ADVERTISEMENT

വൈറ്റ് സോസിൽ മുങ്ങിത്തോർത്തി ധനുമാസച്ചന്ദ്രിക പോലെ വെളുത്തുമിനുങ്ങി സുന്ദരികളായ എട്ടു പ്രോൺ യുവതികൾ. അലങ്കാരവും പൊട്ടുകുത്തലുമെല്ലാം ഗാർലിക്, പെപ്പർ തരികൾ വക. വാലു നുള്ളിയിട്ടില്ലാത്ത പെടയ്ക്കണ ഈ പ്രോൺ യുവതികളെ വായിലിട്ടാലോ.... ! മൊരുമൊരാ മൊരിഞ്ഞ് നാവിൽ കുരുമുളകിന്റെ തരിപ്പുണർത്തി ജ്യൂസി ചീസി ബട്ടറിലിളകി...നമ്മുടെ ഹൃത്തടം വേദിയാക്കി നർത്തനമാടിയാണ് ആമാശയത്തിലേക്കുള്ള ആ പോക്ക്. 

കൊച്ചി പുല്ലേപ്പടി ബസ് സ്റ്റോപ്പിനു സമീപം ചിറ്റൂർ റോഡിലെ ‘നവ്‌രസ് ’ സീഫുഡ് റെസ്റ്റൊറന്റിലെ സ്റ്റാർ സ്റ്റാർട്ടറാണ് ബട്ടർ പെപ്പർ ഗാർലിക് പ്രോൺസ് എന്ന ഈ വിഭവം. ധാരാളം എരിവോ കേരളാ സ്പൈസസോ അടങ്ങിയിട്ടില്ലാത്തതിനാൽ കൊച്ചുകുട്ടികളും വിദേശികളും ഈ വിഭവം ഏറെ ചോദിച്ചെത്താറുണ്ടെന്ന് ഷെഫ് സാക്ഷ്യപ്പെടുത്തുന്നു. 

സീഫുഡ് സ്പെഷൽ ഇടമായതിനാൽ കസ്റ്റമേഴ്സ് കാണിച്ചു കൊടുക്കുന്ന മീനോ ചെമ്മീനോ അപ്പപ്പോൾ പാചകം ചെയ്തു കൊടുക്കുന്നതാണ് ഇവിടുത്തെ രീതി. തിരഞ്ഞെടുക്കുന്ന പ്രോൺ അഞ്ചുമിനിറ്റ് മാരിനേഷനു വയ്ക്കും. 

മാരിനേഷന് ഉപയോഗിക്കുന്നത് ഇവിടെത്തന്നെ ഷെഫ് തയാറാക്കുന്ന ജിഞ്ചർഗാർലിക് വിനിഗറാണ്. പിന്നീട് കോൺഫ്ലോറിൽ ചെറുതായി ഡസ്റ്റ് ചെയ്തെടുത്ത് സൺഫ്ലവർ ഓയിലിൽ പൊരിച്ചെടുക്കും. ചെറുതായി മൊരിഞ്ഞു വരുന്നതാണ് പാകം. ഡീപ് ഫ്രൈ ചെയ്യില്ല. 

സമാന്തരമായി വേറെ ബർണറിൽ വൈറ്റ് സോസ് തയാറാക്കും. ബട്ടർ ഉരുക്കി അതിൽ തീരെ പൊടിയായി ചോപ് ചെയ്ത സവാളയും ഇരട്ടി ഗാർലിക്കും വഴറ്റിയെടുക്കും. പിന്നീട് പ്രോൺ ചേർത്ത് പൊടിച്ചുവച്ച ബ്ലാക്ക് പെപ്പർ ഇടും. 

ബട്ടറിൽ പോരാത്ത ഉപ്പ് ചേർത്ത് ഇളക്കിയ ശേഷം അമുൽ ക്രീം ചേർത്ത് ഗ്രേവിയാക്കും. ഗ്രേവി പ്രോണിൽ പിടിച്ച് കുറുകി വരാനായി ഒടുവിൽ കുറച്ച് കോൺഫ്ലോർ ചേർത്തിളക്കും. അടുപ്പിൽ നിന്ന് ഇറക്കുമ്പോഴേക്കും ഇളം ക്രീം നിറത്തിൽ പൊതിഞ്ഞനിലയിലായിരിക്കും പ്രോൺ സുന്ദരികൾ. 

വൈറ്റ് പ്രോൺ ആണ് ഈ വിഭവത്തിനു കൂടുതൽ ഉപയോഗിക്കാറുള്ളത്. കാബേജും ലെറ്റൂസും കുക്കുമ്പറും അടങ്ങിയ സാലഡ് ആണ് ഇതിന്റെ കോംബിനേഷൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com