ADVERTISEMENT

പലതരത്തിലുള്ള കേക്കുകളിൽ ഞൊടിയിടയിൽ വർണ്ണ വിസ്മയം തീർത്താണ് മനു ടിക്–ടോക്ക് വിഡിയോയിൽ ശ്രദ്ധേയനാകുന്നത്. ഏതൊരു തൊഴിലും ആസ്വദിച്ച് ചെയ്യുമ്പോള്‍ അതിനോട് മടുപ്പ് തോന്നില്ല. അത് എത്ര കഠിനമായ ജോലിയാണെങ്കിലും. ടിക് – ടോക്ക് കോമാളിത്തരങ്ങൾ മാത്രമല്ല നല്ല വിഡിയോകളും  ഹിറ്റാകുമെന്നാണ് ഒരു കേക്ക് ഡിസൈനറുടെ വിഡിയോ പറിയുന്നത്.  ടിക് ടോക് വിഡിയോ തരംഗത്തിൽ ഏറെ പ്രശംസകിട്ടിയൊരു തൃശൂർ ചേരക്കര സ്വദേശി മനു ഇറഞ്ഞിക്കൽ എന്ന കേക്ക് ഡിസൈനറെ പരിചയപ്പെടാം. ഹോട്ടൽ മാനേജ്മെന്റ് പഠിച്ചിട്ട് വന്നൊരാളല്ല മനു, പക്ഷേ പത്തു  വർഷത്തോളമായി ബേക്കറി പ്രൊഡക്ഷനിൽ ജോലി ചെയ്യുന്നു. സഹായിയായി വന്നു പതിയെ പതിയെ ബേക്കിങ് പഠിച്ചെടുക്കുകയായിരുന്നു. അഞ്ചു വർഷമായി കേക്ക് ഡിസൈനിങ്ങാണ് സ്പെഷലായി ചെയ്യുന്നത്. 

ടിക് ടോക് വൈറൽ വിഡിയോ

കോഴിക്കോട് ഇംഗ്ലിഷ് കേക്ക്സ് എന്ന ബേക്കിങ് പ്രൊഡക്ഷൻ യൂണിറ്റിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. ഫ്രഷ് ക്രീം കേക്ക് മെയ്ക്കറായിട്ടാണ് ഇവിടെ ജോലി ചെയ്യുന്നത്. ദിവസവും 20–25 കിലോ കേക്കിൽ  ഡിസൈൻ ചെയ്യണം. മുൻപ് ക്ലീനിങ്, ബേക്കിങ് തുടങ്ങി ഒരു ബേക്കറിയിലെ എല്ലാ ജോലിയും ചെയ്യുമായിരുന്നു. ഇപ്പോൾ തയാറാക്കി വച്ചിരുക്കുന്ന കേക്കിലേക്ക്  ഫ്ലേവർ അനുസരിച്ചു ഡിസൈൻ ചെയ്തു കൊടുക്കുന്നതാണ് ജോലി. ഈ കേക്കുകൾ ചെയ്യുന്നതിന്റെ ഇടയ്ക്ക് സമയം കിട്ടുമ്പോൾ, എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന കേക്ക് ചെയ്ത്, 15 സെക്കന്റ് വിഡിയോ പോസ്റ്റ് ചെയ്തിടും. കുറെ കമന്റ്സ് ഒക്കെ കാണുമ്പോൾ ഒരു സന്തോഷം അതിനുവേണ്ടി ചെയ്തതാണ്. അങ്ങനെ ചെയ്ത വിഡിയോകളിൽ നിന്നും കുറച്ച് എടുത്ത് ചേർത്തു വച്ച വിഡിയോയാണ് ഫെയ്സ്ബുക്കിൽ ശ്രദ്ധേയമായത്. അത് ആരാണ് ചെയ്തതെന്നു അറിയില്ല. ഫെയ്സ്ബുക്കിൽ വന്നതിനു ശേഷമാണ് ഞാൻ കണ്ടത്.

ഷെഫ് കോട്ടില്ല ഗ്ലൗസില്ല

ഹോട്ടൽ മാനേജ്മെന്റ് പഠിക്കാത്തതിന്റെ  ചില അപാകതകൾ വിഡിയോയിൽ ഉണ്ട്. അതിൽ ഗ്ലൗസ് ഒന്നും ഉപയോഗിക്കുന്നില്ല. ഇത്രയും കേക്ക് തയാറാക്കുന്നതിന്റെ ഇടയ്ക്ക് ഗ്ലൗസ് ഉപയോഗിക്കുന്നത് പ്രായോഗികമല്ല. ഇവിടെ സാധാരണ ബ്ലാക്ക് ഫോറസ്റ്റ് കേക്ക് സെറ്റ് ചെയ്ത് തേച്ച് മാറ്റുന്നതിന് വെറും പത്തു മിനിറ്റു മതി. ഹൈ ലെവലിൽ സമയമെടുത്തു ചെയ്യുന്നവരും ഉണ്ട്. ഇവിടെ പക്ഷെ അതു പറ്റില്ല, പ്രൊഡക്ഷൻ യൂണിറ്റ് ആയതുകൊണ്ട് ധാരാളം കേക്കിന്റെ ഓർഡർ ഉണ്ടാകും. പിന്നെ ജോലിക്കിടെയ്ക്കു ഒരു സന്തോഷം കണ്ടെത്താൻ വിഡിയോ എടുത്തു. അറിയാവുന്ന സംഭവം വച്ചിട്ട് കേക്കിലിങ്ങനെ ഡിസൈൻ ചെയ്യുന്നു അത്രമാത്രം. ഷെഫ് കോട്ടും ഗ്ലൗസും ഇല്ലാത്തതുകൊണ്ട് പലരും ചോദിക്കാറുണ്ട് വീട്ടിൽ തന്നെ ചെയ്യുന്നതാണോയെന്ന്, ഇതെന്റെ ജോലിയാണെന്നു പലർക്കും മനസിലാകുന്നില്ല. ഇതാണ് ഉപജീവനം. ഈ കേക്കകൾ മേടിക്കാൻ എന്താണ് ചെയ്യെണ്ടതെന്നു ചോദിച്ചും ആളുകൾ മെസേജ് അയക്കാറുണ്ട്. ഇത് ശരിക്കും കോഴിക്കോട് ചേവായൂരിലെ ബേക്കറി പ്രൊഡക്ഷൻ യൂണിറ്റാണ്, ഇവിടെ നിന്നും പല ബേക്കറികളിലേക്കാണ് ഈ കേക്ക് എത്തുന്നത്. പെട്ടെന്നൊരാൾക്ക് ഓടിവന്ന് നേരിട്ട് മേടിക്കാൻ പറ്റില്ല.  കേക്ക് ഉണ്ടാക്കാൻ പഠിക്കാൻ മുപ്പത്തിൽ കൂടുതൽ ബേക്കറികളിൽ ഇതിനോടകം ജോലിചെയ്തിട്ടുണ്ട്. കേക്കും പാട്ടും കൂടി ചേർത്തുള്ള വിഡിയോ കാണാൻ ഒരു രസമുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ക്ലാസ് എടുക്കുന്നുണ്ടോ എന്ന് ചിലർ ചോദിക്കാറുണ്ട്. പഠിപ്പിക്കാനുള്ള സംരംഭം തുടങ്ങണമെന്നുണ്ട്. കേക്ക് ഡിസൈനിങ് പഠിപ്പിച്ചു കൊടുക്കണമെന്നു ആഗ്രഹമുണ്ട്. കാരണം ഞാനിത് കഷ്ടപ്പെട്ടു തന്നെ പഠിച്ചെടുത്തതാണ്. പുലർച്ചെ നാലുമണിക്ക് ജോലിക്കു കയറിയാൽ വൈകിട്ടു വരെ ജോലിയുണ്ട്. ഞാൻ ബേക്കിങ് പഠിക്കുന്ന സമയത്ത് അവ്ൻ ഒന്നും ഇല്ല അപ്പക്കൂട് എന്ന സംഭവമാണ്. ചിരട്ടയൊക്കെ ഇട്ട് കത്തിച്ച് വേണം കേക്ക് തയാറാക്കാൻ. പറയുവാണെങ്കിൽ വളരെ കഷ്ടപ്പെട്ടു പഠിച്ചു കയറി വന്നതാണ്. ഇപ്പോൾ ഒൻപതു മണിക്ക് വർക്കിനു കയറിയാൽ മതി അഞ്ച് ആകുമ്പോൾ  വർക്ക് കഴിയും.

പത്താം ക്ലാസ് പൊട്ടി നിന്ന സമയം

എസ് എസ് എൽസി തോറ്റു കഴിഞ്ഞ് രണ്ടു വർഷത്തോളം മറ്റ് ചില ജോലിക്കു പോയി ഒന്നും ശരിയായില്ല പിന്നെയാണ് ചാലക്കുടിയിലെ ഗ്രാന്റ്  ബേക്കറി പ്രൊഡക്ഷനിൽ ജോലി്ക്കു കയറിയത്. ഇന്ന് ബംഗാളികളൊക്കെ ക്ലിനിങിന് കയറുന്നില്ലേ...? ഏതാണ്ട് അതു പോലെ ഒരു ഹെൽപറായിട്ട് കയറി. ഒരു വിധം എല്ലാ ബേക്കറി ജോലിക്കാരും അതു പോലെയാണ് കയറുന്നത്.  അവിടെ കുറെനാൾ നിന്നു, പിന്നെ അടുത്ത ബേക്കറി... ബേക്കിങ് കുറച്ചു കൂടി പഠിച്ചു...ബേക്കിങ് മാസ്റ്റേഴ്സ് എന്നു പറയാൻ ധാരാളം ആളുകളുണ്ട്. ഞാനൊന്നും ഒന്നുമല്ല, ഇതിപ്പോൾ ടിക് ടോക്കിൽ അനിയൻമാരൊക്കെ ഓരോ വിഡിയോ ചെയ്യുന്നത് കണ്ടിട്ട് വെറുതെ ഒരു രസത്തിനു ഇട്ടു നോക്കിയതാണ്. പാട്ടു വച്ചിട്ട് ചെയ്താൽ എങ്ങിനെയുണ്ടാകുമെന്നു നോക്കി ഇട്ടു തുടങ്ങിയതാണ്. ഏതാണ്ട് 122 വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിങ്ങനെയാകുമെന്നു ഒരിക്കലും വിചാരിച്ചിരുന്നില്ല, ഒരു നാലുമാസം മുൻപാണ് വിഡിയോ പോസ്റ്റ് ചെയ്യാൻ തുടങ്ങിയത്. പലതരത്തിലുള്ള അഭിപ്രായങ്ങൾ കിട്ടുന്നു, നല്ലതാണെങ്കിൽ നല്ലതെന്നും മോശമാണെങ്കിൽ അതിന്റെയും കമന്റ്സ് കിട്ടിയപ്പോൾ ദിവസവും ഓരോ വിഡിയോ ഇടണമെന്ന ചിന്തയായി. സമൂഹമാധ്യമങ്ങളിലെ വിഡിയോ മൂവായിരം പേരു കണ്ടു കഴിഞ്ഞാണ് ‍ഞാൻ കണ്ടത്. എന്തായാലും ഇത് ഇത്രയ്ക്കു വിജയമാകുമെന്നു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നു മാത്രം.

ഈ വർഷം എസ് എസ് എൽസിക്കു ചേർന്നിട്ടുണ്ട്, എഴുതിയെടുക്കണമെന്നുണ്ട്. എഴുതിയെടുത്തിട്ട് പ്ലസ് ടു ചെയ്ത് ഹോട്ടൽ മാനേജ്മെന്റ്  കോഴ്സ് എടുക്കണമെന്നുണ്ട്. അതു കഴിഞ്ഞാൽ പിന്നെ ധൈര്യമായിട്ട് ക്ലാസ് എടുക്കാല്ലോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com