ADVERTISEMENT

‘മാമ്പഴക്കൂട്ടത്തിൽ  മൽഗോവയാണു ഞാൻ...’ ഈ പാട്ടു മൂളാത്ത മലയാളികളുണ്ടാവില്ല. മൽഗോവ മാമ്പഴം ഒന്നു രുചിച്ചുനോക്കണോ? കോഴിക്കോട് നാലാം ഗേറ്റിനടുത്ത് ഒരു മാമ്പഴക്കാലം വിരുന്നെത്തിയിട്ടുണ്ട്. കാലിക്കറ്റ് അഗ്രി ഹോർട്ടികൾ‍ചറൽ സൊസൈറ്റിയുടെ മാമ്പഴ പ്രദർശനവും വിൽപനയുമാണ് ഗാന്ധിപാർക്കിൽ ഇന്നലെ തുടങ്ങിയത്.  പാർക്കിന്റെ കവാടത്തിന് അടുത്തെത്തുമ്പോൾത്തന്നെ പഴുത്തുവിളഞ്ഞു നിൽക്കുന്ന മാമ്പഴത്തിന്റെ സുഗന്ധം മൂക്കിലേക്ക് ഓടിയെത്തും, വായിൽ വെള്ളമൂറും. അകത്തെത്തിയാൽ കാത്തിരിക്കുന്നത് പല രൂപത്തിലും പല ഭാവത്തിലും പല രുചിയിലുമുള്ള അനേകമനേകം മാമ്പഴങ്ങളാണ്.

ചക്കരക്കുട്ടി മുതൽ മൂവാണ്ടൻ വരെ

കാണാൻ ഭംഗിയുള്ള ഇത്തിരിക്കുഞ്ഞൻ മാമ്പഴമാണ് ‘ചക്കരക്കുട്ടി’. അടയ്ക്കയുടെ വലിപ്പമേയുള്ളു. പക്ഷേ രുചി കിടിലൻ. കിലോയ്ക്ക് 150 രൂപ വിലയുള്ള ചക്കരക്കുട്ടിക്ക് മേളയിൽ ആരാധകർ ഏറെയാണ്.  80 രൂപ വിലയുള്ള ‘ബങ്കനപ്പള്ളി’യും ‘റെഡ് ഗുദാദത്തും’, 100 രൂപ വിലയുള്ള ‘കാലാപ്പാടി’, 50 രൂപ വിലയുള്ള ‘തോത്താപ്പുരി’യും ‘ചീരി’യും ‘കുഞ്ഞാപ്പൂസും’ മാമ്പഴപ്രേമികളുടെ കണ്ണും  കരളും കവരും. മനസിൽ ഗൃഹാതുരത ഉണർത്തുന്ന മൂവാണ്ടനും പ്രിയൂരും നീലനും വെള്ളാരനുമൊക്കെ കാണുമ്പോൾ കുട്ടിക്കാലത്തിന്റെ മാമ്പഴച്ചുന ഓർമയിൽ ഓടിയെത്തും. 70 രൂപ നിരക്കിൽ സിന്ദൂരം,100 രൂപയ്ക്ക് അൽഫോൻസ എന്നിവയും കൈയ്ക്കലാക്കാം.

പുതുമുഖങ്ങൾ ഒട്ടേറെ

ജഹാംഗീർ, പാതിരി, അമ്മിണി,ലോഡ്സ്,റുമാനിയ, മയിൽപ്പീലിയൻ‍ തുടങ്ങിയ 25 തരം മാമ്പഴങ്ങളാണ് പ്രദർശനത്തിനായി മാത്രം അണിനിരന്നിരിക്കുന്നത്. ഇവയിൽ പലതിന്റെയും പേരുകേട്ടാൽ മാങ്ങയാണെന്ന് തോന്നുകയേയില്ല. മുണ്ടപ്പ, രാജമാനു,കുറുക്കൻ എന്നിവയൊക്കെ മാമ്പഴമാണെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ?

പലതരം മാവൻതൈകളും പ്ലാവ്, പേര തുടങ്ങിയവയുടെ തൈകളും വാങ്ങാനുള്ള അവസരവും മേളയിലുണ്ട്. മാമ്പഴം കണ്ട്, തൈകൾ വാങ്ങി മടങ്ങുമ്പോൾ ഒരിത്തിരി ‘ഫ്രഷ് മാമ്പഴജ്യൂസും’ അകത്താക്കാം. 

മാമ്പഴ പ്രദർശനം മേയർ തോട്ടത്തിൽ രവീന്ദ്രൻ‍ ഉദ്ഘാടനം ചെയ്തു. കലക്ടർ സാംബശിവറാവു അധ്യക്ഷനായിരുന്നു. പി.കെ.കൃഷ്ണനുണ്ണിരാജ, തോമസ് മാത്യു, എം.രാജൻ, കൗൺസിലർ കിഷൻ ചന്ദ് തുടങ്ങിയവർ പ്രസംഗിച്ചു. മേയ് 2ന് അവസാനിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com