ADVERTISEMENT

അന്നവിചാരം മുന്നെവിചാരം എന്നാണല്ലോ. അരി ഗോത്രസമൂഹത്തിന്റെയും പ്രധാന ഭക്ഷ്യധാന്യമാണ്. ഒരു കുഞ്ഞു ജനിച്ചുകഴിഞ്ഞാൽ ഏതു സമൂഹത്തിലും ആദ്യത്തെ ചടങ്ങുകളിലൊന്ന് അന്നപ്രാശനം അഥവാ ചോറൂണ് ആണല്ലോ. എന്നാൽ പ്രസവിച്ചു കിടക്കുന്ന സ്ത്രീയ്ക്ക് പ്രസവശുശ്രൂഷയുടെ ഭാഗമായും ഗോത്ര സമൂഹത്തിൽ അരിവിഭവം നൽകാറുണ്ട്. 

കുറുമവിഭാഗത്തിൽ പ്രസവിച്ച സ്ത്രീക്ക് ഔഷധവീര്യമുള്ള പുളിഞ്ചോറ് നൽകുന്ന പതിവുണ്ട്. പുളി പിഴിഞ്ഞെടുത്ത് കുരുമുളുക്, ഉപ്പ്, ഇഞ്ചി, ചുക്കുപൊടി,വെളുത്തുള്ളി, ജീരകം എന്നിവ ചേർക്കും. ഇതു കുറുകാതെ തിളപ്പിച്ചെടുക്കും. ചോറിനൊപ്പം നൽകും. 

തേൻകുറുമരും മുള്ളുക്കുറുമരും വാളൻപുളിയാണ് ഉപയോഗിക്കുക. അവർ‍ പ്രസവിച്ച് 14 ദിവസം മാത്രമേ പുളി‍ഞ്ചോറ് കഴിക്കൂ. എന്നാൽ ഊരാളിക്കുറുമർ പുളിയുള്ള ചിലതരം ഇലകൾ ഉപയോഗിക്കാറുണ്ട്. ഇതു സാധാരണ ഭക്ഷണത്തിന്റെ ഭാഗമായി മാറും. 

തേൻകുറുമർ ‘ഉളിനീർ’ എന്ന ഭക്ഷണമാണ് പ്രസവശേഷം സ്ത്രീകൾക്കു നൽകുക. മുതിര, വെളുത്തുള്ളി, പുളി എന്നിവ ചേർത്താണ് ഇതുണ്ടാക്കുക. ഗർഭകാലത്ത് തേൻകുറുമ വിഭാഗക്കാർ നടത്തുന്ന ചടങ്ങാണ് ആശകൊട്ത. കാട്ടിറച്ചി ചുട്ടുനൽകുന്നതാണ് ഇതിന്റെ പ്രധാന ചടങ്ങ്. 

മനുഷ്യനായാലും സസ്യമായാലും ഗർഭകാലം ആഘോഷപൂർവം ആചരിക്കണമെന്നത് ഗോത്രവിഭാഗക്കാർക്കു നിർബന്ധമാണ്. നെല്ലു ഗർഭിണിയാണെന്നാണ് വയനാട്ടിലെ കുറിച്യ വിഭാഗത്തിന്റെ വിശ്വാസം. മനുഷ്യരുടെഗർഭകാലത്ത് പുളികുടി എന്ന ചടങ്ങാണ് നടത്തുന്നത്. നെൽച്ചെടി ഗർ‍ഭം ധരിച്ച് നെല്ലായി വിളഞ്ഞു നിൽക്കുമ്പോൾ കുറിച്യർ പുളികുടി എന്ന ചടങ്ങു നടത്തും. 

കന്നിമാസത്തിലെ ആയില്യം നാളിലാണ് നെല്ലിനു പുളികുടി നടത്തുക. തുലാംപത്തിന് അവൾ പ്രസവിക്കും. കതിർകുഞ്ഞിനേയും അമ്മയേയും കുളിപ്പിച്ച് ആചാരാനുഷ്ഠാനത്തോടെ വീടിനകത്തേക്ക് സ്വീകരിക്കുന്ന ചടങ്ങാണ് തുലാം പത്തിനു നടക്കുന്ന ‘കതിരുകേറ്റൽ’ ചടങ്ങ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com