ADVERTISEMENT

പ്രിയപ്പെട്ടതെന്നു പറയാൻ എനിക്ക് ഒരേയൊരു കറിയേയുള്ളു. ഐതിഹ്യ പെരുമ നിറഞ്ഞ ഒരു കറി. 101 വിഭവങ്ങൾക്ക് തുല്യം നിൽക്കുന്ന വീരനായ ആ ഇഞ്ചിക്കറി. ചൂടു ചോറും ഇഞ്ചിക്കറിയും ഉണ്ടെങ്കിൽ എനിക്ക് ഊണ് കുശാൽ. വീട്ടിൽ ഇഞ്ചിക്കറി വച്ചാൽ ഞാൻ പിശുക്കിയേ ഉപയോഗിക്കാറുള്ളു. വേഗം തീർന്നു പോകുമല്ലോ എന്ന പേടി കാരണമാണത്. അച്ചാർ ഉണ്ടാക്കുന്നതു പോലെയല്ലല്ലോ, ഇഞ്ചിക്കറി ഉണ്ടാക്കാൻ കുറേയേറെ സമയവും അധ്വാനവും ആവശ്യമാണ്.

ഇപ്പോൾ ഷൂട്ടിങ്ങിനു പോകുമ്പോഴും ഒരു കുപ്പി ഇഞ്ചിക്കറി ഞാൻ ബാഗിൽ കരുതും. മധുരം കൂടിയ വടക്കൻ രീതിയിലുള്ള ഇഞ്ചിക്കറി എനിക്ക് അത്ര ഇഷ്ടമല്ല. നാവിൽ എരിപൊരിസഞ്ചാരം തീർക്കുന്ന തെക്കൻ ശൈലിയോടാണ് പ്രിയം.

എന്റെ കലാജീവിതവുമായും ഇഞ്ചിക്കറി ബന്ധപ്പെട്ടു കിടക്കുന്നു. കോളജിൽ പഠിക്കുമ്പോൾ സ്കൂൾ വിദ്യാർഥികൾക്കു കലോത്സവത്തിനു മൈം പരിശീലിപ്പിക്കുമായിരുന്നു. അന്നു മൈമിന് ഞാൻ തിരഞ്ഞെടുത്തിരുന്ന വിഷയം വരരുചിയുടെ ഐതിഹ്യത്തിൽ നിന്നുള്ള ഒരേടാണ്. 

ഒരിക്കൽ ഒരു ബ്രാഹ്മണ ഭവനം സന്ദർശിച്ച വരരുചി അവിടത്തെ കാരണവരുടെ മകളുടെ ബുദ്ധി പരീക്ഷിക്കാൻ ഒരു ആവശ്യം മുന്നോട്ടു വച്ചു. കുളിച്ചു വരുമ്പോഴേയ്ക്കും തനിക്ക് നൂറു കറികൾ കൂട്ടി ഊണ് വേണം. 

ചുരുങ്ങിയ സമയത്തിനുള്ളിൽ അവൾ അത്രയും വിഭവങ്ങൾ എങ്ങനെ ഒരുക്കും എന്നതായിരുന്നു വെല്ലുവിളി. എന്നാൽ ബുദ്ധിമതിയായ അവൾ നൂറു കറികൾക്കു തുല്യം വയ്ക്കാവുന്ന ഇഞ്ചിക്കറി വിളമ്പി വരരുചിയെ വിസ്മയിപ്പിച്ചു. 

ആ ബുദ്ധിയിൽ സംതൃപ്തനായ അദ്ദേഹം അവളെ വിവാഹം ചെയ്തു എന്നാണു കഥ. എനിക്കു പ്രിയപ്പെട്ട ആ ഇഞ്ചിക്കറിയുടെ കഥ വിദ്യാർഥികൾക്ക് ഒട്ടേറെ സമ്മാനങ്ങൾ വേദിയിൽ നേടിക്കൊടുത്തിട്ടുണ്ട്. കഫശല്യത്തിനും വിശപ്പില്ലായ്മയ്ക്കും ഇഞ്ചിക്കറി മരുന്നുമാണ്. 

  • ഇഞ്ചി-100 ഗ്രാം
  • പച്ചമുളക്- 5 എണ്ണം
  • വാളൻപുളി- 50ഗ്രാം
  • മുളകുപൊടി- ഒരു സ്പൂൺ
  • മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
  • കായം പൊടി- കാൽ ടീസ്പൂൺ
  • മല്ലിപ്പൊടി- കാൽ ടീസ്പൂൺ
  • കടുക്- കാൽ ടീസ്പൂൺ.
  • വെളിച്ചെണ്ണ- 5 ടീസ്പൂൺ

ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുകും കറിവേപ്പിലയും ഇടുക. അതിലേക്ക് കുരുകുരെ കൊത്തിയരിഞ്ഞ ഇഞ്ചിയും വട്ടത്തിൽ അരിഞ്ഞ പച്ചമുളകും ചേർത്ത് ചെറുതീയിൽ വാട്ടുക. വാടി വരുമ്പോൾ മസാല പൊടികളെല്ലാം ചേർക്കണം.

പൊടി മൂത്തു കഴിയുമ്പോൾ അര ഗ്ലാസ് വെള്ളത്തിൽ പുളി പിഴിഞ്ഞ്, ഒരു ചെറിയ കഷണം ശർക്കരയും കൂടി ചേർത്ത് ഒഴിക്കുക. പാകത്തിന് ഉപ്പും ഇട്ട് എണ്ണ തെളിയുന്നതു വരെ ചെറുതീയിൽ തിളപ്പിക്കുക.  ആറിക്കഴിയുമ്പോൾ വായു കയറാത്ത കുപ്പിയിൽ സൂക്ഷിച്ചു വയ്ക്കാം.

തയാറാക്കിയത് : ശ്രീപ്രസാദ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com