sections
MORE

അങ്ങനെ തൃശൂർക്കാരും പറഞ്ഞു; ഹായ് ബിരിയാണിച്ചെമ്പ് തുറക്കുന്ന മണം

SHARE

ഇന്നും അസ്സുഹാജിയുടെ ബിരിയാണിക്ക് അതേ രുചിയാണ്. 47 വർഷം മുൻപു അടുപ്പത്തു കയറ്റിയ ചെമ്പിലെ അതേ രുചി. കാരണം അന്ന് അസ്സുഹാജി പറഞ്ഞിരുന്നു, ‘എത്ര കുറച്ചു കച്ചവടം ചെയ്താലും ഉള്ളതു സ്വാദോടു കൂടി കൊടുക്കണം. ആരുടെയും മനസു വിഷമിപ്പിക്കരുത്.’ അന്നു തൊട്ടേ സ്േനഹവും സന്തോഷവും ചേർത്താണു അസ്സുഹാജിയുടെ ഹോട്ടലിൽ ഭക്ഷണം വിളമ്പുന്നത്. 47 വർഷത്തിനു ശേഷവും അതു തുടരുന്നു. അതുകൊണ്ടുതന്നെ തൃശൂർ റയിൽവെ സ്റ്റേഷൻ റോഡിലെ സഫയർ ഹോട്ടലിലെ ബിരിയാണിയുടെയും കോഴി പൊരിച്ചതിന്റെയും രുചി നാവിലെന്നപോലെ മനസ്സിലും ബാക്കിയാകുന്നു.

അസ്സുഹാജിയുടെ മകൾ നസീമയെ കല്യാണം കഴിച്ചതു തലശ്ശേരിക്കാരനായ തച്ചറക്കൽ അബ്ദുൾ സലീമാണ്. തലശ്ശേരിക്കാരനാണെങ്കിലും സലീമിനു ഹോട്ടൽ കച്ചവടവുമായി ബന്ധമില്ലായിരുന്നു. ഇവിടെയെത്തിയതോടെ ഹോട്ടൽ കച്ചവടം പഠിച്ചു. സലീമും അസ്സുഹാജിയുടെ മകൻ ഫൈസലും ചേർന്നാണ് ഇപ്പോൾ സഫയർ നടത്തുന്നത്. അസ്സുഹാജി ജീവിച്ചിരുന്ന കാലത്തുതന്നെ വരും തലമുറയ്ക്കു അദ്ദേഹം കൈപ്പുണ്യം കൈമാറിയിരുന്നു. സൗദി രാജാവിന്റെ പാചകക്കാരനായിരുന്ന അസ്സുഹാജി തൃശൂരിൽ തിരിച്ചെത്തിയപ്പോഴാണു ഹോട്ടൽ തുടങ്ങാൻ തീരുമാനിച്ചത്.കൊച്ചി രാജ കുടുംബവുമായി ബന്ധപ്പെട്ട കെട്ടിടം വാടകയ്ക്ക് എടുത്തു കച്ചവടം തുടങ്ങി. കഷ്ടപ്പാടുകളുടെ ഏറെ ദിനങ്ങൾക്കു ശേഷമാണു സഫയർ സന്തോഷത്തിന്റെ പാതയിലെ യാത്ര തുടങ്ങിയത്. 

കൊച്ചി രാജ കുടുംബം നിർമ്മിച്ച ഊട്ടുപുരകളിലൊന്നായിരുന്നു സഫയർ. ഇവിടത്തെ കിഴക്കെ പുമരിൽ ഒരു ദ്വാരമുണ്ട്. ഊണിനു മുൻപു സ്ത്രീകൾക്കു തൊട്ടടുത്ത ഹനുമാൻ ക്ഷേത്രത്തിലേക്കു നോക്കി തൊഴാനുള്ള ദ്വാരമായിരുന്നു ഇത്. ഈ ദ്വാരം ഒരു കാരണവശാലും അടയ്ക്കരുതെന്നു അസ്സുഹാജി പറഞ്ഞിരുന്നു. കെട്ടിടം സ്വന്തമാക്കുകയും പല ഭാഗങ്ങളും മാറ്റി നിർമിക്കുകയും ചെയ്തുവെങ്കിലും ഈ ദ്വാരം ഇപ്പോഴും വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്നു. പ്രാർത്ഥനയുടെ ചെറിയ കിളിവാതിലുകൾപോലും അടയ്ക്കരുതെന്നു അസ്സുഹാജി ഓർമ്മിപ്പിക്കുകയാണ്. 

ബിരിയാണിയുടെ കോഴി രാവിലെ ഏഴു മണിയോടെ അടുപ്പത്തു കയറും. രാവിലെ വെട്ടിയ കോഴിയെ മാത്രമെ ഉപയോഗിക്കൂ. സുഗന്ധമുള്ള ബിരിയാണി അരി വരുന്നതു സിലഗുരിയിൽനിന്നാണ്. വർഷങ്ങളായി ഉപയോഗിക്കുന്നതു ഒരേ ബ്രാൻഡുതന്നെ. ഓരോ ചാക്ക് അരിയും പ്രത്യേകം പരിശോധിക്കും. അരി വേവിക്കുന്നതു വിറകിലാണ്. ചിക്കൻ വറുക്കുന്നതു പാചക വാതകത്തിലും. പിന്നീടു ഇവ കലർത്തി ദം ഇട്ടു പാത്രത്തിനു മുകളിൽ കനലിടും. ഓരോ തവണയും ഓരോ പാത്രം മാത്രമെ ഉണ്ടാക്കൂ. അതുകൊണ്ടുതന്നെ എപ്പോഴും ബിരിയാണി ഫ്രഷ് ആയിരിക്കും. ചൂടാക്കിത്തരുന്നതല്ല. 

വറുത്ത ചിക്കനും പൊറോട്ടയുമാണു മറ്റൊരു സ്റ്റാർ.ചിക്കൻ ഒരേ എണ്ണയിൽ വീണ്ടും വീണ്ടും വറുത്തെടുക്കില്ല. പുത്തൻ എണ്ണയുടെയും പുത്തൻ ചിക്കന്റെയും ശ്രദ്ധയോടെ പുരട്ടിയെടുത്ത മസാലയുടെയും  രുചിയാണു ചിക്കൻ വറുത്തതിന്റെ രുചി.എണ്ണയിൽ കിടന്നു തിളയ്ക്കുന്ന ചിക്കന്റെ ഗന്ധമാണ് സഫയറിന്റെ ഗന്ധം. രാവിലെ ഏഴരയ്ക്കു മുളകിട്ട മീൻ കറിയും പൊറോട്ടയും പത്തിരിയും ഇടിയപ്പവും റെഡിയാകും. ബെംഗളൂരിൽനിന്നും മറ്റും വരുന്നവർ ക്ഷമയില്ലാതെ മീൻ കറിക്കുവേണ്ടി കാത്തുനിൽക്കുന്നതു കാണാം.ഈ മീൻകറി പലർക്കും നൊസ്റ്റാൾജിയയാണ്. ഉമ്മൻചാണ്ടി, കെ.മുരളീധരൻ, പാണക്കാട് കുടുംബം തുടങ്ങി എത്രയോ നേതാക്കൾക്കു തിരക്കിനിടയിലും ബിരിയാണിയോ ചിക്കനോ ഇല്ലാതെ പറ്റില്ല. പലരും അണികളെ വിട്ടു ട്രെയിനിലേക്ക് എത്തിക്കും. 

ഈ ഹോട്ടലിലൊരു വലിയ കിണറുണ്ട്. രാജകാലത്തു താഴെ നെല്ലിപ്പലകയിട്ടു സംരക്ഷിച്ച  കൂറ്റൻ കിണർ.ഇന്നും ഈ കിണറിലെ വെള്ളം മാത്രമെ പാചകത്തിനുപയോഗിക്കൂ. ചൂടു പൊറോട്ട, ചപ്പാത്തി, നൂലപ്പം, സിലഗുരി അരിയുടെ ബിരിയാണി അങ്ങിനെ വെജിറ്റേറിയൻകാർക്കും മോശമല്ലാത്ത വിഭവം സഫയർ ഉണ്ടാക്കുന്നുണ്ട്. ‘ആരും സന്തോഷിക്കാതെ പോകരുതെന്ന’ പ്രാർഥന ഇപ്പോഴും സഫയറിൽ ബാക്കിനിൽക്കുന്നു. അതുകൊണ്ടുതന്നെ ബിരിയാണിയുടെ രുചി വർഷങ്ങൾക്കു ശേഷവും നാവിൽ ബാക്കിയാകുന്നു. തൃശൂരിനെ ബിരിയാണി കഴിച്ചു മോഹിപ്പിച്ചത് അസ്സുഹാജിതന്നെയാണ്. വെറുതെയിരിക്കുമ്പോൾ കണ്ണടച്ചു ആലോചിക്കുക. എവിടെയോ ബിരിയാണിയുടെ ഗന്ധം വരുന്നില്ലെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA