sections
MORE

ചില ഭക്ഷ്യവിഭവങ്ങൾ ചില രാഷ്ട്രീയ പാർട്ടികളോട് ചേർത്തു പറയും. അതെങ്ങനെ സംഭവിച്ചു?

Tea
SHARE

വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം. സമയത്തിനു ഭക്ഷണം പോലും കഴിക്കാതെ ഓടുകയാണ് സ്ഥാനാർഥികളും അനുയായികളും. കൊടുംചൂടിൽ‍ വെള്ളം കുടിച്ച് വിയർത്തൊഴുകുകയാണ് വോട്ടർമാർ. ഒരുനേരത്തെ അന്നത്തിനുവേണ്ടി നെട്ടോട്ടമോടുന്നവരാണ് നമ്മൾ. കഞ്ഞിയായാലും പൊറോട്ടയായാലും വിശപ്പടക്കണം എന്നതാണ് പ്രധാന ആവശ്യം. എന്നാൽ ഭക്ഷണത്തിന്റെപേരിൽ രാഷ്ട്രീയ, വർഗീയ വേർതിരിവുകൾ‍ സൃഷ്ടിക്കുന്ന സമൂഹത്തിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. ഓരോ വിഭാഗതത്തിനും പ്രത്യേകം പ്രത്യേകം ഭക്ഷണം എന്ന ചിന്ത കൊണ്ടുവന്നത് ആരാണ്? സൂക്ഷിക്കുക: ഭക്ഷണവും രാഷ്ട്രീയമാണ്!  

black-tea

കട്ടൻചായക്കപ്പിൽ വിപ്ലവമുണ്ടോ?

കട്ടൻചായയും പരിപ്പുവടയും എന്ന്  കേൾക്കുമ്പോഴേ ഓടിയെത്തുന്നത് കമ്യൂണിസ്റ്റ് പാർട്ടി എന്നാണ്. പക്ഷേ സത്യത്തിൽ ഈ കട്ടൻചായയും പരിപ്പുവടയുമായി പാർട്ടിക്ക്  ഒരു ബ‍ന്ധവുമില്ലെന്ന് നേതാക്കൻമാർ പറയുന്നു. സത്യൻ അന്തിക്കാടും ശ്രീനിവാസനും ചേർന്നൊരുക്കിയ ‘സന്ദേശം’ സിനിമ വന്നതിനു ശേഷമാണ് പാർട്ടിയെ കട്ടൻചായയിൽ സ്പൂണിട്ടിളക്കി ചേർത്തത്!. കമ്യൂണിസ്റ്റ്  പാർട്ടി കേരളത്തിൽ വേരൂന്നിത്തുടങ്ങിയത് തൊഴിലാളികളുടെ ഇടയിലാണ്. പകൽ മുഴുവൻ പണിയെടുത്ത് തളർന്നുവരുന്ന തൊഴിലാളികൾ. അവർക്കുവേണ്ടിയുള്ള പാർട്ടിയോഗങ്ങളും ക്ലാസുകളും രാത്രികളിലാണ് നടത്തിയിരുന്നത്. ‌‌‌‌ഉറക്കം വരാതിരിക്കാനും ഉൻമേഷം കിട്ടാനും കട്ടൻചായയോ ചുക്കുകാപ്പിയോ വിതരണം ചെയ്യുന്നത്  സ്വാഭാവികമാണ്. തെക്കോട്ട് കാപ്പിയാണെങ്കിൽ മലബാർ മേഖലയിൽ കട്ടൻചായയ്ക്കാണ് പ്രിയം. പക്ഷേ പരിപ്പുവടയല്ല, പകരം പുഴുങ്ങിയ കപ്പയും കാന്താരിമുളക് ചമ്മന്തിയുമൊക്കെയാണ്  നൽകിയിരുന്നത്. അതും വല്ലപ്പോഴും മാത്രം. 

biriyani

ബിരിയാണിക്കെന്തറിയാം?

മുസ്‌ലിം ലീഗിന്റെ സംസ്ഥാന ഓഫിസായ കോഴിക്കോട്ടെ ലീഗ് ഹൗസും ബിരിയാണിയും തമ്മിലുള്ള ബന്ധം ഏറെ പ്രശസ്തമാണ്. ഏതു മീറ്റിങ്ങിനും ഉച്ചയ്ക്ക് ബിരിയാണി നിർബന്ധമാണെന്ന് ഒരു പ്രചാരണമുണ്ട്. മുൻകാലങ്ങളിൽ ഇതിൽ സത്യവുമുണ്ടായിരുന്നു. മലബാർ മേഖലയിലാണ് വായിൽ വെള്ളമൂറുന്ന ബിരിയാണികൾ ജൻമമെടുക്കുന്നത് എന്നതാണ് സത്യം. നൂറ്റാണ്ടുകൾക്കുമുൻപ് അങ്ങ് അറേബ്യയുമായുള്ള കച്ചവടക്കാലത്തുതന്നെ മലബാറിൽ ബിരിയാണി വ്യാപകമായിരുന്നുവത്രേ. പക്ഷേ സമീപകാലത്ത് ലീഗിന്റെ ബിരിയാണിയിഷ്ടത്തിൽ ഇടിവു തട്ടിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. കൊഴുപ്പിന്റെ അതിപ്രസരമുള്ള ബിരിയാണിയിൽനിന്ന് സാദാ ഊണിലേക്കു മാറിയതായി ലീഗ് ഹൗസിലെ ജീവനക്കാർ പറയുന്നു. സമീപകാലത്ത് ട്രെൻഡ് മാറിവരികയാണ്. അനേകമനേകം വെജിറ്റേറിൻ ഹോട്ടലുകളാണ് മലബാർ മേഖലയിൽ തുറക്കുന്നത്. ആരോഗ്യകരമായ സസ്യഭക്ഷണ രീതികളിലേക്ക് കൂടുമാറുകയാണ് പ്രധാന നേതാക്കളും ഒട്ടുമിക്ക അനുയായികളും എന്നതാണ് വസ്തുത. ‘പച്ച ലഡു, പച്ചപ്പായസം തുടങ്ങിയവയാണ് എന്നും ലീഗിന്റെ വിജയാഘോഷങ്ങളിലെ താരങ്ങൾ. കൊടിയിലെ പച്ചപ്പും ഹരിതാഭയും വിജയവേളകളിൽ പ്രതിഫലിക്കുന്നതാണ്. അണികളല്ലേ ആവേശക്കമ്മിറ്റിക്കാർ! ഇക്കഥയും മലയാള സിനിമകളിലൂടെയാണ് ആഘോഷിക്കപ്പെടുന്നത്!

porotta-image

മർദനമേറ്റ് വളർന്ന പൊറോട്ട 

കേരള കോൺഗ്രസിന്റെ പ്രധാനഭക്ഷണം പൊറോട്ടയും ബീഫുമാണെന്ന് പലപ്പോഴും ഉയർന്നു കേൾക്കാറുണ്ട്. എന്നാൽ ഇതൊരു തെറ്റിധാരണ മാത്രമാണെന്ന് നേതാക്കൾ പറയുന്നു. മലയോര മേഖലയിലെ കഠിനാധ്വാനികളായ മനുഷ്യർക്കിടയിലാണ് കേരള കോൺഗ്രസ് തഴച്ചുവളർന്നത്. കപ്പയും കഴിച്ചു മണ്ണിൽ വിയർപ്പൊഴുക്കിയവർ. ഞായറാഴ്ചകളിൽ നാവിൽ വെള്ളമൂറുന്ന അപ്പവും താറാവ് സ്റ്റ്യൂവുമൊക്കെ തയാറാക്കുന്നവർ. രുചികരമായ ഭക്ഷണത്തിന്റെ ഗ്രാമ്പൂ മണമുള്ള ചരിത്രം. 

പക്ഷേ ഈ ചിത്രത്തിലേക്ക് പൊറോട്ടയെന്ന കഥാപാത്രം കടന്നുവന്നത് എൺപതുകളുടെ അവസാനം മാത്രമാണ്. കേടാവാതെ സൂക്ഷിക്കാനും, കഴിച്ചാൽ ഏറെ നേരം വിശക്കാതിരിക്കാനും പൊറോട്ട ബെസ്റ്റാണ്. ഇതുകൊണ്ടാവും മധ്യതിരുവിതാംകൂർ മേഖലയിൽ പൊറോട്ട പ്രിയഭക്ഷണമായത്. സിനിമക്കാർ തന്നെയാണ് ഒരു പരിധി വരെ പൊറോട്ടയെ കേരള കോൺഗ്രസുമായി കൂട്ടിക്കെട്ടിയത്. എങ്കിലും മൈദമാവിനെ ഇടിച്ചുംകുത്തിയും പരത്തിയും വീശിയടിച്ചും മർദിച്ചാണ് പൊറോട്ടയാവുന്നത്. ഒരു ശരാശരി മലയാളിയുടെ ജീവിതം പൊറോട്ടയ്ക്ക് തുല്യമാണ്!

ഒന്നുമില്ലായ്മയുടെ രാഷ്ട്രീയം

കോൺഗ്രസിനും ബിജെപിക്കും പേരെടുത്തു പറയാൻ ഏതെങ്കിലും ഭക്ഷണവിഭവമുണ്ടോ? ഇല്ലെന്നാണ് ആദ്യം കിട്ടുന്ന ഉത്തരം. ഭക്ഷണരീതികളിൽ ഏറെ പരീക്ഷണങ്ങൾ നടത്തി ഗാന്ധിജിയുടെ പ്രസ്ഥാനം. ഭക്ഷണം ഉപേക്ഷിക്കുക എന്നത് സമരമാർഗമാണെന്ന് പഠിപ്പിച്ചയാളാണ് ഗാന്ധിജി.

‘ചായ് പേ ചർച്ച’ നടത്തുന്ന ബിജെപിയുടെ നേതാവ് നരേന്ദ്രമോദിക്ക് ചായവിറ്റുനടന്ന ചരിത്രമുണ്ടെന്ന് പറയാറുണ്ട്. എന്നാൽ എന്തു കഴിക്കുന്നു എന്നതിനേക്കാൾ എന്തുകഴിക്കരുത് എന്ന തീരുമാനത്തിന്റെ പേരിലാണ് ബിജെപി ചർച്ച ചെയ്യപ്പെടാറുള്ളത്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA