sections
MORE

നോമ്പുകാലത്ത് നാവിനെ കീഴടക്കുന്ന 6 രുചിക്കൂട്ടുകൾ

Iftar Recipes
SHARE

നന്മയുള്ള മനസ്സ്. ലളിതമായ ചിന്തകൾ‍...ശുദ്ധമായ ശരീരം. വീണ്ടുമൊരു നോമ്പുകാലം വന്നെത്തിക്കഴിഞ്ഞു. അറിവുള്ള പഴമക്കാർ വരുംതലമുറയ്ക്കായി കാത്തുവച്ച അനുഷ്ഠാനങ്ങൾ‍ക്ക് അർഥമേറെയാണ്. ‘ക്ഷമിക്കുക, ക്ഷമിക്കാൻ മത്സരിക്കുക’ എന്നു പഠിപ്പിക്കുന്ന പുണ്യഗ്രന്ഥം.

റമസാൻ പിറവി സഹജീവിയുടെ വിഷമങ്ങൾ തന്റേതായി കണ്ടെത്താനുള്ള അവസരമാണ് ഒരുക്കുന്നത്. ശവ്വാലിന്റെ അമ്പിളി തെളിയുന്നതുവരെ ഇനി പുണ്യം പൂക്കുകയായി.

നോമ്പുതുറകൾക്ക് ലോകമെങ്ങും പൊതുവായൊരു രുചിയുണ്ട്. പച്ചവെള്ളം കൊണ്ടു നോമ്പു മുറിക്കുന്നതാണ് ഏറ്റവും മഹത്തരമെന്ന് വിശ്വാസം. അടുത്തതായി മൂന്നു കഷണം ഈന്തപ്പഴമാണ് കഴിക്കുക. 

ഈന്തപ്പഴത്തിന്റെ ഒരു കീറെങ്കിലും കൊണ്ടു നോമ്പുമുറിക്കുന്നവരാണ് അധികവും. ഇതിനു ശേഷം പലതരം പഴങ്ങളും ജ്യൂസ്, ചായ, ലഘുഭക്ഷണം എന്നിവ കഴിച്ച ശേഷമാണു മഗ്‌രിബ് നമസ്‌കാരത്തിലേക്കു നീങ്ങുന്നത്. സമൂസ, ഉന്നക്കായ, ഇറച്ചിപ്പത്തിരി, കല്ലുമ്മക്കായ നിറച്ചത്, ചട്ടിപ്പത്തിരി, മുട്ട മറിച്ചത്, റൊട്ടി വാട്ടിയത്, റൊട്ടി നിറച്ചത്, മീൻ പത്തിരി, കബാബ്, കട്‌ലറ്റ് ഇങ്ങനെ നീളുന്നു നോമ്പുകാല വിഭവങ്ങൾ. മട്ടൻ മന്തി, ചിക്കൻ കപ്‌സ, കുബൂസ്, ലബനാനി കുബൂസ്, അലീസ എന്നിങ്ങനെ അറബിനാട്ടുകാരായ വിഭവങ്ങളും നോമ്പുതുറക്കലിൽ കയ്യേറ്റം നടത്തിയിട്ടുണ്ട്. റവ ഉപയോഗിച്ചുണ്ടാക്കുന്ന തരിക്കഞ്ഞിയും ഉലുവ, ചുക്ക് തുടങ്ങിയവ ചേർത്തുണ്ടാക്കുന്ന നോമ്പുകഞ്ഞിയും ചിലയിടങ്ങളിൽ നോമ്പുതുറക്കലിന്റെ പ്രധാന വിഭവങ്ങളാണ്. നമസ്‌കാരത്തിനു ശേഷമാണു നോമ്പുതുറയുടെ പ്രധാന ഭക്ഷണം. 

ഇതാ നോമ്പുകാലത്ത് നാവിനെ കീഴടക്കുന്ന ചില രുചിക്കൂട്ടുകൾ. 

തരിക്കഞ്ഞിയും ‌നോമ്പു കഞ്ഞിയും 

മലബാറുകാർക്ക് തരിക്കഞ്ഞി നിർബന്ധം. എന്നാൽ, തെക്കൻ കേരളത്തിൽ പ്രിയം നോമ്പുകഞ്ഞിക്കാണ്. തരിക്കഞ്ഞി ഈന്തപ്പഴത്തിന്റെ രുചിയും മധുരവും നിറഞ്ഞതാണ്. ഒരു ലീറ്റർ പാൽ ഒരു കപ്പ് വെള്ളം ചേർത്തു നന്നായി തിളപ്പിക്കുക. ഇതിലേക്ക് ഒരു കപ്പ് പഞ്ചസാരയും ഒരു കപ്പ് റവയും ചേർത്തിളക്കി വീണ്ടും തിളപ്പിക്കുക. കുറുകി വരുമ്പോൾ ഒരു മുട്ട അടിച്ചതു കുറച്ചു കുറച്ചായി ചേർത്ത് ഏലയ്ക്കാപ്പൊടിയും ചേർത്ത് വാങ്ങിവയ്ക്കുക. രണ്ടോ മൂന്നോ ഈന്തപ്പഴവും മുറിച്ചു ചേർക്കാം. 

rava-kachiyathu

നോമ്പുകഞ്ഞി തന്നെ പലതരമുണ്ട്. അരിയോ ഗോതമ്പോ കൊണ്ടു തയാറാക്കുന്ന കഞ്ഞിയിൽ തേങ്ങ, ചുക്ക്, ജീരകം, വെളുത്തുള്ളി, കുരുമുളക് എന്നിവയുമായി അരച്ചു ചേർത്താൽ അതു മസാലക്കഞ്ഞിയായി. ഇറച്ചി ചേർത്തു വേവിച്ചാൽ ഇറച്ചിക്കഞ്ഞിയും. കോളിഫ്ലവർ വേവിച്ചു ചേർത്ത കഞ്ഞിയുമുണ്ട്. നെയ്യിൽ മൂപ്പിച്ചെടുത്ത ചുവന്നുള്ളിയും കറിവേപ്പിലയും  താളിച്ചൊഴിക്കുമ്പോഴേക്കും കഞ്ഞിയുടെ ഭംഗിയേറും. ഒപ്പം കറിയായി പയർ തോരനോ കപ്പ വേവിച്ചുടച്ചതോ, കായയും മീനും ചേർത്തു വേവിച്ചുടച്ചതോ ആണു കഴിക്കുക. 

പണ്ടുകാലത്ത് ചിലർക്കു രാത്രി ജീരകക്കഞ്ഞി നിർബന്ധമായിരുന്നു. പൊടിയരിയും തേങ്ങയും ജീരകവും ചുമന്നുള്ളിയും അരച്ചുചേർത്താണ് ജീരകക്കഞ്ഞി തയാറാക്കുക. 

ഉന്നക്കായ 

നോമ്പുകാലത്ത് മലബാറുകാരുടെ ഗൃഹാതുരത്വമുണർത്തുന്ന പ്രധാന രുചിയാണ് ഉന്നക്കായ. അധികം പഴുക്കാത്ത നേന്ത്രപ്പഴം പുഴുങ്ങിയെടുക്കുക. വെള്ളം ഊറ്റിക്കളഞ്ഞ് നന്നായി അരച്ചെടുക്കുക. പാത്രം ചൂടാക്കി മൂന്നു സ്പൂൺ് നെയ്യ് ഒഴിച്ച് അതിലേക്കു രണ്ട് അണ്ടിപ്പരിപ്പും രണ്ടു സ്പൂൺ കിസ്മിസും ഒരു നുള്ള് ഏലയ്ക്കാപ്പൊടിയും ഇടുക. അഞ്ച് മുട്ടയും അഞ്ചു സ്പൂൺ പഞ്ചസാരയും ഒന്നിച്ചടിച്ച് ഇതിലേക്ക് ഒഴിക്കുക. പാകമാകുമ്പോൾ അടുപ്പിൽ നിന്നുമാറ്റുക. കൈയിൽ എണ്ണ തടവി, അരച്ചെടുത്തുവച്ച പഴത്തിൽനിന്നു കുറച്ചെടുത്ത് നാരങ്ങാ വലുപ്പത്തിൽ ഉരുട്ടുക. കൈവെള്ളയിൽ തന്നെ പരത്തിയെടുക്കുക. ഇതിനുള്ളിൽ കുറച്ച് മുട്ടക്കൂട്ട് (അല്ലെങ്കിൽ തേങ്ങ പഞ്ചസാരയിൽ വിളയിച്ചത‌്) വച്ച‌ു ‌രണ്ടറ്റവും കൈവിരൽകൊണ്ട് ഉന്നക്കായുടെ ആകൃതിയിൽ ആക്കണം. എന്നിട്ട് എണ്ണയിൽ വറുത്തുകോരാം. 

കിരീക്ക് 

കല്ലുമ്മക്കായ നിറച്ചതിനോടു കിടപിടിക്കുന്ന മറ്റൊരു വിഭവം. കല്ലുമ്മെക്കായ പുഴുങ്ങി അരിഞ്ഞ് അരിപ്പൊടിയും തേങ്ങയും മസാലപ്പൊടികളും പച്ചമുളക്, ഇഞ്ചി, പെരുംജീരകം ഇതെല്ലാം ചേർത്തു കുഴച്ചെടുക്കും. ഇത് വെള്ളത്തിൽ തിളപ്പിച്ച് ചെറുനാരങ്ങാ വലുപ്പത്തിൽ ഉരുട്ടി കൈവെള്ളയിൽ വച്ചു പരത്തിയെടുക്കും. ഈ ഉരുളകൾ ചൂടായ എണ്ണയിൽ വറുത്തുകോരിയാൽ കിരീക്ക് റെഡി. 

റൊട്ടി  വാട്ടിയത് 

റൊട്ടി മുട്ടയിൽ മുക്കി പഞ്ചസാരയോ പച്ചമുളകോ ചേർത്തുണ്ടാക്കുന്നതാണു റൊട്ടി വാട്ടിയത്. സവാള, ഇഞ്ചി, പച്ചമുളക്, മല്ലിയില, കറിവേപ്പില ഇവ ചേർത്താണ് എരിവുള്ള റൊട്ടി വാട്ടിയതുണ്ടാക്കുക. പണ്ടൊക്കെ പാവപ്പെട്ടവരുടെ വീട്ടിലെ പ്രധാന വിഭവമായിരുന്നു റൊട്ടിവാട്ടിയത്. 

മുട്ട മറിച്ചത് 

അടുത്തകാലത്ത് എല്ലാവരും മറന്നുതുടങ്ങിയ വിഭവമാണ് മുട്ടമറിച്ചത്. കോഴിമുട്ടകൾ, പഞ്ചസാര, ഏലയ്‌ക്ക ഇവ ചേർത്തു കനത്തിൽ പൊരിച്ചെടുക്കുന്നു. ഒപ്പം കിസ്‌മിസിന്റെയും കശുവണ്ടിപ്പരിപ്പിന്റെയും രുചിയുടെ മേമ്പൊടിയുമുണ്ടാവും.

പത്തിരിയുടെ  വൈവിധ്യം 

മസാലയിൽ വേവിച്ച ഇറച്ചി ഒളിച്ചിരിക്കുന്ന ഇറച്ചിപ്പത്തിരി നോമ്പു വിഭവങ്ങളുടെ രുചിയുടെ മറ്റൊരു ഇതിഹാസമാണ്. ഉപ്പും മഞ്ഞളും ചേർത്ത് വേവിച്ച ഇറച്ചി ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, പുതിനയില എന്നിവ ചേർത്ത് എണ്ണയിൽ വഴറ്റിയെടുക്കുന്നു. ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് പത്തിരിപ്പാകത്തിൽ പൊടിച്ച അരി കുഴച്ച് പരത്തിയ ശേഷം അകത്ത് വേവിച്ച ഇറച്ചി നിറച്ച് പത്തിരിപോലെ ചുട്ടെടുക്കുന്നതാണ് ഇറച്ചിപ്പത്തിരി. ചട്ടിയിൽ അൽപം എണ്ണയൊഴിച്ചു വറുത്തുകോരുന്നതോടെ സംഗതി ക്ലീൻ. പത്തിരികൾക്കുള്ളിൽ നിറയ്‌ക്കാൻ മീൻ ഉപയോഗിച്ചാൽ അതു മീൻ പത്തിരിയായി. കൂട്ടത്തിൽ പത്തിരികളുടെ അടുക്കിൽ മധുരം നിറച്ച ചട്ടിപ്പത്തിരിയും മലബാറിന്റെ സംഭാവനയാണ്. ചട്ടിപ്പത്തിരി തന്നെ ചിക്കൻ ചട്ടിപ്പത്തിരി, ചെമ്മീൻ ചട്ടിപ്പത്തിരി എന്നു പല തരത്തിലുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA