sections
MORE

തൈപ്പറമ്പിൽ അശോകനും അരശുമൂട്ടിൽ അപ്പുക്കുട്ടനും പിന്നെ ഉണ്ണിയപ്പവും

yodha-movie
SHARE

തൈപ്പറമ്പിൽ അശോകനും അരശുമൂട്ടിൽ അപ്പുക്കുട്ടനും. ഇത്രയും വീറും വാശിയുമുള്ള രണ്ട് കഥാപാത്രങ്ങൾ മലയാള സിനിമയിൽ മറ്റൊരിക്കലും വന്നിട്ടില്ല. കാലമെത്ര കഴിഞ്ഞാലും മലയാളികളുടെ നാവിൻതുമ്പിൽനിന്നു മറയാത്ത എരിവും പുളിയുമുള്ള ഡയലോഗുകൾ. എ. ആർ റഹ്‌മാൻ മധുരതരമാക്കിയ സംഗീതം. ശശിധരൻ ആറാട്ടുവഴിയുടെ തിരക്കഥയിൽ സംഗീത് ശിവൻ ഒരുക്കിയ യോദ്ധയിൽ ചിരിയുണർത്താനും കഥയുടെ വഴി തിരിച്ചുവിടാനും ഇടയ്‌ക്കിടെ കടന്നുവരുന്ന ഭക്ഷണമെന്ന കഥാപാത്രത്തെ ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ? 

നാട്ടിൻപുറത്ത് ക്ലബിലിരുന്ന് കളിച്ചും കൂട്ടുകാരോത്ത് ആഘോഷിച്ചും നടക്കുന്ന തൈപ്പറമ്പിൽ അശോകൻ രാത്രി തലയിൽ മുണ്ടിട്ട് വീട്ടിൽ കയറി വരുമ്പോൾ ഉറങ്ങാതെ കാത്തിരിക്കുകയാണ് അമ്മ. മകനുള്ള ചോറും കറികളും സ്‌റ്റീൽപാത്രത്തിലാക്കി മേശപ്പുറത്ത് മൂടി വെച്ചിട്ടുണ്ട്. 

അശോകനെ ചെസുകളിയിൽ തോൽപ്പിക്കാൻ ഉറക്കമിളച്ചിരുന്ന് കളി പഠിക്കുകയാണ് അരശുമൂട്ടിൽ അപ്പുക്കുട്ടൻ. അമ്മ പഞ്ചസാരയിട്ടിളക്കി ഒരു ഗ്ലാസ് പാൽ മോനു കൊടുക്കുന്നു. ഒറ്റയടിക്ക് അതുകുടിച്ച് മീശയുടെ മേൽ പാൽപ്പാടയുമായി അപ്പുക്കുട്ടന്റെ ദയനീയമായ നോട്ടം: കലങ്ങിയില്ല... 

നല്ലോണം കലക്കി ഒരു ഗ്ലാസുംകൂടി തരട്ടേ, മോനേ? എന്ന് അമ്മ. ഉടനടി വരുന്നു അപ്പുക്കുട്ടന്റെ ഡയലോഗ്: വേണ്ട, രണ്ടിലൊന്നറിഞ്ഞിട്ടുമതി . മാനസ മൈനേ വരൂ എന്നു മൂളി കള്ളുഷാപ്പിലിരുന്ന് ചാരായം കുടിക്കുകയാണ് നിരാശാകാമുകനായ അപ്പുക്കുട്ടൻ. തന്റെ മുറപ്പെണ്ണ് ദമയന്തിയുമായി കൊഞ്ചിക്കുഴഞ്ഞ് നടന്ന അശോകനെ അങ്ങനെ നേപ്പാളിലേക്ക് കടത്തിവിടില്ല എന്നു തീരുമാനിക്കുന്നത് ചാരായത്തിന്റെ ബലത്തിലാണ്. 

നേപ്പാളിലേക്ക് പോവുന്ന അശോകന്റെ ബാഗിൽ അമ്മ ഉണ്ണിയപ്പവും അച്ചാറുമൊക്കെ നിറയ്‌ക്കുന്നു. നേപ്പാളിൽ ചെന്നിറങ്ങിയ അശോകന് പണവും പേഴ്‌സുമൊക്കെ നഷ്‌ടമായപ്പോൾ ആകെ അവശേഷിച്ചത് ഉണ്ണിയപ്പമടങ്ങിയ ബാഗാണ്. ഉണ്ണിയപ്പം ആർത്തിയോടെ തിന്നുമ്പോഴാണ് ഉണ്ണിയപ്പം പോലെ മോട്ടത്തലയുള്ള റിംപോച്ചെ കുട്ടിയെ അശോകൻ ഉണ്ണിക്കുട്ടനെന്നു പേരിട്ടുവിളിക്കുന്നത്. 

ഏറ്റുമുട്ടലിനിടെ കാഴ്‌ച നഷ്‌ടപ്പെട്ട അശോകനെ പരിചരിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്നത് ആദിവാസിമൂപ്പനും മകളുമാണ്. ഭക്ഷണം കഴിക്കുമ്പോൾ മൂപ്പൻ വെള്ളത്തിന്റെ പാത്രം മാറ്റിവയ്‌ക്കുന്നു. അശോകൻ ഏറെ നേരം തപ്പി പാത്രം കണ്ടുപിടിക്കുന്നു. പതുക്കെ പതുക്കെ ഓരോ ചലനിത്തിന്റേയും ശബ്‌ദം ശ്രദ്ധയോടെ കേൾക്കാൻ തുടങ്ങിയതോടെ അശോകൻ വെള്ളത്തിന്റെ പാത്രം മാറുന്നത് വളരെ പെട്ടന്ന് തിരിച്ചറിയാൻ തുടങ്ങുന്നു. 

ദുഷ്‌ട ശക്‌തികളുടെ തടവിൽ കഴിയുന്ന റിംപോച്ചെ വിശപ്പടക്കാൻ കഴിക്കുന്നത് ഒരു പ്രത്യേക തരം ഇലയാണ്. ഒരു ദിവസം ഒരില എന്ന കണക്കിലാണ് ഭക്ഷണക്രമം. ഭക്ഷണസാധനങ്ങളുടെ വില കുതിച്ചുകയറുന്ന ഇക്കാലത്ത് ആ ഇല ഏതാണെന്നറിഞ്ഞിരുന്നെങ്കിൽ ജീവിച്ചുപോവാമായിരുന്നു! 

തൊട്ടുകൂട്ടാൻ: 

അച്‌ഛൻ: വസൂ...ദേ തോറ്റു തുന്നംപാടി വന്നുനിൽക്കുന്നു, നിന്റെ മ്വോാാൻ....അവനെന്തെങ്കിലും തിന്നാൻ കൊടുക്ക്.. 

അപ്പുക്കുട്ടൻ: എന്തെങ്കിലും പോരാ...കനമായിട്ടു തന്നെ വേണം.

ഉണ്ണിയപ്പം ഉണ്ടാക്കാനറിയാത്ത മലയാളിയുണ്ടോ?

അരക്കിലോ ശർക്കര ചൂടുവെള്ളം ചേർത്ത് പാനീയമാക്കണം. അത് അരിച്ചുമാറ്റി വയ്ക്കണം. മുന്നൂറു ഗ്രാം അരിപ്പൊടിയിൽ രണ്ടു പഴം ചേർത്ത് നന്നായി കുഴയ്ക്കണം. രണ്ടു സ്പൂൺ നെയ്യ് ചൂടാക്കി അതിൽ തേങ്ങാക്കൊത്തും കുറച്ച് എള്ളും വറുത്തെടുക്കണം. അതും മൂന്നു സ്പൂൺ ഏലയ്ക്കാപ്പൊടിയും അരിമാവിലേക്ക് ചേർക്കുക.അതിലേക്ക് നൂറു ഗ്രാം റവ, 200 ഗ്രാം മൈദ എന്നിവയും ചേർത്ത് അൽപം വെള്ളവും ചേർത്ത് നന്നായി കുഴയ്ക്കണം (വെള്ളം കൂടിപ്പോകരുത്). നന്നായി മയപ്പെടുത്തിയ മാവ് നാലു മണിക്കൂർ മാറ്റി വയ്ക്കുക. അതിനു ശേഷം ഉണ്ണിയപ്പച്ചട്ടിയിൽ എണ്ണ തിളപ്പിച്ച് മാവ് ഒഴിക്കുക. നന്നായി മൂത്തതിനുശേഷം കോരിയെടുക്കുക. നല്ല ജഗജിൽ ഉണ്ണിയപ്പം റെഡി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA