ADVERTISEMENT

ഭക്ഷണക്രമത്തിൽ വിശുദ്ധി, ശരീരത്തിനും മനസ്സിനും പുത്തനുണർവ്. ഈസ്‌റ്റർ വരുന്നത് നോമ്പുകാലത്ത് ബോധപൂർവം അകറ്റിനിർത്തിയ രുചിയുടെ ലോകം തിരികെയെടുത്തുകൊണ്ടാണ്. സസ്യാഹാരത്തിന്റെ നിർമലത തിരിച്ചറിഞ്ഞ നോമ്പു ദിനങ്ങൾക്ക് അവസാനം. നാവിലും മനസ്സിലും രുചിയുടെ അമിട്ടുകൾ വിരിയുന്ന ആഘോഷ ദിനം.

മലയാളിക്ക് ഈസ്‌റ്റർ രുചിയിൽ ആദ്യം നാവിൻതുമ്പിലെത്തുന്നത് അപ്പമായിരിക്കും. ഇളംചൂടോടെ വെള്ളയപ്പവും ഇന്റി അപ്പവുമൊക്കെ (കുരിശിനുമുകളിൽ എഴുതിയ ഐഎൻആർഐയിൽനിന്നാണ് അപ്പത്തിന് ഇന്റിയെന്നു പേരു കിട്ടിയതത്രെ) മാറി മാറി പാത്രത്തിലേക്കു വന്നുവീഴുന്നു. കോഴിയും താറാവും കറികൾക്ക് കേരളത്തിൽ പലയിടത്തും പല രുചിയാണ്. ലോകമെങ്ങും ആഘോഷിക്കപ്പെടുന്ന ഉയിർത്തെഴുന്നേൽപ്പ് ഉൽസവത്തിന് വ്യത്യസ്‌തതയാർന്ന ഭക്ഷണക്രമമാണ് ലോകമെങ്ങും. ബൺ, കേക്ക്, മുട്ട, ആട്, താറാവ്, കോഴി... എണ്ണിയാലൊടുങ്ങാത്തത്ര വിഭവങ്ങൾ.

യൂറോപ്യൻ രാജ്യങ്ങളിൽ ദുഃഖവെള്ളി ദിവസം കഴിക്കുന്ന പ്രധാന വിഭവമാണ് ഹോട്ട് ക്രോസ് ബൺ. ബണ്ണുകളുടെ നിർമാണം ഗ്രീക്ക് സാമ്രാജ്യത്തോളം പഴക്കമുള്ളതാണെന്നു ചരിത്രകാരൻമാർ പറയുന്നു. ഈസ്‌റ്റോർ എന്നു പേരുള്ള ഗ്രീക്ക് ദേവതയ്‌ക്കായി നിർമിച്ചതാണ് ബൺ എന്നു വിശ്വസിച്ചിരുന്നു. ഗ്രീക്കുകാർ പ്രകാശത്തിന്റെ ദേവത എന്നു വിളിച്ചിരുന്ന ഈസ്‌റ്റോറിൽ നിന്നാണ് ‘ഈസ്‌റ്റർ’ എന്നു പേരുണ്ടായത്. വസന്തകാലത്തിന്റെ ദേവതയായിരുന്നു ഈസ്‌റ്റോർ. 1592ൽ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്‌ഞി ഈസ്‌റ്ററിനും ക്രിസ്‌മസിനുമല്ലാതെ ഹാട്ട്‌ക്രോസ് ബണ്ണുകൾ വിൽക്കരുതെന്ന് ഉത്തരവിറക്കി.

റഷ്യ, സ്ലോവേനിയ, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ഈസ്‌റ്റർ ദിനത്തിലെ പ്രത്യേക ഇനമാണ് ബട്ടർ ലാംബ്. വെണ്ണകൊണ്ടു നിർമിച്ച ആട്ടിൻകുട്ടിയുടെ ശിൽപമാണ് സംഗതി. ഭക്ഷണം തീരുമ്പോഴേക്കും ആട്ടിൻകുട്ടിയെ നക്കിത്തീർത്തിരിക്കും. ഇല്ലെങ്കിൽ കക്ഷി ഉരുകിപ്പോവുമെന്നു സാരം. ഇടയന്റെ തെളിക്കുന്ന വഴിയേ സഞ്ചരിക്കുന്ന നല്ല കുഞ്ഞാടുകളാവാം എന്ന സന്ദേശമാണ് ബട്ടർ ലാംബ് തരുന്നത്.

പിസല്ലേ എന്നു പേരുള്ള കുക്കിയാണ് ഇറ്റലിയിൽ ഈസ്‌റ്റർ ആഘോഷങ്ങളിൽ നിറയുക. വെണ്ണ, പഞ്ചസാര, മുട്ട, വാനില എന്നിവ ചേർത്താണ് പിസല്ലെ നിർമിക്കുക. ലോകത്തിൽ ഏറ്റവുമാദ്യം നിർമിക്കപ്പെട്ട മിഠായികളിൽ ഒന്നാണ് പിസല്ലെ എന്നു ചരിത്രകാരൻമാർ പറയുന്നു. പുരാതന റോമാ സാമ്രാജ്യത്തിന്റെ കാലംതൊട്ട് പിസല്ലെ നിർമിച്ചിരുന്നുവത്രെ. പീപ്പ്‌സ് എന്നു പേരുള്ള മിഠായിയാണ് അമേരിക്കയിലും കാനഡയിലും ഈസ്‌റ്റർ ദിനത്തിൽ കുട്ടികളുടെ പോക്കറ്റിൽ ഇടംപിടിക്കുക. കോഴിക്കുഞ്ഞിന്റെ ആകൃതിയിലാണു മിഠായി നിർമിക്കുക.

ഈസ്‌റ്റർ മുട്ടകൾ ഇല്ലാതെ എന്ത് ഈസ്‌റ്റർ ആഘോഷം. ഭംഗിയായി ചായമടിച്ചതും ചിത്രങ്ങൾ വരച്ചതുമായ ഈസ്‌റ്റർ മുട്ടകൾ മുയലുകൾ കൊണ്ടുവരുന്നുവെന്നാണ് അമേരിക്കയിലെയും കാനഡയിലെയും കുട്ടികളുടെ ഇടയിൽ നിലനിൽക്കുന്ന ഐതിഹ്യം. ഈസ്‌റ്റർ ബണ്ണിയെന്നാണ് മുയലിനു പേര്. ദേവാലയത്തിലെ മണികളാണ് ഈസ്‌റ്റർ മുട്ടകൾ കൊണ്ടുവരുന്നതെന്ന് ഇറ്റലി, ബെൽജിയം, ഫ്രാൻസ് എന്നിവിടങ്ങളിലെ കുട്ടികൾക്കിടയിൽ കഥയുണ്ട്. പീഡാനുഭവവാരത്തിൽ മൂന്നു ദിവസം ഈ രാജ്യങ്ങളിലെ പള്ളികളിൽ മണികൾ മുഴങ്ങാറില്ല. ഈസ്‌റ്റർ മുട്ടകൾ കൊണ്ടുവരാൻ പള്ളിമണികൾ റോമിലേക്കു പോയിരിക്കുന്നുവെന്നാണു കുട്ടികളോടു പറയാറുള്ളത്.

മുട്ട പുനർജനനത്തിന്റെ പ്രതീകമായതിനാൽ യേശുവിന്റെ പുനരുത്ഥാനവുമായി ബന്ധിപ്പിക്കപ്പെട്ടു. ഇംഗ്ലണ്ടിൽ പതിനാറാം നൂറ്റാണ്ടിൽ രാജാക്കൻമാർ ഈസ്‌റ്റർ ദിവസം അതിരാവിലെ പ്രാർഥനയിൽ സംബന്ധിക്കുന്നവർക്കെല്ലാം അരിമാവുകൊണ്ടും പഞ്ചസാരകൊണ്ടും നിർമിച്ച ഈസ്‌റ്റർ മുട്ടകൾ വിതരണം ചെയ്‌തിരുന്നു. മുട്ടകൾക്കു മീതെ ഈസ്‌റ്റർ സന്ദേശമടങ്ങുന്ന വാക്കുകളും ഉണ്ടാവും. താറാവ് മുട്ട, കോഴി മുട്ട എന്നിവയാണ് ഈസ്‌റ്റർ മുട്ടകൾ. ഇവ പുഴുങ്ങിയുണങ്ങി പൊടിച്ചുവയ്‌ക്കുന്ന രീതി ചില നാടുകളിലുണ്ടായിരുന്നു; രോഗ ശമനമുണ്ടാകുമെന്നായിരുന്നു വിശ്വാസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com