ADVERTISEMENT

അമ്പതു കൊല്ലമായി പേട്ട റെയിൽവേ സ്റ്റേഷനു വലിയ മാറ്റമൊന്നുമില്ല. പുരാതനമായ കെട്ടിടവും നീണ്ട പ്ലാറ്റ്ഫോമും  ന്യൂജെനായിട്ടില്ല. സ്റ്റേഷന്റെ മുറ്റത്തോടു ചേർന്നു ചെറിയ ചായത്തട്ടു നടത്തുന്ന മണിയന്റെ ചായക്കും മാറ്റമില്ലെന്നു പറയാം. 50 വർഷം മുമ്പത്തെ അതേ ചായ തന്നെ !    

പേട്ടക്കാർ മണിയനണ്ണനെന്നു വിളിക്കുന്ന ചെന്നിലോട് കാവുവിള വീട്ടിൽ മണിയന്റെ ചായക്കാര്യം ചെറുതല്ല. പേട്ട സ്റ്റേഷന്റെ 50 വർഷത്തെ ഓർമകളുണ്ട്. അതത്രയും അക്ഷരമാവുകയാണ്. ഇ.കെ. നായനാരും കെ.പങ്കജാക്ഷനും വക്കവും കെ.ബാലകൃഷ്ണനുമൊക്കെ  മണിയന്റെ ചായകുടിച്ച് ഒന്നാന്തരമെന്നു സാക്ഷ്യപ്പെടുത്തിയവരാണ്.  ‘മുഖച്ഛായ’ നോക്കിയാണ് മണിയന്റെ ചായയടി. ചായക്കു പറഞ്ഞയാളെ മണിയനൊന്നു നോക്കും.  യാത്രചെയ്തു വരുന്നയാളാണെങ്കിൽ ക്ഷീണവും പരവേശവും കാണും. അവർക്കു ചായ പെട്ടന്നുവേണം. മധുരം പൊടിക്കു നീട്ടി കടുപ്പത്തിലൊരു ചായ കൊടുക്കും. തിരക്കില്ലാത്തവർക്കു നന്നായി പാലു ചേർത്ത ചായ.   

രാഷ്ട്രീയക്കാർക്ക് കടുപ്പം വേണം. അവസാനതുള്ളി വരെ  സുഖം പകർന്നു നിൽക്കുന്ന ചൂടും ഈ  ‘മുഖച്ചായ’യ്ക്കുണ്ട്. ട്രെയിനിൽ  തമ്പാനൂരിലേക്കു ടിക്കറ്റെടുത്ത ചിലർ മണിയന്റെ ചായ കുടിക്കാൻ  പേട്ടയിലിറങ്ങിയ കഥകളുമുണ്ട്. എത്ര ഓർഡറുണ്ടെങ്കിലും ഒരുമിച്ച് ചായ കൂട്ടില്ല. ഓരോരുത്തർക്കും പ്രത്യേകമായി തന്നെ തയാറാക്കും. കടയുടെ ഐശ്വര്യമായി തൂത്തുതുടച്ചു തിളക്കിവച്ചിരിക്കുന്ന സമോവർ കാണാം.   മുമ്പൊക്കെ വണ്ടികളുടെ സമയം കൃത്യമായി അറിയാമായിരുന്നു. പേട്ടയിൽ നിറുത്തുന്നതിലേറെയും ഷട്ടിലുകളായിരുന്നു. തീവണ്ടികൾ കാഴ്ചയിൽ ഒരുപോലെ തോന്നും. പക്ഷേ ശ്രദ്ധിച്ചാലറിയാം ഓരോ വണ്ടിക്കും ഓരോ ശബ്ദമാണ്. പ്രായം 74 കടന്നു. ഭാര്യ സത്യഭാമയ്ക്ക് 69. 

കല്യാണപ്പിറ്റേന്നാണു സ്റ്റേഷനു മുന്നിൽ കച്ചവടം തുടങ്ങിയതെന്നതു മധുരമുള്ള ഓർമ. ആദ്യത്തെ ചായ വിറ്റതു 10 പൈസയ്ക്ക്. ആയുർവേദ കോളജിലെ കുക്കായിരുന്ന സത്യഭാമ ജോലിയിൽ നിന്നു വിരമിച്ച ശേഷം മണിയനൊപ്പമുണ്ട്. പുലർച്ചെ രണ്ടാളുമിറങ്ങും. ഉച്ചയ്ക്ക് ഒരു പൊതി ചോറു വാങ്ങി പങ്കിട്ടുകഴിക്കും.  മകൾ ബിന്ദു ആറിൽ പഠിക്കുമ്പോൾ മരിച്ചതിന്റെ വേദന നെഞ്ചിലുണ്ട്. മകൻ സുരേഷ് ഓട്ടോഡ്രൈവറാണ്. ‘ പേരക്കുട്ടി എൻജിനീയറിങ്ങിനു പഠിക്കുകയാണ്. കുടുംബത്തെ ഒരു കരയാക്കിയത് ഈ ചായത്തട്ടാണ്. തീവണ്ടികളുടെ ഇരമ്പൽ കാതിൽനിന്നും മായരുത്. അതാണു അന്ത്യംവരെയുള്ള പ്രാർഥന.’   മുഖച്ചായയുടെ കട്ട ഫാനായി മാറിയ ന്യൂജെൻ പയ്യന്മാരാണ് റെയിൽവേ സ്റ്റേഷന്റെയും മണിയന്റെയും കഥയെഴുതുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com