കൊച്ചിയിലെ പിള്ളേരുടെ മനം കവർന്ന ജ്യൂസി ചീസി സ്പൈസി കോഴിക്കാലുകൾ

drums-of-heaven
SHARE

കൊച്ചിയിലെ കൊച്ചുപിള്ളേർക്ക് അച്ഛനുമമ്മയും കഴിഞ്ഞാൽ പിന്നെ പ്രിയം ചിത്രത്തിൽ കാണുന്ന കോഴിക്കാലുകൾ കൊണ്ടുള്ള ഈ ഈഫൽ ഗോപുരത്തോ‍‌ടാണെന്നു പറയുന്നവരുണ്ട്. പനമ്പിള്ളി നഗർ മിങ്സ് വോക്കിലെ സ്പെഷൽ ഡ്രംസ് ഓഫ് ഹെവൻ കിട്ടിയില്ലെങ്കിൽ കിഡ്സ് പാർട്ടി തന്നെ വേണ്ടെന്നു വയ്ക്കുന്ന കുട്ടികളുണ്ടെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പടുത്തുന്നു. 

ദീർഘചതുര പ്ലേറ്റിൽ സാലഡുകളുടെ നടുവിൽ കുത്തി നിർത്തിയ സ്പൈക്ക് ആണ് ഈ രുചിഗോപുരത്തിന്റെ നെടുംതൂൺ. അതിൽ കോർത്തിണക്കി ആറ് അതീവ രുചികരമായ ജ്യൂസി ചീസി സ്പൈസി കോഴിക്കാലുകൾ. ടെൻഡർ പരുവത്തിലുള്ള ചിക്കൻ ലോലിപോപ്പ് മാത്രമേ ഇതിനു വേണ്ടി തിരഞ്ഞെടുക്കൂ എന്നതാണ് സവിശേഷത. 

ഒരു നേരത്തേക്കുള്ള ആവശ്യം കണക്കാക്കി കോഴിക്കാലുകൾ നേരത്തേ മാരിനേറ്റ് ചെയ്തു വയ്ക്കുന്നിടത്താണ് ഗോപുരംപണിയുടെ അടിസ്ഥാനം പാകുന്നത്. ഉപ്പും കുരുമുളകും ഷെസ്വാൻ സോസുമാണ് മാരിനേഷന്റെ കാതൽ. മാരിനേഷനും ചിക്കനുമായുള്ള ‘കാതൽ’ അസ്ഥിക്കു പിടിക്കാൻ ഒരു മണിക്കൂർ അടച്ചുവയ്ക്കും. പിന്നെയത് കടലമാവ്, കോൺഫ്ലോർ, റെഡ് ചില്ലി പേസ്റ്റ്, ഉപ്പ് , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , എന്നിവും എഡിബിൾ കളറും മുട്ടയും കലക്കിയ കോട്ടിങ്ങിൽ പൊതിഞ്ഞ് അൽപനേരം വീണ്ടും വയ്ക്കും. വലിയ ‘വോക്കി’ൽ (wok) തിളച്ച സൺഫ്ലവർ ഓയിലിൽ സ്വർണനിറം ആകും വരെ വറുത്തെടുക്കണം. തീയുടെ ചൂട് കൂടാനോ കുറയാനോ പാടില്ല. മാവിന്റെ പച്ചച്ചുവ മാറാനും പുകച്ചുവ വരാതിരിക്കാനും വോക്കിൽ തിരിച്ചും മറിച്ചുമിട്ട് സ്പാറ്റുല കൊണ്ടുള്ള ഒരു കൊട്ടുംമേളവുമാണ് പിന്നെ. കൃത്യം പാകത്തിൽ മൊരിഞ്ഞു വരുന്ന ഈ ചിക്കൻ കോലുകളെ സോസിൽ സീസണിങ് ചെയ്തെടുക്കുന്നതാണ് ഫൈനൽ ടച്ച്. ആ ടച്ചിലാണ് മൊരിഞ്ഞ കോഴിക്കാലുകൾ ശരിക്കും ഡ്രംസ് ഓഫ് ‘ഹെവൻ ’ ആകുന്നത്. 

സെലറിയും സ്പ്രിങ് ഒണിയനും പഞ്ചസാരയും ചേർത്ത് വഴറ്റുന്നത് കുതിർത്ത പിരിയൻ മുളക് അരച്ചുണ്ടാക്കുന്ന പ്രത്യേക ചേരുവകളുള്ള ഷെസ്വാൻ സോസും ഓയിലും ചേർന്നുള്ള തേൻവർണദ്രാവകത്തിലാണ് . ഇതിലേക്ക് പൊരിച്ച കോഴിക്കാലുകൾ ചേർത്ത് ഓരോ കോഴിക്കാലിലും രുചിക്കൂട്ട് പറ്റിച്ചേരും വരെ ഇളക്കിച്ചേർക്കും. ഒടുവിൽ കാബേജും കാരറ്റും നീളത്തിൽ അരിഞ്ഞുണ്ടാക്കിയ പതുപതുത്ത കാർപെറ്റിൽ കമ്പിയിൽ കോർക്കപ്പെട്ട് ചുവന്നയുടുപ്പിട്ട് കസ്റ്റമറുടെ അടുത്തേക്ക് വരുന്ന വരവുകണ്ടാൽ ... !, ചിക്കൻ സുന്ദരിയുടെ ക്യാറ്റ് വോക്ക് ആണെന്നേ തോന്നൂ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA