sections
MORE

സിനിമ പോലെ തന്നെ പാചകവും, പരാജയപ്പെട്ടിട്ടില്ലെന്ന് ശ്രീനിവാസൻ

SHARE

ദശാബ്ദങ്ങൾ പിന്നിട്ട സിനിമാജീവിതത്തിനിടയിൽ രണ്ടുവട്ടമാണ് നടൻ ശ്രീനിവാസൻ സംവിധായകനായത്. വടക്കു നോക്കി യന്ത്രവും  ചിന്താവിഷ്ടയായ ശ്യാമളയും! രണ്ടു ചിത്രങ്ങളും മലയാളികൾ ഇന്നും കാണാൻ ഇഷ്ടപ്പെടുന്നവയാണ്. സംവിധാനത്തിലെന്ന പോലെ പാചകത്തിലും തനിക്ക് പരാജയം രുചിക്കേണ്ടി വന്നിട്ടില്ലെന്നു പുഞ്ചിരിയോടെ പറയുകയാണ് മലയാളികളുടെ പ്രിയതാരം. 

മനോരമ ഓൺലൈനിനുവേണ്ടി യുവതാരം കൃഷ്ണ ദുർഗയുമായി നടത്തിയ സിനിമാ സംഭാഷണത്തിനിടയിലാണ് പാചകം ചർച്ചയായത്. എപ്പോഴെങ്കിലും പാചക പരീക്ഷണം പരാജയപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു ശ്രീനിവാസനോടുള്ള ദുർഗയുടെ ചോദ്യം. മറുപടിയായി ശ്രീനിവാസൻ പങ്കുവച്ചത് പഴയ മദ്രാസ് ജീവിതത്തിലെ പാചകവിശേഷങ്ങൾ.  

"ഞങ്ങൾ നാലുപേരായിരുന്നു ഒരു മുറിയിൽ താമസിച്ചിരുന്നത്. മിക്കവാറും ദിവസങ്ങളിൽ ഞാൻ തന്നെയാണ് ഭക്ഷണം ഉണ്ടാക്കാറുള്ളത്. ഹോട്ടലിൽ നിന്നു കഴിക്കാൻ പൈസയുണ്ടാകാറില്ലെന്നത് ഒന്നാമത്തെ കാര്യം. അതുകൊണ്ട്, അമ്മയോട് എങ്ങനെയാണ് ഇതൊക്കെ ഉണ്ടാക്കുന്നതെന്ന് ചോദിച്ചു പഠിക്കും. ഓരോ ദിവസം ഓരോരുത്തർ പാചകം ചെയ്യണം എന്നതാണ് നിയമം. പക്ഷേ, അവർ ഉണ്ടാക്കിയത് എനിക്ക് പിടിക്കാത്തതുകൊണ്ടും ഞാനുണ്ടാക്കിയത് അവർക്ക് പിടിച്ചതുകൊണ്ടും ഞാൻ ഉണ്ടാക്കാൻ തുടങ്ങി," ശ്രീനിവാസൻ പൊട്ടിച്ചിരിയോടെ പങ്കുവച്ചു. 

പാചക കാലത്തിന്റെ ബാക്കിപത്രമായി സംഭവിച്ച രസകരമായ ഓർമ്മയും ശ്രീനിവാസൻ ദുർഗയോട് പറഞ്ഞു. "ശാന്തപ്പ എന്ന ഒരു കർണാടകക്കാരൻ എന്റെയൊപ്പം താമസിച്ചിരുന്നു. ഞാൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ പോയ കാലത്താണ്. രണ്ടു വർഷമുണ്ടായിരുന്നു. കുറെ വർഷങ്ങൾക്കു ശേഷം ശാന്തപ്പയെ കണ്ടപ്പോൾ അവൻ പറഞ്ഞു, അന്ന് ഞാൻ ഉണ്ടാക്കിയ ഭക്ഷണത്തിന്റെ രുചി ഓർമയിൽ ഉള്ളതുകൊണ്ട് എന്റെ കുക്ക് ഇപ്പോഴും ഒരു മലയാളിയാണ് എന്ന്. എനിക്ക് തന്നെ ചിരി വന്നു," ഓർമ്മകളിൽ ശ്രീനിവാസൻ മദ്രാസിലെ ലോഡ്ജ് മുറിയിലെ പഴയ സിനിമാമോഹിയായി!  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA