sections
MORE

പിസി ജോർജിന്റെ പാചകപരീക്ഷണങ്ങൾ; വിഡിയോ

SHARE

നാക്കിൻത്തുമ്പിൽ വെടിമരുന്ന് നിറച്ച രാഷ്ട്രീയക്കാരന്റെ മുഖമാണ് പി.സി ജോർജ് എന്ന പേരുകേൾക്കുമ്പോൾ ആളുകളുടെ മനസ്സിലേക്ക് ഓടിയെത്തുക.ആ മുൻധാരണകൾ എല്ലാം മാറ്റിവച്ചുകൊണ്ടുവേണം ഈരാറ്റുപേട്ട ടൗണിനു സമീപമുള്ള പിസിയുടെ വീട്ടിലേക്കെത്താൻ. പൂഞ്ഞാർ സിംഹം എന്നാണ് വിളിപ്പേര് എങ്കിലും വീട്ടിൽ സ്നേഹമുള്ള പൂച്ചക്കുഞ്ഞാണ് പിസി. വലിഞ്ഞു മുറുകിയ മുഖവും മസിലു പിടിച്ചുള്ള നടത്തവുമൊന്നും വീടിനകത്തേക്ക് പിസി കഴിവതും കയറ്റാറില്ല.

രാഷ്ട്രീയം മാത്രമല്ല പാചകവും സിംപിളായി തനിക്കു വഴങ്ങുമെന്നാണ് പിസിയുടെ പക്ഷം. ഭക്ഷണപ്രിയനാണെന്ന് ആളെ കണ്ടാലേ അറിയാം. നാട്ടിലുണ്ടെങ്കിൽ എത്ര തിരക്കാണെങ്കിലും ഉച്ചയ്ക്ക് പിസി കഴിവതും വീട്ടിലേക്ക് ഓടിയെത്തും. 

'ഞാനിവിടെയുള്ള ദിവസം കുറഞ്ഞത് പത്തു പേരെങ്കിലും ഉച്ചഭക്ഷണത്തിന് വീട്ടിൽ കാണും. വീട്ടിലിപ്പോഴും പുറത്തെ വിറക് അടുപ്പിൽ മൺകലത്തിൽ തന്നെയാണ് ചോറ് വയ്ക്കുന്നത്.’ പിസി ആമുഖമായി പറഞ്ഞു.

പുറംലോകം അധികം കണ്ടിട്ടില്ലാത്ത പിസിയുടെ മറ്റൊരു മുഖമാണ് ഇന്ന് ഇവിടെ കാണാൻ പോകുന്നത്. മനോരമഓൺലൈൻ പാചകം വിഭാഗത്തിനു വേണ്ടി പിസിയും ഭാര്യ ഉഷയും ചേർന്ന് ഒരു സ്‌പെഷൽ വിഭവം ഉണ്ടാക്കുകയാണ്. പിസി രാഷ്ട്രീയക്കുപ്പായം മാറ്റി അടുക്കളയിലേക്കു കയറിക്കഴിഞ്ഞു. 

P C George and Wife Usha
പിസി ജോർജും ഭാര്യ ഉഷയും

'ഞാനും ഭാര്യ ഉഷയും ചേർന്ന് ഇന്ന് ഉണ്ടാക്കുന്നത് രുചികരമായ ചെമ്മീൻ കറിയാണ്. ഉഷ അസാധ്യ കുക്കാണ്. ഈ സ്ത്രീപുരുഷ സമത്വത്തെക്കുറിച്ചുള്ള സംവാദങ്ങൾ ഇപ്പോഴല്ലേ തുടങ്ങിയത്. എന്റെ അമ്മയും നന്നായി പാചകം ചെയ്യുമായിരുന്നു. എന്റെ ചെറുപ്പത്തിലേ അമ്മ അടുക്കളയിൽ പാചകത്തിനു കൂട്ടുവിളിക്കുമായിരുന്നു. അങ്ങനെ പാചകത്തിലെ അത്യാവശ്യം നുറുക്കുവിദ്യകൾ ഞാനും പഠിച്ചെടുത്തു. ഇപ്പോഴും ഒഴിവുസമയം കിട്ടുമ്പോൾ ഞാൻ ഭാര്യയെ സഹായിക്കാൻ അടുക്കളയിൽ കയറും. അപ്പോൾ തുടങ്ങാം..എന്താണ് ചെയ്യേണ്ടതെന്നുവച്ചാൽ നോക്കി തെറ്റുണ്ടെങ്കിൽ പറഞ്ഞോണം'... പിസി അസിസ്റ്റന്റ് കുക്കിന്റെ റോൾ ഏറ്റെടുത്തു.

പി.സി. – അരക്കിലോ ചെമ്മീനാണ് ഈ കറിക്ക് എടുത്തിരിക്കുന്നത്. ആദ്യം ചെമ്മീൻ കഴുകി വൃത്തിയാക്കി മൺചട്ടിയിലേക്കു ഇടുക.

ഉഷ – ചെമ്മീൻ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ഉണ്ട്, മിക്കവാറും ആരും ചെയ്യില്ല, വൃത്തിയാക്കുമ്പോൾ അതിന്റെ മുകളിൽ വരഞ്ഞിട്ട് അതിനുള്ളിലെ കറുത്ത വര എടുത്തു കളയണം. 

പി.സി– അത് ഞാൻ എടുത്തു പറയുകയാണ്, നമ്മുടെ ഹോട്ടലുകളിൽ ചെമ്മീൻ വെറുതെ കഴുകി കറിയുണ്ടാക്കും, അത് തെറ്റാണ്. ഉഷ പറഞ്ഞതു പോലെ ചെമ്മീൻ മുകളിൽ വരഞ്ഞിട്ട് ആ കറുത്ത വര എടുത്തു കളഞ്ഞാൽ മതി വയറു വേദനയെന്ന പ്രശ്നമെയുണ്ടാകില്ല! 

ഇനി നമുക്ക് ഇതിലേക്കു ഉള്ളി ഇടാം. ഇച്ചിരി ഉള്ളി കൂടുതൽ വേണം ഇതിന്. ടേസ്റ്റ് കൂടാൻ വേണ്ടിയാണ്. അതു കഴിഞ്ഞിട്ടു നമുക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ആവശ്യത്തിന് ഇടാം. 

തക്കാളി ഇട്ടോളാൻ ഭാര്യ പറഞ്ഞു...ഹാ തക്കാളി ഇച്ചിരികൂടി കഴിഞ്ഞിട്ടിടാമെന്നായി പി.സിയിലെ  പാചകക്കാരൻ.

prawns-curry
ചെമ്മീൻ കറിക്കു വേണ്ട ചേരുവകൾ

ഇനി വൃത്തിയാക്കി വച്ചിരിക്കുന്ന മുരിങ്ങക്ക ഇതിലേക്കു ചേർക്കാം. അതിനുശേഷം പുളിക്കുവേണ്ടി മാങ്ങ, ചെറിയ കഷണങ്ങളായി അരിഞ്ഞിടുക. വാളംപുളി പിഴി‍ഞ്ഞ വെള്ളവും ഇതിലേക്കു ചേർക്കാം. മാറ്റിവച്ചിരുന്ന തക്കാളിയും ചേർത്തു. മിക്സിയിൽ തേങ്ങ, മഞ്ഞൾപ്പൊടി, അൽപം മുളകുപൊടിയും ചേർത്ത് നന്നായി അരച്ച അരപ്പ് ഇതിലേക്കു ചേർത്തു യോജിപ്പിച്ചു കൊണ്ട് ഉഷ പാചകത്തിൽ ഇടപെട്ടു. 

അരപ്പിൽ ആവശ്യത്തിന് വെള്ളം ചേർത്ത് കറിയിലേക്കു ചേർക്കാം. ഇനി ഇതിലേക്കു കറിവേപ്പില ചേർക്കണം, ഈ വീട്ടിൽ കറിവേപ്പില പുറത്തുനിന്നും മേടിക്കാറില്ല, എന്തോരം കറിവേപ്പില ഇടാമോ അത്രയും നല്ലത്...പിസി ആ ദൗത്യം  ഏറ്റെടുത്തു...ഉപ്പ് വീട്ടുകാരി ഇട്ടപ്പോൾ പിസിയിലെ പാചകക്കാരൻ വീണ്ടും ഇടപെട്ടു.  

'ഉപ്പ് കുറച്ചു മതിയേ...ഉഷ ഉപ്പ് പ്രിയയാണ്, അതുകൊണ്ട് പറഞ്ഞതാ'... 

കൂട്ടുകളെല്ലാം ഒരുങ്ങിക്കഴിഞ്ഞപ്പോൾ കറിചട്ടി നേരേ അടുപ്പിലേക്ക്... ഇനി അതവിടെ ഇരുന്ന് ഇരുപത് മിനിറ്റ് വേവട്ടേന്നു പറഞ്ഞപ്പോൾ പിസിക്കു കാര്യമായ ഒരു സംശയം, 'അല്ല ഈ സമയം കൊണ്ട് മുരിങ്ങക്കായും, മാങ്ങയും ചെമ്മീനും എല്ലാം വേകുമോ?' അതൊക്കെ വേകും എന്നായി ഉഷ.

ചെമ്മീൻ അവിടിരുന്നു പാകമാകട്ടേ...അതുവരെ അൽപം പാചകവിശേഷങ്ങൾ പങ്കുവയ്ക്കാം. പിസി പതിവു ഗൗരവം വിട്ട് ഉത്സാഹവാനായി.

ചെറുപ്പത്തിൽ എനിക്കൊരു കോഴിപ്രാന്തുണ്ടായിരുന്നു. കോഴിക്കുഞ്ഞുങ്ങളെ അടവച്ച് വിരിയിക്കും. എന്നിട്ട് ഒരു മാസത്തിനകം ഈ കോഴിക്കുഞ്ഞുങ്ങളെയെല്ലാം ഞാൻ കൊല്ലും...എന്നിട്ട് മുളക്, ഇഞ്ചി, കറിവേപ്പില എല്ലാം ഇട്ട് ഇടിച്ചെടുത്തിട്ടു വറുത്തു തിന്നും. എല്ലാ ദിവസവും ഓരോ കോഴിക്കുഞ്ഞിനെ ഇടിച്ചു തിന്നുമായിരുന്നു. അതാണീ ആരോഗ്യരഹസ്യം. സസ്യാഹാരത്തിൽ ഏറ്റവും ഇഷ്ടം പാവയ്ക്കാകറിയാണ്. അതും ഞാൻ അസ്സലായി ഉണ്ടാക്കും.

ഇനി നമ്മുടെ ചെമ്മീൻ കറിയിലേക്കു വരാം...

മൂടി വച്ച ചട്ടിയിൽ ചെമ്മീൻ മാങ്ങാ, മുരിങ്ങക്കോൽ എല്ലാം ഇങ്ങനെ വെന്തോണ്ടിരിക്കുന്നു. കറി പൂർത്തിയായാൽ കടുകും ഉലവയും ഉലർത്തി ഒഴിക്കുകയോ അല്ലെങ്കിൽ പച്ചവെളിച്ചെണ്ണ മീതെ ഒഴിക്കുകയോ ചെയ്താൽ മതിയെന്ന് ഉഷ പറഞ്ഞു. പാൻ ചൂടാക്കി എണ്ണയൊഴിച്ചു. ചൂടായിക്കഴിഞ്ഞ് ഉലുവ ഇട്ടു പൊട്ടിക്കഴിഞ്ഞു കുറച്ചും കടുകും ചെറിയ ഉള്ളി അരിഞ്ഞതും ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുത്തു. പിന്നെ ഒരു സിനിമയിൽ ഉർവശി പറയുംപോലെ 'കടുകുവറ... കടുകുവറ...കടുകുവറ...കറി റെഡി'!

ഇനി  ഇതിന്റെ ടേസ്റ്റ് നോക്കിയിട്ടു തന്നെ കാര്യം. ഇങ്ങോട്ടു താ ഞാൻ ചെയ്യാമെന്നായി പിസി...

തവിയിൽ അൽപം കോരിയെടുത്ത് നാവിൻതുമ്പിൽ ഇറ്റിച്ചു. സോൾട് & പേപ്പർ എന്ന സിനിമയിൽ ലാൽ ഉണ്ണിയപ്പം കഴിക്കുമ്പോൾ മുഖത്ത് വരുന്ന ഭാവം ഓർമയുണ്ടോ? ഏതാണ്ടതുപോലെ ഒരു നിമിഷം അതിന്റെ രുചിയിൽ ലയിച്ച് കണ്ണടച്ചു നിന്നു. 'ഉഗ്രൻ ടേസ്റ്റ്' എന്ന സർട്ടിഫിക്കറ്റും പിസി പാസ്സാക്കി.

'വീട്ടമ്മമാരുടെ പാചകത്തെക്കുറിച്ച് പറയുമ്പോൾ അധികമാരും ശ്രദ്ധിക്കാത്ത ഒരു കാര്യമുണ്ട്. ഓരോ അടുക്കളയിലും വീട്ടമ്മമാർ സ്വയം കണ്ടെത്തിയ പാചകവിധികളുണ്ട്. ഒരു പുസ്തകത്തിലും ഈ പാചകക്കുറിപ്പുകൾ വായിക്കാൻ കിട്ടില്ല. അത്തരത്തിലുള്ള ഒരു കറിയാണ് ഇവിടെ തയാറാക്കിയ ചെമ്മീൻ മാങ്ങാ മുരിങ്ങക്കോൽ കറി. എല്ലാവർക്കും ധൈര്യമായി പരീക്ഷിക്കാം'.... 

'ഉഷേ വേഗം ചോറെടുത്തോ...ഇതിന്റെ മണം കേട്ടപ്പോൾ മുതൽ വയറ്റിൽ ചൂളം വിളി തുടങ്ങി'...അതുംപറഞ്ഞുകൊണ്ട് പിസി വേഗം ഊണുമേശയിലേക്കോടി...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA