ADVERTISEMENT

മുളങ്കാടുകളുടെ സംഗീതം കേട്ടിട്ടുണ്ടോ? ഒറ്റയ്ക്ക് കാട്ടിലൂടെ, ഇലകളുടെ സ്പർശമറിഞ്ഞ് നടക്കണം. കാതോർത്താൽ അങ്ങകലെ എവിടെനിന്നോ മുളങ്കാടുകൾ പരസ്പരം ഉരസിയുരസി സംസാരിക്കുന്നതുകേൾക്കാം. കാട്ടിൽനിന്നു തന്നെ ആ മുളംതണ്ടിൽ സംഗീതം നിറഞ്ഞിട്ടുണ്ടാവും. ഗോത്രജീവിതത്തിലെ ഏറ്റവും രുചിയേറിയ ഭക്ഷണ വിഭവങ്ങളിൽ ഒന്നാണ് മുള. ഒരു ചെടിയുടെ ഇല മുതൽ വേരുവരെ ഭക്ഷിക്കാം എന്നതാണ് കാടിനകത്തെ ജീവിതം പഠിപ്പിക്കുന്നത്. മുളയയരി, മുളങ്കൂമ്പ്, കണില തുടങ്ങിയവയെല്ലാം രുചികരമാണ്. ചേമ്പിന്റെ തണ്ടായാലും ചീരയായാലും കറിയുണ്ടാക്കുമ്പോൾ മുളയുടെ ഇല ചേർക്കണമെന്ന് മാനന്തവാടി പ്രദേശത്തെ പണിയ വിഭാഗക്കാർ പറയുന്നു. 

 മുളയരി 

15 വർഷത്തിൽ ഒരിക്കലാണ് മുളക്കൂട്ടം പൂവിടുന്നത്. പൂവിട്ടാൽ മുളക്കൂട്ടം നശിക്കും. മാവിലർ പോലുള്ള വിഭാഗക്കാർ പൂത്തുകഴിഞ്ഞ മുളയ്ക്കുചുറ്റും വൃത്തിയാക്കി ചാണകം മെഴുകും. ഒരാഴ്ച കഴിയുമ്പോൾ മുളനെല്ല് കൊഴിയാൻ തുടങ്ങും. ഇത് വൃത്തിയുള്ള ചൂലുകൊണ്ട് അടിച്ചുവാരി എടുക്കും. ഈ മുളനെല്ല് ഉരലിലിട്ട് ഇടിച്ചു ചേറിയാണ് മുളയരി വേർതിരിച്ചെടുക്കുക. 

മുളയരി പെറുക്കുമ്പോൾ ശബ്ദിക്കരുതെന്നാണ് വിശ്വാസം. ഇല്ലെങ്കിൽപുലി വന്നുപിടികൂടുമത്രേ. 

Read in English

 മുളങ്കൂമ്പ് 

ലോകത്തിലെ അഞ്ച് സുപ്രധാന ആഹാരങ്ങളിൽ‍ ഒന്നാണ് മുളങ്കൂമ്പ്. എന്നാൽ നമ്മൾ മലയാളികളുടെ ഭക്ഷണരീതിയിൽ മുളങ്കൂമ്പിനു സ്ഥാനമേയില്ല. എന്നാൽ ഏറെ വികസിതമായ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ തെരുവോരങ്ങളിൽപോലും സുലഭമാണ് മുളങ്കൂമ്പ് വിഭവങ്ങൾ. ഉപ്പേരി. കറികൾ, ബജ്ജി, സൂപ്പ് തുടങ്ങി മുളങ്കൂമ്പ് വിഭവങ്ങൾ എണ്ണിയാൽ തീരില്ല. ഉണക്കി ചെറുതായി വട്ടത്തിലരിഞ്ഞ് പലഹാരമുണ്ടാക്കുന്ന വിഭാഗങ്ങളുമുണ്ട്. 

കണില 

കണില എന്നാണു പേരെങ്കിലും സംഗതി ഇലയല്ല. മുളകൾക്കിടയിൽ കാണുന്ന ചെറിയ മുളകളാണ് കണില. രണ്ടടി ഉയരമെത്തു മ്പോഴേക്ക് ഇതുപറിച്ചെടുക്കും. ചെറുതായരിഞ്ഞ് വിഭവങ്ങളുണ്ടാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com