sections
MORE

ഒരു സൈക്കിൾ പാർക്ക് ചെയ്യാൻ പോലും ഇടമില്ല, എന്നിട്ടും പ്രശസ്തർ ഈ ചായക്കട തേടി വരുന്നു!

SHARE

തൃശൂരിലെ മൂക്കത്ത് നാരായണൻ നായർ സെന്റ് തോമസ് കോളജ് റോഡിലെ ആമ്പക്കാടൻ ജംക്‌ഷനിൽ തുടങ്ങിയ ഹോട്ടലാണ് ഗോപി. അന്നെല്ലാം നാരായണൻ നായരുടെ കാപ്പിക്കടയെന്നാണു പറഞ്ഞിരുന്നത്. ഭാരം ചുമന്നുവരുന്നവർക്കായി നാരായണൻ നായർ ഇവിടെയൊരു കരിങ്കൽ അത്താണിയും പണിതിരുന്നു. അരിയങ്ങാടിയിലേക്കു വരുന്ന എത്രയോ കാളവണ്ടിക്കാരുടെ  അത്താണിയായിരുന്നു ഈ ചായക്കട. കട പിന്നീടു മകൻ മാധവൻ നായർക്കു നൽകി. അവിടെ നിന്നു അദ്ദേഹത്തിന്റെ മക്കളിലേക്കും. 

ദോശ, പരിപ്പുവട, ഉണ്ണിയപ്പം ഈ 3  ഇനമേ ആദ്യകാലത്തു കടയിലുണ്ടായിരുന്നുള്ളു. പിന്നീടു ഉഴുന്നുവടകൂടി അംഗമായി. ഉണ്ണിയപ്പം ചില്ലുകണ്ണാടിയിൽനിന്നു വിരമിക്കുകയും ചെയ്തു. 56 വർ‌ഷം മുൻപാണു ഹോട്ടലിനു ഗോപി എന്നു പേരിടുന്നത്. അന്നും ഇന്നും ഇവിടത്തെ പ്രധാന ഐറ്റം ദോശയും വടയുംതന്നെ. അടുത്ത കാലത്തായി പുട്ടും ചപ്പാത്തിയും ഉപ്പുമാവും മെനുവിൽ കയറിക്കൂടി. പക്ഷേ, പുട്ടും ഉപ്പുമാവുമെല്ലാം രാവിലെ 11 മണിയോടെ യാത്ര പറയും. പിന്നെ ദോശയും വടയും തനിച്ചാണു കഴിഞ്ഞുപോരുന്നത്. 

അരിയുടെയും ഉഴുന്നിന്റെയും മികവും അത് അരയ്ക്കുന്നതിലെ നോട്ടവുമാണു ഇന്നും ദോശയുടെ പെരുമയ്ക്കു പ്രധാന കാരണമെന്നു ഇപ്പോഴത്തെ ഉടമകളിൽ ഒരാളായ ഗോപാലകൃഷ്ണൻ പറഞ്ഞു. അരവിനു നല്ല നോട്ടം വേണം.പരിചയ സമ്പന്നതതന്നെയാണു കാരണം.  പിന്നെ സ്വാദു കൂട്ടുന്നതു ദോശ പരത്തുന്നതിലെ മിടുക്കാണ്. രാവിലെ 6 മുതൽ രാത്രി 9 വരെ ദോശ ഉണ്ടാക്കിക്കൊണ്ടേയിരിക്കും.. നഗരത്തിൽ സാദാ ദോശ കിട്ടുന്ന അപൂർവ്വം കടയാണിത്. നാലുതരം ബ്രാൻഡ് ഉഴുന്നും രണ്ടു തരം അരിയും മാത്രമെ ഉപയോഗിക്കൂ. പകരക്കാരെയിട്ട് അരയ്ക്കുന്ന രീതിയില്ല. 

ദോശ നൊസ്റ്റാൾജിയ

സെന്റ് തോമസ് കോളജിലെ എത്രയോ തലമുറകൾ വിജയങ്ങൾക്കു ചെലവു ചെയ്തിരുന്നത് ഈ ദോശവാങ്ങിക്കൊടുത്താണ്. പി.സി.തോമസിന്റെ പ്രവേശന പരീക്ഷാ കേന്ദ്രം വളർന്നപ്പോൾ കുട്ടികളും എത്തിത്തുടങ്ങി. 

പല പ്രശസ്ത ഡോക്ടർമാരും ഇപ്പോഴും ഈ ദോശയും വടയും തേടിവരും. പ്രവേശന പരീക്ഷാ പരിശീലനത്തിന്റെ പിരിമുറുക്കത്തിലെ ആശ്വാസം ഗോപിയിലെ ദോശയായിരുന്നു. 

ആദ്യകാലത്തു പരിപ്പുവടയായിരുന്നുവെങ്കിൽ പിന്നീട് ഉഴുന്നുവടയായി കേമം. വട വെളിച്ചെണ്ണയിലേക്കു ഇടുമ്പോഴുള്ള എണ്ണയുടെ ചൂടുവരെ വട നന്നാവുന്നതിലെ ഘടകമാണ്. എത്രയോ കാലമായ ഈ കൈപ്പുണ്യമാണ്, വടയും തേടി ഇന്നും ആളുകൾ എത്താൻ കാരണം. ദോശയ്ക്കായാലും വടയ്ക്കായാലും ഒരു തവണയേ അരയ്ക്കൂ. തീർന്നാൽ തീർന്നു. ഇല്ലെങ്കിൽ മാവു കളയും. വട ഉയർന്നു പൊങ്ങാനായി കൃത്രിമമായി ഒന്നും ചേർക്കില്ല. കൈപ്പുണ്യംകൊണ്ടുവേണം വട പൊങ്ങി വരാൻ. കോരിയിടുന്നതിന്റെ വേഗം കൂടിയാലും കുറഞ്ഞാലും വടയുടെ കറുമുറായിസം പോകും.  

മന്ത്രി സി. രവീന്ദ്രനാഥ് സെന്റ് തോമസ് കോളജിൽ പഠിപ്പിക്കുന്ന കാലത്തു ഗോപിയെ ആശ്രയിച്ചു തുടങ്ങിയതാണ്. അന്നു സൈക്കിളിലായിരുന്നു വരവ്. ഇന്നു കൊടിവച്ച കാർ ദൂരെ നിർത്തി വന്നു രണ്ടു ദോശയും മീഡിയം ചായയും കഴിച്ചുപോകും. രവീന്ദ്രനാഥ് എന്നും ഓർ്ഡർ ചെയ്യുന്നത് ഇതാണ്. ഗായകൻ ജയചന്ദ്രനും ദോശ തേടിയെത്തും. ഒരു സൈക്കിൽപോലും പാർക്കു ചെയ്യാനിടമില്ലാത്ത ഗോപിയെത്തേടി ആളുകൾ വരുന്നതു സ്വാദുകൊണ്ടു മാത്രമാകണം. നൊസ്റ്റാൾജിയയുടെ സ്വാദ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA