ADVERTISEMENT

മീൻകറിയും 2 ചിക്കൻ ഡിഷും ഒരു ഫ്രൈഡ് റൈസും മാറാത്ത സ്വാദോടെ 83 വർഷമായി. പ്രേംനസീറും ശിവജി ഗണേശനും കെ. കരുണാകരനും പനമ്പിള്ളി ഗോവിന്ദ മേനോനും എകെജിയും സ്വാദോടെ കഴിച്ചിരുന്ന അതേ ഡിഷുകൾ. 

1936ൽ വില്യം സായിപ്പ് ചെമ്പുക്കാവ് രാമനിലയം ജംക്‌ഷനോടു ചേർന്നു സെൻട്രൽ ഹോട്ടൽ തുടങ്ങുമ്പോൾ ആദ്യം വിളമ്പിയത് ഉച്ചയൂണാണ്. അതിലൊരു മീൻകറിയുണ്ടായിരുന്നു. തേങ്ങയരച്ചു കുടംപുളിയിട്ട മീൻകറി. സായിപ്പു വിളമ്പിയ മീൻകറിയുടെ സ്വാദ് ആസ്വദിച്ചു  മലയാളി വിരണ്ടുപോയി. രാത്രി സായിപ്പു ചില്ലിച്ചിക്കനും ജിഞ്ചർ ചിക്കനും ഫ്രൈഡ് റൈസും വിളമ്പി. 

അതും ഞെട്ടലായി. ഈ 4 വിഭവും 83 വർഷമായി അതേ സ്വാദോടെ തുടരുകയാണ്. പല കുടുംബങ്ങളും തലമുറകളായി ഈ രുചി തേടിവരുന്നു. 

നെയ്മീൻ മാത്രമാണു കറിവയ്ക്കുക. എന്നും വാടാനപ്പള്ളിയിൽ നിന്നു   നെയ്മീൻ കൊണ്ടുവരും. അതു കറിവയ്ക്കുകയും വറുക്കുകയും ചെയ്യും. കറിയുടെ മസാലക്കൂട്ട് സായിപ്പിന്റെ കാലത്തു പപ്പേട്ടൻ എന്ന പാചകക്കാരൻ രൂപപ്പെടുത്തിയതാണ്. പപ്പേട്ടൻ കുറെക്കാലം ഇപ്പോഴത്തെ മാനേജുമെന്റിന്റെ  കൂടെയും ജോലി ചെയ്തു. 

പോകുന്നതിനു മുൻപു പല ശിഷ്യന്മാരെയും കറിയും ചിക്കൻവയ്പ്പും പഠിപ്പിച്ചു. നെയ്മീൻ കറിയുടെ ഗ്രേവിയുടെ സ്വാദ് പ്രത്യേകംതന്നെയാണ്. തിരുവിതാംകൂറിലെ മീൻകറിയും മലബാറിലെ മീൻകറിയും ചേർത്തൊരു കറിയാണിത്. നെയ്മിൻ കഷ്ണത്തിനു പോലും വലുപ്പം നിശ്ചയിച്ചിട്ടുണ്ട്. 

ഇഞ്ചിയും കറിവേപ്പിലയും നന്നായി അരച്ചു ചേർത്ത ജിഞ്ചർ ചിക്കന്റെ ഗ്രേവി പേസ്റ്റുപോലിരിക്കും. ആ കുഴമ്പാണ് അതിന്റെ രുചി. ചില്ലി ചിക്കനെ വിളിക്കുന്നത് സിസി എന്നാണ്. സെൻട്രൽ സ്പെഷൽ ചില്ലി ചിക്കൻ എന്നതിന്റെ ചുരുക്കം. പഴമക്കാർ വന്നാൽ സിസി എന്നെ ഓർഡർ ചെയ്യൂ.  

ഫ്രൈഡ് റൈസിനും പരമ്പരാത ഫ്രൈഡ് റൈസിന്റെ പ്രത്യേക രുചിയുണ്ട്. 83 വർഷം മുൻപു ഇതെല്ലാം മലയാളിക്കു അപൂർവ  വിഭവമായിരുന്നു. സെൻട്രൽ ഹോട്ടലിൽ പോകുക എന്നതുതന്നെ ഭാഗ്യമായി കരുതിയിരുന്ന കാലം. 

ദൂരെനിന്നുപോലും ഈ രുചിയന്വേഷിച്ചു വരുന്നവരുണ്ട്. പണ്ടു മുത്തച്ഛൻ വാങ്ങിതന്നുവെന്നു പറഞ്ഞു നൊസ്റ്റാൾജിയയോടെ വരുന്നവർ. എല്ലാവർക്കും ചോദിക്കാനുള്ളത് ഒന്നു മാത്രം, ‘എങ്ങനെ ഈ രുചി നിലനിർത്തുന്നുവെന്ന്. ’ ഇപ്പോഴത്തെ ഉടമ ജിൽസു തഷ്ണത്തു പറഞ്ഞു: ‘ഇതൊരു വീടുപോലെയാണ്. വില്യം സായിപ്പിൽനിന്നു വാങ്ങുമ്പോൾ ഞങ്ങൾക്ക് അദ്ദേഹം നൽകിയത് ഈ രുചികൂടിയാണ്. 

അതു ഞങ്ങളുടെ കുടുംബസ്വത്തുപോലെ വലുതാണ്. ഇവിടെ വർഷങ്ങളായി കഴിക്കുന്ന ഓരോരുത്തരുടെയും സ്വത്താണത്. അതുകൊണ്ടുതന്നെ ആ വഴിയിൽനിന്നു മാറി നടക്കാനാകില്ല. ’ 

രാമനിലയത്തെ രാഷ്ട്രീയ ചർച്ചകൾക്കും ഗൂഢാലോചനകൾക്കും ഇടയിൽ ഉണ്ടായിരുന്ന പൊതുകാര്യമാണ് സെൻട്രൽ ഹോട്ടലിലെ ഫിഷ്കറി മീൽസ്. അതിപ്പോഴും തുടരുന്നു. അല്ലെങ്കിലും രുചിക്കെന്തു രാഷ്ട്രീയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com