sections
MORE

വേനൽ കടുക്കുമ്പോൾ ഈ മൂന്ന് രുചികൾ ഭക്ഷണത്തിൽ വേണം!

Summer Special
SHARE

മിതമായ മഴ, തൊട്ടുനോവിക്കാത്ത വെയിൽ, തലോടിപ്പോകുന്ന മഞ്ഞ്...കേരളത്തിന്റെ സ്വകാര്യ അഹങ്കാരങ്ങളിൽ പലതും പതുക്കെപതുക്കെ മറയുകയാണ്. പരമ്പരാഗതമായി നമ്മൾ അനുഭവിച്ചുപോന്ന കാലാവസ്ഥയ്ക്ക് അനുസരിച്ചായിരുന്നു നമ്മുടെ ഭക്ഷണശീലങ്ങളും ക്രമീകരിക്കപ്പെട്ടിരുന്നത്. വേറിട്ട ഒരു ചിട്ടയുണ്ടായിരുന്നത് കർക്കടക മാസത്തിൽ മാത്രം. വേനലിന് അങ്ങനെയൊരു പരിഗണന ഇനി നിർബന്ധമാണെന്ന ഘട്ടം വന്നിരിക്കുന്നു. നിൽക്കക്കള്ളിയില്ലാതെ ചുട്ടുപൊള്ളുന്ന വെയിലിനിടയിലും ഒരു ശീലത്തിന്റെ പുറത്ത് കഴിക്കുന്ന ആഹാരങ്ങൾ പലതും ഭക്ഷണശീലത്തിലെ ഒരു മണ്ടത്തരം തന്നെയാണ്. ശരീരം ഏറ്റവും ദുർബലമാകുന്ന ഈ കാലാവസ്ഥയ്ക്കു യോജിക്കാത്ത ഭക്ഷണം ദഹനവ്യവസ്ഥയെ തന്നെ തകരാറിലാക്കും. ശരീരത്തിന്റെ താപനില ഉയർത്തുന്ന ഒട്ടേറെ ഭക്ഷ്യവസ്തുക്കളാണ് കേരളീയരുടെ തീൻമേശയിൽ ഉള്ളത്. സൂര്യാതപവും മറ്റും വ്യാപകമാകുന്നതിനാൽ ശരീരത്തോട് ‘ചിൽ’ എന്നു പറയേണ്ട സമയാണ്.  വിട്ടുവീഴ്ച ചെയ്തും പൊരുത്തപ്പെട്ടും ഈ വേനൽക്കാലം കഴിച്ചുകൂട്ടാൻ ചില കാര്യങ്ങൾ ആഹാരത്തിലും ശ്രദ്ധിക്കാം. ഉപ്പ്, മധുരം, പുളി എന്നിവയാണ് കനത്ത ചൂടിനു യോജിച്ച രുചികൾ. എരിവ് പ്രധാന വില്ലനും. ബർഗർ, സാൻവിച്ച് തുടങ്ങിയ ജങ്ക് ഫുഡുകൾ ഒഴിവാക്കണമെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല.

അടിച്ചു കേറ്റരുത്

അമിത ഭക്ഷണം ഒഴിവാക്കുകയാണ് ഒന്നാമത്തെ കാര്യം. വയറ് വല്ലാതെ നിറയുമ്പോൾ ശരീരം കൂടുതൽ താപം ഉൽപാദിപ്പിക്കുകയും ദഹനത്തിൽ ക്രമരാഹിത്യം, ഉറക്കക്കുറവ് എന്നിവ സംഭവിക്കുകയും ചെയ്യും. ഉച്ച സമയത്ത് പ്രത്യേകിച്ചും. മസാല സമ്പന്നമായ ഭക്ഷണം ഒഴിച്ചുനിർത്തുക.

ഫുൾ ടൈം വെള്ളം

ചൂടിനെ പ്രതിരോധിക്കാൻ സാധാരണ വെള്ളത്തിനോളം പറ്റിയ മറുമരുന്നു മറ്റൊന്നില്ല. ഇടവിട്ട് വെള്ളം കുടിച്ചുകൊണ്ടേയിരിക്കുക. ഉപ്പിട്ട നാരങ്ങാവെള്ളവും ഏറെ നല്ലതാണ്. വേനലിൽ ശരീരത്തിൽനിന്ന് ഉപ്പിന്റെ അംശം ധാരാളം നഷ്ടമാകുമെന്നതിനാൽ എന്തു പാനീയം കുടിക്കുമ്പോഴും അൽപം ഉപ്പിടുക. ജീരകം ചൂടാണ്. വെള്ളം തിളപ്പിക്കുമ്പോൾ ജീരകം വെറുതെ ഇടാതെ വറുത്ത് എടുത്ത് വെള്ളത്തിലേക്കിട്ടാൽ നല്ലത്. ശരീരത്തിലെ ചൂടിനെ നിലയ്ക്കു നിർത്താൻ അമിതമായി തണുപ്പിച്ച വെള്ളം സഹായിക്കില്ലെന്നും മസിലാക്കുക. തണുത്ത വെള്ളം രക്തക്കുഴലുകളെ അൽപമൊന്നു ചുരുക്കുന്നതിനാൽ, ശരീരോഷ്മാവ് പുറന്തള്ളുന്നത് കുറയും.

നോൺ വെജ് കഴിക്കുമ്പോൾ

ബീഫ്, മട്ടൻ തുടങ്ങിയ ചുവന്ന മാംസം കുറച്ചുനാളത്തേക്ക് ഒഴിവാക്കാം. വേനൽക്കാലത്ത് കഴിക്കാവുന്ന സസ്യേതര ഭക്ഷണങ്ങളിൽ കുറച്ചെങ്കിലും പരിഗണിക്കാവുന്നത് മീനാണ്. അതും വറുത്തു കഴിക്കുന്നത് ഒഴിവാക്കാം. തേങ്ങ നന്നായി അരച്ചു വയ്ക്കുന്ന മീൻ കറി ആഹാരത്തിൽ ഉൾപ്പെടുത്താം. ചൂട് കൂടുതലുള്ള അയല, ചെമ്മീൻ എന്നിവ ഒഴിവാക്കാൻ ശ്രദ്ധിക്കാം.

പാലുൽപന്നങ്ങളോടുള്ള നിലപാട്

മോര് മാറ്റിനിർത്തിയാൽ, മറ്റു പാലുൽപന്നങ്ങളോട് തൽക്കാലം വിശ്രമിക്കാൻ പറയുന്നതാവും ഉചിതം. നെയ്യ്, വെണ്ണ, ചീസ് എന്നിവ കടുത്ത ചൂടിൽ കഴിക്കുന്നത് നല്ലതല്ല. 

കഞ്ഞിയാണ് സ്റ്റാർ

വേനൽക്കാലത്ത് രാവിലെ പോലും ഉപ്പിട്ട് കഞ്ഞികുടിക്കുന്നത് ഏറ്റവും നല്ലത്. അധികം എരിവു ചേർക്കാത്ത മാങ്ങാച്ചമ്മന്തി, പയർ മുളപ്പിച്ചത്, ചെറുനാരങ്ങാച്ചമന്തി എന്നിവ കറിയായി ഉപയോഗിക്കാം. ചൂടിനു യോജിക്കാത്ത ഗോതമ്പിന്റെ ചപ്പാത്തി, പൂരി, റൊട്ടി എന്നിവ ഒഴിവാക്കി ഗോതമ്പ്കഞ്ഞി പരിഗണിക്കണം. റാഗി മുളപ്പിച്ച് പൊടിച്ച് ധാരാളം വെള്ളം ചേർത്ത പാലിൽ കലക്കി കുടിക്കുന്നതും വേനലിനെ നേരിടാൻ നല്ലതാണ്. 

ചായ, കാപ്പി നോ നോ

കാപ്പിപ്പൊടി, ചായപ്പൊടി എന്നിവയോടൊപ്പം പഞ്ചസാര ചേർത്തു കഴിച്ചാൽ ശരീരത്തിൽ നിർജലീകരണം കൂടുതലായിരിക്കും. പകൽ സമയങ്ങളിൽ ഇവ രണ്ടും ഒഴിവാക്കുക. അത്ര നിർബന്ധമാണെങ്കിൽ ഏലക്ക ഇട്ട് ചായ കുടിക്കാം. തണ്ണിമത്തൻ, കണി വെള്ളരി എന്നിവ ജ്യൂസ് അടിച്ച് കുടിക്കുന്നത് ഏറ്റവും നല്ലത്. സർബത്ത്, സോഡ, സോഫ്റ്റ് ഡ്രിങ്കുകൾ, ഐസ്ക്രീം എന്നിവ കഴിക്കുന്നതും ദാഹം വർധിപ്പിക്കും. നന്നായി കറിവേപ്പില ഇട്ട മോര് മറ്റൊരു മികച്ച പാനിയമാണ്. മുളക് വളരെ കുറച്ചു മാത്രമേ ഇതിൽ ഇടാവൂ. ഇഞ്ചി ചേർക്കരുത്. പാനീയങ്ങളിൽ മധുരത്തിന് പഞ്ചസാരയ്ക്കു പകരം, തേൻ ആണ് ഈ കാലാവസ്ഥയിൽ ഉത്തമം.

പച്ചക്കറികളിൽ എന്തു ചെയ്യണം

മത്തങ്ങ, കപ്പങ്ങ, ചീര, വെള്ളരിക്ക, ചക്ക, ചേന എന്നിവ വേനൽക്കാലത്തെ പച്ചക്കറി വിഭവങ്ങളിൽ മുൻനിരയിൽ നിൽക്കുന്നു. കൂടുതൽ ജലാംശമുള്ള, പച്ചനിറമുള്ള പച്ചക്കറികൾ ധാരാളം കഴിക്കുക. അണുനശീകരണ ശക്തിയുള്ള പാവയ്ക്കയും കറികളിൽ ഉൾപ്പെടുത്താം. 93 ശതമാനം ജലാംശമുള്ള തക്കാളി സാലഡ് ആക്കി കഴിക്കാം.

മുരിങ്ങയില കറികളിൽ ഉൾപ്പെടുത്തരുത്. എന്നാൽ മുരിങ്ങാക്കോൽ പരിപ്പും മറ്റും ചേർത്ത് കുറുകിയ കറിയായി വയ്ക്കുന്നത് നല്ലതാണ്. അച്ചിങ്ങ, കോളിഫ്ലവർ, ഉള്ളി, വെളുത്തുള്ളി, ബീട്രൂട്ട് എന്നിവ കറികളിൽനിന്നു തൽക്കാലം മാറ്റിനിർത്തുന്നത് ഉചിതം. പച്ചക്കറികൾ കറിവയ്ക്കുന്നതിനു മുൻപ് അരിഞ്ഞ് ഉപ്പിലിട്ടു അൽപനേരം വച്ചാൽ നല്ലത്. കറികളിൽ മസാലകൾ അധികം ചേർക്കാതെ ശ്രദ്ധിക്കുക. മെഴുക്കുപുരട്ടി, തോരൻ എന്നിവയാണ് ഗ്രേവി കറികളേക്കാൾ ഈ സമയത്ത് നല്ലത്.

പഴങ്ങളുടെ കാര്യത്തിൽ

കരിക്കിൻ വെള്ളവും നാരങ്ങാവെള്ളവും തന്നെ ഏറ്റവും നല്ലത്. വേനലിൽ മാങ്ങ ഏറെ സുലഭമാണെങ്കിലും മാമ്പഴം ശരീരത്തിൽ കൂടുതൽ ചൂട് ഉൽപാദിപ്പിക്കുന്ന ഒന്നാണ്. എങ്കിലും പച്ചമാങ്ങയും മാമ്പഴവും മിതമായി ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല. വിറ്റാമിൻ സി ഏറെയുള്ള ഓറഞ്ച് അൽപം ഉപ്പിട്ട് ജ്യൂസ് ആക്കി കുടിച്ചാൽ ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ സന്തുലിതാവസ്ഥ പുനസ്ഥാപിക്കാൻ നല്ലതാണ്.

വാഴപ്പഴം, പുഴുങ്ങിയ ഏത്തപ്പഴം, പേരയ്ക്ക, മാതളം, തണ്ണിമത്തൻ, സബർജില്ലി, പ്ലംസ്, സ്ട്രോബറി, ലിച്ചി, കിവിഎന്നിവയും വേനലിനെതിരായ പോരാളികളാണ്. ഡ്രൈഫ്രൂട്ടുകൾ കഴിക്കുന്നതും വേനൽക്കാലത്ത് കുറയ്ക്കുക. വേനൽക്കാലത്ത് പച്ചക്കറി, പഴം സൂപ്പുകൾ ശരീരത്തിന് ഏറെ നല്ലതാണ്. മിന്റ്, തണ്ണിമത്തൻ തുടങ്ങിയവ അതിന്റെ ചേരുവയാക്കാം. ഉദാഹരണത്തിന് തണ്ണിമത്തൻ സൂപ്പ് എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം.

തണ്ണിമത്തൻ സൂപ്പ്

ആറു കപ്പ് കുരുകളഞ്ഞ തണ്ണിമത്തൻ, ഒരു ടേബിൾ സ്പൂൺ ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ്, മിന്റ് അരിഞ്ഞത് രണ്ട് ടേബിൾ സ്പൂൺ, പച്ചമുളക് ഒരു ചെറിയ കഷണം. പാചക എണ്ണ എന്നിവയാണ് വേണ്ടത്. ഇഞ്ചി–വെളുത്തുള്ളി പേസ്റ്റും മുളകും കൂടി എണ്ണയിൽ ഇട്ടു വഴറ്റി തണുക്കാൻ വയ്ക്കുക. ശേഷം തണ്ണിമത്തനും മിന്റും ചേർത്ത് നല്ല കുഴമ്പുരൂപത്തിൽ മിക്സ് ചെയ്ത് എടുക്കുക. ഇതും നേരത്തേ വഴറ്റിവച്ചതും ചേർത്ത് ഒരു പാനിലേക്കിട്ട് ചെറുതീയിൽ അൽപം വെള്ളം വറ്റുന്നതു വരെ വേവിക്കുക. ഇനി തണുക്കാൻ വയ്ക്കുക. വിളമ്പുമ്പോൾ ഐസ് ക്യൂബുകളും മിന്റും മുകളിലൂടെ വിതറാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA