sections
MORE

ചങ്ക ചക ചക്ക ! പ്ലാവിൽ കയറി ചക്കയിറക്കി പങ്കുവച്ച് കഴിച്ച് ചക്കപ്രേമിക‌ളുടെ കൂട്ടായ്മ

jackfruit-lovers-pic
കാക്കനാട് ഈച്ചമുക്കിൽ ചക്ക സ്നേഹികളുടെ കൂട്ടായ്മക്കെത്തിയവർ
SHARE

പലയിടങ്ങളിൽ നിന്നെത്തിയവർ. മരംകയറ്റം അറിയില്ലെങ്കിലും അവരിൽ പലരും പ്ലാവിൻ മുകളിൽ വലിഞ്ഞു കയറി ചക്ക താഴെയിറക്കി. പഴുത്ത ചക്ക മുറിച്ചു പങ്കുവച്ചു കഴിച്ചു. പഴുക്കാത്തതു പാചകം ചെയ്തു ചക്കത്തോരനാക്കി. കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിനോടു ചേർന്ന ഈച്ചമുക്ക് വിഎഫ്പിസികെയുടെ സമീപത്തെ പുരയിടത്തിൽ സംഗമിച്ച ചക്കപ്രേമികൾ ചക്ക വിഭവങ്ങൾക്കൊപ്പം ചക്കയുടെ മഹാത്മ്യവും വിളമ്പി. അഡ്വഞ്ചേഴ്സ് ആൻഡ് നാച്വറൽ ട്രക്കിങ് സൊസൈറ്റിയുടെ (ആന്റ്സ്) നേതൃത്വത്തിലായിരുന്നു ചക്ക സ്നേഹികളുടെ കൂട്ടായ്മ. 

പ്ലാവിലെ പഴുത്തു പാകമായ ചക്ക അടർന്നു താഴെ വീണിട്ടും ഉപയോഗിക്കാനാളില്ലെന്നതും പറമ്പിൽ വീഴുന്ന ചക്ക മൂലം ഈച്ച ശല്യം പെരുകുന്നതും പരിഹരിക്കാൻ ടി.മോഹൻദാസ് നടത്തിയ ശ്രമമാണ് ചക്ക ഇഷ്ടപ്പെടുന്നവരുടെ സംഗമത്തിനു വഴിയൊരുക്കിയത്.

സമൂഹമാധ്യമ കൂട്ടായ്മയിലൂടെ പരസ്പരം അറിയിച്ചതനുസരിച്ചു രാവിലെ 8 മുതൽ തന്നെ ചക്ക സ്നേഹികൾ എത്തിത്തുടങ്ങി. 10 ആയപ്പോഴേക്കും വലിയൊരു ആൾക്കൂട്ടമായി. തൃപ്പൂണിത്തുറ സ്വദേശി മനോജാണ് ആദ്യം പ്ലാവിൽ കയറിയത്. രസതന്ത്രത്തിൽ ഡോക്ടറേറ്റുള്ള മനോജ് മെട്രോ റയിൽ പില്ലറുകളുടെ താഴെ ജൈവ അവശിഷ്ടത്തിൽ നിന്നു പൂന്തോട്ടമുണ്ടാക്കുന്ന പദ്ധതിയുടെ നടത്തിപ്പുകാരനാണ്. 

ചക്കയിടാൻ കയറിയ മനോജിനെ സഹായിക്കാൻ തിരുവനന്തപുരം സ്വദേശികളായ മെഡിക്കൽ റപ് സുരേഷ്കുമാറും ഭാര്യ രേവതിയും. കയറിൽ കെട്ടിയിറക്കിയ ചക്കകൾ ചക്ക പ്രേമികൾ പങ്കിട്ടെടുത്തു. ചക്ക വിളഞ്ഞ മറ്റൊരു പറമ്പിൽ അടുത്തയാഴ്ച കൂടാമെന്ന ഉറപ്പോടെയാണ് ചക്ക സ്നേഹികൾ യാത്ര പറഞ്ഞത്. 

വോട്ടേഴ്സ് അലയൻസ് കോ–ഓർഡിനേറ്റർ അശ്വതി കൃഷ്ണ മിത്രപുരം, പാലക്കാട്ടുകാരനായ യോഗാചാര്യൻ രഘുനാഥ്, കോഴിക്കോട് ബിഎസ്എൻഎൽ ജീവനക്കാരൻ രഘുനാഥ്, എറണാകുളത്ത് എസ്എംഎ അബാക്കസ് നടത്തുന്ന സുരേഷ് ബാബു, ‘തമസോമ’ ഓൺലൈൻ പത്രം നടത്തുന്ന വരാപ്പുഴ സ്വദേശിനി ജെസി, ഭർത്താവ് ഷിബു, മക്കളായ ജോയ്സ്, റിജോയ്സ്, ചിറ്റൂർ സ്വദേശിനി സീന, മകൾ സ്വാതി, കച്ചേരിപ്പടിയിൽ രുചിമുദ്ര ഹോട്ടൽ നടത്തുന്ന ട്രാൻസ്ജെൻഡർ അതിഥി, പ്രീതി, ചികിത്സകൻ സ്വാമി ജോഷി ബോസ്, ആന്റ്സ് പ്രസിഡന്റ് അനിൽ ജോസ് തുടങ്ങിയവർ ചക്ക സ്നേഹികളുടെ സംഗമത്തിനു നേതൃത്വം നൽകി. 

കൂട്ടായ്മയോടു സഹകരിക്കാൻ താൽപര്യമുള്ളവർക്കു 9447498430 എന്ന  നമ്പറിൽ വിളിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA