sections
MORE

മാക്രിപ്പായസത്തിന് ആ പേര് എങ്ങനെ വന്നുവെന്ന് ഒരു പിടിയുമില്ല: സന്തോഷ് കീഴാറ്റൂർ

Santhosh-keezhattoor
സന്തോഷ് കീഴാറ്റൂർ
SHARE

ഇന്നും എന്റെ ഓർമകളിലെ അടങ്ങാത്ത രുചിയാണ് അമ്മാമ ഉണ്ടാക്കി തന്നിരുന്ന പുളിങ്കറിയും മാക്രിപ്പായസവും. കണ്ണൂർ കീഴാറ്റൂരിലെ തറവാട്ടുവീടിന്റെ തൊടിയിൽനിന്നുള്ള പുളിയും പച്ചക്കറികളും കൊണ്ട് ഉണ്ടാക്കുന്ന ആ പുളിങ്കറി പക്ഷേ ഇന്നില്ല. അതിന്റെ രുചിരഹസ്യം എന്റെ അമ്മാമയോടൊപ്പം മറ​ഞ്ഞുപോയി. അമ്മയ്ക്കുപോലും കൈമാറാതെ. 

ചെറുപ്പത്തിൽ ഉച്ചയ്ക്ക് ഈ പുളിങ്കറി കൂട്ടി ഊണു കഴിക്കാൻ സ്കൂളിൽനിന്നു വീട്ടിലേക്കു വച്ചുപിടിക്കുമായിരുന്നു. തൊട്ടടുത്ത പാടത്തെ നെല്ലുകുത്തിയ അരിയുടെ ആവി പാറുന്ന കഞ്ഞിയും ചുട്ട പപ്പടവും തിളയ്ക്കുന്ന പൂളിങ്കറിക്കൊപ്പം അമ്മാമ കൊണ്ടുവന്നു വയ്ക്കും. കൊതിയും വിശപ്പും കത്തിനിൽക്കുകയാണെങ്കിലും ചൂട് കാരണം അധികം കഴിക്കാൻ കഴിയില്ല. പെട്ടെന്നു തന്നെ സ്കൂളിലേക്കു തിരിച്ചെത്തുകയും വേണം. ആ കടം വീട്ടുക വൈക‌ിട്ട് സ്കൂൾ വിട്ടു തിരിച്ചെത്തുമ്പോഴാണ്. അപ്പോഴേയ്ക്കും പുളിങ്കറി ആറി രുചിയേറിയിട്ടുണ്ടാകും. ചോറും കൂട്ടി ഒരൊന്നൊന്നര പിടി പടിക്കും. കരിങ്കല്ലു കൊണ്ട് ഉണ്ടാക്കിയ  കല്ലുവരി എന്നു വിളിക്കുന്ന പാത്രത്തിലാണ് ഈ പുളിങ്കറി ഉണ്ടാക്കിയിരുന്നത്. വാളൻപുളിയാണ് ഉപയോഗിക്കുക. ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത ആ പുളിങ്കറി ഇന്നും എന്റെ തീരാത്ത സങ്കടമാണ്.

എന്നാൽ മാക്രിപ്പായസം ഇപ്പോഴും എന്റെ നാവിനൊപ്പമുണ്ട്. കഴിഞ്ഞ ആഴ്ചകൂടി എന്റെ പിറന്നാളിന് അമ്മ അതുണ്ടാക്കി അയൽപക്കക്കാർക്കടക്കം വിതരണം ചെയ്തിരുന്നു. വിശ്വാസത്തിന്റെ ഒരു നാട്ടു ചന്തമുണ്ട് ഈ മാക്രിപ്പായസത്തിന്. പിറന്നാൾ ദിവസങ്ങളിലാണ് ഈ പായസം ഉണ്ടാക്കുക. ഒരു മാസം മുൻപേ ഒരുക്കം തുടങ്ങും. ഉണക്കിയ അരി ഉരലിൽ ഇട്ട് കുത്തുന്നത് കാണേണ്ട കാഴ്ചയാണ്. ഓരോ കുത്തും പിറന്നാൾ ആഘോഷിക്കുന്ന ആളുടെ ആയുസ് ഓരോ വർഷം കൂട്ടുമെന്നാണ് വിശ്വാസം. ഉരലിൽ ഓരോ തവണ ഉലക്ക കുത്തുമ്പോഴും ആയുസ് കൂടട്ടേയെന്ന് ഉറക്കെ വിളിച്ചുപറയും. അങ്ങനെ കുത്തിയ അരിയിൽ തേങ്ങയും വല്ലവും ചേർത്താണ് പായസം ഒരുക്കുക. മാക്രിപ്പായസത്തിന് ആ പേര് എങ്ങനെ വന്നുവെന്ന് മാത്രം ഇപ്പോഴും ഒരു പിടിയുമില്ല.

തയാറാക്കിയത് : ശ്രീപ്രസാദ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA