിക്കു തീപിടിക്കും.

∙ ആക്ക പച്ചെ താള്‌ല് എന്നൊരു ചെടിയുണ്ട്. കമ്യൂണിസ്റ്റ് അപ്പ, കാട്ടപ്പ എന്നൊക്കെ പറഞ്ഞാലേ നമ്മൾ തിരിച്ചറിയൂ. ആക്ക പച്ചെ താള്‌ലിന്റെ കട്ടിയുള്ള തണ്ട് ഉണക്കിയെടുത്ത് തോല് ശ്രദ്ധാപൂർവം പൊളിച്ചെടുക്കും. തണ്ടിനകത്ത് പഞ്ഞിപോലുള്ള ഫൈബർ അംശങ്ങളുണ്ട്. ഉൾച്ചേറെന്നാണ് ഇതിനെ വിളിക്കുന്നത്. തണ്ടിനുമീതെ മുളങ്കൂമ്പ് വച്ചുരസുമ്പോൾ തീ പറക്കും. ഇത് ഉൾച്ചേറിൽ പിടിച്ചാൽ ഊതിയൂതി കത്തിച്ചെടുക്കും. വേട്ടക്കുറുമ എന്ന ഗോത്രവിഭാഗത്തിന്റെ രീതിയാണിത്.

∙ കാണിക്കാർ തീയുണ്ടാക്കാൻ ചക്കിമുക്കി എന്ന ഉപകരണമാണ് ഉപയോഗിക്കുന്നത്.

∙ ഊരാളി വിഭാഗം ചിലയിനം മരത്തോലുകൾ പാറയിലുരസി പൊടിയാക്കി എടുക്കും. വെള്ളാരങ്കല്ലുകൾ മരപ്പൊടി ചേർത്തുരസി തീപ്പൊരിയുണ്ടാക്കി ഉണക്കപ്പുല്ലിലേക്കോ പകർന്നെടുക്കും.

∙ ചോലനായ്ക്കർ മുളയുപയോഗിച്ച് ഒരു സാങ്കേതികവിദ്യ കണ്ടെത്തിയിരുന്നു. അരമുളക്കത്തിയെന്നാണ് ഈ ഉപകരണത്തിന്റെ പേര്. മുള നന്നായി ഉണക്കി അരമുളയായി രണ്ടു പാളിയാക്കും. നടുവിൽ ഒരു വിടവുണ്ടാക്കും. അടിനടിയിൽ പഞ്ഞിയോ ഉണക്കപ്പുല്ലോ വയ്ക്കും.

സ്നേഹത്തിന്റെ ‘തീച്ച്’

മഴക്കാലം ഗോത്രസമൂഹത്തിനു വെല്ലുവിളികളുടെ കാലമാണ്. കല്ലുകൾതണുത്തിരിക്കും. ഉണങ്ങിയ വിറകോ മരപ്പഞ്ഞിയോ ശേഖരിക്കാൻ കഴിയില്ല. പക്ഷേ വേനൽക്കാലത്തുതന്നെ ഇതെല്ലാം ശേഖരിച്ചു സൂക്ഷിക്കാൻ പഴമക്കാർ നിർദേശിക്കും. അടുക്കള പുകയാനുള്ള തീ കൈമാറുന്നതാണ് പല ഗോത്രവിഭാഗങ്ങളിലും കുടുംബബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന പ്രധാന സംഗതി. ‘തീച്ച് ’ എന്നാണ് ഇതിന്റെ പേര്. തീയുള്ള വീട്ടിൽനിന്ന് തീ കടം വാങ്ങുന്നതാണ് പതിവ്. പാള, ഓട്, തകരം തുടങ്ങിയവയിൽ തീ വാങ്ങി വീട്ടിലേക്ക് കൊണ്ടുപോവും.

(വിവരങ്ങൾക്കു കടപ്പാട്: കിർത്താഡ്സ്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA