ഇത് ഇവിടെ അല്ലാതെ എവിടെം കിട്ടൂല...എന്നിട്ടിപ്പോ എന്തായി?

muttamala
SHARE

കോഴിക്കോടിന് തെക്കുള്ള മ്മടെ ചങ്ങായിമാര് വീട്ടിൽ വരുമ്പോൾ പിരിശത്തോടെ മുട്ടമാല വിളമ്പി തക്കരിച്ച് "ഞങ്ങള് കൊയിലാണ്ടിക്കാരുടെ സ്‌പെഷൽ പലഹാരമാണ്... പണ്ടു പണ്ടേ ഉള്ള പാരമ്പര്യ രുചിപ്പെരുമ...വടക്കേ മലബാറിൽ അല്ലാതെ ഇങ്ങക്ക് ഇത് വേറേ എവിടേം കിട്ടൂലാ...അതോണ്ട് പള്ള നെറച്ചും കഴിക്കീൻ" എന്ന് പോരിശ പറയാറുണ്ട്.

ഏതായാലും ആ ധാരണ ഒറ്റയടിക്ക് തകർന്നു പോയത് ഇന്ന് രാവിലെയാണ്.  Nest സ്നേഹ സംഗമത്തെ കുറിച്ച് ചർച്ച ചെയ്യാൻ സഹൃത്ത് യുനസ് ടി.കെ വിളിച്ചപ്പോൾ അതോടനുബന്ധിച്ചു നടത്തുന്ന പാരമ്പര്യ ഭക്ഷ്യമേളയെ കുറിച്ചു സംസാരിക്കുമ്പോഴാണ് മുട്ടമാല കയറി വന്നതും മുട്ടമാല മ്മടെ സ്വന്തമല്ല പോർച്ചുഗലിൽ നിന്ന് വന്നതാണ് എന്ന് മൂപ്പർ കണ്ണിൽ ചോരയില്ലാതെ പറഞ്ഞു കളഞ്ഞതും.

ഗൂഗിളിൽ മുങ്ങി തപ്പിയപ്പോൾ സംഗതി ശരിയാണ്. 14 -15 നൂറ്റാണ്ടുകളിൽ പോർച്ചുഗലിലെ മഠങ്ങളിലെ അന്തേവാസികളുടെ വസ്ത്രങ്ങൾക്ക് പശിമയുണ്ടാകാൻ കോഴിമുട്ടയുടെ വെള്ളയാണത്രേ ഉപയോഗിച്ചിരുന്നത്! ഇങ്ങനെ വെള്ള മാത്രം എടുത്തു ബാക്കിയാവുന്ന മഞ്ഞക്കരു കൊണ്ട് ഉണ്ടാക്കി തുടങ്ങിയ പലഹാരമായ fios de ovos (egg threads) ആണ് നമ്മുടെ മുട്ടമാല ആയി തീർന്നതത്രെ.

വാസ്കോഡഗാമ ആദ്യമായി കപ്പലിറങ്ങിയ കൊയിലാണ്ടിക്കടുത്ത പന്തലയാനി കൊല്ലമടക്കം പറങ്കികൾ എമ്പാടും ജീവിച്ച കോഴിക്കോട്ടും വടക്കൻ മലബാറിന്റെ തീരപ്രദേശങ്ങളിലും മാത്രം ഈ പലഹാരം ഇന്നും രുചിയോടെ വിളമ്പുന്നതിൽ അത്ഭുതം ഇല്ലല്ലോ.

ഏതായാലും ഈ മുട്ടമാല പോർച്ചുഗലിലും വടക്കേ മലബാറിലും മാത്രം ഒതുങ്ങുന്നില്ല എന്നതാണ് കൗതുകം. സ്‌പെയിനിൽ huevo hilado (spun egg)എന്നും ജപ്പാനിൽ keiran somen (hen's egg noodle) എന്നും, കംബോഡിയയിൽ Vawee എന്നും മലേഷ്യയിൽ jala mas (golden net), എന്നും തായ്​ലന്റിൽ foi thong (golden strands) എന്നും അറിയപ്പെടുന്നത് നമ്മുടെ മുട്ടമാല തന്നെ ആണെന്ന് വിക്കിപീഡിയ സാക്ഷ്യപ്പെടുത്തുന്നു.

എന്തായാലും നമ്മുടെ നാട്ടിലെ മുട്ടമാല മഞ്ഞക്കരുവിൽ ഒതുങ്ങുന്നില്ല. മുട്ടമാല ഉണ്ടാക്കി മിച്ചം വരുന്ന വെള്ളക്കരു കൊണ്ട് അതോടൊപ്പം തന്നെ രുചികരമായ മുട്ടസുർക്കയും ഉണ്ടാക്കി വിളമ്പുന്നതാണ് നമ്മുടെ ശീലം. അതിനിപ്പം അവകാശികൾ ആരെങ്കിലും ഉണ്ടാവുമോ ആവോ?

അപ്പൊ പറഞ്ഞു വരുന്നത് കൊയിലാണ്ടി NEST( Niarc) ന്റെ ആഭിമുഖ്യത്തിൽ ക്യാംപസ് ഇനിഷ്യേറ്റിവ്ന്റെ മിടുമിടുക്കന്മാരായ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ, വീടകങ്ങളിലും വീൽചെയറിലും ഒതുങ്ങിപ്പോയ ഒരുപാട് മനുഷ്യർക്ക് ആഹ്ലാദത്തിന്റെ രാപ്പകലുകൾ സമ്മാനിക്കുന്ന 'സ്നേഹസംഗമ'ത്തിന്റെ പതിനൊന്നാം എഡിഷൻ ഫെബ്രു:2,3,4 തിയ്യതികളിൽ കൊയിലാണ്ടി നെസ്റ്റിന് സമീപം KDC ബാങ്കിന് മുന്നിലുള്ള ഗ്രൗണ്ടിൽ വെച്ചു നടക്കുകയാണ്.

വീൽചെയറിൽ ഉള്ളവരുടെ ക്രിക്കറ്റ് അടക്കം വിവിധങ്ങളായ പരിപാടികൾ ആണ് ഇപ്രാവശ്യം.

ഇതോടാനുബന്ധിച്ച് 'പിരിശപ്പത്തിരി' എന്ന പേരിൽ മലബാറിലെ പാരമ്പര്യ രുചിപ്പെരുമകളെമ്പാടും വിളമ്പുന്ന ഭക്ഷ്യമേള കൂടി ഒരുക്കുന്നുണ്ട്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ. പഞ്ചാരപ്പാറ്റ,  തുർക്കിപ്പത്തിരി, ഓട്ടപ്പം, ഇറച്ചിപ്പ ത്തിൽ....പരമ്പരാഗത ഭക്ഷ്യവിഭവങ്ങൾ വാങ്ങുന്നതോടൊപ്പം കടല് കടന്നെത്തിയ രുചികളുടെ ചരിത്രവും ഇതുപോലെ അറിയാം. മറക്കണ്ട തിയ്യതി ഓർത്തുവെച്ചോളൂ. ഫെബ്രു: 2,3,4സ്നേഹസംഗമം രുചിപ്പെരുമയോടെ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA